രണ്ടാമതൊരാൾ Like

അമ്മുവിൻറെ ഓരോ വാക്കുകളും അവന്റെ മനസിലൂടെ കടന്നു പോയി. ഇല്ല.. അവളുടെ സ്വരം പോലും തനിക്ക് മറക്കാനായിട്ടില്ല.

ആദിത്യൻ കട്ടിലിലേക്ക് പോയിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണിൽ നിന്നും ഊർന്നു വീണ ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിൽ കൂടി താഴേക്ക് ഒലിച്ചിറങ്ങി ആരും കാണാതിരിക്കുവാനെന്നവണ്ണം താടി ഇഴകൾക്കിടയിൽ അഭയം പ്രാവിച്ചു.

.

.

+2 നല്ല റാങ്കോടെ തന്നെയാണ് അപ്പുവും അമ്മുവും പാസ് ആയത്. തുടർന്ന് അവരുടെ ഇഷ്ടപ്രകാരം സിവിൽ എഞ്ചിനീയറിംഗ് തന്നെ പഠിക്കാനും പോയി. രണ്ടുപേരും ഒരു എഞ്ചിനീയറിംഗ് കോളേജിൽ തന്നെയാണ് അഡ്മിഷൻ എടുത്തത്. വീട്ടിൽ നിന്നും അര മണിക്കൂർ യാത്ര കോളജിലേക്ക്.

കൂട്ടുകാർ ആദി എന്ന് വിളിക്കുന്ന ആദിത്യൻ എല്ലാപേരുമായും പെട്ടെന്ന് സൗഹൃദത്തിൽ ആകുന്ന ഒരു സ്വഭാവക്കാരനായിരുന്നു. ക്ലാസ്സിലെ എന്ത് പരിപാടികൾക്കും മുന്നിൽ തന്നെ കാണും. ആകെക്കൂടിയുള്ള ഒരു കുഴപ്പം പെട്ടെന്ന് ദേഷ്യം വരും എന്നുള്ളതായിരുന്നു. അവനെപ്പോലെ തന്നെയായിരുന്നു സംഗീതയും. എല്ലാരുമായും പെട്ടെന്ന് കൂട്ടാകുകയും ആക്ടിവിറ്റീസിൽ എല്ലാം മുന്നിൽ തന്നെ കാണുകയും ചെയ്യുമായിരുന്നു. അപ്പുവിൽ നിന്നും അവൾക്കുള്ള വ്യത്യാസം എന്തെന്നാൽ പെട്ടെന്ന് ദേഷ്യം വരില്ല. എല്ലാം ഒരു തമാശ രീതിയിൽ അവൾ മുന്നോട്ട് കൊണ്ട് പോകും.

കോളേജിൽ ചിലർ പറയുന്നത് സംഗീത അപ്പുവിന്റെ കാമുകി ആണെന്നാണ്, ചിലർ പറയുന്നത് സൗഹൃത്തുക്കൾ ആണെന്നും. ആരെങ്കിലും അവരോടു അതേപ്പറ്റി ചോദിച്ചാൽ നിങ്ങൾക്ക് എന്ത് തോന്നുന്നു അത് തന്നെയാണെന്നാണ് അവരുടെ മറുപടി.

ഇപ്പോൾ പഠനം മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സ്വന്തം മോളെപോലെ തന്നെയായിരുന്നു സംഗീതയെയും വാസുദേവൻ കണ്ടിരുന്നത്. ഒരിക്കലും ഒന്നിലും ഒരു കുറവ് അറിഞ്ഞ് വളരുവാൻ വാസുദേവൻ അവളിൽ സാഹചര്യം ഒരുക്കിയിരുന്നില്ല.

“സംഗീതേ.. ആദി ഇലെക്ട്രോണിക്സിലെ ജിത്തുമായി അടി ഉണ്ടാക്കി എന്ന് കേൾക്കുന്നു.”

ലഞ്ച് ബോക്സ് കഴുകികൊണ്ടുവന്ന് ബാഗിലേക്ക് വയ്ക്കുകയായിരുന്ന സംഗീത രമ്യയുടെ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കി.

“നിന്നോടാരാ പറഞ്ഞത്?”

“അച്ചു ആണ് പറഞ്ഞത്. അവൻ അടി നടക്കുന്നിടത്ത് ഉണ്ടായിരുന്നെന്ന്.”

സംഗീത നെറ്റിയിൽ കൈ ഊന്നി അവിടേക്ക് ഇരുന്നു.

“ഇവനെ കൊണ്ട് തോറ്റു ഞാൻ. കുറച്ചു നാളായി കുഴപ്പത്തിനൊന്നും പോകാതിരിക്കുകയായിരുന്നു.”

തന്റെ അറിവ് പൂർണമാക്കാനായി രമ്യ പറഞ്ഞു.

“പ്രശാന്തിനെ എന്തോ കാര്യമായിട്ടാണ് അടി ഉണ്ടാക്കിയെന്നതെന്നാണ് അറിഞ്ഞത്.”

ക്ലാസ്സിന്റെ വാതിലിനടുത്തേക്ക് ആരൊക്കെയോ ഉച്ചത്തിൽ സംസാരിച്ച് വരുന്നതിന്റെ ബഹളം കേട്ട് സംഗീതയും രമ്യയും ഒരേ സമയം അവിടേക്ക് നോക്കി.
ആദിത്യനും അവന്റെ കൂട്ടുകാരും നടന്ന വരുന്നതിന്റെ ബഹളമാണ് അവർ കേട്ടത്.

അവനെ കണ്ട ഉടനെ തന്നെ രമ്യ സംഗീതയുടെ അടുത്ത് നിന്നും പിൻവലിഞ്ഞു.

ക്ലാസ്സിലേക്ക് കയറിയ ആദിത്യൻ കൈ കുടഞ്ഞ് കൊണ്ട് ഗൗരവത്തിൽ സംസാരിക്കുന്നതിനിടയിൽ ആണ് തന്നെ തുറിച്ച് നോക്കി ഇരിക്കുന്ന സംഗീതയെ ശ്രദ്ധിക്കുന്നത്.

“അളിയാ, പണി കിട്ടി എന്നാണ് തോന്നുന്നത്.. അമ്മു എന്തോ അറിഞ്ഞിട്ടുണ്ട്.”

പ്രശാന്ത് സംഗീതയെ നോക്കിയപ്പോൾ അവൾ തുറിച്ച് നോക്കികൊണ്ട്‌ ഇരിക്കുകയാണ്. ദേഷ്യത്തിൽ അവളുടെ കവിളുകൾ രണ്ടും ചുവന്നിട്ടുണ്ട്.

പ്രശാന്തിന്റെ മുഖത്ത് ചെറുതായി ചിരി പരന്നു.

ആദിത്യന്റെ സ്വഭാവത്തെ കുറിച്ച് എല്ലാപേർക്കും അറിയാവുന്നതാണ്.എല്ലാരോടും പെട്ടെന്ന് സൗഹൃതത്തിലാകും. എന്നാൽ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. മനസിലുള്ളത് ആരുടെ മുഖത്ത് നോക്കിയും വെട്ടി തുറന്ന് പറയും.ആരുടെ മുന്നിലും താഴ്ന്ന് കൊടുക്കാറില്ല. സംഗീതയുടെ മുന്നിലൊഴികെ.

ഒരു ചിരിയോടെ പ്രശാന്ത് പറഞ്ഞു.

“കഴിഞ്ഞ പ്രവിശ്യത്തത്ര കലിപ്പിലല്ല. എന്തായാലും നീ അങ്ങോട്ട് ചെല്ല്. അല്ലെങ്കിൽ അവൾ നിന്നെ നോക്കി ദഹിപ്പിക്കും.”

പ്രശാന്തിന്‌ ഒരു ചിരി മറുപടി ആയിനൽകികൊണ്ട് ആദിത്യൻ സംഗീതയുടെ അടുത്തിരിക്കുന്ന തന്റെ ബാഗിനടുത്തേക്ക് നടന്നു.

ബാഗിന്റെ സിപ് തുറക്കുന്നതിനിടയിൽ അവൻ സംഗീതയോടു ചോദിച്ചു.

“നീയെന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നത്?”

അപ്പോഴും രൂക്ഷമായ ഒരു നോട്ടം തന്നെയായിരുന്നു അവളുടെ മറുപടി.

“നീ കഴിച്ചായിരുന്നോ?”

എടുത്തടിച്ചപോലെ അവളുടെ മറുപടി വന്നു.

