പീ .കെ

എന്റെ പേര് മണിയൻ , കുറച്ചു പഴയ കാലമാണ് , ഞാൻ +2 പാസായപ്പോൾ പത്തു പതിനെട്ട് വയസ്സായി, എന്റെ അപ്പന് മരത്തിൽ കയറ്റം ,വരമ്പ് ഉണ്ടാക്കൽ ഒക്കെ ആയിരുന്നു പണി, പണിയൊക്കെ കഴിഞ്ഞാലും വീട്ടിൽ അങ്ങിനെ ഒന്നും കൊണ്ടുവരാറില്ലായിരുന്നു, കുടി തന്നെ കാരണം, കുടിക്കാൻ പണം ഇല്ലേൽ അമ്മയുടെ കുടുക്ക തല്ലിപൊട്ടിക്കാനും ഒരു മടിയും ഇല്ലായിരുന്നു, ഞങ്ങൾ ഉണ്ണിത്താൻ സാറിന്റെ പറമ്പിലെ കുടികിടപ്പുകാരായിരുന്നു.

കുടിക്കാൻ കാശില്ലാതെ വരുമ്പോൾ അപ്പൻ ഉണ്ണിത്താൻ സാറിന്റെ തെങ്ങിൽ കേറി കുലയോട് തേങ്ങാ പറിച്ചു കൊണ്ട് പോയി വിൽക്കുമായിരുന്നു, അതുകൊണ്ടൊക്കെ അങ്ങേർക്ക് ഞങ്ങളെ കണ്ണുകീറിയാൽ കണ്ടു കൂടായിരുന്നു. അയാൾ പറമ്പ് നോക്കാൻ വല്ലപ്പോഴും വരുമ്പോൾ എന്റെ കുടിലിന്റെ അടുത്തുള്ള തെങ്ങിൽ ഒരു തേങ്ങയും കാണാറില്ലായിരുന്നു. സാറിന്റെ ദേഷ്യമെല്ലാം എന്റെ അടുത്താണ് തീർക്കുന്നത് , പിറ്റേന്ന് രാവിലെ ക്ലാസിൽ വന്നു ഏ പ്ലസ് ബി ദി ഹോൾ സ്‌ക്വയർ എന്തുവാടാ എന്ന് ചോദിച്ചു എന്നെ തല്ലിച്ചതക്കും, ഞാൻ അത് കാണാതെ പഠിക്കാൻ ശ്രമിക്കാറുണ്ട് വീട്ടിൽ ഇരുന്നു പറയുമ്പോൾ ശരിയുമാണ് പക്ഷെ ഉണ്ണിത്താൻ സാർ എന്റെ അടുത്ത് ചൂരലുമായി വരുമ്പോൾ പഠിച്ചതെല്ലാം ഞാൻ മറന്നു പോകും.

എനിക്ക് ആകെ ഉള്ളത് ആരോ തന്ന പഴയ രണ്ടു കാക്കി നിക്കർ ആണ്. സാറിന്റെ ചൂരൽ പ്രയോഗം കഴിയുമ്പോൾ അത് മിക്കവാറും കീറിയിരിക്കും. ലംപ്സം ഗ്രാന്റ് എന്നൊരു സാധനം ഉണ്ട് , അത് കിട്ടുമ്പോൾ നല്ല നിക്കറും ഉടുപ്പും വാങ്ങിച്ചു തരാമെന്നു അമ്മ പറഞ്ഞാണ് ഞാൻ സ്‌കൂളിൽ പോകാറ് , ഏതാണ്ട് ഓണം ആകും ആ ഗ്രാന്റ് വരാൻ. വരുന്ന ദിവസം ഉണ്ണിത്താൻ സാറിന് കലി കൂടും ,”എല്ലാ പേലെനും കുറവനും മണ്ണാനും വേലനും എല്ലാം എഴുന്നേൽക്ക് “, ആദ്യം കുറെ നേരം എഴുന്നേൽപ്പിച്ചു നിർത്തി കുറെ അപഹസിക്കും , നിന്നെ ഒക്കെ ഹെഡ് മാസ്റ്റർ വിളിക്കുന്നു , നിനക്കൊക്കെ ഓണത്തിന് സർക്കാർ പണം വന്നിരിക്കുന്നു ചെന്ന് മേടിക്ക് ”
ഞങ്ങൾ എല്ലാം വരിവരിയായി ഹെഡ്‌മാസ്റ്റർന്റെ മുറിക്കു മുന്നിൽ വരിയായി നില്കും, ജോസഫ് സാർ ആണ് പണം തരുന്നത്, അദ്ദേഹം കാണിക്കുന്ന പേപ്പറിൽ ഒപ്പിടണം, സാർ തരുന്ന പണം വാങ്ങി പോകണം. ഹെഡ് മാസ്റ്റർ വഴക്കൊന്നും പറയാറില്ല, എല്ലാരും നല്ല ഉടുപ്പും ഒക്കെ വാങ്ങി നന്നായി പഠിക്കണം, ഞാൻ ചെന്നപ്പോൾ സാർ ഒപ്പിടുവിച്ചു , ഞാൻ പണത്തിനു കൈ നീട്ടിയപ്പോൾ ,”നിന്റെ അപ്പൻ വന്നു വാങ്ങിച്ചോണ്ട് പോയി “, എന്ന് സാർ പറഞ്ഞു. എനിക്ക് സങ്കടം സഹിക്കാതെ ആയി ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ ഏതു ക്‌ളാസിനു പഠിക്കുന്നു എന്ന് പോലും അറിയാത്ത അപ്പൻ ലംപ്സം ഗ്രാന്റ് വന്നത് എങ്ങിനെ അറിഞ്ഞു, സാർ പറഞ്ഞത് ഉള്ളതാണോ, എന്റെ കരച്ചിൽ കേട്ട ഹെഡ്‌മാസ്റ്റർ ജോസഫ് സാറിനോട് ചോദ്യ രൂപത്തിൽ നോക്കി, “ഇവന്റെ അപ്പൻ രാവിലെ മുതൽ ഇവിടെ നിന്ന് ശല്യമാണ് സാർ ,ഒടുക്കം ഞാൻ കൊടുത്തു അല്ലാതെ അയാൾ പോകത്തില്ല, ഹെഡ് മാസ്റ്റർ എന്നെ ചേർത്ത് നിർത്തി തന്റെ കൈയിൽ നിന്നും പത്തു രൂപ തന്നു, “നീ ഇപ്പോൾ പോ അടുത്ത ടേമിൽ നിന്റെ കയ്യിൽ തന്നെ തരാം ” എന്ന് പറഞ്ഞു.

