രണ്ടാമതൊരാൾ Like

ഒരു വലിയ തറവാട്ടിൽ നിന്നാണ് ഇറങ്ങി വന്നതെങ്കിലും ആ ചെറു വീട്ടിൽ രവീന്ദ്രനോടൊപ്പമുള്ള ജീവിതത്തിൽ സന്തോഷവതി ആയിരുന്നു ലക്ഷ്മി. പിന്നെ എന്ത് സഹായത്തിനും തൊട്ടപ്പുറത് തന്നെ വാസുദേവനും ഭാര്യ സാവിത്രിയും ഉണ്ടായിരുന്നല്ലോ.

അവിടെ താമസമായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കുമായിരുന്നു അവർക്ക് കൂട്ടായി സംഗീതയുടെ ജനനം. അവളുടെ ജനനത്തിനു വെറും ഒൻപതു ദിവസങ്ങൾക്ക് മുൻപായിരുന്നു വാസുദേവന്റെയും സാവിത്രിയുടെയും മകനായി ആദിത്യൻ എന്ന അപ്പുവിന്റെയും ജനനം.

സന്തോഷത്തോടെ ആ കുടുംബങ്ങൾ ജീവിച്ച് പോകുമ്പോഴാണ് അമ്മുവിന് അഞ്ച് വയസുള്ളപ്പോൾ ആ ദുരന്തം അവരെ തേടി എത്തിയത്. ഒരു തുലാവർഷ കാലത്ത് തറവാട്ട് ക്ഷേത്രത്തിൽ തൊഴാൻ പോയതായിരുന്നു സാവിത്രിയും ലക്ഷ്മിയും. കൂടെ രവീന്ദ്രനും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു പിന്നിലെ പുഴ അരികിൽ കൂടിയായിരുന്നു യാത്ര. കൈ വഴുതി സാവിത്രിയുടെ കൈയിൽ നിന്ന് അപ്പു പുഴയിലേക്ക് വീണു. തലേന്നത്തെ മഴയിൽ നല്ല കുത്തൊഴുക്ക് ഉണ്ടായിരുന്നു. വെള്ളത്തിൽ ഒലിച്ച് പോകുന്ന അപ്പുവിനെ രക്ഷിക്കാനായി രവീന്ദ്രൻ പുഴയിൽ എടുത്തു ചാടി. മൂന്നു കിലോമീറ്റെർ അപ്പുറത്ത് നിന്നാണ് കരയോട് ചേർന്ന് പാതിജീവനോടെ കിടക്കുന്ന രവീന്ദ്രനെയും അപ്പുവിനെയും നാട്ടുകാർക്ക് കിട്ടുന്നത്. അവന്റെ കൈകളിൽ അപ്പു സുരക്ഷിതനായി തന്നെ ഉണ്ടായിരുന്നു. പക്ഷെ തലയിലെയും ശരീരത്തെയും മുറിവുകളുമായി ആശുപത്രയിൽ പ്രവേശിപ്പിച്ച രവീന്ദ്രനെ രക്ഷിക്കാൻ ആർക്കും ആയില്ല. പുഴയിലെ പാറക്കെട്ടുകളിൽ ഇടിച്ച് തലയിലുണ്ടായ ക്ഷതം രവീന്ദ്രന്റെ ജീവൻ കവർന്നു.
ആ ഒരു സംഭവത്തിന് ശേഷം ലക്ഷ്മിയെയും അമ്മുവിനെയും സംരക്ഷിച്ചത് വാസുദേവനാണ്.

തുറന്നിട്ട ഗേറ്റിലൂടെ സംഗീത കിഴക്കയിൽ തറവാട്ടിലേക്ക് പ്രവേശിച്ചു. പണ്ട് തനിക്കു വേണ്ടി ഈ ഗേറ്റ് എപ്പോഴും തുറന്ന് തന്നെയാണ് കിടന്നിരുന്നതെന്ന് അവൾ ഓർത്തു.

