കാർ കല്ലായി പാലം കടന്നു. താഴെ ആസന്ന സാഗരയായ മാമ്പുഴ കാളിന്ദി പോലെ കറുത്തിരുണ്ട ജലത്തോടൊപ്പം നഗരത്തിൻ്റെ മാലിന്യവും പേറി മന്ദം മന്ദം പ്രവഹിക്കുന്നു. ഷഹാന കൊച്ചെളാപ്പയുടെ കൂടെ കണ്ടിടത്തൊക്കെ തെണ്ടിത്തിരിഞ്ഞ് തോന്നിവാസം കാണിച്ച് നടന്നിരുന്ന തൻ്റെ കൗമാര കാലം ഓർത്തെടുത്തു. അബൂബക്കറിൻ്റെ ബുള്ളറ്റ് ഓടിക്കാൻ അവൾക്കറിയാമായിരുന്നു. പെൺകുട്ടികൾ കാൽ കവച്ച് വെച്ച് ബൈക്കോടിക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞ് ഉമ്മൂമ്മ ഗുണദോഷിച്ചതോടെ ഷഹാന ആരും എടുക്കാതെ വെറുതെയിട്ടിരുന്ന കോണ്ടസ്സയിലേക്ക് മാറുകയായിരുന്നു.
“അന്നങ്ങനെ നടന്നേന്ന പെണ്ണാന്ന് ഇപ്പോ കണ്ടാ പറയോ? ആകെ അങ്ങട്ട് ഒതുങ്ങി ആരോടും മിണ്ടാട്ടല്ലാതായി. എന്തേ പൂവീ അനക്ക് പറ്റീത്”?
കരുതലോടെ, വാത്സല്യത്തോടെ, കരുണയോടെയുള്ള ഉപ്പയുടെ ചോദ്യം അവളെ വർത്തമാന കാലത്തിലേക്ക് തിരികെയെത്തിച്ചു.
“അറിയൂല ഉപ്പാ”
ഷഹാനയുടെ സ്വരം ആർദ്രമായി. പ്രായമായപ്പോൾ സ്വാഭാവികമായും വ്യക്തിത്വത്തിലുണ്ടായ മാറ്റമാകാം. എന്തായാലും താൻ അങ്ങനെ മാറിയതെങ്ങനെ എന്നവൾക്കറിയില്ലായിരുന്നു.
“ഇന്നിപ്പോ പതിനാലല്ലേ? ഇരുപത്തി അഞ്ചിനല്ലേ കുടിയിരിക്കല് ? പൂവീ…. ഇയ്യ് അരിയടത്ത്പാലത്ത് എത്തുമ്പോ വണ്ടിയൊന്ന് തിരിക്ക്. വേണുവിൻ്റെ കടേല് കേറണം”
“പൈസ പോരേ ഉപ്പാ? കൊച്ചെളാപ്പ എറണാംകുളത്തല്ലേ? ഇവിടെപ്പോ വീട്ണ്ടേലും നിക്കൊന്നുല്ലല്ലോ”
“ഓനൊക്കെ മതിയാക്കി പോര്വാന്നാ സലീം പറഞ്ഞത്. ഹസീനക്ക് പറ്റെ വയ്യ. ഇപ്പോ തന്നെ മൂന്ന് ഓപ്രേഷൻ കഴിഞ്ഞു. ഇഞ്ഞി കീറി മുറിക്കാൻ വയ്യാന്നാ ഡോക്ടർമാര് പറയണത്. ഇവിടെ ആണെങ്കി ഒന്നുല്ലേലും ഓൻ്റെ ബാക്കിള്ളോരേലൂണ്ടല്ലോ. നിക്കാഹൊന്നും നടത്താന് രണ്ടാൾക്കും കുട്ട്യാളൂല്ല. അപ്പോ കുടിയിരിക്കല് ആഘോഷാക്കാന്ന് കരുതീട്ടാ.. പാവം…”
സ്റ്റേഡിയം റോഡിലൂടെ കുറച്ച് ദൂരം ഉള്ളിലേക്ക് സഞ്ചരിച്ച് വണ്ടി മാനാഞ്ചിറക്കടുത്തുള്ള ഉപ്പ പറഞ്ഞ വേണുവിൻ്റെ കടയുടെ മുന്നിലെത്തി. വേണു ഉപ്പയുടെ ഒരു പരിചയക്കാരനാണ്. തിരുവച്ചിറ ക്ഷേത്രത്തിന് അടുത്താണ് താമസം. മേൽ പറഞ്ഞ മാന്യദേഹം കരയോഗത്തിലെ ഒരു പ്രധാനിയാണ്. പോരാത്തതിന് സ്ഥലത്തെ പ്രമാണിയായ ഒരു പൗര പ്രമുഖനും കൂടിയാണ്. ഹോം അപ്ലയൻസസും ഫർണിച്ചറും ഒക്കെയായി ഒരു വീട്ടിലേക്കാവശ്യമായതെല്ലാം ഹോൾസെയിലായും റീട്ടെയിലായും വിൽക്കുന്ന വലിയൊരു കടയും ഗോഡൗണും ഉൾപ്പെടുന്ന ആ കോമ്പൗണ്ടിലേക്ക് കയറ്റാൻ മടിച്ച് ഷഹാന വണ്ടി വഴിയരികിൽ ഒതുക്കി.
