മരുപ്പച്ച – 3

അയാളുടെ മകന്‍ എല്ലാ മാസവും അമ്മയെ കാണാനായി വരുകയും, മൂന്നോ നാലോ ദിവസം നിന്നിട്ട് പോകുകയും ചെയ്യുമായിരുന്നു. അവന്‍, ആതിരയെ ചേച്ചി എന്നാണു വിളിക്കുന്നത്‌.. അങ്ങനെയിരിക്കെ അയാളുടെ മകന്‍ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം, അവന്‍റെ അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ടീച്ചര്‍, അവരുടെ മകളുമായി വന്നു. അവര്‍ വന്നപ്പോള്‍, അയാള്‍ അവിടെ ഉണ്ടായിരുന്നില്ല… എന്തോ ആവശ്യത്തിനായി പുറത്തേയ്ക്ക് പോയിരുന്നു. അവര്‍ വന്നപാടെ, കൂട്ടുകാരിയെ കാണാനായി മുറിയിലേയ്ക്ക് പോയി. ആതിരയും അവരോടൊപ്പം മുറിയിലേയ്ക്ക് പോയി. കുറച്ചുസമയം രോഗിയുമായി സൗഹൃദം പങ്കിട്ടു. അവര്‍ തുടരെ തുടരെ ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നെങ്കിലും, അതിനൊക്കെ ഉത്തരം നല്കിയത് ആതിര ആയിരുന്നു. അപ്പോഴെല്ലാം കട്ടിലില്‍ നിശ്ചലയായി കിടന്ന രോഗിയുടെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴേയ്ക്കും പുറത്ത് പോയിരുന്ന ഗൃഹനാഥന്‍ തിരികെ എത്തി. അല്പം ലോഹ്യവും രോഗവിവരങ്ങളും ഒക്കെ പറഞ്ഞുകഴിഞ്ഞു അവര്‍ ഹാളിലേയ്ക്ക് വന്നിരുന്നു. ഈ സമയമൊക്കെയും അയാളുടെ മകന്‍, മുകളിലെ അവന്‍റെ മുറിയില്‍ ജോലിയില്‍ ആയിരുന്നു. അപ്പോഴാണ്‌ ആ സ്ത്രീ, അവരുടെ വരവിന്‍റെ ഉദ്ദേശം പറഞ്ഞത്.

“സാറേ, മോന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞാണു ഞങ്ങള്‍ വന്നത്. ഞങ്ങള്‍ക്ക് അയാളുടെ ഒരു സഹായം വേണം.”

“എന്ത് സഹായം?”

“അത്…. എന്‍റെ മോള്‍ക്ക്, ഇവിടുത്തെ മോന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ ജോലി കിട്ടി. അടുത്തമാസം ഒന്നിന് അവിടെ റിപ്പോര്‍ട്ട് ചെയ്യണം.”

“അത് നന്നായി. ഞാന്‍ മോനെ വിളിക്കാം.”

അങ്ങനെ അയാള്‍ അവിടെ ഇരുന്നുകൊണ്ട് തന്നെ അവനെ വിളിച്ചു… അവന്‍ വിളിയും കേട്ടു.

“മോനേ, നിന്നെക്കാണാന്‍ ഇവിടെ ഒരാള്‍ വന്നിരിക്കുന്നു. നീ ഒന്ന് ഇങ്ങോട്ട് വാ….”

“ദാ വരുന്നച്ഛാ.”

അത് പറഞ്ഞുകൊണ്ട് അയാള്‍ താഴേയ്ക്ക് ഇറങ്ങി വന്നു.

അത് കണ്ട ടീച്ചര്‍ അവനോടു സംസാരിച്ചു….

“മോന് ഞങ്ങളെ അറിയാമോ?”

“അതെന്താ വത്സല ടീച്ചറിനെ അറിയാത്തത്….. മുമ്പ് അമ്മയുടെ കൂടെ ഇവിടെ വന്നു കണ്ടിട്ടുണ്ട്…”

“ഇത് എന്‍റെ മോളാണ്. പേര് അഹല്യ. ഇവള്‍ക്ക് കാമ്പസ് സെലക്ഷനില്‍ നിങ്ങളുടെ കമ്പനിയില്‍ ജോലി കിട്ടിയിട്ടുണ്ട്….

