മീനത്തിൽ താലിക്കെട്ടു – 2

അകത്തേയ്ക്കു കയറിയ ഉടനെ വീണ വിളക്കുകൊണ്ടുപോയി പൂജാമുറിയിൽ വെച്ചു,

തിരിച്ചു വന്നു എന്റെ അടുത്ത് നിന്നു,
പെട്ടെന്ന് ചേട്ടൻ വന്നു അമ്മയുടെയും അച്ഛന്റെയും കാൽക്കൽ വീഴാൻ പറഞ്ഞു എന്നോട്,
നോക്കുമ്പോൾ വീണ കാലിൽ വീഴ്ച എന്നിലും മുന്നേ തുടങ്ങിയിരിക്കുന്നു.!

ഇവളിതെന്തു ഭാവിച്ചാ എന്റെ ഭഗവാനെ.!?

എനിയ്ക്കിട്ടുള്ള പണി തുടങ്ങിയോ.?

വേഗം രണ്ടുപേരുടെയും കാലിൽ വീണു.!

കാലിൽ കിടന്ന ടൈമിൽ വീണയെ ഒന്ന് നോക്കി,
ഇതെന്തിനാ ഇങ്ങനെയൊക്കെ എന്ന ഭാവത്തിൽ അവളെ നോക്കി.!

അവൾ പെട്ടെന്ന് എന്റെ അടുത്തേയ്ക്കു ചേർന്ന് വന്നു

“തുടങ്ങിയിട്ടേ ഉള്ളു.!”

എന്ന് ആരും കേൾക്കാതെ അവൾ ചെറുതായി പറഞ്ഞു,
കൂടെ ഒരു തരം വികൃതമായ ചിരിയും.!
സത്യത്തിൽ ചിരി അടിപൊളി ആയിരുന്നു, നല്ല നിരയൊത്ത പല്ലുകളൊക്കെ കാട്ടി,
പക്ഷെ അതിന്റെ ഫീലിംഗ് അത്ര സുഖമില്ലാത്ത ഒന്ന്.!

എനിയ്ക്കു നേരത്തെ വന്നു കയറിയ ആത്മവിശ്വാസമൊക്കെ മുണ്ടും പൊക്കി തിരിച്ചോടിയ അവസ്ഥ ആയി.!
ഞാൻ ഇനിയെന്ത് എന്ന ഭാവത്തിൽ അവളെ നോക്കി,
എനിയ്ക്കു അമ്മയുടെ കാലിൽ നിന്ന് എണീയ്ക്കാനേ തോന്നുന്നില്ല,
ആ കാലിൽ തന്നെ കെട്ടിപിടിച്ചു കിടന്നു,.!

അമ്മയും അച്ഛനും എന്നെ ബലമായി പിടിച്ചെഴുന്നെപ്പിച്ചു.

” പെട്ടെന്നുള്ള കല്യാണം ആയതുകൊണ്ട് അമ്മയോടും അച്ഛനോടും ഒരു മുൻകൂർ ജാമ്യം എടുത്തതാവും മനു.!”

എന്റെ അമ്മായിഅച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.,

ഒരു കൂട്ടച്ചിരിയായിരുന്നു പിന്നെ.!

എന്റെ ഉള്ളിൽ പക്ഷെ ഒരു ശിങ്കാരി മേളം തുടങ്ങിയിരുന്നു.!

ഇവിടെ മനുഷ്യന്റെ ഉള്ളിൽ ഇടിവെട്ടുമ്പോഴാ കള്ള കിളവന്റെ കമൻറ്റടി.! ഞാൻ നിസ്സഹായനായി നിന്നു.!

പക്ഷെ എല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു.!

ചുറ്റും നോക്കി, ആകെ ചിരിക്കാത്ത ഒരു മുഖം മാത്രം.! വിപി.!
സ്നേഹംകൊണ്ടു മാത്രമല്ല ,

പിന്നീട് വെള്ളമടി കഴിയുമ്പോൾ ഓർത്തോർത്തു നല്ല ഇടി ഇടിക്കുമെന്നു അവനറിയാം.!
ഉറ്റ നൻപേണ്ട.!

പക്ഷെ അവന്റെ മുഖത്ത് വേറെ കുറെ വികാരങ്ങൾ മിന്നി മറയുന്നു.!
അവൻ എന്തോ പ്ലാൻ കണ്ടുവെച്ചട്ടുണ്ടാവണം.!

പെട്ടെന്ന് ഞങ്ങളെ പിടിച്ചു അവിടെ അലങ്കരിച്ചു വെച്ച ഒരു കസേരയിലേക്ക് അവരിരുത്തി,
പിന്നെ എല്ലാവരും മധുരം നൽകുന്ന പരുപാടി ആയിരുന്നു,

കൂടിയ ബന്ധുക്കൾ മുഴുവൻ വന്നു പാലും പഴവും, സ്പൂണ് വെച്ച് കുത്തുന്ന കലാപരുപാടി.!

അരമണിക്കൂർ കൊണ്ട് ആചാരങ്ങളെല്ലാം ഒട്ടൊന്നു അടങ്ങി,

അച്ഛൻ പെട്ടെന്ന് സുരേന്ദ്രനമ്മാവനോട് എന്തോ പറയുന്നത് കണ്ടു.

ഞങ്ങളുടെ ഏറ്റവും അടുത്ത കുടുംബക്കാരെയും വീണയുടെ ഏറ്ററ്വും അടുത്ത കുടുംബക്കാരെയും മാത്രം മാറ്റി നിർത്തി ബാക്കിയുള്ളവരെല്ലാം പുറത്തെ പന്തലിലേയ്ക്ക് പോയി,
പുറത്തേയ്ക്കു പോവാൻ ഭാവിച്ച വിപിയെ ഞാൻ പെട്ടെന്ന് പിടിച്ചു എന്റെ അടുക്കൽ നിർത്തി,

എങ്ങാനും എനിക്കിട്ടു പണി വന്നാൽ തടുക്കാൻ ആളുവേണമല്ലോ.!

അച്ഛനും അമ്മാവനും, അമ്മയും സനോജേട്ടനും എല്ലാവരും ഇരുന്നു, ചുറ്റും ബാക്കിയുള്ള ബന്ധുക്കളും.!

” സുധാകരേട്ടാ, ഇങ്ങനെ കല്യാണം നടത്തണമെന്നല്ല ഞങ്ങൾ കരുതിയെ,
പെട്ടെന്നുണ്ടായ സന്ദർഭത്തിൽ അങ്ങനെയെല്ലാം ആയിപോയതാണ്,
ഞാൻ അതിനു വേണമെങ്കിൽ ക്ഷെമ..”

സുരേന്ദ്രനച്ചന്റെ വാക്കുകൾ പൂർത്തിയാക്കാൻ എന്റെ അച്ഛൻ അനുവദിച്ചില്ല.!

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അച്ഛൻ അദ്ദേഹത്തെ പെട്ടെന്ന് കെട്ടിപിടിച്ചു

” എന്റെ സുരേന്ദ്ര,
നമ്മൾ തമ്മിൽ അന്ന് ചെറിയ ഒരു ആശയ കുഴപ്പം ഉണ്ടായെന്നു വിചാരിച്ചു,
നീയത് പിന്നെയും മനസ്സിൽ വെക്കാണോ.? ഞാനതു അന്നേ മറന്നതല്ലേ.!”

അച്ഛൻ പുള്ളിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു

എന്ത് കല്ലുവെച്ച നുണ,.!
ഇവിടെ നിന്ന് ഞങ്ങൾ അങ്ങോട്ട് പോകുന്നതിനു മുമ്പുകൂടി ആ പരട്ടയുടെ വീട്ടിൽ ഞാൻ പോവില്ലെന്നു പറഞ്ഞ ടീമാണ് ഇത്.!
ഓന്ത് നാണിച്ചു മാറി നിന്ന് ആത്മഹത്യ ചെയ്യും.!

അല്ല വീണയും ഇതേ രീതിയിലല്ലേ ഇപ്പൊ.?
ഇവരുടെ രണ്ടുപേരുടെയും സ്വഭാവം വെച്ച് നോക്കുമ്പോൾ എനിയ്ക്കിട്ടു മൊത്തം പണിയാനാണോ ഇവരുടെ പ്ലാൻ.?
എന്റെ ശിവനെ.!
ഒരു എത്തും പിടിയും കിട്ടുന്നില്ലാല്ലോ.!

” വീണ എന്റെയും കൂടി മോളല്ലേ സുരേന്ദ്ര,
ഇവിടെ കളിച്ചു വളർന്ന കുട്ടി,
അവൾക്ക് ഒരു ആവശ്യം വരുമ്പോൾ ഞാനൊക്കെ ഇല്ലെങ്കിൽ പിന്നെ ഞാനൊക്കെ ജീവിച്ചിരിക്കുന്നതിൽ തന്നെ അർത്ഥമുണ്ടോ.!?”

അച്ഛൻ പിന്നെയും തന്റെ തള്ളു തുടർന്നു.!

ഇങ്ങേരു അതിർത്തിയിൽ എതിരാളികളെ തള്ളിയാണോ കൊന്നിരുന്നത്.?

” എന്റെ സുധാകരേട്ടാ, എനിയ്ക്കു സന്തോഷമായി,
അല്ലേലും കുടുമ്പത്തിൽ പിറന്ന ചേട്ടനൊക്കെ ഇങ്ങനെ ചിന്തിക്കാൻ പറ്റുമെന്ന് എനിയ്ക്കു ഉറപ്പുണ്ടായിരുന്നു.!

എന്നാലും ഞങ്ങളുടെ ഭാഗത്തു നിന്ന് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്യും,
ചേട്ടൻ വേണ്ട എന്നു മാത്രം പറയരുത്,

ഇവളെന്റെ ഒറ്റ മോളാണ്,.”

അമ്മയച്ഛൻ വീണയെ ഒന്ന് നോക്കി, അയാളുടെ കണ്ണുകൾ സന്തോഷംകൊണ്ടോ എന്തോ നിറഞ്ഞിരുന്നു.!

” എന്റെ മകൾക്കും മകനും ഉള്ളതാണ് എന്റെ എല്ലാം,
എന്നാലും നാട്ടുനടപ്പ് വെച്ച് ഞാൻ ചെയ്യണ്ട കാര്യങ്ങൾ ഉണ്ടല്ലോ,

എന്റെ മകൾക്കായി ഞാനിപ്പോ ഇരുന്നൂറു പവൻ സ്വർണവും, അരക്കോടി രൂപയും, മനുവിന് ഇഷ്ടമുള്ള ഏതു വണ്ടി വേണെമെങ്കിലും പറഞ്ഞാൽ മതി.!”

പുള്ളി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി,.!

ഞാൻ ഞെട്ടി ഇരുന്നൂറു പവനോ.?

വീണയെ ഒന്ന് നോക്കി, അത്രയും സ്വർണം ഇവളിതെവിടെ കൊണ്ടുപോയി ഇടാനാണ്.?

പണ്ട് കോളേജിൽ പഠിക്കുമ്പോഴാണ് ‘അമ്മ എനിയ്ക്കു ഒരു അഞ്ചു പവന്റെ മാല മേടിച്ചു തന്നത്.!
നാല്പത്തഞ്ചു മണികൾ ഉള്ള ഒരു മാല,!

കോളേജ് ഹോസ്റ്റലിൽ ആയിരുന്ന ടൈമിൽ വെള്ളമടിക്കാൻ വേണ്ടി ഞങ്ങൾ എല്ലാം കൂടി ആ മാലയുടെ മണികൾ ഓരോന്ന് ഓരോന്നായി ഊരി വിറ്റു.!

അവസാനം മാല കൈചെയിൻ ആയി.!

അന്ന് ‘അമ്മ അത് ഊരി മേടിച്ചതാണ്.!
പിന്നെ ആകെയുള്ള സ്വർണം ‘അമ്മ തന്ന ഏലസ്സാണ്, അത് വിക്കാൻ പറ്റാത്തതുകൊണ്ട് ഇപ്പോഴും ഇട്ടുനടക്കുന്നു.!

ഈ ഇരുനൂറു പവനോക്കെ ഇവള് എങ്ങനെ ഇട്ടുനടക്കും.?

പിന്നെ അമ്പതു ലക്ഷം രൂപ.! ഞാൻ ഏറ്റവും കൂടുതൽ ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് ഒന്നര ലക്ഷമാണ് അതും കോളേജ് ഫീസ്.!

ഇങ്ങേർക്ക് പൈസ കാരണം വട്ടായോ>?

” സുരേന്ദ്ര, വിഷമം തോന്നരുത്, എനിയ്ക്കതു എതിർക്കേണ്ടി വരും,
നമ്മൾ ഏറ്റവും കൂടുതൽ വെറുക്കണ്ട ഒന്നാണ് പെണ്ണിനെ വിൽപ്പന ചരക്കുപോലെ ആക്കുന്ന ഈ സ്ത്രീധനം പരുപാടി.!
സുരേന്ദ്രൻ വേറെന്തു പറഞ്ഞാലും ഞാൻ സമ്മതിക്കും പക്ഷെ ഇത് മാത്രം വേണ്ട,
ഞങ്ങള്ക്ക് നീ തങ്ക കുടം പോലത്തെ ഒരു മോളെ തന്നില്ലേ അതുമാത്രം മതി,
അവൾക്കു വേണ്ടതും അതിൽകൂടുതലും ഞങ്ങളെ കൊണ്ട് നല്കാൻ പറ്റുമെന്നാണ് ഞങ്ങളുടെ വിശ്വാസം,
പിന്നെ നിനക്ക് അത്ര നിർബന്ധമാണെങ്കിൽ മകളുടെ പേരിൽ,
അതും വീണയുടെ പേരിൽ മാത്രം,
ഒരു ബാങ്ക് അക്കൗണ്ടിൽ നിനക്ക് ഇഷ്ടമുള്ളത് നൽകാം,
അത് അവൾക്കു ഉപകാരപ്രദമായ രീതിയിൽ അവർ കൈകാര്യം ചെയ്യട്ടെ.!
എന്താ ഞാൻ പറഞ്ഞതല്ലേ അതിന്റെ ശെരി.?!”

Leave a Reply

Your email address will not be published. Required fields are marked *