“ഇല്ല.. നീ അടിയൊക്കെ ഉണ്ടാക്കി മടങ്ങി വരുന്നത് വരെ ഞാൻ കഴിക്കാതെ നിനക്ക് വേണ്ടി കാത്തിരിക്കാം.”

ക്ലാസ്സിലേക്ക് കയറി വരുമ്പോൾ രമ്യ സംഗീതയുടെ അടുത്ത് നിന്നും നടന്ന് പോകുന്നത് ആദി കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഈ ന്യൂസ് ഇത്ര പെട്ടെന്ന് സംഗീതയുടെ ചെവികളിൽ എത്തിച്ചത് ക്ലാസ്സിലെ മെയിൻ ന്യൂസ് റിപ്പോർട്ടർ ആയ രമ്യ തന്നെയാണെന്ന് അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

ആദി പെട്ടെന്ന് രമ്യയെ നോക്കി. അവന്റെ നോട്ടം തന്റെ നേരെ ആണെന്നറിഞ്ഞ രമ്യ പെട്ടെന്ന് അമൂല്യയുടെ അടുത്തേക്ക് കയറി തല താഴ്ത്തി ഇരുന്നു.

രമ്യയുടെ പരുങ്ങൽ കണ്ടു അമൂല്യ ചോദിച്ചു.

“എന്ത് പറ്റിയെടി?”

“പണി കിട്ടിയെന്നാണ് തോന്നുന്നേ..”

അമൂല്യ അവളുടെ മുഖത്ത് തന്നെ എന്താ എന്നുള്ള അർഥത്തിൽ നോക്കി.

“ആദി ജിത്തുമായി അടി ഉണ്ടാക്കിയ കാര്യം സംഗീതയോടു പറഞ്ഞത് ഞാനാണെന്ന് അവനു മനസിലായെന്ന് തോന്നുന്നു.”

അമൂല്യ തല ചരിച്ച് ആദിത്യനെ നോക്കി.
സംഗീത രൂക്ഷ ഭാവത്തിൽ ആദിത്യനെ നോക്കി ഇരിക്കുകയാണ്. അവൻ അതെ ഭാവത്തോടെ തന്നെ രമ്യയെ നോക്കുന്നു.

ആ രംഗം കണ്ട് അമൂല്യയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.

“നിനക്കിത് അവളോട് പോയി പറയേണ്ട വല്ല ആവിശ്യവും ഉണ്ടായിരുന്നോ?”

“എന്തായാലും സംഗീത ഇതറിയും.. അപ്പോൾ അവളെ ആദ്യം അറിയിച്ച ക്രെഡിറ്റ് എനിക്കിരിക്കട്ടെ എന്ന് വിചാരിച്ചു.”

“അങ്ങനാണേൽ അവന്റെയിൽ നിന്നും കിട്ടുന്നത് എന്താന്ന് വച്ചാൽ അതും കൂടി വാങ്ങിക്കോ.”

“അവൻ എല്ലാരുടെയും മുന്നിൽ വച്ച് ചീത്തവിളിക്കുമോടി?”

രമ്യയുടെ സ്വരത്തിലെ ദയനീയത അമുല്യയിൽ ചിരി ഉണർത്തി.

“നീ പേടിക്കണ്ട, സംഗീത എപ്പോൾ ദേഷ്യത്തിൽ ആണ്. അതുകൊണ്ട് ആദി ഇപ്പോൾ സൈലന്റ് ആയി ഇരിക്കാനാണ് സാധ്യത കൂടുതൽ.”

തന്റെ വാക്കുകൾ രമ്യയുടെ മുഖത്തു ചെറുതായി ആശ്വാസം നിറയ്ക്കുന്നത് അമുല്യക്ക് മനസിലാക്കാനായി.

“നീ എന്തിനാ അവളെ തുറിച്ച് നോക്കുന്നത്?”

സംഗീതയുടെ വാക്കുകൾ ചെവിയിൽ പതിഞ്ഞപ്പോൾ ആദി ഒന്നും മിണ്ടാതെ ലഞ്ച് ബോക്സ് തുറന്ന് അവളുടെ അരികിലേക്ക് ഇരുന്നു.

“നിന്നെ കൊണ്ട് ഞാൻ സഹികെട്ടു കേട്ടോ. കുറച്ച നാളായി പ്രശ്നം ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *