രണ്ടാമതൊരാൾ Like

ഉച്ചക്ക് അടിക്കാൻ വന്ന ഒരുത്തനെ സപ്പോർട്ട് ചെയ്ത് ജിത്തു സംസാരിക്കുന്നത് കേട്ട് വാ പൊളിച്ച് ഇരിക്കാൻ മാത്രമാണ് ജിതിന് കഴിഞ്ഞത്.

“ഡാ.. അപ്പു.”

തണുത്ത കാറ്റേറ്റ് ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന ആദി സംഗീതയുടെ വിളി കേട്ടില്ല.

കുറച്ച് കൂടി ഉച്ചത്തിൽ അവൾ വിളിച്ചു.
“ഡാ.. നാറി.”

മുഖത്തേക്ക് പാറി കിടന്നിരുന്ന അവളുടെ മുടി ഒതുക്കികൊണ്ട് അവൻ ചോദിച്ചു.

“എന്താടി?”

“ഓഹ്.. അപ്പോൾ വിളിക്കേണ്ട പോലെ വിളിച്ചാൽ വിളി കേൾക്കും അല്ലെ?”

ആദി ടോപിനു മുകളിൽ കൂടി അവളുടെ ഇടുപ്പിൽ ചെറുതായി നുള്ളി.

“ഡാ..ഡാ.. ചുമ്മാതിരി, ബാലൻസ് പോകും.”

അവൻ ഒരു ചെറു ചിരിയോടെ അവളുടെ തോളിൽ താടിയെല്ല് അമർത്തി ചേർന്ന് ഇരുന്നു.

“അപ്പു.. നീ ഇന്ന് അമൂല്യ ഇട്ടിരുന്ന ചുരിദാർ ശ്രദ്ധിച്ചായിരുന്നോ?

“ഓഹ്.. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. ആ ജാഡ പെണ്ണിനെ ആര് നോക്കാനാണ്.”

“ജാഡ പെണ്ണോ?”

“അഹ്.. അവൾ വാ തുറന്ന് സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.”

“അത് നീ അവളോട് കൂട്ട് കൂടാഞ്ഞിട്ടാണ്. നമ്മളൊന്ന് അടുത്താൽ അവൾ ഒടുക്കത്തെ സംസാരമാണ്.”

അവൻ അലക്ഷ്യമായി ഒന്ന് മൂളുകമാത്രം ചെയ്തു.

“അവൾ പിന്നിട്ട ചുരിദാർ എനിക്കിഷ്ടമായി, എനിക്കതിന്റെ ചുവപ്പ് മോഡൽ ഒരെണ്ണം വാങ്ങണം.”

“ഇതെന്താ ഇപ്പോൾ പെട്ടെന്ന് ചുരിദാർ വാങ്ങാൻ ഒരു ആഗ്രഹം.”

“എന്റെയിലിപ്പോൾ കൂടുതലും ജീൻസും ടോപ്പും ആണെടാ. ആ ചുരിദാർ കണ്ടപ്പോൾ ഇഷ്ട്ടമായി. അതുകൊണ്ട് പറഞ്ഞതാണ്.”

അവനൊന്നു മൂളി.

“എന്തുവാ മൂളുന്നത്. നീ എനിക്ക് വാങ്ങി തരുമോ ഇല്ലയോ?”

അവളുടെ തോളിൽ നിന്നും തല ഉയർത്തിക്കൊണ്ട് ആദി പറഞ്ഞു.

“വാങ്ങി തരാം എന്റെ കൊച്ചെ.”

അവന്റെ മറുപടി സംഗീതയുടെ മുഖത്ത് ചിരി നിറച്ചു.

എല്ലാ മാസവും വാസുദേവൻ കുറച്ച് പൈസ അപ്പുവിന്റെ കൈയിൽ ഏൽപ്പിക്കും. അവനും സംഗീതക്കും ഉള്ള ചിലവിനുള്ള പൈസ ആണ് അത്. കൂടുതൽ എന്തെങ്കിലും പൈസയുടെ ആവിശ്യം വന്നാൽ സാവിത്രി അമ്മയോട് ചോദിച്ച് വാങ്ങണം. വാസുദേവൻ നൽകുന്ന പൈസ മുഴുവൻ അവൻ കൈയോടെ സംഗീതയെ ഏൽപ്പിക്കും. എന്നിട്ട് ആവശ്യാനുസരണം അവളുടെ കൈയിൽ നിന്നും ചോദിച്ച് വാങ്ങും. അതാണ് പതിവ്. ആദിക്ക് നല്ലപോലെ അറിയാം പൈസ തന്റെ കൈയിൽ ഇരുന്നാൽ കൂട്ടുകാരുമായി ചേർന്ന് പൊട്ടിച്ചു തീർക്കുമെന്ന്. അതിനാലാണ് അവൻ അങ്ങനെ ചെയ്യുന്നത്.

കോളേജിൽ പോയി തുടങ്ങിയതിനു ശേഷം അപ്പുവും അമ്മുവും അവർക്ക് വേണുന്ന ഡ്രസ്സ് രണ്ടുപേരും കൂടി പോയി എടുക്കയാണ് പതിവ്. അതിനാലാണ് സംഗീത ഇപ്പോൾ ആദിയോട് അങ്ങനൊരു ആവിശ്യം ഉന്നയിച്ചത്.

അപ്പുവിന്റെ അനക്കം ഒന്നും കേൾക്കാത്തതിനാൽ സംഗീത ചോദിച്ചു.

“നീ എന്തും ചിന്തിച്ച് ഇരിക്കയാടാ?”

ആദി വീണ്ടും അവളുടെ തോളിലേക്ക് തല അമർത്തി.
“നീ പറഞ്ഞ നീല ചുരിദാറിൽ ഇന്ന് അമുല്യയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നല്ലേ?”

സംഗീത പെട്ടെന്ന് ബ്രേക്ക് പിടിച്ച ശേഷം ആക്‌സിലേറ്റർ കൂട്ടി ബൈക്ക് മുന്നിലേക്ക് എടുത്തു.

അവളുടെ പ്രവർത്തിയിൽ പെട്ടെന്ന് പിന്നിലേക്ക് ആഞ്ഞ ആദി വീഴാതിരിക്കാനായി സംഗീതയുടെ വയറിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

“എന്നതാടി കാണിക്കുന്നേ?”

“നീ ആ ജാഡ പെണ്ണിനെ നോക്കിയില്ല.. പക്ഷെ അവൾ ഇട്ടിരുന്നത് നീല ചുരിദാർ ആണെന്നും അറിയാം അതിൽ അവൾക്ക് നല്ല ഭംഗി ഉണ്ടെന്നും മനസിലായി അല്ലെ?”

അവൻ ചെറിയൊരു ജാള്യതയോടെ കണ്ണുകൾ ഇറുക്കി അടച്ചു.

“ഈ ഇടയായുള്ള നിന്റെ നോട്ടമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.”

അവൻ മനസിലാകാത്തപോലെ ചോദിച്ചു.

“എന്ത് നോട്ടം?”

അവൾ കണ്ണാടിയിൽ കൂടി അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസിലായി എന്നാണ് എന്റെ വിശ്വാസം.”

അത് കേട്ടതോടെ പരാജയം സമ്മതിച്ചവനെപോലെ അവൻ പിന്നെ ഒന്നും മിണ്ടിയില്ല.

ബൈക്ക് ജംഗ്‌ഷനിൽ നിന്നും വലത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ ആദി പറഞ്ഞു.

“ഇനി ഞാൻ ഓടിച്ചോളം.. നീയാണ് ബൈക്ക് ഓടിച്ചതെന്ന് അച്ഛൻ അറിഞ്ഞാൽ എനിക്കാണ് കിട്ടാൻ പോകുന്നത്.”

“വഴക്ക് കിട്ടുന്നെങ്കിൽ അങ്ങ് സഹിച്ചോ.. അടിയുണ്ടാക്കി കൈ നീര് വരുത്തിയിട്ടല്ലേ ഞാൻ ബൈക്ക് എടുത്തത്.”

അവൻ ആകാശത്തേക്ക് നോക്കി പറഞ്ഞു.

“എന്റെ ശവം എടുക്കാനായിട്ടാണോ ഈശ്വര ഈ ജന്തുവിനെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്?”

അവന്റെ ആത്മഗതം കേട്ട് അമ്മുവിൻറെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.

