“ഒരു മണിക്കൂറിൽ കൂടുതൽ ആകും,”
“ഒരു മണിക്കൂറോ? എന്നേത്തിന്?”
“അപ്പച്ചാ ആ കൊച്ച് യൂറോപ്പിലേക്ക് അല്ലെ പോകുന്നെ? ഞാൻ ചെക്കപ്പ് ചെയ്‌തു എന്തേലും ട്രബിൾ വന്ന എനിക്കെതിരെ ആക്ഷൻ ഉണ്ടാവും..നമ്മടെ നാട് പോലെയല്ല…പിഴവ് ഒന്നും ഇല്ലാതെ സർട്ടിഫൈ ചെയ്യണമെങ്കി ടൈം എടുത്ത് ചെയ്യണം.പ്രത്യേകിച്ചും ഒരു ട്രാൻസ്ജെൻഡർ ആകുമ്പം…അവരുടെ ജെനിറ്റൽ ഏരിയ റിപ്പോർട്ടിങ് പ്രത്യേകിച്ചും…”
അപ്പോൾ ഫ്രാൻസീസ് ചിരിക്കുന്നത് അവൾ കേട്ടു.
“അപ്പച്ചൻ ചിരിക്കുവാന്നോ? എന്നാ കേട്ടിട്ട്?”
“അല്ല അവളുടെ മുള്ളുന്ന സാധനം ഒക്കെ ശരിക്കും പരിശോധിക്കുന്ന കാര്യം ഓർത്തപ്പോൾ ചിരി വന്നതാടീ കൊച്ചെ…”
“അപ്പച്ചാ, ഈ ടൈമിൽ ജോക്കടിക്കല്ലേ…”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“എടീ മോളെ അപ്പച്ചൻ ചിരിച്ചൂന്നുള്ളത് നേരാ…”
ഫ്രാൻസീസ് തുടർന്ന് പറഞ്ഞു.
“എന്നാ അത് നിന്നെ കളിയാക്കീട്ടൊന്നുവല്ല കേട്ടോ…അപ്പൊ ആ കൊച്ചിനോട് വരാൻ പറയുവാ കേട്ടോ..”
“ആ പറ…”
അവൾ മനസ്സില്ലാമനസ്സോടെ പറഞ്ഞു.
ഇതിൽഭേദം ഹോസ്പിറ്റലിൽ പോകുന്നതായിരുന്നു.
“ഒന്ന് ഹാപ്പിയായി പറയെടീ കൊച്ചെ..നീയെന്റെ ചക്കരയല്ലെടീ…”
“ഒന്ന് പോ അപ്പച്ചാ, ഞാൻ ഹാപ്പിയായി തന്നെയാ പറഞ്ഞെ! അപ്പച്ചന്റെ ഒരു പുന്നാരം!”
“അതെന്നാടീ, നീയെന്റെ അലക്സിന്റെ പെണ്ണല്ലേ? എന്‍റെ മോളല്ല്യോ നീ? എനിക്ക് നിന്നെ പുന്നാരിക്കത്തില്ലേ?”
“ഹ്മ്മ്…”
ജെന്നിഫർ ചിരിച്ചു.
“മതി മതി! അപ്പച്ചൻ അവളോട് വരാൻ പറ…”
അവൾ കുളിമുറിയിലേക്ക് കയറി. വലിയ കണ്ണാടിയിൽ ഒന്ന് നോക്കി.
കുറെ സമയം സ്വയം നോക്കി നിന്നു.
നാല്പത്തി രണ്ട് വയസ്സായി മോളെ, നിനക്ക് . ഇരുപത് വയസ്സുള്ള മകന്റെ അമ്മയാണ് നീ. സ്വയം കണ്ണാടി നോക്കി അഹങ്കരിച്ചത് മതി, അവൾ സ്വയം പറഞ്ഞു.
പത്തൊൻപതാം വയസ്സിൽ കഴിഞ്ഞ വിവാഹമാണ് തന്‍റെ.
ഒന്നാം സെമസ്റ്റർ ചെയ്യുമ്പോൾ ആണ് ഹോസ്റ്റലിലേക്ക് അമ്മയുടെ കോൾ. പപ്പായുടെ സ്ഥിതി ഗുരുതരമാണ്, വേഗം വരിക. ഓടിവന്നപ്പോൾ ശരിയാണ്. ഇനിയൊരു ദിവസം ബാക്കിയില്ല എന്ന് സംശയിക്കുന്ന അവസ്ഥയിലാണ് പപ്പാ. കുരുമുളക് പറിക്കുമ്പോൾ മരത്തിൽ നിന്ന് വീണതാണ്. തലയിടിച്ച് പാറയിൽ. ജീവിക്കുമെന്ന് കരുതിയതല്ല. എങ്കിലും രണ്ടു വർഷം രോഗക്കിടക്കയിലാണെങ്കിലും ദൈവം ആയുസ്സനുവദിച്ചു. പപ്പായെ ആ അവസ്ഥയിൽ കണ്ടിട്ട് മെഡിസിൻ പഠിക്കാൻ പോകാൻ തനിക്ക് പറ്റില്ലായിരുന്നു. മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ച മനുഷ്യനായിരുന്നു. താനായിരുന്നു പപ്പയ്ക്ക് എല്ലാം. തനിക്ക് അമ്മയേക്കാൾ പ്രിയം പപ്പയോടും.
