അതുകൊണ്ടാടാ സക്സസ് ആയത്..പിന്നെ എന്‍റെ എന്നാ മിടുക്ക്? അതൊന്നുവല്ല…ഈശോ കാത്തു, വേറെ എന്നാ? ആ ഇപ്പം ടീവീല് നടന്നോണ്ടിരിക്കുവാ..എന്നതാ അവർക്ക് പാർട്ടി വേണെന്നോ? പാർട്ടി ഒക്കെ കൊള്ളാം കണ്ടമാനം വെള്ള മടിച്ച് പാമ്പായേക്കരുത് …
കൊളസ്‌ട്രോൾ എത്രയാന്നാ നിൻറ്റെ വിചാരം..വലിയ ന്യൂറോളജിസ്റ്റാന്ന് പറഞ്ഞിട്ടെന്നാ കാര്യം! ഇതുപോലെ ഹെൽത്ത് നോക്കാത്ത ഒരു ഡോക്റ്റർ! ശരീടാ, ഒന്ന് കുളിക്കട്ടെ…എന്നാലേ ഗ്രോഗ്ഗിനെസ് പോകാത്തതുള്ളൂ …ആ ..ഇന്ന് ലീവാ…ബൈ ഉമ്മ ചക്കരേ…”
പിന്നെ അവൾ സാമിന്‍റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ, ആ മമ്മിയാടാ…നിനക്കെന്നാ എന്‍റെ വോയിസ് കേട്ടാ തിരിച്ചറിയാൻ പറ്റത്തില്ലേ? ഏഹ്? ഒറങ്ങിയാരുന്നെന്നോ…സോറീഡാ…ലേറ്റ് ആയി ചക്കരെ… ന്യൂസ് കണ്ടെന്നോ..താങ്ക്യൂഡാ ..പപ്പേ ഇപ്പം ജസ്റ്റ് വിളിച്ചതേ ഉള്ളെടാ… ഹ്മ്മ്മ് …പപ്പാ വലിയ പാർട്ടി ഒക്കെ കൊടുക്കാൻ പോകുവാ…പത്മശ്രീയോ? പിന്നെ ..അത്രയ്ക്കൊന്നും ഇല്ലടാ മോനൂ…ശരി മുത്തേ …ഉമ്മ..ബൈ…”
സാമുവേൽ അലോഷ്യസ് ന്യൂ യോർക്കിൽ വെയിൽ കോർണെൽ മെഡിക്കൽ കോളേജിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.
അവളുടെ കണ്ണുകൾ പിന്നെ താനും അല്കസും സാമും നിൽക്കുന്ന മറ്റൊരു ഫോട്ടോയിലേക്ക് നീണ്ടു. അതിലേക്ക് നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തിരുഹൃദയത്തിന്‍റെ ഫ്രെയിം ചെയ്ത മറ്റൊരു ഫോട്ടോയിലേക്കും.
അതിലേക് നോക്കി അവൾ കൈകൾ കൂപ്പി. നെറ്റിയിൽ കുരിശ് വരച്ചുകൊണ്ട് എഴുന്നേറ്റു.
മുഖം കഴുകി ബ്രഷ് ചെയ്ത് കഴിഞ്ഞ് അവൾ ഹാളിലേക്ക് പോയി. ഡോർ തുറന്നു. മിൽക്ക് ബോട്ടിൽ വാതിൽപ്പടിയിൽ തന്നെ ഇരുപ്പുണ്ട്. അതും നിലത്ത് കിടന്ന മനോരമയും ഇന്ത്യൻ എക്സ്‌പ്രസുമെടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു.
സ്റ്റവ് കത്തിച്ച് പാനിലേക്ക് പാലൊഴിച്ചപ്പോൾ മൊബൈൽ ശബ്ദിക്കുന്നത് കേട്ടു. മൊബൈല്‍ ബെഡ്ഡില്‍ വെച്ചിരിക്കുവാണ്
കിടക്കയിൽ നിന്ന് മൊബൈൽ എടുത്ത് നോക്കിയപ്പോൾ അവളുടെ മുഖത്ത് ദേഷ്യവും വെറുപ്പും നിറഞ്ഞു.
