പീ .കെ Like

എന്റെ പേര് മണിയൻ , കുറച്ചു പഴയ കാലമാണ് , ഞാൻ +2 പാസായപ്പോൾ പത്തു പതിനെട്ട് വയസ്സായി, എന്റെ അപ്പന് മരത്തിൽ കയറ്റം ,വരമ്പ് ഉണ്ടാക്കൽ ഒക്കെ ആയിരുന്നു പണി, പണിയൊക്കെ കഴിഞ്ഞാലും വീട്ടിൽ അങ്ങിനെ ഒന്നും കൊണ്ടുവരാറില്ലായിരുന്നു, കുടി തന്നെ കാരണം, കുടിക്കാൻ പണം ഇല്ലേൽ അമ്മയുടെ കുടുക്ക തല്ലിപൊട്ടിക്കാനും ഒരു മടിയും ഇല്ലായിരുന്നു, ഞങ്ങൾ ഉണ്ണിത്താൻ സാറിന്റെ പറമ്പിലെ കുടികിടപ്പുകാരായിരുന്നു.

കുടിക്കാൻ കാശില്ലാതെ വരുമ്പോൾ അപ്പൻ ഉണ്ണിത്താൻ സാറിന്റെ തെങ്ങിൽ കേറി കുലയോട് തേങ്ങാ പറിച്ചു കൊണ്ട് പോയി വിൽക്കുമായിരുന്നു, അതുകൊണ്ടൊക്കെ അങ്ങേർക്ക് ഞങ്ങളെ കണ്ണുകീറിയാൽ കണ്ടു കൂടായിരുന്നു. അയാൾ പറമ്പ് നോക്കാൻ വല്ലപ്പോഴും വരുമ്പോൾ എന്റെ കുടിലിന്റെ അടുത്തുള്ള തെങ്ങിൽ ഒരു തേങ്ങയും കാണാറില്ലായിരുന്നു. സാറിന്റെ ദേഷ്യമെല്ലാം എന്റെ അടുത്താണ് തീർക്കുന്നത് , പിറ്റേന്ന് രാവിലെ ക്ലാസിൽ വന്നു ഏ പ്ലസ് ബി ദി ഹോൾ സ്‌ക്വയർ എന്തുവാടാ എന്ന് ചോദിച്ചു എന്നെ തല്ലിച്ചതക്കും, ഞാൻ അത് കാണാതെ പഠിക്കാൻ ശ്രമിക്കാറുണ്ട് വീട്ടിൽ ഇരുന്നു പറയുമ്പോൾ ശരിയുമാണ് പക്ഷെ ഉണ്ണിത്താൻ സാർ എന്റെ അടുത്ത് ചൂരലുമായി വരുമ്പോൾ പഠിച്ചതെല്ലാം ഞാൻ മറന്നു പോകും.

എനിക്ക് ആകെ ഉള്ളത് ആരോ തന്ന പഴയ രണ്ടു കാക്കി നിക്കർ ആണ്. സാറിന്റെ ചൂരൽ പ്രയോഗം കഴിയുമ്പോൾ അത് മിക്കവാറും കീറിയിരിക്കും. ലംപ്സം ഗ്രാന്റ് എന്നൊരു സാധനം ഉണ്ട് , അത് കിട്ടുമ്പോൾ നല്ല നിക്കറും ഉടുപ്പും വാങ്ങിച്ചു തരാമെന്നു അമ്മ പറഞ്ഞാണ് ഞാൻ സ്‌കൂളിൽ പോകാറ് , ഏതാണ്ട് ഓണം ആകും ആ ഗ്രാന്റ് വരാൻ. വരുന്ന ദിവസം ഉണ്ണിത്താൻ സാറിന് കലി കൂടും ,”എല്ലാ പേലെനും കുറവനും മണ്ണാനും വേലനും എല്ലാം എഴുന്നേൽക്ക് “, ആദ്യം കുറെ നേരം എഴുന്നേൽപ്പിച്ചു നിർത്തി കുറെ അപഹസിക്കും , നിന്നെ ഒക്കെ ഹെഡ് മാസ്റ്റർ വിളിക്കുന്നു , നിനക്കൊക്കെ ഓണത്തിന് സർക്കാർ പണം വന്നിരിക്കുന്നു ചെന്ന് മേടിക്ക് ”
ഞങ്ങൾ എല്ലാം വരിവരിയായി ഹെഡ്‌മാസ്റ്റർന്റെ മുറിക്കു മുന്നിൽ വരിയായി നില്കും, ജോസഫ് സാർ ആണ് പണം തരുന്നത്, അദ്ദേഹം കാണിക്കുന്ന പേപ്പറിൽ ഒപ്പിടണം, സാർ തരുന്ന പണം വാങ്ങി പോകണം. ഹെഡ് മാസ്റ്റർ വഴക്കൊന്നും പറയാറില്ല, എല്ലാരും നല്ല ഉടുപ്പും ഒക്കെ വാങ്ങി നന്നായി പഠിക്കണം, ഞാൻ ചെന്നപ്പോൾ സാർ ഒപ്പിടുവിച്ചു , ഞാൻ പണത്തിനു കൈ നീട്ടിയപ്പോൾ ,”നിന്റെ അപ്പൻ വന്നു വാങ്ങിച്ചോണ്ട് പോയി “, എന്ന് സാർ പറഞ്ഞു. എനിക്ക് സങ്കടം സഹിക്കാതെ ആയി ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ ഏതു ക്‌ളാസിനു പഠിക്കുന്നു എന്ന് പോലും അറിയാത്ത അപ്പൻ ലംപ്സം ഗ്രാന്റ് വന്നത് എങ്ങിനെ അറിഞ്ഞു, സാർ പറഞ്ഞത് ഉള്ളതാണോ, എന്റെ കരച്ചിൽ കേട്ട ഹെഡ്‌മാസ്റ്റർ ജോസഫ് സാറിനോട് ചോദ്യ രൂപത്തിൽ നോക്കി, “ഇവന്റെ അപ്പൻ രാവിലെ മുതൽ ഇവിടെ നിന്ന് ശല്യമാണ് സാർ ,ഒടുക്കം ഞാൻ കൊടുത്തു അല്ലാതെ അയാൾ പോകത്തില്ല, ഹെഡ് മാസ്റ്റർ എന്നെ ചേർത്ത് നിർത്തി തന്റെ കൈയിൽ നിന്നും പത്തു രൂപ തന്നു, “നീ ഇപ്പോൾ പോ അടുത്ത ടേമിൽ നിന്റെ കയ്യിൽ തന്നെ തരാം ” എന്ന് പറഞ്ഞു.

ക്ലാസിൽ ചെല്ലുമ്പോൾ ഉണ്ണിത്താൻ സാർ എന്നോട് മാത്രം ചോദിക്കും “എത്ര കിട്ടിയെടാ ലംസം ഗ്രാന്റ് ?” ,ഞാൻ ഒന്നും പറയില്ല അപ്പോൾ അയാൾ ” ഞാനാടാ നിന്റെ അപ്പനോട് പറഞ്ഞത് നിനക്ക് സ്‌കൂളിൽ നിന്ന് കാശ് കിട്ടും എന്ന് , പഠിക്കാത്ത നിനക്കെന്തിനാടാ കാശ് സർക്കാർ തരുന്നത് ?”

അതും കൂടെ കേൾക്കുമ്പോൾ ഞാൻ അരിശവും സങ്കടവും കടിച്ചമർത്തും വീട്ടിൽ ചെന്ന് അമ്മയുടെ അടുത്ത് ചെന്നാണ് ഒരു പൊട്ടിക്കരച്ചിൽ.

“സാരമില്ല ആ കാലമാടൻ കൊണ്ട് കള്ളു കുടിക്കട്ടെ , നേരത്തെ അറിഞ്ഞെങ്കിൽ അമ്മ വന്നു വാങ്ങിച്ച്‌ നിന്റെ കയ്യിൽ തന്നേനെ “.അന്ന് അപ്പൻ വെള്ളമടിച്ചു വന്നപ്പോൾ അമ്മ കുറെ വഴക്കു കൂടി ബാക്കി ഉള്ള പണം വാങ്ങി എനിക്ക് തന്നു.

Leave a Reply

Your email address will not be published. Required fields are marked *