രണ്ടാമതൊരാൾ

അടുക്കള വാതിൽ വഴി വീടിനു പിന്നിൽ ഇറങ്ങിയ സംഗീത മതിലിനപ്പുറം തല ഉയർത്തി നിൽക്കുന്ന കിഴക്കയിൽ തറവാട്ടിലേക്ക് ഒന്ന് നോക്കി.

തറവാടിന്റെ പഴയ പ്രൗഢിക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നു നാല് തലമുറകൾ താമസിച്ച തറവാടാണ്. ഈ കാലത്തും തറവാടിന്റെ ഇപ്പോഴത്തെ കാരണവരായ വാസുദേവൻ കാലത്തിന്റേതായ ചെറിയ മാറ്റങ്ങളോടെ തറവാടിന്റെ ഇപ്പോഴും അതേപോലെതന്നെ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. ഇരു നിലകളുള്ള തറവാടിന്റെ രണ്ടാമത്തെ നില ഇപ്പോഴും ഓടുമേഞ്ഞതു തന്നെ ആയിരുന്നു.

മതിലിന്റെ പൊക്കം കാരണം തറവാടിന്റെ മുറ്റത്ത് ആരെങ്കിലും ഉണ്ടോന്ന് അറിയാൻ വയ്യ. ആ മതിലിൽ തന്നെ തറവാട്ട് മുറ്റത്തേക്ക് എളുപ്പത്തിൽ കടന്നു ചെല്ലാൻ ഒരു ഗേറ്റ് ഉണ്ട്. പക്ഷെ അവിടെ ചെന്ന് നിന്ന് നോക്കിയാൽ അവിടുള്ള ആരെങ്കിലും തന്നെ കണ്ടല്ലോ എന്ന ശങ്ക അവളുടെ മനസിനെ അലട്ടി.

സംഗീത കുറച്ച് ചുവടുകൾ നടന്ന് മതിലിന്റെ അരികിൽ എത്തി പെറുവിരലുകൾ നിലത്തൂന്നി അപ്പുറത്തേക്ക് എത്തി നോക്കി. ഒരു കാറ് അവിടെ കിടപ്പുണ്ട്.

താൻ ഓടിക്കളിച്ച് വളർന്ന മുറ്റം, ഇരിക്കാനായി തടിയിൽ മാത്രം പണിതിരിക്കുന്ന തിട്ടയും കൈവരിയും ഉള്ള നീണ്ട വരാന്ത, മലർക്കെ തുറന്നിട്ടിരിക്കുന്ന തറവാട്ട് വാതിൽ. അവൾ ഒരു നിമിഷം എല്ലാം മറന്ന് കണ്ണിമ വെട്ടാതെ അതെല്ലാം നോക്കി നിന്ന് പോയി.

പെട്ടെന്ന് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചു.

“മോളെ.. അമ്മു…”

അവൾ ഒരു ഞെട്ടലോടെ തല മതിലിനു മുകളിൽ നിന്നും പിൻവലിച്ചു. തന്റെ അമ്മയും കിഴക്കയിൽ തറവാട്ടിൽ ഉള്ളവരും അപ്പുവും മാത്രം വിളിക്കാറുള്ള തന്റെ ചെല്ലപ്പേര്.. അമ്മു.

ആളെ കണ്ടില്ലെങ്കിലും തന്റെ ചെല്ലപ്പേര് വിളിച്ച സ്വരത്തിന്റെ ഉടമയെ സംഗീത തിരിച്ചറിഞ്ഞിരുന്നു.

“സാവിത്രി അമ്മ.. അപ്പുവിന്റെ അമ്മ.”

അവൾ ഒരു നിമിഷം അറച്ച് നിന്ന ശേഷം മതിലിന് മുകളിൽ കൂടി ഒന്നുകൂടി എത്തി നോക്കി.

“ഞാൻ ഇവിടുണ്ട് മോളെ..”

അവൾ ശബ്‌ദം വന്ന ഇടത്തേക്ക് തല തിരിച്ച് നോക്കി. പൂന്തോട്ടത്തിൽ നിൽക്കുകയാണ് സാവിത്രി അമ്മ. അൻപതിനോടടുത്ത പ്രായം ഉണ്ടെങ്കിലും അവരുടെ മുഖ സൗന്ദര്യത്തിനും ഐശ്വര്യത്തിനും ഒരു കുറവും വന്നിട്ടില്ല.