“എനിക്കറിയാം ഇയാളെ. എന്‍റെ ജൂനിയറായി കോളേജില്‍ ഉണ്ടായിരുന്നല്ലോ. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ്റ് ആയിരുന്നതുകൊണ്ട് അറിയാം.”

“മോനേ, ഇവള്‍ക്ക് നിങ്ങളുടെ കമ്പനിയില്‍ സെലക്ഷന്‍ ആയി. അടുത്ത ഒന്നിനു അവിടെ ജോയിന്‍ ചെയ്യണം. കഴിഞ്ഞ ദിവസമാണ് കാള്‍ ലറ്റര്‍ കിട്ടിയത്. അവിടെ ദേവേട്ടന്(ദേവദാസ്) നല്ല സുഖമില്ല അത്രയും ദൂരം സഞ്ചരിക്കാന്‍. പിന്നെ ഇളയ മോനാണ് ഉള്ളത് അവനു അതൊന്നും അറിയില്ല. അതുകൊണ്ട് മോന്‍ പറ്റുമെങ്കില്‍ അവളെ ഒന്ന് കൂട്ടിക്കൊണ്ടുപോയി വേണ്ട സഹായം ചെയ്തു കൊടുക്കണം.”

“ആന്റീ, ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു പോകും. പിന്നെ അടുത്ത മാസമേ തിരികെ വരൂ….”

അത് കേട്ട അവന്‍റെ അച്ഛന്‍ തടസ്സം പറഞ്ഞു….. “മോനേ ഇങ്ങനെ ഒരു സാഹചര്യമല്ലേ… നീ പോയിട്ട്, ഒന്നാം തീയതിക്ക് മുന്നേ വന്നു മോളെകൂടി കൂട്ടി പോയാല്‍ മതി.”

“ശരി അച്ഛാ…. ഒന്നാം തീയതി ബുധനാഴ്ച അല്ലേ. ഞാന്‍ ശനിയാഴ്ച രാവിലെ വന്നിട്ട്, ഞായറാഴ്ച വൈകിട്ടലത്തെ വണ്ടിയില്‍ പോകാം. തിങ്കളും, ചൊവ്വയും അവിടെ വെറുതേ നില്‍ക്കണം. അല്ലെങ്കില്‍ വേണമെങ്കില്‍ കമ്പനിയില്‍ വന്നു വെറുതേ എല്ലാം കണ്ടു പരിചയപ്പെടാം.”

“അത് മതി മോനേ…. അവളുടെ അമ്മ പറഞ്ഞു.”

അത് കേട്ട അച്ഛന്‍ ഇടപെട്ടു: “മോനേ അവള്‍ക്ക് താമസ സൌകര്യമൊക്കെ ശരിയാക്കണ്ടേ? അതൊക്കെ എങ്ങനെയാ?”

“അച്ഛാ, ഒരാഴ്ച വേണമെങ്കില്‍ കമ്പനി വക ഗസ്റ്റ് ഹൌസില്‍ താമസിക്കാം. അതിനിടെ വേറെ താമസസ്ഥലം കണ്ടുപിടിച്ചാല്‍ മതി.”

“അതിന്‍റെ കാര്യമില്ലല്ലോ….. നീ ഇപ്പോള്‍ പോയിട്ട് നിങ്ങളുടെ കമ്പനിയിലുള്ള സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലിലെങ്ങാണം സൌകര്യപ്പെടുത്തന്‍ പറ്റുമോന്നു നോക്ക്.”

“ഞാന്‍ നോക്കാം അച്ഛാ. കുറച്ചുപേര് അവിടെ ഒരു വീട് എടുത്തു താമസിക്കുന്നുണ്ട്. അവിടെ പറ്റുമോ എന്ന് നോക്കാം. ഹോസ്റ്റലിനെക്കാള്‍ അതായിരിക്കും സൗകര്യം. സ്വന്തമായി ആഹാരം ഉണ്ടാക്കണമെന്ന് മാത്രം.”

“ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണോ പാചകം? “

“അല്ല ആന്റീ…. എല്ലാരും കൂടി ചെയ്യണം. ജോലിക്കാരൊന്നും ഇല്ല.”

“അതിനെന്താ? അതൊക്കെ അവള്‍ ചെയ്തുകൊള്ളും.”

