പ്രിയപെട്ടവൾ 12

 

 

എട്ടാം മാസത്തിലെ ചെക്കപ്പിന് പോയ അവരുടെ ഒപ്പം അലിയും അസ്മായും ഒപ്പം കൂടി. ഡോക്ടറേ കണ്ടിറങ്ങി ഭക്ഷണവും കഴിച്ചു മടങ്ങുന്ന വഴി എതിരെ വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് അഫ്സൽ ഓടിച്ചിരുന്ന കാറിലേക്ക് ആയിരുന്നു.

 

ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപെട്ട അഫ്സൽ ഒന്നരമാസത്തോളം ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കിടന്നു. പക്ഷെ അവനെ തനിച്ചാക്കി അവന്റെ ജീവനായിരുന്ന മൂന്ന് പേരും സ്വർഗം പുൽകിയത് അറിയാതെ കിടക്കുന്ന അവനെ പരിചരിക്കാൻ അവന്റെ കൂട്ടുകാർ അവനൊപ്പം തന്നെയുണ്ടായിരുന്നു. നിയാസും ഷബീബും റിൻഷാദും ആയിഷക്കൊപ്പം ഹോസ്പിറ്റലിൽ കഴിച്ചുകൂട്ടി.

 

സ്വന്തം ഇക്കാക്കയും കുടുംബവും ഇല്ലാതായ വിഷമത്തിനിടയിലും ആ സ്ത്രീ അഫ്സലിനെ പരിചരിച്ചു.

 

സിനിയെ വിവരങ്ങൾ അറിയിച്ചത് റിൻഷാദ് ആയിരുന്നു. തളർന്നു വീണ സിനിയെ താങ്ങി പിടിച്ചു കസേരയിൽ ഇരുത്തുമ്പോൾ അവന്റെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇഷയുടെ കളിചിരികളും തമാശകളും സിനിയുടെ ഉള്ളിൽ നിറഞ്ഞു നിന്നു.

 

അഫ്സലിനെ കാണാൻ അവൾ എന്നും ഹോസ്പിറ്റലിൽ വരും. കുറച്ചു സമയം അവനോടൊപ്പം ഇരിക്കും. ആയിഷയെ സമാധാനിപ്പിക്കാൻ അവൾ ശ്രമിക്കാറുണ്ടെങ്കിലും അലിയുടെ വിയോഗം ആ അനിയത്തിയെ തളർത്തിയിരുന്നു.

 

ഒന്നര മാസത്തിനു ശേഷം കണ്ണുകൾ തുറന്ന അഫ്സൽ താൻ തിരികെ വന്നത് അവന്റെ ലോകം ഇല്ലാതായ ഭൂമിയിലേക്ക് ആണെന്ന് അറിഞ്ഞതും പൊട്ടിക്കരഞ്ഞു. ആർത്തു കരയുന്ന അഫ്സലിനെ ഒന്ന് സമാധാനിപ്പിക്കാൻ വയ്യാതെ അവന്റെ കൂട്ടുകാരും ആയിഷയും വിഷമിച്ചു.

 

വിവരം അറിഞ്ഞെത്തിയ സിനിയെ കെട്ടിപിടിച്ചു കരയുന്ന അഫ്സലിനെ കണ്ട് ആയിഷയുടെ കണ്ണുകൾ നിറഞ്ഞു. അന്ന് മുഴുവൻ അവന്റെയൊപ്പം നിന്ന് സിനി അവനെ പരിചരിച്ചു.

 

അവന്റെ കൂടെയിരുന്നവൾ അവനെ സമാധാനിപ്പിച്ചു. അഭിയോട് ഇന്ന് കാണാൻ ചെല്ലാമെന്ന് പറഞ്ഞ പ്രകാരം അവൻ പലതവണ അവളെ വിളിച്ചെങ്കിലും അവനെ തനിച്ചാക്കി വരില്ലെന്ന് അവൾ അവനോട് കട്ടായം പറഞ്ഞു.

