“ലവ് യൂ ഡാ കൊച്ചൂ…”
അഫ്സലിന്റെ ദേഹത്തേക്ക് പറ്റിച്ചേർന്ന് അവനെ മുറുക്കെ വാരിപ്പുണർന്ന് കഴുത്തിലേക്ക് മുഖം പൂഴ്ത്തിവച്ചു സിനി കണ്ണുനീർ പൊഴിച്ചു…
“വിട്ടേ… ഞാൻ പോട്ടെ… ഇനിയും നിന്നാൽ നിന്നെയും കൂടെ കൊണ്ട് പോവും ഞാൻ…”
ചിരിച്ചുകൊണ്ട് അവനെ തള്ളിമാറ്റി അവൾ ഡോർ തുറന്നു…
“നോക്കെടാ… അസ്സലൊരു മൊഞ്ചത്തി… അവന്റെ കസിൻ ആയിരിക്കും… അലിക്കയോട് പറഞ്ഞു അവളെ എനിക്ക് ആലോജിച്ചാലോ”
താഴെ ഹാളിൽ നിന്ന് ആരോടോ സംസാരിക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞ ഷബീബിന്റെ പുറത്ത് നല്ലൊരു അടി കിട്ടി സിനിയുടെ വക…
“ആഹ്ഹ്ഹ്…”
വേദനകൊണ്ട് പുളഞ്ഞ ഷബീബ് അവളെ നോക്കി കണ്ണുരുട്ടി…
“ഇങ്ങനെ നിന്ന് വെള്ളമിറക്കാതെ എന്റെ ചെക്കന്റെ കൂടെ പോയി നിക്കെടാ നാറികളെ”
“ഓഹ്… ശെരി തമ്പ്രാട്ടി… കാമുകനോട് സൊള്ളി മതിയായോ”
“മതിയായില്ല… പക്ഷെ തല്കാലം നിർത്തി… അവനെ ഞാൻ അവന്റെ പെണ്ണിന് വിട്ടുകൊടുത്തു”
അതും പറഞ്ഞു അവരെ നോക്കാതെ സ്റ്റെപ് ഇറങ്ങുന്ന സിനിയെ അവർ നോക്കിനിന്നുപോയി. അകത്തേക്ക് കടന്ന മൂവർ സംഗം സിനി കൊടുത്ത മോതിരവും നോക്കി ബെഡിൽ ഇരിക്കുന്ന അഫ്സലിനെ കണ്ട് അവന്റെ അടുത്തേക്ക് വന്നിരുന്നു.
“ഡാ…”
“അവൾക്ക്… അവൾക്കും എന്നെ ഇഷ്ടമായിരുന്നെടാ… പാവം… അതിന്റെ അവസ്ഥ കാരണം ഇത്രയും നാൾ മൂടിവച്ചു നടന്നു…”
“പോട്ടെടാ… അത് വിട്… നാളെ നീ മറ്റൊരു പെണ്ണിന് സ്വന്തമാവാൻ പോവുകയാ… ഇതുവരെ നടന്ന പോലെയാവരുത്…”
കൂട്ടത്തിൽ പക്വത കാണിക്കുന്ന റിൻഷാദ് അഫ്സലിനെ ഉപദേശിച്ചു.
“അറിയാടാ… ഇനിയെന്റെ ജീവിതം ഇഷക്ക് വേണ്ടിയാവും… അവൾക്ക് വേണ്ടി മാത്രം…”
അത് പറയുമ്പോളും ആ മോതിരം അവന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു….
ബിസിനസ് രംഗത്ത് മികച്ചു നിൽക്കുന്ന മാളിയേക്കൽ അലിയുടെ മകന്റെ കല്യാണത്തിന് രാഷ്ട്രീയക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും എല്ലാം ഹാജർ ആയിരുന്നു. നികാഹും സൽകാരങ്ങളും എല്ലാം കഴിഞ്ഞു ഇഷ അഫ്സലിന്റെ വീട്ടിൽ കാൽ വെക്കുമ്പോൾ സമയം 6 മണി ആയിരുന്നു.
“ഇതുപോലൊരു മൊഞ്ചത്തി നമ്മുടെ നാട്ടിലെവിടെയും ഇല്ല ട്ടാ…”
“മാളിയേക്കൽ തറവാടിന് ചേർന്ന മരുമോൾ തന്നെ…”
ഇഷയെ കണ്ടവരും പരിചയപെട്ടവരും ഒന്നടങ്കം പറഞ്ഞു. അതിൽ ഇഷയുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട സ്ത്രീകളും ഉൾപെടും.
ഏക മകനായി ജനിച്ച വീട്ടിൽ ഒരാൺകുട്ടിക്ക് സ്വന്തം കല്യാണത്തിന് പോലും സ്വസ്ഥമായി ഇരിക്കാൻ വയ്യാത്ത നാടാണ് കേരളമെങ്കിലും അഫ്സലിനെ ആ പ്രശ്നം ബാധിച്ചതെ ഇല്ല. എല്ലാത്തിനും മേൽനോട്ടം വഹിച്ചുകൊണ്ട് അവന്റെ നാട്ടുകാർ ഉണ്ടായിരുന്നു.
രാത്രി അല്പം വൈകിയാണ് നിയാസും ഷബീബും അവനെ മണിയറയിലേക്ക് പോകാൻ അനുവദിച്ചത്. അതും റിൻഷാദിന്റെ വഴക്ക് കൊണ്ട് മാത്രം. ആശംസകൾ അറിയിച്ചു കൂട്ടുകാർ പിരിഞ്ഞശേഷമാണ് അഫ്സലിനെ പിരിമുറുക്കം പിടികൂടിയത്.
പെണ്ണ് കാണാൻ പോയ ദിവസം അഞ്ചു മിനിറ്റ് സംസാരിച്ചതൊഴിച്ചാൽ അവളെ പറ്റി അവനൊന്നും അറിയില്ല… മണിയറയുടെ വാതിൽപടികൾ കടക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിക്കുന്നത് അവൻ അറിഞ്ഞു.
മഞ്ഞ ചുരിദാറിൽ അതിസുന്ദരിയായ ഇഷയെ നോക്കി അവൻ പുഞ്ചിരിച്ചു. അവളുടെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിക്ക് അവളെക്കാൾ സൗന്ദര്യമുള്ളതായി അവനു തോന്നി. അവനെ കണ്ട് ഇഷ ബെഡിൽ നിന്നും എണീറ്റു നിന്നു.
“ഇരിക്കെടോ…”
ബെഡിലേക്ക് കയറി ഇരുന്നുകൊണ്ട് അഫ്സൽ ഇഷയുടെ കയ്യിൽ പിടിച്ചു. നാണം കൊണ്ട് തുടുത്ത മുഖവുമായി അവൾ അഫ്സലിന് അരികെ ബെഡിലേക്ക് കയറി ഇരുന്നു. ഇഷയുടെ സാമീപ്യം അവന്റെ ഹൃദയമിടിപ്പിന്റെ താളം കൂട്ടുന്നത് അവൻ മനസ്സിലാക്കി…
“കുറെ നേരം ആയോ കാത്തിരിക്കാൻ തുടങ്ങീട്ട്?”
അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.