“നാശം! ഇവനെന്തിനാ വിളിക്കുന്നെ?”
“ഡോക്റ്റർ ജെ പി കോളിംഗ് ” എന്ന് കാണിക്കുന്ന സ്ക്രീനിലേക്ക് നോക്കി അവൾ സ്വയം ചോദിച്ചു.
ഡോക്റ്റർ ജെ പി. ഡോക്റ്റർ ജയപ്രകാശ്.
ഓങ്കോളജി ഡിപ്പാർട്മെൻറ്റിൽ പുതുതായി ജോയിൻ ചെയ്ത ചെറുപ്പക്കാരൻ. ലണ്ടൻ മെഡിക്കൽ കോളേജിൽ നിന്നും ഗോൾഡ് മെഡൽ നേടി പുറത്ത് വന്നയാൾ. സമർത്ഥനായ ഡോക്റ്റർ.
അതിലുപരി ആരെയും ആകര്ഷിക്കുന്നത്ര സൗന്ദര്യമുള്ളയാൾ.
വന്നതിൻറ്റെ പിറ്റേ ദിവസം, ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ച് പോയി യാത്രയയച്ച് കോറിഡോറിലൂടെ നടക്കുമ്പോൾ ആണ് അയാളുടെ ചോദ്യം.
“മാഡം വുഡ് യൂ ലൈക് റ്റു ഹാവ് എ കോഫീ വിത്ത് മീ?”
ഇരുപത് പേഷ്യൻറ്റ്സ് ഇപ്പോഴേ കൺസൾട്ടിങ് അപ്പോയിൻമെൻറ്റ് എടുത്തിട്ടുണ്ട് എന്ന് നേഴ്സ് റഷീദ പറഞ്ഞത് താൻ ഓർത്തു.
“ഡോക്റ്ററെ ഇപ്പൊ പേഷ്യൻറ്റ്സ് വെയിറ്റ് ചെയ്യുന്നുണ്ടല്ലോ…വൈകുന്നേരം പോരെ?”
“മതി മതി…താങ്ക്യൂ…”
അന്ന് ഉച്ചയ്ക്ക് ശേഷം അവസാനത്തെ പേഷ്യൻറ്റും പോയിക്കഴിഞ്ഞപ്പോൾ തൻ്റെ മൊബൈലിലേക്ക് ഒരു മെസേജ് വന്നു.
“മാഡം, ആർ യൂ ഫ്രീ നൗ?”
“യെസ്…”
അപ്പോൾ തന്നെ മറുപടി നൽകി.
“ദെൻ ഷാൾ വീ മൂവ് റ്റു കഫ്‌റ്റേരിയ?”
“ഓക്കേ…”
ബാഗും മൊബൈലുമെടുത്ത് പുറത്ത് ഇറങ്ങിയപ്പോൾത്തന്നെ വെളിയിൽ ആൾ കാത്ത് നിൽക്കുകയായിരുന്നു. അതിമനോഹരമായി ചിരിച്ചുകൊണ്ട്.
“താങ്ക്യൂ മാഡം, കം…”
അയാളോടൊപ്പം ഹോസ്‌പിറ്റൽ കഫ്റ്റീരിയായിലേക്ക് നടക്കുമ്പോൾ ഡോൾസ് ആൻഡ് ഗബാനയുടെ മദിപ്പിക്കുന്ന ഇളം സൗരഭ്യം അയാളുടെ ദേഹത്ത്നിന്നും പ്രസരിച്ചു.
“ആ കോർണറിൽ ഇരിക്കാം, മാഡം…”
കാറ്റിലിളകുന്ന അശോകമരങ്ങളുടെ സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന കോർണറിലേക്ക് അയാൾ തന്നെ നടത്തി.
മുഖാമുഖം ഇരുന്നു കഴിഞ്ഞ് അയാൾ തന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
ഇയാൾക്ക് വല്ല സിനിമയിലും റൊമാൻറ്റിക് ഹീറോയായി അഭിനയിക്കാൻ പൊയ്ക്കൂടേ? അയാളുടെ പുഞ്ചിരി കണ്ടപ്പോൾ താൻ ആദ്യം വിചാരിച്ചത് അതാണ്.