 

“എന്നാ നീ അവനെയും കെട്ടിപിടിച്ചു അവിടെ ഇരുന്നോ… ഞാൻ എന്റെ വഴിക്ക് പോവുകയാ.. ഇനി എന്നെ വിളിക്കണ്ട…”

 

ദേഷ്യത്തിൽ ഫോൺ വച്ച അഭിയുടെ പിണക്കം മാറ്റാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ… മറ്റെന്തിനേക്കാളും അഫ്സലിന്റെ സങ്കടത്തിൽ കൂടെയിരിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം…

 

ഇഷയുടെ വിയോഗം അവനെ പാടെ തളർത്തിയിരുന്നു… മറ്റൊന്നും അവൾക്ക് പകരമാവില്ലെന്ന തിരിച്ചറിവ് അവനെ കൂടുതൽ സങ്കടത്തിലാഴ്ത്തി…

 

“ഞാൻ അവളെ കെട്ടിയില്ലായിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നു അല്ലേടി?”

 

വിറക്കുന്ന ശബ്ദത്തിൽ അഫ്സലത് പറയുമ്പോൾ സിനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

 

 

അഫ്സൽ ഹോസ്പിറ്റൽ വിടുന്നത് വരെ പകൽ സമയം അവൾ അവനായി മാറ്റിവച്ചു. നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്ന അഭിയെ പാടെ അവഗണിച്ചുകൊണ്ട് അവളുടെ ദിനങ്ങൾ അവനായി കരുതി വച്ചു…

 

വീട്ടിൽ എത്തിയ അഫ്സൽ ആയിഷയെ വീട്ടിലേക്ക് പറഞ്ഞയച്ചു. അവനെ വിട്ട് പോവില്ലെന്ന് അവൾ വാശി പിടിച്ചെങ്കിലും സ്നേഹശകാരത്തോടെ അവൻ അവളെ പറഞ്ഞയച്ചു.

 

അവന്റെ കൂട്ടുകാരും ഒപ്പം സിനിയും അവനു താങ്ങായും തണലായും കൂടെ നിന്നു. എന്നും രാവിലെ അവനെ വിളിച്ചെഴുനേൽപ്പിച്ച ശേഷം മാത്രമേ അവൾ ജോലിക്ക് കയറാറുള്ളൂ… രാത്രി ഉറങ്ങുന്നതിനു മുൻപും അവനെ വിളിച്ചു വിശേഷങ്ങൾ പറഞ്ഞിട്ടല്ലാതെ അവൾ ബെഡ്റൂമിലേക്ക് കയറാറില്ല…

 

അഭിയുമായി അവൾക്കിപ്പോൾ സ്നേഹസംഭാഷണങ്ങൾ ഉണ്ടാവാറില്ല… ഓരോ കാരണങ്ങൾ കണ്ടെത്തി അവരുടെ സംസാരം കലഹത്തിലേക്ക് കൂപ്പ് കുത്തും…

 

അഫ്സൽ ആയുള്ള ചങ്ങാത്തം നിർത്താൻ മനോജും അവളെ നിർബന്ധിച്ചെങ്കിലും അവനെ അനുസരിക്കാൻ അവൾ കൂട്ടാക്കാത്തത്തിൽ അവനും ദേഷ്യത്തിൽ ആയിരുന്നു…

 

ആറ് മാസത്തോളം എടുത്തു അഫ്സൽ അല്പമെങ്കിലും ചിരിച്ചു കാണാൻ… അതിന്റെ മുഴുവൻ ക്രെഡിറ്റും സിനിക്കാണ് അവന്റെ കൂട്ടുകാർ നൽകിയത്… അലിയുടെ നിന്നുപോയ ബിസിനസുകൾ ഒക്കെയും വീണ്ടും തുടങ്ങി അവൻ ഒന്നിൽ നിന്ന് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *