അങ്ങനെ എക്സാം എല്ലാം കഴിഞ്ഞു അവളുടെ സമ്മർ വെക്കേഷൻ തുടങ്ങി. ഞാൻ ആണെങ്കിൽ ബാച്‌ലർസ് അവസാന സെമെസ്റ്റർ പ്രൊജക്റ്റ് ഉം റെക്കോർഡ് വർക്കും ഫൈനൽ എക്സാം എല്ലാം ടീർക്കുന്ന തിരക്കിലും ആയി…
ആ കാലം….അത് വാട്സ്ആപ്പ് ഒക്കെ പുതിയതായി എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിരുന്ന കാലമായിരുന്നു. ഒരു മെസേജ് അയച്ചിട്ട് റിപ്ലൈ വരാൻ കാത്തിരിക്കുന്നതിലും, ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്താൽ അത് അവളാണോ എന്ന് നോക്കുന്നതിലും പോലും അന്നൊരു പ്രത്യേക സന്തോഷമുണ്ടായിരുന്നു.
അവൾക്ക് സ്വന്തമായി ഫോൺ ഇല്ലായിരുന്നു.
അമ്മയുടെ ഫോൺ ആയിരുന്നു അവളുടെ ലോകത്തേക്കുള്ള ഞങ്ങളുടെ ചെറിയ വാതിൽ.
അതുകൊണ്ട് ഞങ്ങളുടെ സംസാരത്തിനും അതിന്റേതായ ചില നിയമങ്ങളുണ്ടായിരുന്നു.
അവൾക്ക് സൗകര്യമുള്ളപ്പോൾ മാത്രം വിളിക്കാം.
വീട്ടിൽ ആരുമില്ലാത്തപ്പോൾ മാത്രം നീണ്ട സംസാരങ്ങൾ.
അമ്മ ഫോൺ അന്വേഷിക്കുന്നതിന് മുമ്പ് എല്ലാം ശരിയാക്കണം.
എന്റെ പേര് പോലും അവൾ സ്വന്തം പേരിൽ സേവ് ചെയ്തിരുന്നില്ല.
എന്റെ പേര്…
“വിസ്മയ ”
അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ പേര്…
ഒരു ദിവസം സംസാരത്തിനിടക്ക് ഞാൻ അവളോട് ചോദിച്ചു….
“എന്തിനാ എന്റെ പേര് വിസ്മയ എന്ന് സേവ് ചെയ്തിരിക്കുന്നത്?”
“പിന്നെ എന്ത് പേരിൽ save ചെയ്യണം?”
“നിഖിൽ .”
“അത് കണ്ടാൽ അമ്മ ചോദിക്കില്ലേ?”
“അപ്പോൾ?”
“വിസ്മയ സേഫ് ആണല്ലോ, അമ്മ കണ്ടാലും കുഴപ്പം ആവില്ലല്ലോ മണ്ട.”
“അപ്പോൾ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണല്ലേ?”
“അതെ.”
“അപ്പോൾ വിസ്മയ തന്നെയാണോ ഞാൻ?”
“മ്മ്.”
“അപ്പൊ നിന്റെ ബെസ്റ്റ് ഫ്രണ്ട് -നെ നീ മിസ്സ് ചെയ്യുന്നുണ്ടോ?”
അവൾ ചിരിച്ചുകൊണ്ട് പറയും—
“വളരെ മിസ്സ് ചെയ്യുന്നുണ്ട്.”
അവളുടെ അമ്മയ്ക്ക് കുടുംബശ്രീയുടെ മീറ്റിങ്ങുകൾ ഉണ്ടായിരുന്ന ദിവസങ്ങളായിരുന്നു ഞങ്ങൾക്ക് ഏറ്റവും വലിയ അവസരങ്ങൾ.
അമ്മ
മീറ്റിങ്ങിൽ പോയാൽ, അവൾക്ക് കുറച്ചു സമയം ഫോൺ കിട്ടും.
