“ഉമ്മാ… അപ്പുറത്തെ മുറിയിൽ കൂടെപ്പഠിച്ച ഒരാള് കിടപ്പുണ്ട്.. ഞാനൊന്ന് പോയി കണ്ടിട്ട് വരാം…”
മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ വേഗം പുറത്ത് ചാടി.
അബ്ദുവിന്റെ മുറി വാതിലിൽ മുട്ടുമ്പോ എന്തിനെന്നറിയാതെ ദേഹം വിറക്കുന്നുണ്ടായിരുന്നു.
അവൾ വാതിൽ തുറന്ന് അകത്ത് കയറി.
അബ്ദു മൊബൈലും നോക്കി കിടക്കുകയാണ്.അവനെ നോക്കാൻ മുമ്പെങ്ങുമില്ലാത്തൊരു പരവേശം അവൾക്ക് തോന്നി. അത് നാണമാണോ,ലജ്ജയാണോ, അതോ സന്തോഷമാണോ, എന്താണെന്ന് അവൾക്ക് തന്നെ മനസിലായില്ല.
എന്നാൽ, ദേഹമാസകലം തൂവല് കൊണ്ട് തഴുകുന്ന പോലത്തെ ഒരിക്കിളിയുണ്ടാകുന്നതായി അവൾക്ക് തോന്നി. അത് ഇത് വരെ തനിക്കുണ്ടാവാത്തതാണെന്നും അവളറിഞ്ഞു.
“അബ്ദൂ… നിന്റെ കൂട്ടുകാരൻ വന്നില്ലേടാ… ?”
അത് ചോദിച്ചപ്പോ തന്റെ ശബ്ദം നന്നായിട്ട് വിറച്ചെന്ന് സലീനക്ക് തന്നെ തോന്നി.
“ഇല്ലെടീ… അവനിത് വരെ വന്നില്ല… അവൻ ചെറുതായിട്ട് കുടിയൊക്കെ ഉള്ളവനാ… ഇനി കുടിച്ച് എന്റെ കാര്യം മറന്നാവോ….?”
അബ്ദുവിന്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു.
“കള്ള് കുടിയൻമാരുമായിട്ടാണോ നിനക്ക് കൂട്ട്….?
നീയവനോട് വിളിച്ച് പറ, ഇനി വരണ്ടാന്ന്.. ഇവിടെ ഞാനുണ്ടല്ലോ… “
അബ്ദു അൽഭുതത്തോടെ സലീനയുടെ മുഖത്തേക്ക് നോക്കി. അവൾ പറഞ്ഞ കാര്യത്തിലല്ല അവൻ അൽഭുതപ്പെട്ടത്. അത് പറയുമ്പോ അവളുടെ ശബ്ദം ഉറച്ചതായിരുന്നു. അവളിൽ നിന്നും ഇത്ര കാലം കേൾക്കാത്തൊരു ശബ്ദം.
വളരെ നേർത്ത ശബ്ദത്തിൽ മാത്രമേ അവൾ സംസാരിക്കുന്നത് കേട്ടിട്ടുള്ളൂ.
“എടീ പോത്തേ… എനിക്ക് വിശന്നിട്ട് വയ്യ… അവൻ വരുമ്പോ എന്തേലും വാങ്ങിച്ചോണ്ട് വരാന്ന് പറഞ്ഞതാ…”
സലീനക്ക് ശരിക്കും വിഷമം തോന്നി.ഒരാളടുത്തുണ്ടാവേണ്ട സമയമാണിത്. എല്ലാറ്റിനും അവനൊരാളുടെ സഹായം വേണം.
“നിനക്ക് കഞ്ഞിമതിയോടാ.. ?
അല്ലേൽ പുറത്ത് പോയി ഞാനെന്തേലും വാങ്ങി വരാം…”
“കഞ്ഞിയായാലും മതിയെടീ… ഉമ്മ വന്നോ…. “
“ഉം… ഉമ്മ കഞ്ഞിയും കൊണ്ടാ വന്നേ…. ഞാനെടുത്തോണ്ട് വരാം…”
അവൾ വാതിൽ വരെ നടന്ന്, തിരിഞ്ഞ് നിന്നു .
“അവനോട് വിളിച്ച് പറഞ്ഞേക്ക് ട്ടോ… വരണ്ടാന്ന്…”
സലീന വേഗം വാതിൽ തുറന്ന് പോയി.
മുറിയിലെത്തുമ്പോ ഷംന മരുന്നൊക്കെ കഴിച്ച് മൂടിപ്പുതച്ച് കിടക്കുകയാണ്.
“മോളേ… എന്താടീ ചെയ്യാ… ?
ഞാനിവിടെ നിന്നാ പൈക്കളെ കറക്കണ്ടേ… ?
നിന്നെ ഒറ്റക്കാക്കി പോകാനും വയ്യലോ… ?”
“അതൊന്നും സാരമില്ലുമ്മാ… ഇവിടെ പേടിക്കാനൊന്നുമില്ല…. എല്ലാ റൂമിലും ആളുണ്ട്… പിന്നെ എപ്പ വിളിച്ചാലും നഴ്സുമാർ വരും…ഉമ്മ പേടിക്കാതെ പൊയ്ക്കോ…”
“എന്താ രാജേട്ടാ ചെയ്യാ… ?’”
റുഖിയ, വിഷമത്തോടെ രാജനെ നോക്കി.
“അതാ നല്ലത്… ഇവരിവിടെ നിന്നോട്ടെ… ഇവിടെ പ്രശ്നമൊന്നുമില്ലെന്നേ…. നമുക്ക് രാവിലെയിങ്ങ് വരാം…”
“എന്നാ ഉമ്മ പോട്ടേ മോളേ… നിനക്ക് കഴിക്കാനെന്തേലും വാങ്ങിത്തരണോ…… ?”
“വേണ്ടുമ്മാ… കഞ്ഞിയുണ്ടല്ലോ… എനിക്കത് മതി…. ഉമ്മ രാവിലെത്തന്നെ ഓടി വരണ്ട… ഒരു പത്ത് മണിയായിട്ടൊക്കെ വന്നാ മതി… ”
“എന്നാ നമുക്ക് പോകാം രാജേട്ടാ…”
റുഖിയ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അവർ പുറത്തിറങ്ങിയതും സലീന, ഷംനയെ നോക്കി. അവൾ ഉറക്കം പിടിച്ചിരുന്നു.
അവൾ വേഗം കഞ്ഞിപ്പാത്രവും, ഒരു കൈലും, അച്ചാറ് കുപ്പിയുമായി അബ്ദുവിന്റെ റൂമിലേക്ക് ചെന്നു.
“ നിന്റെ ഉമ്മയെവിടെ ടീ… ?
ഉമ്മയെ കണ്ടില്ലല്ലോ… ?”
കിടക്കയിൽ എഴുന്നേറ്റിരുന്ന് കൊണ്ട് അബ്ദു ചോദിച്ചു.
“ഉമ്മ പോയി….”
പാത്രത്തിലേക്ക് കഞ്ഞി പാർന്നുകൊണ്ട് സലീന പറഞ്ഞു.
“ഞാനീ റൂമിലുണ്ടെന്ന് ഉമ്മയോട് നീ പറഞ്ഞില്ലേ….?’”
“എന്റെ കൂടെപ്പഠിച്ച ഒരാളുണ്ടെന്ന് പറഞ്ഞു… അത് നീയാണെന്നൊന്നും പറഞ്ഞില്ല….”
അത് പറഞ്ഞ് സലീന അവന്റെ മുഖത്തേക്കൊന്ന് നോക്കി.
എന്തോ, അവളുടെ നോട്ടം നേരിടാൻ അബദുവിന് കഴിഞ്ഞില്ല. അവൻ നോട്ടം മാറ്റി.
അവൾ കഞ്ഞി വിളമ്പി അവന്റെ കയ്യിൽ കൊടുത്തു. അച്ചാറ് കുപ്പി തുറന്ന് അതും അടുത്ത് വെച്ചു.
അച്ചാറ് പോലും കൂട്ടാതെയാണ് ആദ്യത്തെ പാത്രം കഞ്ഞിയവൻ കുടിച്ചത്. അവൾ വീണ്ടും ഒഴിച്ച് കൊടുത്തു. അത് അച്ചാറൊക്കെ തൊട്ട് നക്കി സാവധാനത്തിലാണ് കുടിച്ചത്.