അവന്‍, അപ്പോള്‍ തന്നെ ആരെയോ വിളിച്ചു വിവരങ്ങള്‍ തിരക്കി…. അപ്പോള്‍ തന്നെ അത് ശരിയാക്കി. അവര്‍ക്ക് അത്രയും ആയപ്പോഴേയ്ക്കും ആശ്വാസമായി. ഇത്രയും ഒക്കെ സംഭവിച്ചിട്ടും ആ കുട്ടി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതിനിടെ, ആതിര പോയി ചായുണ്ടാക്കി കൊണ്ടുവന്നു എല്ലാവര്‍ക്കും കൊടുത്തു. പിന്നെയും കുറച്ചു സമയം എല്ലാവരും സംസാരിച്ചിരുന്നിട്ടു അവര്‍ തിരികെ പോയി. രണ്ടു ദിവസം കഴിഞ്ഞു അവനും തിരികെ പോയി. പിന്നെ പതിവുപോലെ കാര്യങ്ങളൊക്കെ നടന്നുപോയി.

അങ്ങനെയിരിക്കെ, പറഞ്ഞിരുന്നതുപോലെ തന്നെ ശനിയാഴ്ച അവന്‍ വന്നു. ഞായറാഴ്ച വൈകുന്നേരം കൊച്ചുവേളി ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍ അവര്‍ പോയി. അവന്‍റെ അച്ഛനാണ് അവരെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടത്. അവളുടെ അമ്മയും അനിയനും ഒപ്പം ഉണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഒന്നിച്ചു അവന്‍ തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ജോലിക്ക് ആദ്യമായി ജോയിന്‍ ചെയ്യാന്‍ പോകുന്നതുകൊണ്ട്‌ അവളുടെ ടിക്കറ്റ് ചാര്‍ജ് കമ്പനി നല്കും . ടൂ ടയര്‍ എ . സി. യിലാണ് യാത്ര. അവര്‍ക്ക് മുകളിലും താഴെയുമായി ആണ് ബര്‍ത്ത് കിട്ടിയത്. അവളെ മുകളില്‍ കിടത്തുന്നതാണ് സേഫ് എന്നുള്ളതുകൊണ്ട് അവള്‍ക്ക് അപ്പര്‍ ബര്‍ത്ത് കൊടുത്തു. ഭക്ഷണം കഴിക്കുന്നത്‌ വരെ അവര്‍ സംസാരിച്ചു ഇരുന്നു. അവള്‍ അത്ര വലിയ സംസാരപ്രിയ ആണെന്ന് തോന്നിയില്ല. വളരെ ചുരുങ്ങിയ വാക്കുകളില്‍, അവന്‍ ചോദിക്കുന്നതിനു മാത്രം മറുപടി നല്‍കും… അത്രയേ ഉള്ളൂ…..

രാത്രി എട്ടു മണിയോടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ഭക്ഷണവും കഴിച്ചു അവര്‍ ഉറങ്ങാന്‍ കിടന്നു. അടുത്തദിവസം രാവിലെ എട്ടു മണിയോടെ ട്രെയിന്‍ ബാംഗ്ലൂര്‍ cantonment സ്റ്റേഷനില്‍ എത്തി. അവിടെ നിന്നും ഒരു യൂബര്‍ വിളിച്ചു അതില്‍ പോയി. അവള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്ന വീട്ടിലെത്തി അവര്‍ ഇറങ്ങിയിട്ട് വണ്ടി പറഞ്ഞുവിട്ടു. അവനു താമസസ്ഥലത്തേയ്ക്ക് അവിടെ നിന്നും അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ…. അകത്തു പോയി അവളെ അവിടെ ആക്കി, എല്ലാവരെയും പരിചയപ്പെടുത്തി…. അവിടെയുള്ള അഞ്ചു സ്ത്രീകളില്‍ മൂന്നു മലയാളികളും, ഒരു കന്നടക്കാരിയും, ഒരു തമിഴത്തിയുമാണ് ഉള്ളത്. ഇവളെയും കൂട്ടി അവിടെ ആറു പേരായി. അത് കഴിഞ്ഞു അവന്‍, അവന്‍റെ താമസസ്ഥലത്തേയ്ക്ക് പോയി.