.
കുട്ടിത്തം വിട്ടുമാറാത്ത അഫ്സൽ സിനിക്ക് പ്രിയങ്കരനായത് പെട്ടെന്നാണ്. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം പിടിക്കുന്ന അഫ്സലിനെ അവൾ തന്റെ പ്രിയപ്പെട്ട ഏറ്റവും അടുത്ത കൂട്ടുകാരനാക്കി പ്രതിഷ്ഠിച്ചു. ആവശ്യം എന്ത് തന്നെയായാലും അവൻ അവളോടൊപ്പം നിൽക്കും…
അവന്റെയുള്ളിലെ ഇഷ്ടം അവളോട് തുറന്ന് പറഞ്ഞിട്ടും അവനെ പിണക്കാതെ ശകാരിക്കാതെ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത് അവൻ അവൾക്ക് അത്രയും പ്രിയപെട്ടവൻ ആയതു കൊണ്ട് മാത്രം ആയിരുന്നില്ല… അവളുടെ അഭിയും അതിനൊരു കാരണമായിരുന്നു.
കടങ്ങളുടെയും ബാധ്യതകളുടെയും ഇടയിൽ അച്ഛന്റെ നിർബന്ധപ്രകാരം മനോജിന് മുന്നിൽ കഴുത്തു നീട്ടുകയും വർഷം രണ്ട് തികയും മുന്നേ ആദ്യ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തെങ്കിലും സ്വാർത്ഥനായ അയാൾ ഇന്നും അവൾക്കൊരു അപരിചിതനാണ്. തന്റെ കുടുംബത്തെ മാനിക്കാത്ത ഭർത്താവിനെ കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിൽ മാത്രം അവൾ പരിഗണിച്ചു പോന്നു. വർഷം മൂന്ന് കഴിഞ്ഞപ്പോഴാണ് മനോജിന്റെ അകന്ന ബന്ധത്തിലെ കല്യാണത്തിന് പോയപ്പോൾ കണ്ട് പരിചയപ്പെട്ട അഭിനന്ദ് എന്ന അഭിയുമായി അവൾ പരിചയപെടുന്നതും അടുക്കുന്നതും.
അഫ്സലിനോട് ഒന്നും മറച്ചു വെക്കാതെ അവൾ എല്ലാം തുറന്നു പറഞ്ഞിട്ടും അവന്റെയുള്ളിലെ ഇഷ്ടം അവൻ കാത്തു സൂക്ഷിക്കുമെന്ന് അവളോട് അവൻ കട്ടായം പറഞ്ഞു. പരിചയപെട്ടു 8 വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെയുള്ളിലെ തന്നോടുള്ള ഇഷ്ടത്തിന് ഒരു അണു വെത്യാസം പോലും വന്നിട്ടില്ലെന്ന് സിനിക്ക് മനസ്സിലായിരുന്നു…
ഷിർട്ടിന്റെ ബട്ടൺ ഇടുന്നത് നിർത്തി അവളെ നോക്കി പുഞ്ചിരിക്കുന്ന അഫ്സലിനെ കണ്ട് അവൾ മന്ദഹസിച്ചു. ചെറു പുഞ്ചിരിയോടെ അവനരികിലേക്ക് നടന്നടുത്ത സിനി അവനു മുന്നിൽ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ വലതു കരം അവന്റെ കവിളിൽ തലോടികൊണ്ടിരുന്നു…
“എന്താ കുരങ്ങാ ഇങ്ങനെ നോക്കുന്നെ…”
“ഉം ഉം… നീ… നീ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…”
“നിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം നിന്നെ കാണാൻ വന്നില്ലെങ്കിൽ പിന്നെ ഈ സിനി ജീവിക്കുന്നതിൽ എന്ത് അർത്ഥമാ ചെക്കാ…”
അവനൊന്നും പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവന്റെ നോട്ടം താങ്ങാനവാതെ അവൾ അവന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ട് നോട്ടം മാറ്റി…
“എന്തിനാ ചെക്കാ എന്നെയിങ്ങനെ നോക്കി വിഷമിപ്പിക്കുന്നെ”
“എന്റെ… എന്റെ പ്രിയപെട്ടവൾ ഇന്ന് ഒന്നൂടെ സുന്ദരി ആയിട്ടുണ്ടല്ലോ”
ഇളം പച്ച സാരിയും അതിനൊത്ത ബ്ലൗസും അണിഞ്ഞു സുന്ദരിയായിരുന്നു സിനി. നെറ്റിയിൽ ചന്ദനകുറി അവളെ കൂടുതൽ സുന്ദരിയാക്കി.
“പിന്നെ സുന്ദരി ആവണ്ടേ… കിളവിയെ സ്നേഹം കൊണ്ട് മൂടുന്ന ചെക്കന്റെ കല്യാണമല്ലേ… നീ തന്ന സമ്മാനം അല്ലെ… അതിൽ ഞാൻ സുന്ദരി ആവാതിരിക്കില്ലല്ലോ”
കവിളിൽ നിന്നും താഴോട്ട് അരിച്ചിറങ്ങിയ കൈ അവന്റെ നെഞ്ചിൽ വച്ച് അവൾ നെടുവീർപ്പ് ഇട്ടു. അവന്റെ പാതിയിൽ നിർത്തിയ ജോലി ഏറ്റെടുത്തുകൊണ്ട് അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അവൾ ഇട്ടുകൊടുത്തു…
“കുട്ടിക്കളി മാറ്റാൻ സമയം ആയിട്ടുണ്ട്… നാളെ നീയൊരു ഭർത്താവാണ്… നിന്നെ വിശ്വസിച്ചു ഇറങ്ങി വരുന്ന പെണ്ണിനെ നിരാശപ്പെടുത്തരുത്.”
“ഇല്ല…”
“ഇനി അങ്ങോട്ട് നിന്റെയുള്ളിൽ അവൾ മാത്രം ആയിരിക്കണം… അവിടെ മറ്റൊരാൾക്കും സ്ഥാനം ഉണ്ടാവരുത്… ഈ എനിക്ക് പോലും…”
“നിന്നെ ഞാൻ എങ്ങനെ മറക്കുമെടി…”
“മറക്കണം എന്ന് പറഞ്ഞില്ലല്ലോ… എനിക്ക് തന്ന സ്നേഹം… തിരികെ തന്നില്ലെങ്കിലും പരാതിയില്ലാതെ ഒരു കുന്നോളം സ്നേഹം തന്നില്ലേ നീയെനിക്ക്… അത് അവൾക്ക് പകർന്ന് കൊടുക്കണം…”
“മ്മ്മ്…”
തല കുനിച്ചു നിൽക്കുന്ന അഫ്സലിന്റെ താടിയിൽ പിടിച്ച് അവന്റെ മുഖം അവൾക്ക് നേരെ പിടിച്ചു. അവന്റെ തോളറ്റം വരെ മാത്രം ഉയരമുള്ള സിനി മുഖം പൊക്കി അഫ്സലിന്റെ കണ്ണുകളിൽ നോക്കി മുഖം രണ്ട് കയ്യിലും കോരി എടുത്തു…