ഓർമ വച്ച കാലം തൊട്ട് സംഗീതക്ക് രണ്ടു അമ്മമാരായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്മി അമ്മയും സാവിത്രി അമ്മയും. അമ്മു സ്വന്തം വീട്ടിലേക്കാളും സമയം ചെലവഴിച്ചിരുന്നത് കിഴക്കയിൽ തറവാട്ടിലായിരുന്നു. സ്വന്തം വീടുപോലെ പൂർണ സ്വാതന്ത്രം ആയിരുന്നു അവൾക്ക് ആ തറവാട്ടിൽ ഉണ്ടായിരുന്നത്. സ്വന്തമായി ഒരു മുറിവരെ അവൾക്ക് ആ തറവാട്ടിൽ ഉണ്ടായിരുന്നു.

ഗേറ്റ് കടന്ന സംഗീത നേരെ പൂന്തോട്ടത്തിലേക്ക് നടന്നു. തന്റെ അരികിലേക്ക് നടന്നു വരുന്ന അമ്മുവിനെ സാവിത്രി അമ്മ സഃസൂക്ഷ്മം നോക്കി.

ഒരു ഗോൾഡൻ കളർ ബ്ലൗസും നീല സാരിയും ആണ് സംഗീത ധരിച്ചിരുന്നത്. പണ്ടത്തെ വെളുത്ത നിറം തന്നെയായിരുന്നു ഇപ്പോഴും അവളുടെ ചർമ്മത്തിന്. നീളമുള്ള മുടി അതുപോലെതന്നെ സംരക്ഷിച്ചിട്ടുണ്ട്. പണ്ടത്തേക്കാളും കുറച്ച് വണ്ണം വച്ചിട്ടുണ്ട്. അത് മാത്രമാണ് നാല് വർഷത്തിലെ ഏക മാറ്റമായി അവളിൽ സാവിത്രി അമ്മയ്ക്ക് തോന്നിയത്.

തന്റെ മുന്നിൽ വന്ന് നിന്ന അമ്മുവിനോട് അവർ ചോദിച്ചു.

“ഇപ്പോഴെങ്കിലും സ്വന്തമായി സാരി ഉടുക്കാൻ പഠിച്ചോ നീ.”

ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന മറുപടി.

“നിനക്കിപ്പോൾ ഇരുപത്തിയേഴു വയസായില്ലേ…ഇവിടെ നിന്നും ഇറങ്ങി പോയ ശേഷം നാല് വർഷം എടുത്തു അല്ലെ നാട്ടിലേക്ക് ഒന്ന് തിരിച്ച് വരാൻ?”

ആ ചോദ്യം ചോദിക്കുമ്പോൾ സാവിത്രി അമ്മയുടെ മുഖത്ത് നിസ്സംഗത നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ആ ചോദ്യത്തിന് മുന്നിൽ കവിത ഒന്ന് പതറി. ആ വെളുത്തു തുടുത്ത മുഖം പതുക്കെ ഇരുണ്ടു. പതുക്കെ അതൊരു കരച്ചിലിലേക്ക് വഴി മാറി.

സാവിത്രി അമ്മ അവളെ മാറോടു അണച്ചു.

“ഏയ്.. കരയണ്ട..ഞാൻ ചുമ്മാ ചോദിച്ചതാണ്.”

“അമ്മാ, എന്നോട് ക്ഷമിക്കണം.. എല്ലാരേയും ഞാൻ വേദനിപ്പിച്ചു എന്ന് എനിക്കറിയാം.”

“അതൊക്കെ പോട്ടെ മോളെ.. ഇഷ്ട്ടപെട്ടവനോടൊപ്പം ജീവിക്കാനായി നീ പോയി.. നിന്റെ അമ്മയും അത് തന്നാലായിരുന്നോ ചെയ്തത്. മോള് നന്നായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി ഞങ്ങൾക്ക്.”

Leave a Reply

Your email address will not be published. Required fields are marked *