ഹാ മോളിങ്ങനെ വിറളി പിടിച്ചാലോ… ശെരി ഞാനങ്ങട് വരണില്ല. മോളിത് അങ്ങോട്ട് ഇട്ടേ….അച്ഛനൊന്ന് കാണട്ടെ. അയാൾ ആ അരഞ്ഞാണം അവൾക്ക് നേരെ നീട്ടി.
ഇല്ല…..അവളുടെ വാക്കുകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
അങ്ങനെ പറഞ്ഞാലെങ്ങനാ???? അയാളുടെ ഭാവം മാറി. നീ ഇത് ഇടും. നാളെ എന്റെ കിടക്കയിൽ നീയിത് ഇട്ടുതന്നെ ശയിക്കും. തീർക്കണുണ്ട് നിന്റെ അഹങ്കാരം ഞാൻ…
എന്റെ ശവത്തിൽ പോലും നീ താലി കെട്ടില്ല… അവൾ നിന്നലറി.
അത് നമുക്ക് കാണാം. എടി മോളെ നീയെന്നാ എന്നെപ്പറ്റി നിരുവിച്ചേ….നിന്റെ ആ പോഴൻ അമ്മാവന്മാരെ കണ്ടിട്ടാണോ?? ആണെങ്കിൽ അത് വെറും വിഢിത്തമാണ്. നീയീ വേളി മുടക്കാനുള്ള അടവായെ അവര് കാണൂ…നിന്നെ ഒഴിവാക്കിയിട്ടു വേണ്ടേ അവർക്ക് നിന്റെ സ്വത്തു ഭാഗിക്കാൻ…..
ഇനിയിപ്പോ ഇത് കൂടി അറിഞ്ഞോ…കുഴിയിലേക്ക് കാലുംനീട്ടിയിരിക്കണ ആ കിഴവി ഒഴികെ ബാക്കിയെല്ലാ പെണ്ണുങ്ങളുടെയും അതായത് വേലക്കാരി നളിനി മുതൽ നിന്റെ ചെറിയമ്മായി സതി വരെ അറിഞ്ഞിട്ടുണ്ട് എന്റെ ആണത്തം. അതായത് എല്ലാത്തിന്റെയും സമാനത്തിന്റെ ആഴം എനിക്കറിയാമെന്നു. അതോണ്ട് ഇനിയിപ്പോ നീയിതിവിടെ കൊട്ടിഘോഷിച്ചാലും ആരും കാര്യക്കാൻ പോണില്ല…. അത് പറയുമ്പോൾ അയാളുടെ മുഖത്തൊരു പ്രത്യേക ഭാവമായിരുന്നു.
അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൾ തളർന്നു ആ കസേരയിലേക്ക് ഇരുന്നു. എല്ലാരും കൂടിത്തന്നെ മനപ്പൂർവ്വം ചതിക്കുകയായിരുന്നു. അവൾക്ക് തൻ്റെ ചങ്ക് പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ശക്തിയായി കിതച്ചു.
ഇനിയിത് നിന്നോട് എന്തിനാ പറഞ്ഞതെന്നോ??? പകയുള്ള ഇനമാ നീ…ആ പക എനിക്ക് എന്റെ കിടക്കയിൽ കിട്ടണം. ഒരുങ്ങിക്കോ നീ….എനിക്ക് മണിയറ ഒരുക്കാൻ…..ആ അരഞ്ഞാണം അവൾക്ക് നേരെ എറിഞ്ഞിട്ടു അയാൾ മുറിയിൽ നിന്നിറങ്ങിപ്പോയി. താൻ ഈ ലോകത്ത് ആരുമില്ലാത്തവളായി മാറിയത് അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. കരയാൻ പോലും അവകാശമില്ലാത്ത ഒരു വിചിത്രജന്മം. അയാളുടെ വാക്കുകൾ അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു. പരാതിപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും അവളെ കൂടുതലായി കരയിച്ചത് അമ്മായിമാരേക്കുറിച്ചുള്ള അയാളുടെ വാക്കുകൾ ആയിരുന്നു. അമ്മായിമാർ അയാളോട് കാണിക്കുന്ന അടുപ്പത്തിന് ഇങ്ങനൊരു മുഖമുണ്ടാവുമെന്നു സ്വപ്നത്തിൽ പോലുമവൾ കരുതിയിരുന്നില്ല.