അപ്പോഴാണ് ചിലപ്പോൾ വീഡിയോ കാൾ പോലും.
ആ കാലത്ത് വീഡിയോ കാൾ എന്നത് തന്നെ ഞങ്ങൾക്ക് ഒരു വലിയ സംഭവം ആയിരുന്നു.
ഫോൺ സ്ക്രീനിൽ അവളുടെ മുഖം തെളിയുമ്പോൾ ഞാൻ കുറച്ചു നേരം ഒന്നും പറയാതെ നോക്കിയിരിക്കും.
“എന്താ ഇങ്ങനെ നോക്കുന്നേ?”
“ഒന്നുമില്ല.”
“കള്ളം.”
“എത്ര നാളായി നേരിട്ട് കണ്ടിട്ട്…”
അവൾ ചെറിയൊരു പുഞ്ചിരിയോടെ പറയും—
“ഇപ്പോഴെങ്കിലും കാണുന്നില്ലേ.”
“ഫോണിൽ കാണുന്നത് മതിയാവുമോ?”
“ഇപ്പോൾ അത്രയേ ഉള്ളൂ.”
അവൾ പറയുന്ന ആ ഒരു വാക്ക് ചിലപ്പോൾ എന്റെ മനസ്സിൽ മുഴുവൻ ദിവസം നിൽക്കും.
ഫോണിലൂടെ എനിക്ക് ഉമ്മ തരും….. ഞാൻ എന്തെങ്കിലും പറഞ്ഞവളെ മൂഡ് ആക്കും ഇടക്, ഇടക് വാശി പിടിപ്പിക്കും….
പലപ്പോഴും അവൾക്കെന്നെ നേരിട്ട് വിളിക്കാൻ പറ്റാത്ത അവസരത്തിൽ
അവളുടെ കൂട്ടുകാരെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ എന്നെയും കോൺഫറൻസ് കാൾ -ൽ ആഡ് ചെയ്യും.
എന്നിട്ട് കൂട്ടുകാരോട് ഫോൺ വെച്ചിട്ട് പോവാൻ ഉത്തരവിട്ടും. അവളുടെ വിചാരം അവൾ ശെരിക് മൗഗ്ലി ആണെന്നാണ്…
അവളുടെ കൂട്ടുകാരികൾക്ക് അവളെ കളിയാക്കികൊണ്ട് നടക്കട്ടെ രണ്ടും കൂടെ എന്ന് പറഞ്ഞു പോവും…
ഞാനും ഒന്നും പറയാതെ ചിരിക്കും.
അങ്ങനെ ഞങ്ങളുടെ പ്രണയം വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയി.
ചെറിയ മെസേജുകൾ.
പെട്ടെന്നുള്ള ഫോൺ വിളികൾ.
രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമുള്ള കുറച്ചു മിനിറ്റ് സംസാരങ്ങൾ.
അവളുടെ “നിഖിലേട്ടാ…” എന്നൊരു വിളി.
എന്റെ “എന്താ അപ്പൂസേ…” എന്നൊരു മറുപടി.
അത്രയൊക്കെയായിരുന്നു ഞങ്ങളുടെ ലോകം.
പക്ഷെ ആ ചെറിയ ലോകത്തിനുള്ളിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നുപോയി.
കാലം മുന്നോട്ട് പോയി.
ഞങ്ങൾ തമ്മിലുള്ള സംസാരവും, സ്നേഹവും, കുറുമ്പും… പതുക്കെ കൂടുതൽ ആഴത്തിലായി.
നേരിൽ കാണാൻ കഴിയാത്ത ദിവസങ്ങളിൽ പോലും,
ഒരു ഫോൺ സ്ക്രീന്റെ മറുവശത്ത് അവൾ ഉണ്ടെന്ന അറിവ് മാത്രം എനിക്ക് മതിയായിരുന്നു.
