“ഫ്രണ്ട്സ് വിട്ടില്ല… രക്ഷപ്പെട്ട് പോന്നതാ…”
അതിനവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…
“ഇഷക്ക് ഇവിടം ഇഷ്ടായോ? വാപ്പയെയും ഉമ്മയെയും പിന്നെ ഈ വീടും…”
“മ്മ്മ്… ഇഷ്ടായി”
“എന്നെയോ?”
അവൾ തലയുയർത്തി അവനെയൊന്ന് നോക്കി.
“ഇഷ്ടായി…”
മണിമുത്തുകൾ പൊഴിക്കും പോലെ അവൾ അത് പറഞ്ഞപ്പോൾ അഫ്സലിന്റെ ഉള്ളിലൊരു കുളിർമഴ പെയ്തിറങ്ങി… അവന്റെ ഇടതു കരം ബെഡിൽ പതിഞ്ഞിരിക്കുന്ന അവളുടെ കയ്യിൽ അമർന്നു… അവന്റെ ആദ്യസ്പർശനം അവളിലൂടെ ഒരു വിറയൽ കടത്തി വിട്ടു.
“ഇക്കാ…”
അഫ്സലിന്റെ തോളിലേക്ക് ചാഞ്ഞു അവനെ വിളിക്കുമ്പോൾ ഇഷയുടെ ശബ്ദം വിറച്ചിരുന്നു.
“മ്മ്മ്…”
“ഇങ്ങക്ക് എന്നെ ഇഷ്ടായോ?”
“ഇഷ്ടായത് കൊണ്ടല്ലെ പെണ്ണെ നീയിപ്പോ എന്റെ മണിയറയിൽ ഇരിക്കുന്നെ”
“എനിക്ക് ഇങ്ങളെ പറ്റി ഒന്നും അറിയൂല… ഇങ്ങളെ ഇഷ്ടവും ഇഷ്ടക്കേടും ഒന്നും…”
“എനിക്കും… തന്നെ പറ്റി ഒന്നും അറിയില്ലടോ… തനിക്കെന്താണ് ഇഷ്ടമെന്നോ താൻ എന്താണെന്നോ ഒന്നും അറിയില്ല…”
അഫ്സലിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് തന്റെ കരം കവർന്നെടുത്ത അവന്റെ കൈകളിൽ പിടിച്ചവൾ അവനെ മൂളി കേട്ടു…
“ടെൻഷൻ ഉണ്ടോ തനിക്ക്?”
“കൊറച്ച്…”
“എനിക്ക് പക്ഷെ നല്ലോണം ഉണ്ട്… ഇന്ന് മുഴുവൻ നമുക്ക് വല്ലതും ഒക്കെ മിണ്ടീം പറഞ്ഞും ഇരിക്കാം… നിന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒക്കെ പറഞ്ഞു തരണം എനിക്ക്”
“മ്മ്മ്ഹഹ്…”
“അതിനു മുൻപ് തനിക്കൊരു സമ്മാനം താരനുണ്ട്”
ഇഷയെ വിട്ടുമാറിക്കൊണ്ട് അഫ്സൽ ബെഡിന്റെ സൈഡ് ബോക്സിൽ വച്ചിരുന്ന സിനി അവനെ ഏല്പിച്ച മോതിരം കയ്യിൽ എടുത്ത് അവളെ നോക്കി…
ഇഷയുടെ വലതു കൈ പിടിച്ചുകൊണ്ടു അവൻ ആ മോതിരം അവളെ അണിയിച്ചു…
“ഇത് എന്റെ സമ്മാനം അല്ല… നിനക്ക് തരാൻ വേറൊരാൾ എന്റെ കയ്യിൽ തന്നതാ… എനിക്ക് പ്രിയപ്പെട്ട ഒരാൾ…”.
തന്നെ സംശയത്തോടെ നോക്കുന്ന ഇഷയെ നോക്കികൊണ്ട് അവൻ സിനിയെ പറ്റിയും അവളുമായുള്ള അടുപ്പത്തെ പറ്റിയുമൊക്കെ അവളോട് പറഞ്ഞു.
“ഇന്നലെ അവൾ വന്നിരുന്നു… ഇത് നിനക്കായി അവൾ മേടിച്ചതാ…”
അഫ്സൽ കയ്യിൽ അണിയിച്ച മോതിരം നോക്കികൊണ്ട് ഇരിക്കുന്ന ഇഷയെ കണ്ട് അഫ്സലിന്റെ ഹൃദയം ശക്തിയിൽ ഇടിച്ചുകൊണ്ടിരുന്നു…
“ഇങ്ങക്ക്… ഇങ്ങക്ക് ഇപ്പോഴും ആ ചേച്ചിയെ ഇഷ്ടാണോ?”
“എന്നെ വിശ്വസിച്ചു എന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ട് ഈ വീട്ടിലേക്ക് കാലെടുത്തു വച്ച നിന്നെ മറന്ന് ഇപ്പോഴും അവളെയാണ് ഞാൻ സ്നേഹിക്കുന്നതെങ്കിൽ അതല്ലേ നിന്നോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റും ദ്രോഹവും…”
ഇഷയുടെ കവിളിൽ പതിഞ്ഞ അവന്റെ കൈ അവളുടെ മിനുസ്സമായ കവിളിൽ പതിയെ തലോടി…
“അവൾക്ക് ഞാൻ അവളുടെ ഏറ്റവും അടുത്ത സുഹൃത്താണ്… എപ്പോഴും അങ്ങനെ ആയിരിക്കുകയും ചെയ്യും… എനിക്കും… അവളിപ്പോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്… പെട്ടെന്ന് ഒരു ദിവസം പ്രണയിച്ച പെണ്ണിനെ കൂട്ടുകാരിയാക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ പറ്റും എന്ന് തന്നെ പറയും ഞാൻ… അത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇഷാ… താൻ അല്ലെ ഇനി മരണം വരെ എനിക്ക് താങ്ങായും തണലായും ഉണ്ടാവുന്നത്…”
ഇഷയുടെ കണ്ണുകൾ അഫ്സലിനെ ഇമവെട്ടാതെ നോക്കി നിന്നു…
“ഇഷാ… ഇന്നലെ വന്നപ്പോഴും അവൾ പറഞ്ഞത് നിന്നെ കരയിക്കരുത്… നിന്റെ സമ്മതം ഇല്ലാതെ അവളുമായി കൂട്ട് കൂടാനും പാടില്ല എന്നാ…”
“എന്തിനാ കൂട്ട് വിടുന്നെ… എന്നോട് പറഞ്ഞില്ലേ എല്ലാം… എല്ലാം എന്നോട് മറച്ചു വച്ച് ആ ചേച്ചിയോട് കൂട്ട് കൂടാൻ പോയില്ലല്ലോ… എനിക്ക് വിശ്വാസാ… ഇക്കാന്റെ ഭാഗ്യം ആയിരിക്കും അതുപോലൊരു കൂട്ടുകാരി… ചേച്ചിയോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടക്കേട് ഇല്ല…”
തൊട്ടരികെ ബെഡിലേക്ക് ചാരി ഇരിക്കുന്ന ഇഷയെ പൊക്കിയെടുത്തവൻ അവന്റെ മടിയിൽ കാലുകൾക്ക് നടുവിലേക്ക് ഇരുത്തി. ഇടതുകാൽ പൊക്കി വലതുകാൽ നീട്ടി ഇരിക്കുന്ന അഫ്സലിന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു… അവന്റെ മിടിക്കുന്ന ഹൃദയത്തിനോട് ചേർത്ത് തലവച്ചു കിടക്കുന്ന ഇഷയുടെ നെറുകയിൽ അഫ്സലിന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവളുടെ തുടുത്ത ചോരച്ചുണ്ടുകൾ വിറച്ചു…
