പ്രിയപെട്ടവൾ 12

 

“എനിക്ക്… എനിക്ക് പരിചയപ്പെടുത്തി തരുമോ ആ ചേച്ചിയെ?”

 

“മ്മ്മ്… നമുക്ക് പോവാം… അവളെ കാണാൻ…”

 

അന്ന് രാത്രി മുഴുവൻ അഫ്സലും ഇഷയും പരസ്പരം മനസ്സിലാക്കി… അവളുടെ അധരങ്ങൾ കവർന്നെടുത്തും മുഖമാകെ ചുംബങ്ങൾ കൊണ്ട് മൂടിയും അവർ പ്രണയം പങ്കു വച്ചു. പുലർച്ചെ നാലിനോട് അടുത്താണ് ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണത്.

 

തന്നെ വരിഞ്ഞു മുറുക്കി കടക്കുന്ന പ്രിയതമന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ അവന്റെ ഹൃദയം അവൾക്ക് വേണ്ടി മാത്രമായി മിടിക്കുകയാണെന്ന് തോന്നി അവൾക്ക്. അവനെ വിട്ടുമാറി എണീറ്റ് ഫ്രഷായി അവൾ അടുക്കളയിലേക്ക് നടന്നു.

 

കിച്ചണിൽ അസ്മായും അലിയുടെ പെങ്ങൾ ആയിഷയും നാസ്ത തയ്യാറാക്കുന്നതിൽ മുഴുകിയിരിക്കുകയാണ്… ഇഷ അങ്ങോട്ട് വന്നത് അവർ കണ്ടില്ല…

 

“ഉമ്മാ…”

 

പത്തിരിക്കല്ലിൽ വെന്തു വരുന്ന പത്തിരി മറിച്ചിട്ടുകൊണ്ടിരുന്ന അസ്മ തിരിഞ്ഞു നോക്കി. അടുക്കള വാതിൽക്കൽ നിൽക്കുന്ന മരുമകളെ നോക്കി ആ സ്ത്രീ പുഞ്ചിരിതൂകി.

 

“മോള് നേരത്തെ എണീറ്റിങ്ങു വന്നോ? അവൻ എണീറ്റുകാണില്ല അല്ലെ”

 

“ഇല്ലുമ്മാ…”

 

“മോള് നിക്ക്. ഞാൻ അലിക്കാക്ക് ചായ കൊടുത്തിട്ട് വരാം… എന്നിട്ട് അവനുള്ളത് എടുത്തു തരാം”

 

“ഉമ്മാ…”

 

“മ്മ്മ്…”

 

“വാപ്പാക്ക് ഞാൻ കൊടുക്കാം”

 

നിറഞ്ഞ പുഞ്ചിരിയോടെ അസ്മ ഗ്ലാസ് മരുമകൾക്ക് കൈമാറി.

 

“എന്നാ മോള് കൊടുത്തോ… ഇന്നത്തെ ചായ പുതുപെണ്ണിന്റെ കൈകൊണ്ട് ആവട്ടെ”

 

ഉമ്മറത്ത് കസേരയിൽ പത്രവും വായിച്ചിരിക്കുകയാണ് അലി.

 

“വാപ്പാ…”

 

അയാളുടെ പിന്നിൽ വാതിൽ പടിയിൽ നിന്ന് അവൾ അയാളെ വിളിച്ചു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയ അലി കണ്ടത് കുളിച്ചു സുന്ദരിയായി കയ്യിൽ ഗ്ലാസും പിടിച്ചു നിൽക്കുന്ന മകന്റെ പുതുമണവാട്ടിയെ ആണ്.

 

“ഇന്നത്തെ ചായ മോൾടെ കൈകൊണ്ട് ആണോ…”

 

പുഞ്ചിരിയോടെ മരുമകൾ നീട്ടിയ ഗ്ലാസ് മേടിച്ചുകൊണ്ട് അയാൾ ചൂടുള്ള ചായ ഊതി കുടിച്ചു.

 

“അവൻ എണീറ്റില്ലേ?”

