“എന്നാ വാ ചോറുണ്ണാം. സദ്യ ഒക്കെണ്ട്”
“എന്താടാപ്പോ സദ്യ ഒക്കെ”?
“രേണുവിന്റെ പിറന്നാൾ”
“ഞങ്ങളറിഞ്ഞില്ലല്ലോ. ഗിഫ്‌റ്റൊന്നും ഇല്ലല്ലോ മിസ്സേ”
“ഗിഫ്റ്റൊന്നും വേണ്ടടാ. നീ കോട്ടയത്ത്‌ന്ന് തന്ന വലിയൊരു ഗിഫ്റ്റാണ് അപ്പുറത്ത് നിക്കുന്നത്”
“അതൊക്കെ എന്തിനാ വെറുതെ”
ജംഷി ഇറങ്ങി വീട്ടിലേക്കു നടന്നു.
“ടാ കണ്ണാ, ഞങ്ങൾ വരുന്ന വഴിക്കു കഴിച്ചു. വയനാട്ടിൽ വന്നിട്ട് പോത്തും കാലും പത്തിരീം തട്ടിയില്ലേൽ മോശല്ലേ. ഇനി സ്ഥലം ഇല്ല”
“എന്നിട്ടെങ്ങനണ്ട്”?
“പറയുന്ന അത്ര രസൊന്നുല്ല. എന്നാലും കുഴപ്പൊന്നുല്ല. കഴിക്കാം”
“എന്നാലും എന്തേലും. ഒരു ഗ്ലാസ് പായസം എങ്കിലും”
അവര് പായസവും പപ്പടവും കഴിച്ചു. ഷംസാദ് ചെറുപഴവും പായസവുമാണ് കുത്തി കേറ്റിയത്. സ്ഥലം ഇല്ലാന്ന് പറഞ്ഞിട്ടും രണ്ട് ഗ്ലാസ് പാവം കോരി കുടിച്ചു.
“ആ കോട്ടൊക്കെ ഊരിക്കൂടെ? അന്യഗ്രഹ ജീവികളെ പോലെ ഉണ്ട്”
ഷംസാദ് രേണുവിൻ്റെ കൂടെ പോയി. എന്തേലും കാണിച്ച് കൊടുക്കാനാവും.
“ജംഷി ഒന്ന് ഹെല്പ് ചെയ്യെടാ”
പോവുന്നതിനു മുൻപ് ഞാൻ കുറ്റിയും മറ്റ് അല്ലറ ചില്ലറ സാധന സാമഗ്രികളും ഗോഡൗണിൽ കൊണ്ട് വെക്കാൻ തുടങ്ങുമ്പോളാണ് ജംഷി ഒരു പഴവും തൊലിച്ച് ആ വഴി വന്നത്. എല്ലാം ഗോഡൗണിൽ കൊണ്ട് പോയി തട്ടി. അജ്മലിനോടും വർഗീസ് ചേട്ടനോടും പോവുന്ന കാര്യം പറഞ്ഞു. അന്നമ്മ ചേടത്തിയോട് നാളെ പറയാം.
അവിടുന്ന് വന്ന് ഞങ്ങൾ പാടത്തു പോയി. ജംഷീറിൻ്റെ കൂടെ കുറേ റീൽസെടുത്തു. ഒരു മാസത്തിനുള്ളതായിട്ടുണ്ടാവും.
“നീഹയും കൂടെ ഉണ്ടേന്നെങ്കിൽ നന്നായേനെ”
രേണു എന്നെ ഒന്ന് നോക്കി.
“ഒന്നൂല്ല രേണു. അവന്റെ കൂടെ കപ്പിൾ റീൽസ് എടുക്കാലോ. അതാ”
“എന്താടാ ഒരു വെള്ളച്ചാട്ടത്തിൻ്റെ ഒച്ച”?
“അത് കുളത്തിലെ വെള്ളം താഴെ പുഴയിലേക്ക് വീഴുന്നതാ”
ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ നടന്നു. മഴക്കാലമായത് കൊണ്ട് എല്ലാത്തിന്റെയും സൗന്ദര്യം ഇരട്ടിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുകയാണെങ്കിൽ ‘കാലേ വർഷതു പർജന്യ പൃഥ്വി സസ്യ ശാലിനി…’ എന്ന കണക്കെ പ്രകൃതിയെ വർണിച്ച് വല്ലതും എഴുതാമായിരുന്നു. അതല്ലാത്തതുകൊണ്ട് ഞാൻ ജംഷിയോട് ഓരോന്ന് സംസാരിച്ച് വെള്ളച്ചാട്ടവും നോക്കി നിന്നു.
ഷംസാദ് രേണുവിന്റെ പല പോസിലുമുള്ള ഫോട്ടോസ് എടുക്കുകയാണ്.
“ആറ് മണിയായി. ഉച്ചക്കോ കഴിച്ചില്ല. രാത്രി എന്തേലും തട്ടിയിട്ട് പോയാ പോരെ”?
“ഞങ്ങക്ക് ഒരു തിരക്കൂല്ല കണ്ണാ”
“എന്നാ ഞാൻ പോയി വിളക്ക് വെക്കട്ടെ. നിങ്ങള് ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞ് അങ്ങ് പോരെ”
കുറെ നേരം കൂടെ കളി തമാശയും ഒക്കെയായി അവരവിടെ ഓരോന്ന് ചെയ്തു. ഞാൻ സന്ധ്യാവന്ദന പരിപാടികൾക്ക് പോന്നു.
“സാധനം എങ്ങനെണ്ട്”?
“ഇയല്ല ഉണ്ടാക്കിയത് ന്നു മനസിലായി”
“കേട്ടോ മിസ്സേ. ഓൻ കയ്യില് കിട്ടിയതൊക്കെ എടുത്തിട്ട് എന്തേലും ഉണ്ടാക്കും. എന്നിട്ട് എവിടേം കേക്കാത്ത ഒരു പേരും പറയും”
“എന്നിട്ട് നീ അത് മൂക്കുമുട്ടെ കയറ്റലുണ്ടല്ലോ ജംഷി”
“അത് പിന്നെ വിശപ്പല്ലേ ഏന്തേലും തിന്നണ്ടേ”
ജംഷി രേണുവിന്റെ നേരെ തിരിഞ്ഞു.
“സത്യം പറയാലോ മിസ്സേ എലിശ്ശേരി നല്ല രുചിയുണ്ട്”
ജംഷി കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു.
“അവൻ എലിശ്ശേരി വെറുതെ കോരിക്കഴിച്ചു നടക്കും രേണു. അത്രക്കിഷ്ടാണ്”
“അത് ശെരിയാ കണ്ണാ. ജംഷി സദ്യ എന്ന് പറഞ്ഞാ മരിക്കും”
“എന്നാ വിഷുവിനു വന്നൂടായിരുന്നോ”?
“സമ്മർ ഇന്റൺഷിപ് ആണേന്നു മിസ്സേ”
രേണു പോയി ഒരു കറി പാത്രത്തിൽ എലിശ്ശേരി കൊണ്ടുവന്നു ജംഷിക്കു കൊടുത്തു.
“ആ അച്ചാറിലെ സ്പൂൺ എടുത്തോ”
“അത് ഓൻ വെറുതെ പറഞ്ഞതാ. ഇതൊന്നും വേണ്ട മിസ്സേ”
“പോടാ പുല്ലേ. അവന്റെ ഒരു ഫോർമാലിറ്റി. നിന്നെ എനിക്കറിഞ്ഞൂടെ. വേണേങ്കി തിന്നിട്ട് എണീച്ചു പോടാ”
