“എന്തിനാ? അനക്ക് തടി കൂടി മാക്സി കൊള്ളാഞ്ഞിട്ട് പുതീത് വാങ്ങാൻ വന്നതല്ലേ? മുണ്ടുടുക്കണ ഇക്കെന്തിനാ…”
“വെള്ളേം വെള്ളേം ഇട്ട് നടക്കാൻ ഇങ്ങള് ഗഫൂറാപ്പാൻ്റെ പോലെ രാഷ്ട്രീയക്കാരനൊന്നും അല്ലല്ലോ. പാൻ്റും ഷർട്ടും മതി”
ഷഹാന ഇടക്ക് കയറി പറഞ്ഞു. ഗൗരവത്തിലുള്ള അവളുടെ സംസാരവും പെരുമാറ്റവും കണ്ട് ഉപ്പ ചിരിച്ചു പോയി.
“അൻ്റെ ഇഷ്ടം പോലെ ആയിക്കോട്ടെ”
ഷഹാന ഉപ്പയുടെ പാകത്തിന് ആറേഴ് പാൻ്റുകളും അതിനു ചേർന്ന സോളിഡ് ഷർട്ടുകളും തിരഞ്ഞെടുത്തു.
“ഇങ്ങള് ഇതൊക്കെ ഇട്ട് മുടിയൊക്കെ കറുപ്പിച്ച് ചുള്ളനായി നടന്നാ മതി”
ബില്ലടച്ച് അവർ കടയിൽ നിന്നിറങ്ങി. കടയുടെ മുന്നിലുള്ള ബലൂണുകൾ കണ്ട് ഉപ്പയുടെ കയ്യിലിരുന്ന കുഞ്ഞ് കൈ നീട്ടി ശബ്ദമുണ്ടാക്കി. ബില്ലിങ് സ്റ്റാഫിൽ നിന്ന ഒരു പയ്യൻ വന്ന് നീണ്ട ഒരു സ്ട്രോയുടെ അറ്റത്ത് പിടിപ്പിച്ച ബലൂൺ എടുത്ത് കുഞ്ഞിൻ്റെ കയ്യിൽ കൊടുത്തു. അത് കിട്ടിയപ്പോൾ അവന് സന്തോഷമായി.
“ ബലൂണ് കിട്ടിയപ്പോള്ള ഓൻ്റെ സന്തോഷം നോക്കീ…പല്ലില്ലാത്ത തൊണ്ണ കാട്ടി ചിരിക്കണത് നോക്കുപ്പാ”
ഉപ്പ പേരക്കുട്ടിയുടെ കവിളിൽ പിടിച്ച് ഓമനിച്ചു.
“ന്നാ ഇഞ്ഞി നേരെ ബീച്ചീക്ക്…ല്ലേ”?
“ഈ നട്ടുച്ചക്ക് തന്നെ പോണോ? വേറെവെടേലും പോയി വൈന്നാരം പോയാ പോരേ”?
“വൈന്നാരാവുമ്പളേ അവടെ കൊറേ ആൾക്കാരാവും. ഇപ്പോത്തന്നെ രണ്ടര കഴിഞ്ഞു”
കോണ്ടസ്സ കാപ്പാട് ബീച്ച് ലക്ഷ്യമാക്കി ഓടി തുടങ്ങി.
“അപ്പോ അനക്ക് ഇന്നെ ചെറുപ്പായി കാണണം. ല്ലേ പൂവീ? ഇതൊക്കെ അൻ്റെ ഓരോരോ തോന്നല്കളാ… അതാ സലീമിനോട് പറ്റിയ ഒരാളെ നോക്കാൻ പറഞ്ഞത്. ഇയ്യ് ചെറുപ്പായോണ്ടാ. ഉപ്പാക്ക് വയസ്സായില്ലെടി പെണ്ണേ…”
ഷഹാന തീക്ഷ്ണ നയനങ്ങളാൽ ഉപ്പയെ രൂക്ഷമായി നോക്കി.
