“അനു എവടെ”?
“ഇങ്ങള് പോയിട്ട് കൊറേ നേരായില്ലേ. ഓനൊറങ്ങിയപ്പോ ഞാനോനെ പിന്നിലെ സീറ്റിൽ കിടത്തി”
ഉപ്പ തിരിഞ്ഞു നോക്കി. കോണ്ടസ്സയുടെ വിശാലമായ പിൻസീറ്റിൽ സുഖമായി ഉറങ്ങുന്ന പേരക്കുട്ടിയെ സംതൃപ്തിയോടെ അൽപ്പ സമയം നോക്കിയിരുന്നു.
“പിന്നെപ്പോ എന്തായാലും മാനാഞ്ചെറേറ്റം വന്നു. ന്നാ ചന്ദ്രനോടൊന്ന് പറയാന്ന് വെച്ചു. ഞാനവടെ ചെന്നപ്പോണ്ട് ഓൻ പൊകേത്തെ എലി മണ്ടും പോലെ നടക്കണു. പോണ്ടിച്ചേരീലെ ഫാക്ടറീല് എന്തോ പറ്റി സൂപ്പർവൈസറും മാനേജറും ഹോസ്പിറ്റലിലാന്ന്. ജർമ്മനീന്ന് കൊണ്ട് വന്ന മെഷീനും കേടായിക്ക്ണ്. ചന്ദ്രനാണേല് വൈന്നാരം കക്കിനാഡക്കും പോണം. അപ്പോ ഞാനവടെ പോയി നോക്കണ്ടി വരും”
ഷഹാനയുടെ മുഖം വാടി. അവൾ എന്ന് ഉപ്പയുടെ കൂടെ കുറച്ച് സമയം ചിലവഴിക്കണമെന്ന് ആഗ്രഹിച്ചാലും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായി വരും. ഉപ്പ മകളുടെ ഭാവ മാറ്റം ശ്രദ്ധിച്ചു.
“പൂവീ…ഇയ്യെന്തിനാ വെഷമിക്കണെ? മൻസൂറ് മംഗലാപുരത്താ. ഓനവടന്ന് നാളേ എത്തൂ. ഓനും കൂടെ വന്നിട്ട് നാളേ ഞാൻ പോവൂ. ഇന്ന് മുഴുവനും ഉപ്പ അൻ്റെ കൂടെ തന്നെണ്ടാവും”
അവൾ ഉപ്പയുടെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ച് തോളിലേക്ക് തല ചായ്ച്ചു.
“ഇങ്ങളെടുത്ത് ഇങ്ങനെ ഇരിക്കാൻ എന്ത് രസാന്നറിയോ ഉപ്പാ”
ഷഹാന ഉപ്പയെ വരിഞ്ഞു മുറുക്കി.
“ ഉപ്പ എപ്പഴൂൻ്റടുത്തന്നെ വേണം. എവടേം പോവാതെ ദിവസം മുഴുവനും ഇങ്ങളെ ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കണം”
“ഇയ്യിങ്ങനെന്നെ എങ്ങട്ടും എറങ്ങാനയിക്കാതെ ഇരുന്നാലെങ്ങനേ പൂവ്യേ ശരിയാവാ? ഞാൻ പൊറത്ത് പോവാതെങ്ങനേ ഇവിടത്തെ കാര്യങ്ങളൊക്കെ നടക്കാ”?
“അതിനൊക്കെ ഉപ്പ പൊയ്ക്കോ. അല്ലാത്തപ്പഴൊക്കെൻ്റൊപ്പണ്ടായാ മതി”
അവൾ തൻ്റെ ഉപ്പയിലേക്ക് ചേർന്ന് കണ്ണുകളടച്ച് ഇരുന്നു. ഉപ്പയുടെ ശ്വാസത്തിൻ്റെ താളത്തിനനുസരിച്ച് ആ മാറിൽ ചേർത്തുവെച്ച മകളുടെ മുഖവും ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത സമാധാനം അവൾ അനുഭവിച്ചറിഞ്ഞു. അതൊരിക്കലും അവസാനിക്കാതിരിക്കാൻ ആ ഒരു നിമിഷത്തിൽ സമയം നിശ്ചലമായി പോയെങ്കിൽ എന്നവൾ ആഗ്രഹിച്ചു.
“പൂവീ… ഇങ്ങനെ ഇരുന്നാ മതിയോ? തുണി എടുക്കണ്ടേ”?
ഉപ്പ പിന്നിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന പേരക്കുട്ടിയെ എടുത്ത് മടിയിലിലേക്കിരുത്തി. ഷഹാന കാറ് സ്റ്റാർട്ടാക്കി. പവർ സ്റ്റിയറിങ് കട്ടായത് കൊണ്ട് അവൾക്ക് കുറച്ചധികം ബലം കൊടുക്കേണ്ടി വന്നു. മകൾ ബുദ്ധിമുട്ടുന്നത് കണ്ട് ഉപ്പ വലത്തേ കൈയെത്തിച്ച് സ്റ്റിയറിങ് പിടിച്ച് തിരിച്ചു.
“ഉപ്പ സ്റ്റിൽ യങ്ങാ. മസില് കണ്ടില്ലേ”
അവൾ ഉപ്പയുടെ ഉറച്ച കൈത്തണ്ടയിൽ പിടിച്ചമർത്തി നോക്കി.
“പിന്നെ ഇയ്യെന്താ കരുതിയെ? പഴയ തടിയാ ഇത്”
പ്രായമായ മകളുടെ കൊച്ചു കുട്ടികളെപ്പോലെയുള്ള കാട്ടി കൂട്ടൽ കണ്ട് ഉപ്പ ചിരിച്ചു കൊണ്ട് വാത്സല്യത്തോടെ പറഞ്ഞു.
നടക്കാവിൽ പുതുതായി തുടങ്ങിയ തുണിക്കടയുടെ പാർക്കിങ്ങ് ഏരിയയിലേക്ക് ഷഹാന വണ്ടി ഓടിച്ചു കയറ്റി നിർത്തി.
“പോര ഉപ്പാ… വണ്ടിക്കൊരു പിടുത്തണ്ട്. ഏതേലും മെക്കാനിക്കിനെ കാണിക്കണം”
“നോക്കണം. മറ്റന്നാളെങ്ങാനും മലപ്പുറത്ത് കൊണ്ടോയി കൊടുക്കാം”
അഞ്ച് നിലകളിലായി പരന്നു കിടക്കുന്ന കടയുടെ ഉൾവശം വസ്ത്രങ്ങളുടെ മറ്റൊരു ലോകം തന്നെയായിരുന്നു. വാതിൽക്കൽ നിന്നിരുന്ന ഒരു പയ്യൻ അവരെ ഉപചാരപൂർവ്വം സ്വാഗതം ചെയ്ത് മൂന്നാം നിലയിലേക്ക് കൊണ്ടുപോയി. ഒരു നില മുഴുവൻ സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ മാത്രം. ഒപ്പമുള്ള ഉപ്പയേയും കുഞ്ഞിനേയും കണ്ടതു കൊണ്ട് സെയിൽസ് ഗേൾസ് മുലയൂട്ടുവാൻ അനുയോജ്യമായ മുൻവശത്ത് ഇടതും വലതുമായി രണ്ട് സിബ്ബുകളുള്ള തരം വസ്ത്രങ്ങൾ എടുത്ത് നിരത്തി.
കുറേക്കാലം ഡെൽഹിയിലായിരുന്നത് കൊണ്ട് ഉത്തരേന്ത്യൻ രീതിയിലുള്ള വേഷവിധാനങ്ങളോടായിരുന്നു ഷഹാനക്ക് താൽപര്യം. അവൾ അറേബ്യൻ, പഞ്ചാബി ശൈലിയിലുള്ള നീണ്ട ഗൗണുകളും അനാർക്കലികളും തിരഞ്ഞെടുത്തു. കൂടുതലും വെള്ളയും പേസ്തൽ ഗ്രീനും ആയിരുന്നു. കടും നിറങ്ങൾ ഉപ്പക്കിഷ്ടമല്ല എന്നവൾക്കറിയാമായിരുന്നു. മാക്സി നോക്കാൻ തിരിഞ്ഞപ്പോൾ ഉപ്പയുണ്ട് സാരി വർക്കുള്ള ലൈലാക് സൽവാർ കമ്മീസും കയ്യിൽ പിടിച്ച് നിൽക്കുന്നു.
