അവളുടെ മുഖം മാറി.
“അജൂ?”
അവൻ ചിരിക്കാനുള്ള ശ്രമം നടത്തി.
“ഹും.”
ആ ഒരു ശബ്ദം കേട്ടതോടെ അവൾ മുന്നോട്ടാഞ്ഞു.
അജുവിനെ പെട്ടെന്ന് കെട്ടിപ്പിടിക്കാൻ തുടങ്ങിയെങ്കിലും അവസാന നിമിഷം മുറിവ് ഓർമ്മവന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് അവൾ അവന്റെ തോളുകൾക്കരികിലൂടെ കൈകൾ ചുറ്റിയത്.
അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നു.
“നീ പേടിപ്പിച്ചുകളഞ്ഞു.”
ശബ്ദം വിറയ്ക്കുകയായിരുന്നു.
“എനിക്ക്… ഒന്നുമില്ല.”
“മിണ്ടരുത്.”
അവൾ അവന്റെ തോളിൽ മുഖം അമർത്തിക്കൊണ്ട് പറഞ്ഞു.
“ഇനി കുറച്ചുനേരം ഒന്നും പറയണ്ട.”
ദിവ്യയും അമ്മയും നോക്കിനിന്നു.
അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ.
ദിവ്യ ആദ്യം ലച്ചുവിനെയും പിന്നെ അജുവിനെയും നോക്കി. ശേഷം പുരികം ഉയർത്തി ചെറിയൊരു തലകുലുക്കം.
‘അപ്പോൾ കാര്യങ്ങൾ ഇത്രത്തോളം എത്തിയോ’ എന്ന ഭാവം.
ലച്ചു അത് ശ്രദ്ധിച്ചു.
പെട്ടെന്ന് അവൾക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ബോധം വന്നു. അമ്മയും ദിവ്യയും തൊട്ടടുത്തുണ്ടെന്ന് ഓർമ്മയായി.
അവൾ ഒരു വളിഞ്ഞ ചിരിയോടെ പതുക്കെ അജുവിൽനിന്ന് അകന്നു.
മുഖം ചുവന്നിരുന്നു.
“അത്… ഞാൻ…”
ദിവ്യ ചിരി അടക്കിക്കൊണ്ട് പറഞ്ഞു:
“ഒന്നും വിശദീകരിക്കണ്ട. അവന് വേദനയുണ്ടാകാതിരുന്നാൽ മതി.”
അമ്മ അജുവിന്റെ നെറ്റിയിൽ കൈവച്ചു.
“എന്റെ കുഞ്ഞേ…”
അവൻ അമ്മയുടെ കൈയിൽ പിടിച്ചു.
“അമ്മേ.”
അമ്മയ്ക്ക് മറുപടി പറയാനായില്ല.
അവർ അവന്റെ നെറ്റിയിൽ ചുംബിച്ചു.
“നീ ഞങ്ങളെ കൊല്ലുമെന്നാ ഞാൻ കരുതിയത്.”
“എനിക്ക് ഒന്നുമില്ലല്ലോ.”
“ശരീരത്തിൽ കത്തിയുമായി ആശുപത്രിയിൽ വന്നിട്ട് ഒന്നുമില്ലെന്ന്.”
ദിവ്യ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ ഈ ധൈര്യവാക്ക് കേൾക്കുമ്പോൾ ഒരെണ്ണം തരാനാണ്
തോന്നുന്നത്.”
അജു ക്ഷീണത്തോടെ ചിരിച്ചു.
അമ്മയുടെ ശ്രദ്ധ ഉടനെ ലച്ചുവിലേക്ക് തിരിഞ്ഞു.
“നീ എഴുന്നേൽക്ക്.”
“എന്തിനാ അമ്മേ?”
“ഭക്ഷണം കഴിക്കാൻ.”
“എനിക്ക് വിശപ്പില്ല.”
“അതൊന്നും എനിക്ക് കേൾക്കണ്ട.”
“അമ്മേ, ഞാൻ ഇവിടെ ഇരുന്നോളാം.”
“കഴിഞ്ഞ ദിവസം നീ ശരിക്ക് ഒന്നും കഴിച്ചിട്ടില്ലെന്ന് നഴ്സ് പറഞ്ഞു.”
“ചായ കുടിച്ചല്ലോ.”
“ചായ ഭക്ഷണമാണോ?”
“എനിക്ക് ഇപ്പോൾ വേണ്ട.”
അമ്മ അവളുടെ കൈയിൽ പിടിച്ചു.
“നിന്നെ ഞാൻ എടുത്തുകൊണ്ടുപോകേണ്ടിവരുന്നതിന് മുമ്പ് എഴുന്നേൽക്ക്.”
ലച്ചു അജുവിനെ നോക്കി.
അവളുടെ കണ്ണുകളിൽ അവനെ ഒറ്റയ്ക്ക് വിടാനുള്ള മടി വ്യക്തമായിരുന്നു.
അജു പതുക്കെ പറഞ്ഞു:
“പോയിട്ട് വാ.”
“എന്തെങ്കിലും വേണമെങ്കിൽ?”
“ദിവ്യേച്ചി ഉണ്ടല്ലോ.”
“ഞാൻ വേഗം വരാം.”
അമ്മ ലച്ചുവിന്റെ തോളിൽ കൈവച്ചു.
“വേഗമൊന്നും വേണ്ട. മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ടേ തിരികെ വരാവൂ.”
“പക്ഷേ അമ്മേ…”
“വാ, മോളെ.”
ലച്ചു മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.
വാതിലിനരികിലെത്തിയിട്ടും രണ്ടു തവണ തിരിഞ്ഞുനോക്കി.
അമ്മ ഒടുവിൽ അവളെ ചെറുതായി തള്ളിക്കൊണ്ട് പുറത്തേക്ക് കൊണ്ടുപോയി.
വാതിൽ അടഞ്ഞു.
മുറിയിൽ അജുവും ദിവ്യയും മാത്രം.
കുറച്ചുനേരം ആരും സംസാരിച്ചില്ല.
ദിവ്യ കൈകൾ നെഞ്ചിൽ കെട്ടി അവനെ നോക്കി.
“എന്താ?”
അജു ചോദിച്ചു.
“എനിക്കറിയില്ല.”
“എന്തറിയില്ല?”
“എവിടെനിന്ന് തുടങ്ങണമെന്ന്.”
“എന്തൊക്കെയാണ് സംഭവിച്ചത്?”
ദിവ്യയുടെ മുഖത്തെ കളിചിരി മാഞ്ഞു.
അവൾ കട്ടിലിനരികിലെ കസേരയിൽ ഇരുന്നു.
“നിനക്ക് അവസാനമായി എന്താണ് ഓർമ്മ?”
അജു കണ്ണുകൾ അടച്ച് ഓർത്തു.
“ശശിച്ചേട്ടൻ എത്തിയത്.”
“പിന്നെ?”
“ലച്ചു സുരക്ഷിതയാണെന്ന് കണ്ടു.”
“പിന്നെ?”
“ഒന്നുമില്ല.”
ദിവ്യ കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ പതുക്കെ പറഞ്ഞു:
“ശശിച്ചേട്ടൻ രാത്രി വീട്ടിലേക്ക് ഓടിവന്നു.”
അജു അവളെ
നോക്കി.
“വസ്ത്രത്തിലാകെ നിന്റെ രക്തം. മുഖം കണ്ടപ്പോഴേ എന്തോ സംഭവിച്ചെന്ന് മനസ്സിലായി.”
ദിവ്യയുടെ ശബ്ദം വിറച്ചു.
“നിന്നെ ആശുപത്രിയിൽ എത്തിച്ചെന്ന് പറഞ്ഞു. അമ്മ അവിടെത്തന്നെ വീഴും എന്നായിരുന്നു ഞാൻ കരുതിയത്.”
അജു ഒന്നും പറഞ്ഞില്ല.
“ഞങ്ങൾ ആശുപത്രിയിലെത്തുമ്പോൾ നിന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയിരുന്നു.”
