Related Posts
വൈകി… പക്ഷേ ഇപ്രാവശ്യവും പേജ് കുറവാണ്. തിരക്കുകൾ ഞാൻ എന്റെ വാളിൽ പറഞ്ഞിരുന്നു. അതിനേക്കാൾ എന്റെ മൂഡ് കളഞ്ഞത് എഴുതിവച്ച കുറേ ഭാഗം നഷ്ടപ്പെട്ടു പോയി എന്നതാണ്. വീണ്ടും അത് എഴുതാനുള്ള മൂഡ് വരാൻ സമയമെടുത്തു.
എന്തായാലും വായിച്ച് അഭിപ്രായം അറിയിക്കൂ. സ്നേഹം ❤
പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ പരിഹസിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി.
ആരും കാണാതെ വാശിയോടെ അത് തുടച്ചുകളഞ്ഞപ്പോൾ താടകയോടൊരുതരം വാശിയായിരുന്നു എന്നിൽ നിറഞ്ഞത്.
സഹിച്ചതും ക്ഷമിച്ചതും ഒക്കെ മതി ഇനിയങ്ങോട്ട് പണിക്ക് മറുപണി…!എന്ന് എന്റെയുള്ളിൽ ആരൊ അലറി വിളിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
അതേ…. ഇനിയങ്ങോട്ട് പണിക്ക് മറുപണി!
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അവരിൽനിന്ന് നോട്ടം മാറ്റി ഞാൻ തിരിഞ്ഞുനിന്നു. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നപോലെ തോന്നുന്നു.
അല്പം മുന്നേ മാത്രം ഞാൻ തിരിച്ചറിഞ്ഞ പ്രണയം കരിഞ്ഞുണങ്ങിയിരിക്കുന്നു. അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന ചിന്ത അതിനെ കരിയിച്ചു കളഞ്ഞു. എനിക്കവളോട് ഇഷ്ടം തോന്നിയെന്ന് വച്ച് അവൾക്ക് അത് തോന്നണമെന്ന് ഇല്ലല്ലോ.
അല്ലേലും സ്നേഹം പിടിച്ചുവാങ്ങേണ്ടതല്ലല്ലോ.
ന്യായങ്ങൾ നിരവധി മനസിൽ നിറഞ്ഞെങ്കിലും എന്റെയുള്ളം കിടന്ന് പിടക്കുകയായിരുന്നു.
അല്പം മുൻപ് തോന്നിയ വാശിയൊന്നും ഇപ്പൊ അവളോട് തോന്നുന്നില്ല. പക്ഷേ ഇനി ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ ആവും എന്റെ പെരുമാറ്റം എന്ന് അതിനോടകം ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
ഞാൻ മൗനമായത് കണ്ട് അല്ലിയെന്നെ തിരിഞ്ഞുനോക്കി. ജിൻസിയും അമ്മുവും കാര്യമായ എന്തോ സംസാരത്തിലാണ്. ജിൻസി ഇപ്പോഴും അഭിരാമിയെ കണ്ടിട്ടില്ല.
എന്റെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ ഞാൻ വീണ്ടും അവരോടൊപ്പം ഇരുന്നു.
അവർ എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. പക്ഷേ അല്ലി അപ്പോഴും എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ഇരിപ്പായിരുന്നു.
” നമുക്ക് പോവാം… ”
അല്ലി എന്നെ നോക്കിത്തന്നെ ആയിരുന്നു അത് ചോദിച്ചത്.
എത്ര മറച്ചുപിടിക്കാൻ നോക്കിയാലും എന്റെ മുഖത്തെ ഭാവങ്ങൾ അല്ലി തിരിച്ചറിയും. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ അവൾ എന്നെ.
എന്തോ എന്നെ അലട്ടുന്നു എന്ന് കണ്ടുതന്നെയാണ് അവൾ അങ്ങാനേ ഒരു ആവശ്യം മുന്നോട്ട് വച്ചത്.
” ന്താ പെട്ടന്ന്…. കുറച്ചൂടെ കഴിഞ്ഞ് പോരെ… വല്ലപ്പോഴുമല്ലേ ഇങ്ങനെ പുറത്ത് പോണുള്ളൂ…”
ജിൻസിക്ക് അവിടന്ന് പോരണം എന്ന് ഇല്ലായിരുന്നു.
” വയ്യേച്ചി… എന്തോ തലവേദന പോലെ…”
അല്ലിയോന്ന് മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
പിന്നേ ഒന്നും പറയാതെ ഞാൻ എണീറ്റ് കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടന്നു. പിന്നാലെ ബാക്കി ഉള്ളവരും.
ഞാൻ സാധാരണ പോലെ എല്ലാവരോടും സംസാരിച്ചു. കളിയും ചിരിയും ഒക്കെ ആയിട്ടാണ് തിരിച്ചുപോയത്. പക്ഷേ പിൻസീറ്റിൽ ഇരുന്ന അല്ലി നിശബ്ദമായി കാറിനകത്തെ റിയർ വ്യൂ മിറർ വഴി എന്നെത്തന്നെ വീക്ഷിക്കുകയായിരുന്നു.
എന്റെ മനസിലെന്തോ കുടിങ്ങിക്കിടപ്പുണ്ടെന്ന് മറ്റ് രണ്ടുപേർക്കും മനസിലായില്ലെങ്കിലും അവളത് മനസിലാക്കിയിരുന്നു. ജിൻസിയാണ് എന്നോടൊപ്പം മുൻസീറ്റിൽ ഇരുന്നത്.
അവളുടെ ഇടയ്ക്കിടെയുള്ള പാളിയുള്ള നോട്ടങ്ങളിൽ എന്റെ ശ്രെദ്ധ ഉടക്കിയെങ്കിലും അത് മൈൻഡ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
പുറമെ ചിരിക്കുമ്പോഴും ഉള്ളം കിടന്ന് പുകയുകയായിരുന്നു.
പോകും വഴി അമ്മയെ വിളിച്ച് ഫുഡ് ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു. വഴിയിലുള്ള ഒരു ഹോട്ടലിൽ കേറി ഞങ്ങൾ ഭക്ഷണം കഴിച്ചു. അമ്മയ്ക്കും അച്ഛനും ഉള്ളത് പാർസലും വാങ്ങി ഞങ്ങൾ ഇറങ്ങി.
അമ്മുവിനെയും ഇറക്കി എട്ടുമണിയോട് അടുപ്പിച്ച് ആയി ഞങ്ങൾ ഫ്ലാറ്റിൽ എത്തിയപ്പോൾ. അമ്മയോട് പറഞ്ഞ് ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. ഞാൻ നേരെ എന്റെ റൂമിലേക്കും.
