രാത്രി 1 മണിയോട് അടുപ്പിച്ചു ഫോൺ നിർത്താതെ അടിയുന്നത് കേട്ടുകൊണ്ടാണ് സിനി ഉറക്കം വിട്ട് എഴുന്നേറ്റത്… അഫ്സലിന്റെ കാൾ കണ്ട് അവൾ മനോജിനെ നോക്കി. ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുന്ന മനോജിനെ നോക്കികൊണ്ട് അവൾ മുറിക്ക് പുറത്തേക്ക് കടന്നു. അടുക്കളയിലേക്ക് കരഞ്ഞുകൊണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു.
“എന്താടാ ചെക്കാ? എന്ത് പറ്റി?”
അവളുടെ ശബ്ദത്തിൽ അവനെ പറ്റിയുള്ള ആധി നിറഞ്ഞു നിന്നിരുന്നു…
“ഒന്നുല്ല… എന്തോ…. കിടന്നപ്പോ അവരെയൊക്കെ ഓർമ വന്നെടി… ഒറ്റക്കായി പോയെന്ന് തോന്നുമ്പോ ഒരു പേടി…”
അവന്റെ ശബ്ദത്തിൽ ഇടർച്ച സിനിയെ വിഷമത്തിലാഴ്ത്തി… അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
“ദേ ചെക്കാ… നീയെന്റെ കയ്യീന്ന് മേടിക്കും…”
“ഏയ്യ്… ഒന്നുല്ലടി… നീ ഒറങ്ങിക്കോ… പാതിരാത്രി ഫോണിൽ സംസാരിക്കുന്ന കണ്ട് മനോജിന്റെ ബിപി കൂട്ടണ്ട…”
“അങ്ങനെ ഞാനിപ്പോ ഉറങ്ങുന്നില്ല… നീ എന്താ പറഞ്ഞെ? നീ തനിച്ചാന്നോ? അപ്പോ ഞാൻ നിന്റെ ഒപ്പം ഇല്ലേടാ?”
“നീ ഒരുത്തി ഉള്ളതുകൊണ്ടാ സ്വയം ഒടുങ്ങാതെ ഞാനിങ്ങനെ ജീവിക്കുന്നത്. നീയും കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ അവർക്ക് കൂട്ടായി ഞാനും പോയേനെ”
“ഈശ്വരാ… ഇവനിത് എന്തൊക്കെയാ പറയുന്നേ… ”
“ഒന്നുല്ല കൊച്ചേ… ഞാൻ ഉറങ്ങാൻ പോവാ… നീയും ഒറങ്ങിക്കോ”
“ഡാ…”
“ആഹ്മ്…”
“നീ… നീയിങ്ങോട്ട് വരുവോ ഇപ്പോ?”
“ഈ നട്ടപാതിരാക്കോ? കെട്ടിയോൻ കണ്ടാൽ നിന്നെ ഇറക്കി വിടും”
“അതൊന്നും എനിക്കറിയില്ല… നീയിങ്ങനൊക്കെ പറഞ്ഞിട്ട് ഞാനെങ്ങനാ തെണ്ടി സമാധാനത്തോടെ ഉറങ്ങുന്നേ… എനിക്കിപ്പോ നിന്നെ കാണണം!”
അവളുടെ സ്വരത്തിലെ നിശ്ചയതാർഢ്യം മനസ്സിലാക്കി അവൻ ചോദിച്ചു.. “നിർബന്ധമാണോ?”
“നിർബന്ധമാ…”
“എന്നാ ഞാൻ വരാം…”
“എത്തീട്ട് വിളിക്ക്…”
അവന്റെ വിളിക്കായി കാത്ത് അടുക്കളയിലെ ചുമരിനോട് ചാരി നിൽക്കുന്ന ഓരോ നിമിഷവും അവളുടെയുള്ളിൽ തീയായിരുന്നു…
“നീ എത്തിയോ? പിറകിലേക്ക് വാ… ഞാൻ അടുക്കള വഴി വരാം”
ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് അവൾ ശബ്ദമുണ്ടാക്കാതെ അടുക്കളവാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി വാതിൽ പുറത്ത് നിന്നും ലോക്ക് ചെയ്തു. ഇരുട്ടിൽ അടുക്കളക്ക് പുറത്ത് ചിരിയോടെ നിൽക്കുന്ന അഫ്സലിന്റെ കയ്യിൽ പിടിച്ച് അല്പം മാറിയുള്ള അലക്കു കല്ലിനടുത്തേക്ക് നടന്നു…
“എന്താടാ കൊച്ചൂ? എന്താ പറ്റിയെ നിനക്ക്?”
അവനോട് ചേർന്നു നിന്ന് അവന്റെ കവിളിൽ തലോടികൊണ്ട് അവൾ നിറക്കണ്ണുകളോടെ അവനോട് ചോദിച്ചു…
“അത് ശെരി… എന്നെയിപ്പോ കാണണം എന്നും പറഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചിട്ട് എനിക്കെന്താ പറ്റിയെ എന്നോ? ഈ ചോദ്യം ഞാൻ അല്ലെ നിന്നോട് ചോദിക്കണ്ടത്”
“നീ വിളിച് ഓരോന്ന് പറഞ്ഞു മനുഷ്യനെ വിഷമിപ്പിച്ചിട്ട് നിന്ന് ചിരിക്കുന്നോ? ഇരിക്ക് ഇങ്ങോട്ട്”
നിലത്ത് മണ്ണിലേക്ക് ചന്തിയുറപ്പിച് അലക്കുകല്ലിലേക്ക് ചാരി ഇരുന്ന് അവൾ അഫ്സലിന്റെ കയ്യിൽ പിടിച്ചു അവളുടെയൊപ്പം ഇരുത്തി. കാലുകൾ നീട്ടി ഇരിക്കുന്ന സിനിയുടെ ചാരെ അവളോട് ചേർന്ന് അവനും ഇരുന്നു.
രണ്ട് കയ്യിലുമായി അഫ്സലിന്റെ കൈ ചേർത്തു പിടിച്ച് അവൾ അഫ്സലിന്റെ തോളിലേക്ക് തല ചായ്ച്ചു…
“എന്തിനാ ചെക്കാ ഓരോന്ന് പറഞ് എന്നെ വിഷമിപ്പിക്കുന്നെ?”
“തനിച് ആ വീട്ടിൽ ഇരിക്കുമ്പോ എന്തോ ഒരു പേടിയാടി…”
“പിന്നെ എന്തിനാ അയിഷാത്താനെ വീട്ടിലേക്ക് പറഞ്ഞയച്ചേ?”
“എത്രയാന്ന് വച്ചിട്ട ആ പാവം എനിക്ക് വേണ്ടി കഷ്ടപ്പെടുന്ന? അവർക്കും ഇല്ലേ ഒരു കുടുംബം….”
“ഓരോ ന്യായങ്ങളും പറഞ് എല്ലാരേയും പറഞ്ഞു വിട്ടിട്ട് ഞാൻ തനിച്ചാ എന്നും പറഞ് നടക്കും. നല്ല അടി കിട്ടാത്തതിന്റെ കുറവാ നിനക്ക്…”
“അത് വിടെടി… അഭി എന്ത് പറയുന്നു?”