“മോള് ഇങ്ങു വന്നേ.”

നാല് വർഷങ്ങൾക്ക് ശേഷവും അവരുടെ സ്വരത്തിലെ സ്നേഹത്തിന്റെ മാധുര്യം അവൾ തിരിച്ചറിഞ്ഞു. തന്നെ എപ്പോഴും സാവിത്രി അമ്മ വെറുക്കുന്നില്ല. ആ അറിവ് തെല്ലൊരു ആശ്വാസം അവൾക്ക് നൽകി.

സാവിത്രി അമ്മ തന്നെ അവിടേക്ക് ക്ഷണിച്ചിരിക്കുകയാണ്. പോകാതിരിക്കാനാകില്ല.

പതറിയ ചുവടുകളോടെ സംഗീത ഗേറ്റിനടുത്തേക്ക് നടന്നു. അതിനിടയിൽ അവൾ ചുമ്മാ തിരിഞ്ഞു അടുക്കള വാതുക്കലിലെക്ക് ഒന്ന് നോക്കി. ലക്ഷ്മി അമ്മ അവിടെ നിന്ന് തന്നെ നോക്കുന്നുണ്ട്. അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകും കുഴപ്പമൊന്നും ഇല്ല, പോയിട്ട് വാ എന്ന് അവളോട് ആഗ്യത്തിൽ പറഞ്ഞു.
അടഞ്ഞു കിടന്നിരുന്ന ഗേറ്റിന്റെ കുറ്റി എടുത്ത ശേഷം അവൾ ഗേറ്റ് മുന്നിലേക്ക് തള്ളി. കര കര ശബ്ദത്തോടെ ഗേറ്റ് അവൾക്ക് മുന്നിൽ തുറന്നു.

സംഗീതയുടെ വീട്ടിൽ നിന്നും കിഴക്കയിൽ തറവാട്ടിലേക്ക് എളുപ്പത്തിൽ പോകാനുള്ള മാർഗമാണ് ആ ഗേറ്റ്.

അച്ഛൻ അവിടെ വീട് വച്ചപ്പോൾ അപ്പുവിന്റെ അച്ഛൻ വാസുദേവൻ ആണ് മതിൽ പൊളിച്ച് അവിടെ അങ്ങനെ ഒരു ഗേറ്റ് വച്ചതെന്ന് കൊച്ചിലെ തന്നെ അമ്മ പറഞ്ഞു കേട്ട അറിവുണ്ട് അവൾക്ക്.

അച്ഛനെ കുറിച്ച് ചെറിയ ചെറിയ ഓർമ്മകൾ മാത്രമേ സംഗീതയ്ക്ക് ഉണ്ടായിരുന്നുള്ളു. അവൾക്ക് ഓർമ വച്ച് തുടങ്ങിയ കാലത്ത് തന്നെ അച്ഛൻ മരിച്ചിരുന്നു. ആദിത്യന്റെ (അപ്പു) അച്ഛൻ വാസുദേവനും സംഗീതയുടെ (അമ്മു) അച്ഛൻ രവീന്ദ്രനും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. വാസുദേവൻ നാട്ടിലെ പേരുകേട്ട തറവാടായ കിഴക്കയിൽ തറവാട്ടിലെ അംഗമായിരുന്നപ്പോൾ രവീന്ദ്രൻ ഒരു സാധാ കുടുംബത്തിൽ ഉള്ളതായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചുപോയ രവീന്ദ്രന് പറയത്തക്ക ബന്ധുക്കളും ഉണ്ടായിരുന്നില്ല. നാടിനെ തന്നെ ഞെട്ടിച്ചതായിരുന്നു രവീന്ദ്രന്റെ കല്യാണം. അക്കരെ കരയിലെ പേരുകേട്ട തറവാടായ തേവള്ളിയിലെ ലക്ഷ്മിയുമായി ഇഷ്ട്ടത്തിൽ ആയിരുന്നു രവീന്ദ്രൻ. അവളുടെ വീട്ടിൽ ഇതറിഞ്ഞ് പ്രശ്നം ആയപ്പോൾ വാസുദേവന്റെ സഹായത്തോടെ ലക്ഷ്മിയെ വിളിച്ച്‌ ഇറക്കികൊണ്ട് വന്ന് കല്യാണം കഴിക്കുകയായിരുന്നു രവീന്ദ്രൻ. ഇതേ തുടർന്ന് തേവള്ളി തറവാട്ടിൽ നിന്നുള്ളവരുടെ അക്രമങ്ങൾ രൂക്ഷമായപ്പോൾ ഒറ്റക്ക് താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കി വീടും സ്ഥലവും വിറ്റ് കിഴക്കയിൽ തറവാടിനോട് ചേർന്ന് വീടുവച്ച് താമസമാകുവായിരുന്നു രവീന്ദ്രൻ. തന്റെ തറവാട്ടിൽ തന്നെ താമസിക്കുവാൻ രവീന്ദ്രനോട് വാസുദേവൻ ആവിശ്യപെട്ടെങ്കിലും അത് കേൾക്കാതെയാണ് ഒരു ചെറിയ വീട് രവീന്ദ്രൻ അവിടെ തട്ടിക്കൂട്ടി എടുത്തത്.

