“ഞാനിവിടെ ഉള്ളപ്പോള്‍ നിനക്കോ നിന്റെ കൂട്ടുകാര്‍ക്കോ അന്ന് ചെയ്ത ചെറ്റത്തരം ഒന്നുകൂടി ആവര്‍ത്തിക്കാനുള്ള ഉറപ്പുണ്ട് എങ്കില്‍..എനിക്കതൊന്നു കാണണം..പിന്നെ കൊച്ചിയില്‍ വച്ചുള്ള നിന്റെ ഷോ ഞാന്‍ അവിടെ വരുമ്പോള്‍ കണ്ടോളാം…അത് പോരെ? പക്ഷെ ഞാന്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് നീ ഏര്‍പ്പാടാക്കിയ പരിപാടിക്ക് അത്രവരെ നീ കാക്കണ്ട..നാളത്തെ പണി ഇന്ന്..ഇന്നത്തെ പണി ഇപ്പോള്‍..അതാണെന്റെ തത്വം..”
മാലിക്കിനെയും മുസ്തഫയെയും നോക്കി അങ്ങനെ പറഞ്ഞിട്ട് പൌലോസ് തൊപ്പിയൂരിയ ശേഷം ഷര്‍ട്ട് അഴിച്ച് മാറ്റി.
“ഇപ്പോള്‍ ഞാന്‍ വെറും പൌലോസ് ആണ്..നിനക്ക് വേണ്ടി എന്റെ എസ് ഐ സ്ഥാനം തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കുന്നു….മക്കള് വാ..”
പൌലോസ് പുറത്തേക്ക് ഇറങ്ങി. ജിപ്സികളില്‍ ഉണ്ടായിരുന്ന ഗുണ്ടകള്‍ വണ്ടിക്ക് പുറത്തിറങ്ങി അയാളെ നോക്കി.
“മാലിക്കെ..വേണ്ട..നീ ആ പിള്ളേരോട് പോകാന്‍ പറ..” മുസ്തഫ മാലിക്കിന്റെ കാതില്‍ മന്ത്രിച്ചു.
“ഇക്ക മിണ്ടാതിരിക്ക്..ഇവന്റെ കഴപ്പ് ഇവിടെ വച്ച് തന്നെ തീര്‍ത്തേക്കാം..”
“വേണ്ട…ഇപ്പോള്‍ വേണ്ട..ഞാന്‍ പറയുന്നത് കേള്‍ക്ക്..നീ പിന്നെ സൗകര്യം പോലെ ഇവനെ കണ്ടാല്‍ മതി..ഇവന്മാരെക്കൊണ്ട് നീ ഉദ്ദേശിക്കുന്നത് പറ്റില്ല…”
മുസ്തഫ ശക്തമായി അവനെ വിലക്കി. മാലിക്ക് മനസില്ലാമനസോടെ മൂളിയിട്ട് പൌലോസ് കാണാതെ അവന്മാരെ കണ്ണ് കാണിച്ചു. വേഗം തന്നെ അവര്‍ വണ്ടിയില്‍ കയറി പുറത്തേക്ക് പാഞ്ഞു. പൌലോസ് തിരിഞ്ഞുനോക്കി.
“എന്താടാ വേണ്ടേ? എന്നാപ്പിന്നെ നീ ഒന്ന് ട്രൈ ചെയ്യുന്നോ? ഏതായാലും ഞാന്‍ ഉടുപ്പൂരി..” അവന്റെ മുന്‍പിലെത്തി പൌലോസ് ചോദിച്ചു.
“നിനക്കുള്ളത് ഞാന്‍ തരും..മുതലും പലിശയും എല്ലാം ചേര്‍ത്ത്…അതിനധികം സമയം വേണ്ടി വരില്ല..”