ക്ലാസിൽ ചെല്ലുമ്പോൾ ഉണ്ണിത്താൻ സാർ എന്നോട് മാത്രം ചോദിക്കും “എത്ര കിട്ടിയെടാ ലംസം ഗ്രാന്റ് ?” ,ഞാൻ ഒന്നും പറയില്ല അപ്പോൾ അയാൾ ” ഞാനാടാ നിന്റെ അപ്പനോട് പറഞ്ഞത് നിനക്ക് സ്‌കൂളിൽ നിന്ന് കാശ് കിട്ടും എന്ന് , പഠിക്കാത്ത നിനക്കെന്തിനാടാ കാശ് സർക്കാർ തരുന്നത് ?”

അതും കൂടെ കേൾക്കുമ്പോൾ ഞാൻ അരിശവും സങ്കടവും കടിച്ചമർത്തും വീട്ടിൽ ചെന്ന് അമ്മയുടെ അടുത്ത് ചെന്നാണ് ഒരു പൊട്ടിക്കരച്ചിൽ.

“സാരമില്ല ആ കാലമാടൻ കൊണ്ട് കള്ളു കുടിക്കട്ടെ , നേരത്തെ അറിഞ്ഞെങ്കിൽ അമ്മ വന്നു വാങ്ങിച്ച്‌ നിന്റെ കയ്യിൽ തന്നേനെ “.അന്ന് അപ്പൻ വെള്ളമടിച്ചു വന്നപ്പോൾ അമ്മ കുറെ വഴക്കു കൂടി ബാക്കി ഉള്ള പണം വാങ്ങി എനിക്ക് തന്നു.

എല്ലാ കൊല്ലവും ഇങ്ങിനെ ആണ് , രണ്ടാമത്തെ ടേം ആകുന്നതിനു മുമ്പ് ഞാൻ പഠിത്തം നിർത്തും. വയലിൽ കിളിയെ അടിക്കാമോ പോത്തിനെ തീറ്റാനോ പോകും, പഠിത്തം മുടങ്ങി പതിനെട്ട് വയസ്സായി ക്‌ളാസിൽ എത്തിച്ചേരാൻ. ഇന്നത്തെ പോലെ പരീക്ഷക്ക് പോകുന്ന എല്ലാവര്ക്കും എ പ്ലസ് വാരിക്കൊടുക്കുന്ന കാലം അല്ലായിരുന്നു അത് ,

പിറ്റേന്ന് മഴയായിരുന്നു. ഞാൻ ബുക്കും സഞ്ചിയും തലയിൽ പിടിച്ചു നനഞ്ഞു കുതിര്ന്നാണ് ക്‌ളാസിൽ ചെന്നത് , എന്നെ പിള്ളേർ കൂകി വിളിച്ചു. പീ കെ , പീ കെ എന്ന് ഇരട്ടപ്പേര് വിളിച്ചു. എന്തിനാണ് എന്നെ പീ കെ, പീ കെ എന്ന് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, അത് കൊണ്ട് തന്നെ അങ്ങിനെ വിളിച്ചാൽ ഞാൻ എന്തിനു കരയുന്നു എന്ന് ടീച്ചർമാർക്കും മനസ്സിലായില്ല.