 

“ഇല്ല…”

 

“മ്മ്മ്… മോൾക്ക് ഇവിടെ ഇഷ്ടായോ?”

 

“ഇഷ്ടായി”

 

“അവൻ ആളിച്ചിരെ അലമ്പാ… ഒന്നിനും ഒരു ശ്രദ്ധയും അടക്കും ചിട്ടയും കാണില്ല. മോള് വേണം അവനെ ശ്രദ്ധിക്കാൻ”

 

“ഞാൻ നോക്കിക്കോളാം വാപ്പാ…”

 

വീണ്ടും പത്രത്തിലേക്ക് കണ്ണ് നട്ട അലിയോട് സമ്മതം വാങ്ങി അവൾ അടുക്കളയിലേക്ക് നടന്നു. ആനയുടെ കയ്യിൽ നിന്നും അഫ്സലിനുള്ള ചായ മേടിച് അവൾ മുകൾ നിലയിലെ അവരുടെ മണിയറയുടെ വാതിൽ പടി കടന്ന് അകത്തു കയറി.

 

അര വരെ പുതപ്പ് പുതച് കമിഴ്ന്നു കിടക്കുന്ന അഫ്സലിന്റെ ചാരെ ഇരുന്ന് അവൾ ഗ്ലാസ് ടേബിളിലേക്ക് വച്ചു.

 

“ഇക്കാ… എണീക്കുന്നില്ലേ… ഇക്കാ…”

 

അഫ്സലിനെ തട്ടി വിളിക്കുമ്പോൾ അവളുടെ ഉള്ള് തുടിച്ചുകൊണ്ടിരുന്നു. രാത്രി നേരം പുലരുവോളം അവളെ ഉമ്മകൾ കൊണ്ട് മൂടിയ അഫ്സലിന്റെ മുടിഴിയകളിൽ വിരൽ കോർത്ത് തടവികൊണ്ടിരുന്നു.

 

ഉറക്കം വിട്ട് കണ്ണ് തുറന്ന അഫ്സൽ തന്റെ മുടിയിൽ തലോടികൊണ്ടിരിക്കുന്ന ഇഷയുടെ കയ്യിൽ പിടിച്ചു അവന്റെ മേലേക്ക് വലിച്ചിട്ടു.

 

“ആഹ്ഹ്… ഇക്കാഹ്… കളിക്കല്ലേ… ഡോർ അടച്ചിട്ടില്ല”

 

“ഇങ്ങോട്ട് ആരും വരില്ല പെണ്ണെ… നീയിവിടെ കിടക്ക്”

 

അഫ്സൽ നൽകിയ ധൈര്യത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു. ഇഷയെ മുറുകെ പുണർന്നുകൊണ്ട് അഫ്സൽ അവളുടെ നെറുകയിൽ ചുടുചുംബനം നൽകി. അവളിൽ നിന്നൊരു നേർത്ത കുറുകൽ ഉയർന്നു…

 

“എണീക്കുന്നില്ലേ…”

 

“ഇല്ല… ഇന്ന് മുഴുവൻ ഇങ്ങനെ കിടക്കാനാ എന്റെ തീരുമാനം”

 

“അയ്യടാ… എണീറ്റു പോയി പല്ലൊക്കെ തേച്ച് കുളിച്ചു വന്നേ… ഉമ്മയും അയിഷാത്തയും ഭക്ഷണം റെഡി ആക്കുന്നുണ്ട്”

 

“കുളിയൊ? ഇത്ര നേരത്തെയോ? അതൊന്നും എനിക്ക് ശീലമില്ല മോളെ”

 

“അത് എനിക്ക് മനസ്സിലായി… വാപ്പാക്ക് ചായ കൊടുത്തപ്പോ പറഞ്ഞു ആൾ ഇച്ചിരെ അലമ്പാണെന്ന്… അതൊക്കെ ഞാൻ നേരെ ആക്കിക്കോളാന്ന് വാക്ക് കൊടുത്തതാ… വെറുതെ എന്നെ നാണം കെടുത്താതെ പോയി കുളിച്ചേ”

Leave a Reply

Your email address will not be published. Required fields are marked *