ഒരു വലിയ തറവാട്ടിൽ നിന്നാണ് ഇറങ്ങി വന്നതെങ്കിലും ആ ചെറു വീട്ടിൽ രവീന്ദ്രനോടൊപ്പമുള്ള ജീവിതത്തിൽ സന്തോഷവതി ആയിരുന്നു ലക്ഷ്മി. പിന്നെ എന്ത് സഹായത്തിനും തൊട്ടപ്പുറത് തന്നെ വാസുദേവനും ഭാര്യ സാവിത്രിയും ഉണ്ടായിരുന്നല്ലോ.

അവിടെ താമസമായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കുമായിരുന്നു അവർക്ക് കൂട്ടായി സംഗീതയുടെ ജനനം. അവളുടെ ജനനത്തിനു വെറും ഒൻപതു ദിവസങ്ങൾക്ക് മുൻപായിരുന്നു വാസുദേവന്റെയും സാവിത്രിയുടെയും മകനായി ആദിത്യൻ എന്ന അപ്പുവിന്റെയും ജനനം.

സന്തോഷത്തോടെ ആ കുടുംബങ്ങൾ ജീവിച്ച് പോകുമ്പോഴാണ് അമ്മുവിന് അഞ്ച് വയസുള്ളപ്പോൾ ആ ദുരന്തം അവരെ തേടി എത്തിയത്. ഒരു തുലാവർഷ കാലത്ത് തറവാട്ട് ക്ഷേത്രത്തിൽ തൊഴാൻ പോയതായിരുന്നു സാവിത്രിയും ലക്ഷ്മിയും. കൂടെ രവീന്ദ്രനും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു പിന്നിലെ പുഴ അരികിൽ കൂടിയായിരുന്നു യാത്ര. കൈ വഴുതി സാവിത്രിയുടെ കൈയിൽ നിന്ന് അപ്പു പുഴയിലേക്ക് വീണു. തലേന്നത്തെ മഴയിൽ നല്ല കുത്തൊഴുക്ക് ഉണ്ടായിരുന്നു. വെള്ളത്തിൽ ഒലിച്ച് പോകുന്ന അപ്പുവിനെ രക്ഷിക്കാനായി രവീന്ദ്രൻ പുഴയിൽ എടുത്തു ചാടി. മൂന്നു കിലോമീറ്റെർ അപ്പുറത്ത് നിന്നാണ് കരയോട് ചേർന്ന് പാതിജീവനോടെ കിടക്കുന്ന രവീന്ദ്രനെയും അപ്പുവിനെയും നാട്ടുകാർക്ക് കിട്ടുന്നത്. അവന്റെ കൈകളിൽ അപ്പു സുരക്ഷിതനായി തന്നെ ഉണ്ടായിരുന്നു. പക്ഷെ തലയിലെയും ശരീരത്തെയും മുറിവുകളുമായി ആശുപത്രയിൽ പ്രവേശിപ്പിച്ച രവീന്ദ്രനെ രക്ഷിക്കാൻ ആർക്കും ആയില്ല. പുഴയിലെ പാറക്കെട്ടുകളിൽ ഇടിച്ച് തലയിലുണ്ടായ ക്ഷതം രവീന്ദ്രന്റെ ജീവൻ കവർന്നു.
ആ ഒരു സംഭവത്തിന് ശേഷം ലക്ഷ്മിയെയും അമ്മുവിനെയും സംരക്ഷിച്ചത് വാസുദേവനാണ്.

Leave a Reply

Your email address will not be published. Required fields are marked *