അവന്റെ ആത്മഗതം കേട്ട് അമ്മുവിൻറെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.
സംഗീത കിഴക്കയിൽ തറവാടിന്റെ മുന്നിൽ ബൈക്ക് നിർത്തുമ്പോൾ ആർഷ ക്ലാസ് കഴിഞ്ഞ് വന്ന് വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
ബൈക്കിൽ നിന്നും പെട്ടെന്ന് ഇറങ്ങിയ ആദി ശബ്‌ദം താഴ്ത്തി ആർഷയോടു ചോദിച്ചു.
“അച്ഛൻ ഉണ്ടോ അകത്ത്?”
അവന്റെ ചോദ്യത്തിന്റെ കാരണം മനസിലായ ആർഷ ചിരിയോടെ പറഞ്ഞു.
“ഞാൻ വന്നപ്പോഴേ അച്ഛൻ ഇവിടില്ല.”
ആദി ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
“ഓഹ്.. സമാധാനം ആയി.”
അമ്മു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോഴേക്കും സാവിത്രി അമ്മ അവിടേക്ക് വന്നു.
“മോളെ.. ചായ കുടിച്ചിട്ട് പോ.”
“ഞാൻ ഡ്രസ്സ് മാറീട്ടു വരാം… ഇന്നെന്താ കടി?”
ഒരു ചിരിയോടെ സാവിത്രി അമ്മ പറഞ്ഞു.
“അച്ചപ്പവും ഉണ്ട് നെയ്യപ്പവും ഉണ്ട്.”
“ഒരൊറ്റ നെയ്യപ്പമേ ഉള്ളു. അതിൽ ആരും കണ്ണ് വയ്‌ക്കേണ്ട.”
ആർഷയുടേതായിരുന്നു ആ ശബ്‌ദം.
അവളുടെ കൈയിൽ പിടിച്ച് ഒരു കൊഞ്ചലോടെ അമ്മു പറഞ്ഞു.
“ഫിഫ്റ്റി ഫിഫ്റ്റി.”
“നടക്കില്ല ചേച്ചി.”
“നാളെ ഞാൻ കിറ്റ് ക്യാറ്റ് വാങ്ങിക്കൊണ്ടു വരാം.”
ആർഷ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
“പറ്റിക്കരുത്.”
“ഇല്ലന്നെ.”
ആർഷയുടെ മുഖം ചിരിയിൽ പ്രകാശിച്ചു.
“എങ്കിൽ ഓക്കേ.. ഫിഫ്റ്റി ഫിഫ്റ്റി.”
ആർഷയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൾ ആദിയുടെ നേരെ കൈ നീട്ടി.
“ബാഗ് താടാ.. ഞാൻ ഡ്രസ്സ് മാറീട്ടു വരാം.”
ബാഗ് അവൾക്ക് കൈ മാറികൊണ്ട് അവൻ പറഞ്ഞു.
“ഉച്ചക്ക് ശേഷമുള്ള നോട്ട് ഒന്നും ഞാൻ എഴുതിയിട്ടില്ല. അതൊന്ന് വന്ന് എഴുതി തരണേ.”
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.
“അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.”
അതിനു മറുപടി നൽകാതെ വീട്ടിനു ഉള്ളിലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. കാരണം അവനു അറിയാം രാത്രി അമ്മു തന്നെ വന്ന് നോട്ട് എഴുതി തരുമെന്ന്.
. . . . .
മായ ബസിറങ്ങി കോളജിലേക്ക് കൂട്ടുകാരികൾക്കൊപ്പം നടക്കുകയായിരുന്നു.
മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റെർ ഉള്ളിലേക്കാണ് കോളേജ്. അത് കൊണ്ട് തന്നെ എല്ലാപേരും മെയിൻ റോഡിൽ ബസിറങ്ങി നടന്നു കോളജിലേക്ക് പോകുകയാണ് പതിവ്.
മെയിൻ റോഡിൽ നിന്നും കോളേജ് റോഡിലേക്ക് കയറുമ്പോൾ തന്നെ അവിടൊരു ബേക്കറി ഉണ്ട്. കോളേജ് പയ്യന്മാരുടെ പുകവലി കേന്ദ്രമാണ് ആ ബേക്കറി. ഏതു സമയവും കോളേജിലെ ഏതെങ്കിലും ഒരു പയ്യൻ അവിടെ കാണുകയും ചെയ്യും.
അവിടെ ഡ്രിങ്ക്‌സും കുടിച്ചിരിക്കുമ്പോഴാണ് മായ കോളജിലേക്ക് നടന്നു പോകുന്നത് ജിത്തു കാണുന്നത്.
ഒറ്റവലിക്ക് ഡ്രിങ്ക്സ് കുടിച്ച് തീർത്ത് ഗ്ലാസ് മേശപ്പുറത്ത് വച്ച് അവൻ ജിതിനോട് പറഞ്ഞു.
“അളിയാ.. ബൈക്ക് അങ്ങ് കോളേജിൽ എത്തിച്ചേക്കണേ.”
ജിത്തു മായയുടെ പിന്നാലെ പോവുകയാണെന്ന് അറിയാവുന്നതിനാൽ ജിതിൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“മായെ ഒന്ന് നിന്നെ.”
വിളി കേട്ട് തിരിഞ്ഞ് നോക്കിയാ മായ കണ്ടത് വേഗതയിൽ തന്റെ അടുത്തേക്ക് നടന്ന് വരുന്ന ജിത്തുവിനെ ആണ്.
അവൾ നടത്തം സാവധാനത്തിൽ ആക്കി.
മായയുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞു.
ഇത് നിന്നെയും കൊണ്ടേ പൊകുല്ലെന്നാണ് തോന്നുന്നത്.
സ്വതസിദ്ധമായ ചിരിയോടെ മായ പറഞ്ഞു.
“നമുക്ക് നോക്കെന്നേ..”
അപ്പോഴേക്കും ജിത്തു അവരുടെ അരികിൽ എത്തി.
അവളോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളോട് അവൻ പറഞ്ഞു.
“നിങ്ങൾ പൊയ്ക്കോ. എനിക്ക് മായയോട് കുറച്ച് സംസാരിക്കാനുണ്ട്.
ജിത്തുവിന്റെ തന്നെ കോളേജിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾ ആണ് മായയും കൂട്ടുകാരികളും. അതുകൊണ്ട് തന്നെ സീനിയറുടെ വാക്കുകൾ അവർക്ക് കേൾക്കാതിരിക്കാനാകില്ല.
കൂട്ടുകാരികൾ മായയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പൊയ്ക്കൊള്ളുവാൻ അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
അവർ പോയിക്കഴിഞ്ഞപ്പോൾ ജിത്തുവും മായയും വളരെ സാവധാനം നടന്നു തുടങ്ങി.
അവൻ മായയുടെ മുഖത്തേക്ക് നോക്കി.
സാധാ സമയവും കാണാറുള്ള ചെറു പുഞ്ചിരി എപ്പോഴും അവളുടെ വെളുത്ത മുഖത്തെ ചെഞ്ചുണ്ടുകളിൽ ഉണ്ട്. ആ ഒരു പുഞ്ചിരിയോടെ അല്ലാതെ മായയെ ഇതുവരെ കോളേജിൽ ആരും കണ്ടിട്ടില്ല. അതുപോലെ തന്നെ അവളുടെ കുസൃതി നിറഞ്ഞ കണ്ണുകൾ ഒരിക്കലും അടങ്ങി ഇരിക്കാറില്ല. സദാ സമയവും ചുറ്റും എന്തെല്ലാമൊക്കെയൊ പരതികൊണ്ടിരിക്കും. മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നില്ല അവളുടേത്. എന്നാൽ അധികം വണ്ണം ഉണ്ടെന്നു പറയാനും ആകില്ല.