അവളുടെ ആ മുഖം ചെരിച്ചുള്ള നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. ഉപ്പ നിശബ്ദനായി. മുന്നിലുള്ള ലോറിയെ മറികടന്നപ്പോൾ കണ്ണൂരിലേക്കുള്ള ഒരു കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ തൊട്ടരികിലൂടെ കടന്നു പോയി. അവൾ വീണ്ടും റോഡിൽ ശ്രദ്ധിച്ചു.
“ഇങ്ങനെ താടീം മുടീം വളർത്തി ഫക്കീറിനെപ്പോലെ നടക്കണ്ടാന്നാ പറഞ്ഞെ”
ഷഹാന ഉപ്പയുടെ താടിയിലൂടെ വിരലോടിച്ചു.
“ഇങ്ങക്ക് ഇതൊക്കെ ഷേവ് ചെയ്ത് പാൻ്റും ഷർട്ടും ഇട്ട് പണ്ട് ഡൽഹിയിലായന്നേത്തപ്പോലെ നടന്നാലെന്താ? ഈ കോലോക്കെ മാറിയാ തന്നെ ഒന്ന് ജീവൻ വെക്കും. അല്ലാതെ വയസ്സ് കൊറയാനൊന്നും ചെയ്യണ്ട. ഇന്നാള് താനൂര് പോയി വന്നന്ന് ആര്യവൈദ്യശാലേന്ന് കൊറേ കാടും പടലോം കൊണ്ടന്നേന്നില്ലേ? ഒണക്കി പൊടിച്ച് തിന്നാ ചെറുപ്പാവൂന്നും പറഞ്ഞ് ? അതുപോലെ ഒന്നും വേണ്ട. ഉപ്പയാന്നിക്കറിയാലോ. ഇങ്ങക്ക് പ്രായണ്ട്ന്നും അറിയാം…”
ഷഹാന വണ്ടി നിർത്തി. ഉപ്പയുടെ മുഖം കൈ കുമ്പിളിൽ എടുത്ത് പിടിച്ചു.
“ന്നാലും ഇക്ക് ഇങ്ങളെന്നെ മതി. പിന്നെന്താ? ഉപ്പാ… ഇങ്ങള് ചെറുപ്പാവണ്ട”
ഉപ്പ അൽപ നേരം നിർന്നിമേഷനായി അവളെ തന്നെ സാകൂതം നോക്കിയിരുന്നു. പതുക്കെ ഉപ്പയുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു. പെട്ടെന്ന് തന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.
“ന്നാലും ഇൻ്റെ പൂവ്യേ…. അൻ്റെ ഓരോരോ ആഗ്രഹങ്ങള്… അല്ലാതെപ്പോ ഞാനെന്താ പറയാ”
ഉപ്പ പുറത്തേക്കിറങ്ങി.
“എങ്ങട്ടാ”?
“നേരം മൂന്ന് മണിയാവാനായില്ലേ? ഒന്നും കഴിച്ചില്ലല്ലോ. ഇവടെ എവടേലും നല്ല ഹോട്ടല് നോക്കാനാ. ഇത്രേം ദൂരം പോന്നില്ലേ? ഇഞ്ഞിപ്പോ പാളയത്തീക്ക് തിരിച്ച് പോണ്ട”
“ന്നാ പാഴ്സല് മതി. ബീച്ചിലെവെടേലും ഇരുന്ന് തിന്നാലോ. ചിക്കൻ വേണ്ടാട്ടോ ഉപ്പാ”
കുറച്ചകലെയുള്ള റെസ്റ്റോറൻ്റിൽ നിന്നും ബിരിയാണിയുമായി ഉപ്പ മടങ്ങിയെത്തി. വണ്ടി വീണ്ടും ഓടി തുടങ്ങി. ഉപ്പയുടെ മടിയിലിരിക്കുന്ന കുഞ്ഞ് ആഹ്ളാദ സൂചകമായ പല ശബ്ദങ്ങളും ഉണ്ടാക്കുന്നുണ്ടായിരുന്നു.