സംഗീത കിഴക്കയിൽ തറവാടിന്റെ മുന്നിൽ ബൈക്ക് നിർത്തുമ്പോൾ ആർഷ ക്ലാസ് കഴിഞ്ഞ് വന്ന് വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.

ബൈക്കിൽ നിന്നും പെട്ടെന്ന് ഇറങ്ങിയ ആദി ശബ്‌ദം താഴ്ത്തി ആർഷയോടു ചോദിച്ചു.

“അച്ഛൻ ഉണ്ടോ അകത്ത്?”

അവന്റെ ചോദ്യത്തിന്റെ കാരണം മനസിലായ ആർഷ ചിരിയോടെ പറഞ്ഞു.

“ഞാൻ വന്നപ്പോഴേ അച്ഛൻ ഇവിടില്ല.”

ആദി ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

“ഓഹ്.. സമാധാനം ആയി.”
അമ്മു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോഴേക്കും സാവിത്രി അമ്മ അവിടേക്ക് വന്നു.

“മോളെ.. ചായ കുടിച്ചിട്ട് പോ.”

“ഞാൻ ഡ്രസ്സ് മാറീട്ടു വരാം… ഇന്നെന്താ കടി?”

ഒരു ചിരിയോടെ സാവിത്രി അമ്മ പറഞ്ഞു.

“അച്ചപ്പവും ഉണ്ട് നെയ്യപ്പവും ഉണ്ട്.”

“ഒരൊറ്റ നെയ്യപ്പമേ ഉള്ളു. അതിൽ ആരും കണ്ണ് വയ്‌ക്കേണ്ട.”

ആർഷയുടേതായിരുന്നു ആ ശബ്‌ദം.

അവളുടെ കൈയിൽ പിടിച്ച് ഒരു കൊഞ്ചലോടെ അമ്മു പറഞ്ഞു.

“ഫിഫ്റ്റി ഫിഫ്റ്റി.”

“നടക്കില്ല ചേച്ചി.”

“നാളെ ഞാൻ കിറ്റ് ക്യാറ്റ് വാങ്ങിക്കൊണ്ടു വരാം.”

ആർഷ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.

“പറ്റിക്കരുത്.”

“ഇല്ലന്നെ.”

ആർഷയുടെ മുഖം ചിരിയിൽ പ്രകാശിച്ചു.

“എങ്കിൽ ഓക്കേ.. ഫിഫ്റ്റി ഫിഫ്റ്റി.”

ആർഷയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൾ ആദിയുടെ നേരെ കൈ നീട്ടി.

“ബാഗ് താടാ.. ഞാൻ ഡ്രസ്സ് മാറീട്ടു വരാം.”

ബാഗ് അവൾക്ക് കൈ മാറികൊണ്ട് അവൻ പറഞ്ഞു.

“ഉച്ചക്ക് ശേഷമുള്ള നോട്ട് ഒന്നും ഞാൻ എഴുതിയിട്ടില്ല. അതൊന്ന് വന്ന് എഴുതി തരണേ.”

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.

“അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.”

അതിനു മറുപടി നൽകാതെ വീട്ടിനു ഉള്ളിലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. കാരണം അവനു അറിയാം രാത്രി അമ്മു തന്നെ വന്ന് നോട്ട് എഴുതി തരുമെന്ന്.

. . . . .

മായ ബസിറങ്ങി കോളജിലേക്ക് കൂട്ടുകാരികൾക്കൊപ്പം നടക്കുകയായിരുന്നു.

മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റെർ ഉള്ളിലേക്കാണ് കോളേജ്. അത് കൊണ്ട് തന്നെ എല്ലാപേരും മെയിൻ റോഡിൽ ബസിറങ്ങി നടന്നു കോളജിലേക്ക് പോകുകയാണ് പതിവ്.

മെയിൻ റോഡിൽ നിന്നും കോളേജ് റോഡിലേക്ക് കയറുമ്പോൾ തന്നെ അവിടൊരു ബേക്കറി ഉണ്ട്. കോളേജ് പയ്യന്മാരുടെ പുകവലി കേന്ദ്രമാണ് ആ ബേക്കറി. ഏതു സമയവും കോളേജിലെ ഏതെങ്കിലും ഒരു പയ്യൻ അവിടെ കാണുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *