തടിപ്പടികളിൽ അമർന്ന കാലടികളുടെ ശബ്‌ദം കേട്ട് വരാന്തയിലേക്ക് വന്ന സാവിത്രിഅമ്മ ആർഷയോടു പറഞ്ഞു.
“ഉച്ചക്കും അവൻ ഒന്നും കഴിക്കാൻ വന്നില്ലല്ലോ.. എന്തെങ്കിലും വേണമോ എന്ന് ഒന്ന് പോയി ചോദിച്ചേ നീ.”
ദിവസേനയുള്ള മദ്യ പാനത്തിന്റെ പേരിൽ വഴക്കുകൂടി അമ്മ ആദിത്യാനോട് മിണ്ടാതായിട്ട് വർഷം ഒന്ന് കഴിഞ്ഞിരുന്നു.
റൂമിലെത്തി ഷർട്ട് ഊരി മാറ്റുന്നതിനിടയിൽ ആദിത്യൻ അലമാരിയിൽ കണ്ണാടിയിലേക്ക് ഒന്ന് നോക്കി.
കണ്ണിൽ ചെറിയ ചുവപ്പു നിറം കലർന്നിരിക്കുന്നു. കുറ്റിതാടി എന്ന് പറയാനാകില്ല. അതിനേക്കാളേറെ താടിക്ക് നീളം വച്ചിട്ടുണ്ട്. അവൻ കൈവിരലുകൾ ചുമ്മാ അതിലൂടെ ഒന്ന് ഓടിച്ചു.
പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു. കണ്ണാടിയിൽ തനിക്ക് തൊട്ടു പിന്നിലായി അമൂല്യയുടെ പ്രതിബിംബം. നിമിഷ നേരം കൊണ്ട് അവൻ പിന്തിരിഞ്ഞ് നോക്കി.
പക്ഷെ അവനു കാണാനായത് അനിയത്തി ആർഷയെ ആണ്.
അവന്റെ കണ്ണിൽ പെട്ടെന്ന് മിന്നിമറഞ്ഞ അദ്‌ഭുതം കണ്ട് അവൾ ചോദിച്ചു.
“എന്താ ഏട്ടാ?”
“ഏയ്.. ഒന്നുമില്ല.”
കൈയിൽ ഊരി എടുത്ത ഷർട്ട് കട്ടിലിലേക്ക് ഇട്ടുകൊണ്ട് അവൻ പിറുപിറുത്തു.
“മനസിലെ ചില സമയത്തെ തോന്നലുകൾ.”
“ഏട്ടന് ചോറ് എടുക്കട്ടേന്ന് അമ്മ ചോദിച്ചു.”
“കുറച്ച് കഴിഞ്ഞിട്ട് മതീന്ന് അമ്മയോട് പറ.”
തിരിച്ച് വാതിൽ വരെ നടന്ന ആർഷ പെട്ടെന്ന് തിരിഞ്ഞു നിന്നു.
“ഏട്ടാ..”
അവനൊന്നു മൂളി.
“ഇന്ന് അമ്മുചേച്ചി ഇവിടെ വന്നിരുന്നു.”
മാറ്റി ഉടുക്കുവാനായി കൈലി എടുക്കാൻ അലമാര തുറന്ന ആദിത്യൻ നിഛലനായി തുറന്നുപിടിച്ച അലമാരിക്കകത്തായി നോക്കി നിന്നു. തിരിഞ്ഞു നിൽക്കുന്നതിനാൽ അവന്റെ മുഖഭാവം എന്താണ് എന്ന് ആർഷക്ക് മനസിലാക്കാനായില്ല.
“സച്ചി ഏട്ടനും കൂടെ ഉണ്ടായിരുന്നു. വൈകുന്നേരം തന്നെ അവർ തിരിച്ചു പോയി.”
അപ്പുവിൽ നിന്നും എന്തെങ്കിലും മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ആർഷ കുറച്ച് നേരം അവിടെ നിന്നു. ഒന്നും കിട്ടാതായപ്പോൾ അവൾ അവിടെ നിന്നും നടന്നു.
ആർഷ പോയി എന്ന് മനസിലായ ആദിത്യൻ മാറി ഉടുക്കാൻ കൈലി എടുക്കാതെ അലമാര അടച്ചു ജനലിനരികിലേക്ക് നടന്നു.
ജനലിന്റെ ആഴിയിൽ മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി നിന്ന അവനു ചെറു നിലാവിൽ അമ്മുവിൻറെ വീട് കാണാം. ഇന്നും മാറ്റത്തിന്റെ അലകളൊന്നും അടിക്കാതെ നിൽക്കുന്ന ഓടിട്ട ഒരു കുഞ്ഞു വീട്. പെട്ടെന്ന് അമ്മു മതിലിനരികിൽ നിന്ന് തന്നെ എത്തി നോക്കുന്നതായി അവനു തോന്നി.
കണ്ണുകൾ ഇറുക്കി അടച്ച് തുറന്ന് അവൻ വീണ്ടും അവിടേക്ക് നോക്കി. ഇല്ല.. അമ്മു അവിടെ ഇല്ല. എല്ലാം തന്റെ തോന്നലുകൾ ആണ്.. ഇനി എന്റെ ആഗ്രഹങ്ങൾ ആണോ തോന്നലുകളായി മനസ്സിൽ വരുന്നത്.
“അപ്പു നീ എഴുന്നേറ്റില്ല?.. അപ്പു നിനക്ക് ചായ എടുക്കട്ടേ?.. അപ്പു നമുക്കിന്ന് ക്ഷേത്രത്തിൽ പോകണേ.. അപ്പു ഇനിയും നീ ആരോടെങ്കിലും അടി ഉണ്ടാക്കിയാൽ ഞാൻ മിണ്ടില്ല കേട്ടോ.. അപ്പു ഞാൻ ഇന്ന് ഇവിടാ കിടക്കുന്നത് കേട്ടോ.”
അമ്മുവിൻറെ ഓരോ വാക്കുകളും അവന്റെ മനസിലൂടെ കടന്നു പോയി. ഇല്ല.. അവളുടെ സ്വരം പോലും തനിക്ക് മറക്കാനായിട്ടില്ല.
ആദിത്യൻ കട്ടിലിലേക്ക് പോയിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണിൽ നിന്നും ഊർന്നു വീണ ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിൽ കൂടി താഴേക്ക് ഒലിച്ചിറങ്ങി ആരും കാണാതിരിക്കുവാനെന്നവണ്ണം താടി ഇഴകൾക്കിടയിൽ അഭയം പ്രാവിച്ചു.
.
.
+2 നല്ല റാങ്കോടെ തന്നെയാണ് അപ്പുവും അമ്മുവും പാസ് ആയത്. തുടർന്ന് അവരുടെ ഇഷ്ടപ്രകാരം സിവിൽ എഞ്ചിനീയറിംഗ് തന്നെ പഠിക്കാനും പോയി. രണ്ടുപേരും ഒരു എഞ്ചിനീയറിംഗ് കോളേജിൽ തന്നെയാണ് അഡ്മിഷൻ എടുത്തത്. വീട്ടിൽ നിന്നും അര മണിക്കൂർ യാത്ര കോളജിലേക്ക്.
കൂട്ടുകാർ ആദി എന്ന് വിളിക്കുന്ന ആദിത്യൻ എല്ലാപേരുമായും പെട്ടെന്ന് സൗഹൃദത്തിൽ ആകുന്ന ഒരു സ്വഭാവക്കാരനായിരുന്നു. ക്ലാസ്സിലെ എന്ത് പരിപാടികൾക്കും മുന്നിൽ തന്നെ കാണും. ആകെക്കൂടിയുള്ള ഒരു കുഴപ്പം പെട്ടെന്ന് ദേഷ്യം വരും എന്നുള്ളതായിരുന്നു. അവനെപ്പോലെ തന്നെയായിരുന്നു സംഗീതയും. എല്ലാരുമായും പെട്ടെന്ന് കൂട്ടാകുകയും ആക്ടിവിറ്റീസിൽ എല്ലാം മുന്നിൽ തന്നെ കാണുകയും ചെയ്യുമായിരുന്നു. അപ്പുവിൽ നിന്നും അവൾക്കുള്ള വ്യത്യാസം എന്തെന്നാൽ പെട്ടെന്ന് ദേഷ്യം വരില്ല. എല്ലാം ഒരു തമാശ രീതിയിൽ അവൾ മുന്നോട്ട് കൊണ്ട് പോകും.
