വഴിയാത്രയ്ക്കിടയിൽ – 2 1

കാലിച്ചായയും കടലപ്പൊരി മിക്സ്ചറും

മിക്സ് ചെയ്ത് ചവച്ചിറക്കി എന്തിനെക്കെയോ വ്യായാമം ചെയ്യുന്നവരെയും ചക്രവാളത്തിൽ ഉരുണ്ടു കൂടുന്ന മേഘങ്ങളെയും നോക്കി നടന്ന് ബീച്ചിൽ കുറേ നേരം ചുറ്റിയടിച്ചു..

 

കറുത്ത വിളക്കു കാലിന്റെ കീഴിലെ അരമതിൽ കഷ്ണങ്ങളിലെ ആളൊഴിഞ്ഞൊരു മൂലയിൽ ചാരി ജീവിതത്തിന്റെ തിരയടിക്കുന്ന കടപ്പുറത്ത് വായിൽ നോക്കി കുറേ നേരം കിടന്നു…. കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി നേർത്ത് വരുന്നതിനിടയിലൂടെ അരിച്ചിറക്കുന്ന വെയിലിൽ തട്ടിത്തിളങ്ങുന്ന ചുഴിയൻ തിരമാലകൾ ദൂരെ.., കരയെ വിഴുങ്ങാനെന്ന പോലെ പാഞ്ഞടുത്ത് തീരത്തെ മണൽത്തരികളെ ഉമ്മം വെച്ച് പതപ്പിച്ച് പിൻവാങ്ങുന്ന തിരകൾ ഉമ്മറത്ത്..

താഴോട്ടിറങ്ങിച്ചെന്ന് ഒരു ചാരുകസേരയിലെന്ന പോലെ മണലിൽ പടിഞ്ഞിരുന്ന് കൽവിളക്കിന്റെ തൂണിലേയ്ക്ക് തല ചായ്ച്ച് … ബീച്ചിലെ ചിരി പൊരി എരി ബഹളങ്ങൾക്കിയിൽ ഏകാന്തനായി കടലിന്റെ അകലങ്ങളിൽ കണ്ണുംനട്ട് ചായയ്ക്കൊപ്പം കഴിച്ച കടലരസങ്ങളും ചേർത്ത് പതഞ്ഞു വരുന്ന ചിന്തകൾ അയവിറക്കാൻ തുടങ്ങി…

 

“ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും ഏഴ് സ്വരങ്ങൾ ചിറക് നൽകി.” ഉള്ളിൽ നുരഞ്ഞ ഈണത്തിന് എന്തെല്ലാമോ അർത്ഥങ്ങളുണ്ടെന്ന് തോന്നി….

 

ഒരാളുടെ സ്വപ്നങ്ങൾക്ക് ചിറക് നല്കുന്നത് പലപ്പോഴും മറ്റ് പലരുമാണ്. കഴിവുണ്ടെങ്കിലും ഏകാകിയായവർക്ക് അങ്ങനെ പെട്ടന്നുയരാൻ കഴിയില്ല… സ്വന്തമായ ഏഴു സ്വരങ്ങളിൽ ആത്മനിർവൃതിയടയാമെന്ന് മാത്രം….. സാഹചര്യങ്ങളും പിന്തുണയുമില്ലെങ്കിൽ പലരും ഈ തിരകളെപ്പോലെ തീരത്തണിഞ്ഞ് ഇല്ലാതാവും… പലരും പറയും പോലെ ഇൻസൾട്ട് ഇൻവസ്റ്റ്മെന്റാക്കിയവരൊക്കെ ഇവിടെ അപൂർവ്വമാണ്.. ഇൻസൾട്ടിൽ തളരുമ്പോൾ എവിടെയോ അവരെ താങ്ങിപ്പിടിയ്ക്കാൻ ആളുണ്ടാകും.. നമ്മുടെ സ്റ്റൈൽമന്നൻ വരെ നെഞ്ചിൽത്തട്ടി ഇടയ്ക്കിടെ നൊമ്പരത്തോടെ പറയുന്നത് കേട്ടിട്ടില്ലേ..; ബാംഗ്ളൂരിൽ കണ്ടക്ടറായി നടക്കുമ്പോൾ എന്നും കാണാറുള്ള പെൺകുട്ടി…, ഒരിക്കലും നടക്കില്ല എന്നദ്ദേഹം കരുതിയ സ്വപ്നങ്ങൾക്ക് കുഞ്ഞിച്ചിറകുമായി വന്നത്..!

എവിടെയെങ്കിലുമുണ്ടെങ്കിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് എന്ന് ഇപ്പോഴും നിറഞ്ഞ ഹൃദയത്തോടെ പറയണമെങ്കിൽ എത്രയധികം കടപ്പാട് നിറഞ്ഞ ഓർമകളായിരിക്കും അദ്ദേഹത്തിന് ആ ‘ഒന്നുമാവാത്ത കാലങ്ങളിൽ’ മോഹങ്ങൾക്ക് താങ്ങായ അവളെക്കുറിച്ച്!!

അല്ലെങ്കിലും, പത്രക്കാർ വെറുതെ സുഖിപ്പിയ്ക്കാൻ, ഇത്ര‘സിംപിൾ’ ആയി എങ്ങനെ കഴിയുന്നു എന്നുള്ള ടൈപ്പ് ചോദ്യങ്ങൾക്ക്, എല്ലാ കാര്യത്തിലും ഫൈവ് സ്റ്റാർ സെവൻസ് സ്റ്റാർ നിലവാരം അനുഭവിക്കുന്ന എന്നെ എന്തിനാണ് നിങ്ങൾ വെറുതെ സിംപിളാക്കുന്നത് എന്ന അദ്ദേഹത്തിന്റെ മറുപടിയുമൊക്കെ കേൾക്കുമ്പോൾ… പുള്ളിയുടെ സിനിമ കാണുന്നതിന്റെ നേരെ വിപരീത അനുഭവമാണ് ജീവിതത്തിലെ ഉത്തരങ്ങളിൽ എന്ന് തോന്നിയിട്ടുണ്ടോ!?

 

അങ്ങനെയങ്ങനെ പലരുടെയും സിനിമയിലെ വെറും അഭിനയങ്ങളും ജീവിതത്തിലെ സാദാ അഭിനയങ്ങളും മുറിഞ്ഞ തിരകളായി ഓർമകളിൽ അലയടിക്കുന്നതിന്റെ വിമ്മിഷ്ടവും പേറി കുറേ മണിമുഴങ്ങാത്ത മണിക്കൂറുകൾ പോയതറിഞ്ഞില്ല……….

 

ദുരന്തമാകുന്ന ജീവിതത്തിന്റെ താളമായ ഫിലോസഫിത്തിരകളിൽ മുങ്ങിപ്പൊങ്ങി വെറുതെ വിങ്ങിപ്പൊട്ടുന്നതിനിടയിൽ അടുത്തു വന്ന് രണ്ടു മൂന്ന് വട്ടം ചുറ്റിയ മുണ്ടിനടിയിൽ നിക്കറിട്ട ആണുങ്ങളുടെ ഭാവത്തിൽ എന്തോ ഒരു പന്തികേട്…!?

കടല് കണ്ട സന്തോഷത്തിൽ മുണ്ട് പൊക്കി തിരയിലേക്കിറങ്ങാനുള്ള ഭാവമാണെന്നാദ്യം കരുതിയെങ്കിലും വൈകാതെ മനസിലായി അത് മീശ മാധവനിൽ പുരുഷുവേട്ടന്റെ അനുഗ്രഹം വാങ്ങുന്നതിന്റെ തൊട്ട് മുൻപിട്ടിട്ടുള്ള സരസുവിന് പഞ്ചാര കൊടുക്കാൻ വന്ന പിള്ളേച്ചന്റെ ഭാവമാണെന്ന്! ലക്ഷ്യമില്ലാതെ നടക്കുന്ന കോമളൻമാരെ പെട്ടന്ന് തിരിച്ചറിഞ്ഞ് വലയിലാക്കാൻ കഴിവുള്ളവരാണവർ.!

 

പണ്ടൊരിക്കൽ തെണ്ടിത്തിരിഞ്ഞ് വന്ന് മഴക്കാലത്തെ ഭ്രാന്തമായ ഏകാന്തത ആസ്വദിച്ച് മതിയാവാതെ കറങ്ങിത്തിരിയുമ്പോൾ അടുത്ത് കൂടിയ ഒരു മലബാറികൻ കാര്യമായി പരിചയപ്പെട്ട്……. “ആദ്യം ച്ചിരി സൈക്കിള് ചവിട്ട് പ്രശ്നങ്ങളൊക്കെ ണ്ടാവും.., യ്യ് ന്റെ ഹോട്ടലിക്ക് പോര്… പണി തരാം” എന്ന് കട്ടായം പറഞ്ഞ് വിടാതെ കൂടിയ കാര്യം ഇടിച്ചുകുത്തി വൻതിര പോലെ ഓർമയിലലയടിച്ചു……

Leave a Reply

Your email address will not be published. Required fields are marked *