അവൾ കട്ടിലിലേക്ക് ചെന്നുവീണ് പൊട്ടിക്കരഞ്ഞു. വാതിൽ കൊളുത്തിടാൻ പോലും മിനക്കെട്ടില്ല. ആരും അവളെ അന്വേഷിച്ചു മുകളിലേക്കു വന്നില്ല. തറവാട്ടിൽ അന്ന് ഒരിക്കൽ ആയതിനാൽ അത്താഴം കഴിക്കാൻ പോലും ആരും അവളെ വിളിച്ചില്ല.
പാതിരാപ്പുള്ളൂ ചിലച്ചപ്പോളാണ് അവൾ ഏഴുനേറ്റത്. അവൾക്കപ്പോൾ മറ്റൊരു ഭാവമായിരുന്നു… എല്ലാം നഷ്ടപ്പെട്ടവളുടെ….ആരും സഹായിക്കാൻ ഇല്ലാത്തവളുടെ….നിസ്സഹായയായ പെണ്ണിന്റെ ഭാവം.
അവൾ ഉറച്ച കാൽവെയ്പ്പോടെ കുളിക്കടവിലേക്ക് നടന്നു. അർധരാത്രിയുടെ തണുപ്പോ ഭയമോ ഒന്നുമവളെയപ്പോൾ സ്വാധീനിച്ചില്ല. ഇരുട്ടിൽ നടക്കുമ്പോഴും ഒരിടത്തും ആ കാലുകൾ ഇടറിയില്ല. കുളികഴിഞ്ഞ് അവൾ മുറിയിലെത്തി. വിവാഹത്തിനായി അയാൾ കൊണ്ടുവന്നിരുന്ന എല്ലാ ആഭരണങ്ങളും എടുത്തണിഞ്ഞു. ആ സെറ്റുസാരിയും ഞൊറിഞ്ഞുടുത്തു. നന്നായിത്തന്നെ ഒരുങ്ങി. എന്നിട്ടിറങ്ങി എങ്ങോട്ടെന്നില്ലാതെ……
അവൾ ചെന്നുനിന്നത് ക്ഷേത്രകുളത്തിനടുത്താണ്. രണ്ടേക്കർ സർപ്പക്കാവിന് നടുവിലാണ് ക്ഷേത്രം. പകൽ പോലും നാഗങ്ങളെ പേടിച്ചു ആരും നടക്കാത്ത ആ നിലാവെളിച്ചതിന്റെ മാത്രം അകമ്പടിയോടെ അവൾ നടന്നു. ചുറ്റുമുള്ള ഇരുട്ടിന്റെ ഭീകരത അവളറിഞ്ഞത് പോലുമില്ല.
ക്ഷേത്രക്കുളത്തിനരികെ സർവാഭരണ വിഭൂഷിതയായി നിന്ന അവളുടെ രൂപം വല്ലാതെ തെളിഞ്ഞുനിന്നു. നിശ്ചലമായി കിടക്കുന്ന ആ വെള്ളത്തിലേക്കവൾ നോക്കി. കരഞ്ഞു പറഞ്ഞിട്ടും തന്നെ ഇതുപോലൊരു ജീവിതം വെച്ചുനീട്ടിയ ദേവിയെ മനസ്സാ ശപിച്ചുകൊണ്ടവൾ ആ വെള്ളത്തിലേക്ക് ഊളിയിടാൻ തയ്യാറായി.