അടുത്ത ദിവസം വൈകിട്ട് ഞാൻ സ്‌കൂൾ വിട്ടു ചെന്നപ്പോൾ അപ്പന്റെ മൃത ശരീരം വീട്ടിൽ പുതപ്പിച്ചു കിടത്തിയിരിക്കുകയാണ്. ഹൃദയം സ്തംഭിച്ചു അങ്ങേരു മരിച്ചു. ഉണ്ണിത്താന്റെ തെങ്ങിൽ കേറി കൊണ്ടിരുന്നപ്പോൾ നെഞ്ചു വേദന വന്നു ഉരഞ്ഞു താഴേക്കു പോന്നു, നെഞ്ചെല്ലാം കീറി ചോര ആയിരുന്നു. വീടിന്റെ താങ്ങു അതോടെ പോയി .
അപ്പന് കള്ളിറങ്ങിയപോൾ വിഷമം ഉണ്ടായി എന്ന് അമ്മ പറഞ്ഞു, പക്ഷെ അത് കൊണ്ട് മരിക്കും എന്ന് ആരറിഞ്ഞു. അപ്പൻ മരിച്ചതോടെ ഞങ്ങളെ കുടിയിറക്കാൻ ഉണ്ണിത്താൻ സാർ കുറെ ശ്രമിച്ചു. ഞങ്ങൾ എവിടെ പോകാൻ , അമ്മ പശുവിനേം ആടിനേം ഒക്കെ വളർത്തിയിരുന്നു, തോട്ടിൽ പോയി ഞണ്ടു പിടിക്കുമായിരുന്നു, കൊച്ചു ഞണ്ടും കപ്പളങ്ങയും ചേർത്ത് ഒരു ഒഴിച്ച് കറി ഉണ്ടാക്കുമായിരുന്നു അതും ചോറും ആണ് മിക്കവാറും രണ്ടു നേരം കിട്ടാറു , രാത്രീൽ ഒക്കെ മിക്കവാറും പട്ടിണി ആയിരുന്നു ആ കാലം. ഞങ്ങൾ താമസിക്കുന്ന പറമ്പിലെ കപ്പളങ്ങ ചെടികൾ കോഴിയുടെയും ആടിന്റേയും കാഷ്ടം കൊണ്ടോ പശുവിന്റെ ചാണകം കൊണ്ടോ എല്ലാ സമയവും കപ്പളങ്ങ പല വലിപ്പത്തിൽ ഉണ്ടാകുമായിരുന്നു, ഒന്നും ഒരിക്കലും പഴുക്കുന്നത് വരെ മരത്തിൽ നിന്നിട്ടുമില്ല. അമ്മക്ക് മാത്രമേ ആ കപ്പളങ്ങ കറി ഉണ്ടാക്കാൻ കഴിയുമായിരുന്നുള്ളൂ, അത് മാത്രം ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം.അന്നും ഇന്നും ആ കറിയുണ്ടെങ്കിൽ ഞാൻ ഇഷ്ടം പോലെ ചോറുണ്ണും. , ഞണ്ടിന്റെ ഒരു പൊടി അംശം മാത്രമേ പലപ്പോഴും കാണു പക്ഷെ വിശന്നു ചോറിൽ അതൊഴിക്കുമ്പോൾ വല്ലാത്ത ഒരു രുചി ആണ് .

അന്ന് ഉണ്ണിത്താൻ സാർ വലിയ ഒരു രജിസ്റ്റർ ആയിട്ടാണ് വന്നത് ക്ലാസ് പരീക്ഷക്കുള്ള രജിസ്റ്റർ തയാറാക്കൽ ആയിരുന്നു. ക്ലാസിൽ എല്ലാവരും മുണ്ടു ഉടുക്കാൻ തുടങ്ങിയിരുന്നു, ഞാൻ മാത്രം ആയിരുന്നു നിക്കർ ധരിക്കുന്നത്, പൊക്കവും വച്ചു, എന്റെ അയല്‍വക്കത്തുള്ള ജോപ്പൻ ഒരു ടെയ്‌ലർ ആണ് , ജോപ്പന്റെ കടയിൽ വരുന്ന പല പോലീസുകാരുടെയും യൂണിഫോം അടിച്ച തുണിയുടെ ബാക്കി കൊണ്ട് എല്ലാ കൊല്ലവും അയാൾ രണ്ടു നിക്കർ അടിച്ചു തരുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *