അവൾ കട്ടിലിൽ നിന്നിറങ്ങി. അപ്പോഴാണ് മേശപ്പുറത്ത് ഇരിക്കുന്ന ഒരു കാർഡ് അവളുടെ കണ്ണിൽപ്പെട്ടത്. അവൾ അത് കയ്യിലെടുത്തു. കാർഡിലെ പേര് വായിച്ചതും അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.
‘JOHN’
അഞ്ജലി അനങ്ങാതെ നിന്നു. അവളുടെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ ഒരേസമയം കടന്നുപോയി. വൈകുന്നേരത്തെ ആ പരിചയം, സംഭാഷണങ്ങൾ, ക്ലബ്ബിലെ സംഭവങ്ങൾ, രാജേഷിന്റെ പെട്ടെന്നുള്ള ആ അസ്വാഭാവിക പെരുമാറ്റം… പിന്നെ ദാ ഇപ്പോൾ ഈ കാർഡ്! അവൾ പതുക്കെ കട്ടിലിന്റെ അരികിലേക്ക് ഇരുന്നു.
“ഇല്ല…”
അവളുടെ മനസ്സ് ഉടനെ എതിർത്തു.
“രാജേഷേട്ടൻ അങ്ങനെ ചെയ്യില്ല…”
പക്ഷേ ആ ചിന്ത അധികനേരം നിലനിന്നില്ല. കാരണം രാജേഷ് ഇപ്പോൾ മുറിയിലില്ലായിരുന്നു; അവളുടെ കയ്യിൽ ജോണിന്റെ വിസിറ്റിങ് കാർഡും ഉണ്ടായിരുന്നു! മുറിയിലെ നിശബ്ദത പെട്ടെന്ന് അവൾക്ക് അസഹ്യമായി തോന്നി. അവൾ വീണ്ടും കാർഡിലേക്ക് നോക്കി. അറിയാതെ അവളുടെ വിരലുകൾ അതിന്റെ അരികിലൂടെ പതുക്കെ ചലിച്ചു.
സ്വപ്നം… കാർഡ്… രാജേഷിന്റെ അഭാവം… എല്ലാം കൂടിക്കലർന്ന ഒരു വിചിത്രമായ അസ്വസ്ഥത അവളുടെ ഉള്ളിൽ പടരാൻ തുടങ്ങി. മൊബൈൽ എടുത്ത് രാജേഷിന്റെ നമ്പർ ഡയൽ ചെയ്യണമോ എന്ന് രണ്ടു വട്ടം ആലോചിച്ചെങ്കിലും വേണ്ട എന്ന് അവൾ തീരുമാനിച്ചു. കുറച്ചുനേരം കൂടി ആ മുറിയിൽ ഇരുന്നാൽ ശ്വാസം മുട്ടുമെന്ന് അവൾക്ക് തോന്നി.
അഞ്ജലി പതുക്കെ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
കോറിഡോറിൽ ആരുമുണ്ടായിരുന്നില്ല. മങ്ങിയ മഞ്ഞ വെളിച്ചത്തിൽ നീണ്ടുകിടക്കുന്ന ആ വഴിയിലൂടെ അവൾ കുറച്ചുനേരം അനങ്ങാതെ നിന്നു. റിസോർട്ട് മുഴുവൻ ഉറങ്ങിക്കിടക്കുന്നതുപോലെ തോന്നി. കയ്യിൽ ഇപ്പോഴും ജോണിന്റെ വിസിറ്റിങ്
കാർഡ് ഉണ്ടായിരുന്നു. അവൾ അത് അറിയാതെ മുറുകെപ്പിടിച്ചു.
“ഇല്ല… അവളെ കാണുന്നത് എനിക്കിഷ്ടമല്ല എന്നറിയാവുന്ന രാജേഷേട്ടൻ എന്നെ ഒറ്റയ്ക്കാക്കി പോകില്ല…”
സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ മനസ്സിൽ പറഞ്ഞു.
പക്ഷേ സ്വപ്നത്തിലെ ദൃശ്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു. ആ കൊട്ടാരം… ആ രാജസഭ… ജോണിന്റെ ആ വന്യമായ മുഖം… അവൾ അസ്വസ്ഥതയോടെ തലകുലുക്കി.
“എന്തൊക്കെയാണ് ഞാൻ ഈ ചിന്തിക്കുന്നത്…”
സ്വയം ശാസിച്ചുകൊണ്ട് അവൾ മുന്നോട്ട് നടന്നു. ലിഫ്റ്റിന്റെ മുന്നിലെത്തിയപ്പോൾ ഒരു നിമിഷം നിന്നു. പിന്നെ മനസ്സ് മാറ്റി, ലിഫ്റ്റ് വേണ്ടെന്ന് വെച്ച് സ്റ്റെയർകേസിലേക്ക് തിരിഞ്ഞു. കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കണം, അതായിരുന്നു അവളുടെ മനസ്സിലുണ്ടായിരുന്ന ഏക ആഗ്രഹം. സ്റ്റെയർകേസിലൂടെ മുകളിലേക്ക് കയറുമ്പോൾ കടലിൽ നിന്നുള്ള തണുത്ത കാറ്റ് മുഖത്തടിച്ചു. അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു. അല്പനേരത്തേക്കെങ്കിലും മനസ്സിലെ ചിന്തകളിൽ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയോടെ അവൾ റൂഫ് ടോപ്പ് ലക്ഷ്യമാക്കി നടന്നു.
അവിടെ പൂളിന് അടുത്തുള്ള ഒരു ബെഞ്ചിൽ അവൾ ഇരുന്നു. കയ്യിൽ ഇപ്പോഴും ജോണിന്റെ വിസിറ്റിങ് കാർഡ് ഉണ്ടായിരുന്നു. അവൾ അത് വിരലുകൾക്കിടയിൽ തിരിച്ചു കൊണ്ടിരുന്നു. കടലിൽ നിന്നുള്ള കാറ്റ് മുഖത്തടിക്കുന്നുണ്ടായിരുന്നെങ്കിലും അവളുടെ ഉള്ളിലെ ചൂട് കുറയുന്നുണ്ടായിരുന്നില്ല.
“രാജേഷേട്ടൻ പോകില്ല…”
ഒരിക്കൽക്കൂടി അവൾ മനസ്സിൽ പറഞ്ഞു. പക്ഷേ അതിനുമുമ്പുണ്ടായിരുന്ന ഉറപ്പ് ഇപ്പോൾ ആ വാക്കുകൾക്ക് ഇല്ലായിരുന്നു. അവൾ കണ്ണുകൾ അടച്ചു. ഉടനെ സ്വപ്നത്തിലെ ദൃശ്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു. ആ കൊട്ടാരം… ജോണിന്റെ മുഖം… അവനെ തള്ളിമാറ്റാതിരുന്ന ആ നിമിഷം… അഞ്ജലി അസ്വസ്ഥതയോടെ കണ്ണുകൾ തുറന്നു.
“എന്താണ് എനിക്ക് സംഭവിക്കുന്നത്…?”
അവൾ പതിയെ സ്വയം ചോദിച്ചു. അടുത്ത നിമിഷം രാജേഷിന്റെ ഒഴിഞ്ഞുകിടന്ന കട്ടിൽ ഓർമ്മവന്നു. കയ്യിലിരുന്ന വിസിറ്റിങ് കാർഡ് അവൾ അറിയാതെ മുറുകെപ്പിടിച്ചു. പെട്ടെന്ന് അവളുടെ നെഞ്ചിനുള്ളിൽ എന്തോ ഒടിഞ്ഞുപോകുന്നതുപോലെ തോന്നി. രാജേഷിനോടുള്ള ദേഷ്യമാണോ, പേടിയാണോ, വിഷമമാണോ, അതോ ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാണോ… അവൾക്ക് തന്നെ മനസ്സിലായില്ല. പക്ഷേ കണ്ണുകൾ നിറയുന്നത് തടയാൻ കഴിഞ്ഞില്ല. ഒരു വലിയ തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി. അഞ്ജലി അത് തുടയ്ക്കാൻ പോലും ശ്രമിച്ചില്ല.