ഉപ്പ ഇറങ്ങി റോഡ് മുറിച്ച് കടന്ന് ആ കോമ്പൗണ്ടിൻ്റെ വലിയ മതിൽ കെട്ടിനകത്ത് മറഞ്ഞു. ഷഹാനയും മകനും കാറിൽ തനിച്ചായി. അവൾ മകനെ ഓമനിച്ച് സമയം കളഞ്ഞു. സാധനങ്ങൾ എല്ലാം ലോറിയിൽ കയറ്റി കഴിഞ്ഞ് ചുമട്ട് തൊഴിലാളികൾക്കുള്ള കൂലിയും കൊടുത്താണ് ഉപ്പ തിരികെയെത്തിയത്.
“സാധനൊക്കെ എടുത്തോ ഉപ്പാ”?
“അതൊക്കെ ഗിരീഷിൻ്റെ ലോറീല് കേറ്റി വിട്ടു. പൂവീ… ഉപ്പ ഇപ്പോ വരാം. ലോറി അങ്ങട്ട് ചെല്ലണ കാര്യം തറവാട്ടിലൊന്ന് വിളിച്ച് പറയട്ടെ”
ഉപ്പ തറവാട്ടിലേക്ക് ഫോൺ ചെയ്യാൻ ടെലഫോൺ ബൂത്തന്വേഷിച്ച് പോയി. സമയം ഇഴഞ്ഞ് നീങ്ങികൊണ്ടിരുന്നു. ഫോൺ വിളിക്കാൻ പോയ ഉപ്പ മടങ്ങിയെത്താൻ കുറച്ച് വൈകി.
“എവടെപ്പോയതേന്നു? കൊറേ നേരായല്ലോ ഇങ്ങള് പോയിട്ട്”
“ഞാൻ ബി എസ് എൻ എല്ലിൻ്റെ ഓഫീസിലൊന്ന് കേറി. ലാൻഡ് ഫോൺ കണക്ഷൻ കിട്ടോന്ന് നോക്കാനാ. ചോട്ട്ക്കൂടെ റെയിൽവേൻ്റെ എന്തൊക്കെയോ പോണോണ്ട് അവടെ നിലത്ത് കുഴിക്കാൻ പറ്റൂല്ലാന്ന്. പോസ്റ്റ് തന്നെ വേണം. പണ്ടാരടങ്ങാനായിട്ട് കഴിഞ്ഞാഴ്ചേം കൂടെ ആ വളവില് ഒരു ഓട്ടോറെക്ഷ മറിഞ്ഞേയുള്ളൂ. അവടെ പോസ്റ്റ് നാട്ടാൻ കോർപ്പറേഷൻ സമ്മയിക്കൂല. ചുരുക്കി പറഞ്ഞാല് പെരേല് ഫോണ് വെക്കാന് ഒരു നിവൃത്തീം ഇല്ലാന്ന്”
ഉപ്പ കാറിൻ്റെ ഡോറ് തുറന്ന് അകത്തേക്ക് കയറി. മകളുടെ മടിയിൽ നോക്കിയപ്പോൾ കുഞ്ഞിനെ കണ്ടില്ല.