മാലിക്ക് അങ്ങനെ പറഞ്ഞ ശേഷം മുസ്തഫയെയും കൂട്ടി പുറത്തിറങ്ങി വണ്ടിയില്‍ കയറി പുറത്തേക്ക് ഓടിച്ചിറക്കി. പൌലോസ് അവനെ നോക്കി പുച്ഛത്തോടെ മുഖം കോട്ടിയ ശേഷം ഉള്ളിലേക്ക് തിരിഞ്ഞു.
“ദാ ആ കാണുന്ന വീടാണ്…”
ഡോണ അല്പം അകലെക്കണ്ട പച്ച പെയിന്റ് അടിച്ച വീട് കാണിച്ചു പറഞ്ഞു. വാസു ബുള്ളറ്റ് അങ്ങോട്ട് തിരിച്ചു. പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; പ്രത്യേകിച്ചും ഡോണയെ.
“നിര്‍ത്ത്..ആ ഇരിക്കുന്ന കാട്ടാളനാണ് സക്കീര്‍”
ആ വീടിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ ഡോണ വാസുവിന്റെ കാതില്‍ മന്ത്രിച്ചു. വാസു നോക്കി. കരിവീട്ടിയുടെ നിറമുള്ള, അതെ കരുത്തുള്ള ഏതാണ്ട് അമ്പതിനുമേല്‍ പ്രായമുള്ള തല മൊട്ടയടിച്ച ആജാനുബാഹുവായ, ക്രൂരമായ മുഖമുള്ള ഒരാള്‍ വരാന്തയിലെ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നത് അവന്‍ കണ്ടു. വണ്ടി വന്നുനിന്ന ശബ്ദം കേട്ടാണ് എന്ന് തോന്നുന്നു, ആറോ ഏഴോ വയസു പ്രായമുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി പുറത്തേക്ക് ഓടിവന്നു.
“ശ്ശൊ..വാപ്പച്ചി അല്ല” അങ്ങനെ ചിണുങ്ങിയിട്ട് അവള്‍ ഉള്ളിലേക്ക് പോയി.
“ഷാജിയുടെ മകളാണ്” ഡോണ പറഞ്ഞു. അവള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി സക്കീറിനെ നോക്കി പുഞ്ചിരിച്ചു.
“നീ ആ പത്രക്കാരി പെണ്ണല്ലേ..ഉം എന്താ കാര്യം?” അവളെ മുന്‍പരിചയം ഉണ്ടായിരുന്ന സക്കീര്‍ കാളയെപ്പോലെ മുരണ്ടു.
“ഷാജി ഉണ്ടോ കാക്കാ? ഒന്ന് കാണാന്‍ വന്നതാ”
“ഓനിവിടെ ഇല്ല”
വാസു വണ്ടി സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങിച്ചെന്നു. ഉള്ളില്‍ നിന്നും ഷാജിയുടെ ഭാര്യ വാതില്‍ക്കലെത്തി ആരാണ് വന്നതെന്ന് നോക്കി. പിന്നാലെ അവന്റെ ഉമ്മയും ഇറങ്ങി വന്നു.
“ഉം..ആരാ..എന്ത് വേണം?” അവര്‍ ചോദിച്ചു.
“ഒരല്‍പം സംസാരിക്കാനുണ്ട്..അങ്ങോട്ട് ഇരിക്കാമോ?” വാസു സക്കീറിനോട് ചോദിച്ചു.
“ഉം..കേറി ഇരിക്ക്..”
അയാളുടെ അടുത്തുകിടന്ന രണ്ടു കസേരകളിലായി അവര്‍ ഇരുന്നു.
“അതേയ്..മുന്‍പ് ഇവളിവിടെ വന്നു നിങ്ങളോട് സംസാരിച്ച അതെ കാര്യം തന്നെ ഒന്നുകൂടി പറയാന്‍ ആണ് ഞാന്‍ വന്നത്..എന്റെ പേര് വാസു…മരിച്ചുപോയ മുംതാസിന്റെ വാപ്പ മൂസാക്ക എന്റെ ഒരു സുഹൃത്താണ്..” വാസു മെല്ലെ വിഷയത്തിലേക്ക് വന്നു.