“മോളെ…”
തന്നെ അടുത്തേക്ക് വിളിച്ഛ് പപ്പാ അന്ന് പറഞ്ഞു. അമ്മയും ഇച്ചായനും ഒഴികെ മറ്റുള്ളവരോട് പുറത്തിറങ്ങി നിൽക്കാൻ പപ്പാ പറഞ്ഞിരുന്നു.
“എനിക്ക് നിൻറ്റെ കല്യാണം കാണണം…”
അത് കേട്ട് താൻ അമ്പരന്നു.
“കല്യാണമോ? പപ്പാ ജെന്നി മോള് പഠിക്കുവല്ലേ?”
ഇച്ചായനും അതിനെ എതിർത്തു.
“ജെയിനെ…”
പപ്പാ ഇച്ചായനോട് പറഞ്ഞു.
“എനിക്ക് സമാധാനത്തോടെ പോണങ്കി എന്‍റെ കൊച്ച് മിന്നു കെട്ടുന്നത് എനിക്ക് കാണണം….അല്ലെങ്കി എന്‍റെ ആത്മാവിനു മോക്ഷം കിട്ടുവേല…”
പപ്പായുടെ ആവശ്യം കേട്ട് എല്ലാവരും അമ്പരന്ന് മുഖാമുഖം നോക്കി.
“പപ്പാ അതിന് എടിപിടീന്ന് കല്യാണം ഒക്കെ എങ്ങനെയാ? ജെന്നി കൊച്ചല്ലേ? അവളുടെ പടുത്തം…പപ്പയല്ലേ പറഞ്ഞെ അവളെ ഡോക്റ്ററാക്കണം എന്ന്? കെട്ടിച്ചു വിട്ടാ മോൾടെ പടുത്താം പോകത്തില്ലേ? മാത്രോവല്ല എങ്ങനെയാ മോൾക്ക് പറ്റിയ ഒരു ചെറുക്കനെ പെട്ടെന്ന് കണ്ടുപിടിക്കുന്നെ?”
ഇച്ചായന്‍ പപ്പയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
“അതൊന്നും ഒരു കൊഴപ്പോം ഇല്ലാതെ നടന്നോളും…”
പപ്പാ പറഞ്ഞു.
“ഇവളെ കെട്ടാൻ പോകുന്നത് വേറെ ആരുവല്ല. മാളിയേക്കലെ പ്രാഞ്ചീടെ മോൻ അലക്സ് കുട്ടിയാ … മോൾടെ കോളേജില് മോളെക്കാളും രണ്ടു ക്ലാസ്സ് മുമ്പി പഠിക്കുവാ അലക്സ് കുട്ടി. മിനിങ്ങാന്നു പ്രാഞ്ചീ എന്നെക്കാണാൻ വന്നില്ലേ? അപ്പം അവനാ എന്നോട് ഈ കാര്യം പറഞ്ഞെ. മോളെ അവൻ കോളജിൽ വെച്ച് കണ്ടിട്ടുണ്ട്. മോളെ ഇഷ്ടവായി. അതവൻ വന്ന് അവന്‍റെ അപ്പനോട് പറഞ്ഞു. കണ്ടോ! നല്ല നേരും നെറീം ഒള്ള ചെറുക്കനായത് കൊണ്ടല്ലേ കാര്യം വന്ന് അവൻ അവന്‍റെ അപ്പനോട് നേരിട്ട് പറഞ്ഞെ? ഇന്നത്തെ കാലത്ത് പ്രേമം ഒക്കെ ഒണ്ടായാൽ ഒളിച്ചോട്ടം കഴിഞ്ഞേ കാർന്നോമ്മാര് അറിയത്തുള്ളൂ…”
“മാളിയേക്കലെ ഫ്രാന്‍സീസ് ചേട്ടനോ?”
ഇച്ചായനും മമ്മിയും അട്ഭുതപ്പെട്ട് മുഖാമുഖം നോക്കി കണ്ണുമിഴിച്ചു.
