ആവനാഴി അധ്യായം – 7 6അടിപൊളി  

വൈകുന്നേരം ആറരയാകുമ്പോൾ വാതിൽ തുറക്കും.

കയ്യിൽ ബാഗ്.

ചിലപ്പോൾ പുസ്തകങ്ങൾ.

ചിലപ്പോൾ അജുവിന്റെ ക്ലാസ് നോട്ടുകൾ.

ചിലപ്പോൾ ഭക്ഷണം.

ലച്ചു അകത്തേക്ക് വരും.

“സുഖമാണോ രോഗീ?”

“രാവിലെ ഉണ്ടായിരുന്നതുപോലെ.”

“നിനക്ക് എന്നെ മിസ് ചെയ്തില്ലേ?”

“ഇല്ല.”

“കള്ളം.”

“നിനക്കു തെളിവുണ്ടോ?”

“മുഖം കണ്ടാൽ അറിയാം.”

“എന്റെ മുഖത്ത് എന്താ?”

“ഞാൻ വന്ന സന്തോഷം.”

അവൾ രാത്രിയിൽ കസേരയിൽ ഇരിക്കും. ബൈസ്റ്റാൻഡർ ബെഡ് ഉണ്ടേലും അവൾ അവന്റെ സമീപത്തെ കസേരയിൽ നിന്ന് മാറിയില്ല.

മരുന്ന് കൊടുക്കേണ്ട സമയം ശ്രദ്ധിക്കും.

നഴ്സുമാർ വരുമ്പോൾ എല്ലാം ചോദിച്ചറിയും.

അജു ഉറങ്ങുന്നതുവരെ സംസാരിക്കും.

ചിലപ്പോൾ അവനേക്കാൾ മുമ്പ് കസേരയിൽത്തന്നെ ഉറങ്ങിപ്പോകും.

ഒരു രാത്രിയിൽ അജു ചോദിച്ചു:

“നീ വീട്ടിൽ പോകുന്നില്ലേ?”

“ഇതാണ് ഇപ്പോൾ എന്റെ വീട്.”

“ഞാൻ ആശുപത്രിയെക്കുറിച്ചാണ് ചോദിച്ചത്.”

“എനിക്ക് ഇവിടെ സ്യൂട്ട് ബുക്ക് ചെയ്യട്ടെ?”

“നിന്റെ ആശുപത്രിയല്ലേ. എന്തുവേണമെങ്കിലും ചെയ്യാം.”

ലച്ചു നിശ്ചലമായി.

“നിനക്ക് എങ്ങനെ അറിയാം?”

“ആദ്യം വന്ന ദിവസം തന്നെ.”

“എങ്ങനെ എന്ന് പറ?”

“ദിവ്യേച്ചി ആശുപത്രിയുടെ പേര് പറഞ്ഞു. പിന്നെ നിന്നോടുള്ള

ഡോക്ടർമാരുടെ അതിവിനയവും.”

ഈ… ലച്ചു ചിരിച്ചു.

“നീ അവരോട് പറഞ്ഞോ?”

“ഇല്ല.”

“നന്നായി.”

“നീ തന്നെ പറയണം.”

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

“അവർ എന്നെ വേറൊരു രീതിയിൽ കാണുമോ?”

“എങ്ങനെ?”

“പണക്കാരിയെന്ന്.”

“നീ പണക്കാരിയല്ലേ?”

“അതെ. പക്ഷേ…”

അവൾ വാക്കുകൾ തിരഞ്ഞു.

“ഇപ്പോൾ അമ്മ എന്നെ മകളായാണ് കാണുന്നത്. ദിവ്യേച്ചി അനിയത്തിയായി. എല്ലാം അറിഞ്ഞാൽ ദൂരം വരുമോ എന്നൊരു പേടി.”

അജു ശാന്തമായി പറഞ്ഞു:

“അമ്മ ആളുകളെ പണം നോക്കി സ്നേഹിക്കാറില്ല.”

ലച്ചുവിന്റെ മുഖം മൃദുവായി.

“നീയും?”

“ഞാനും.”

“സത്യം?”

“നീ ആരാണെന്ന് അറിയുന്നതിന് മുമ്പല്ലേ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടത്.”

അവൾ അവന്റെ കൈയിൽ പിടിച്ചു.

“ആ വാക്ക് വീണ്ടും പറ.”

“ഏത്?”

“ഇഷ്ടമാണെന്ന്.”

“മരുന്നിന്റെ സമയം ആയില്ലേ?”

“വിഷയം മാറ്റരുത്.”

അജു ചിരിച്ചു.

“ഇഷ്ടമാണ്.”

അവൾ ആ വാക്ക് നെഞ്ചിനുള്ളിൽ സൂക്ഷിക്കുന്നതുപോലെ കണ്ണുകൾ അടച്ചു.

അവർക്ക് അറിയില്ലായിരുന്നു.

ആ സമാധാനം വളരെ കുറച്ച് ദിവസത്തേക്കു മാത്രമാണെന്ന്.

പത്താം ദിവസം രാവിലെ ഡോക്ടർ വീണ്ടും പരിശോധന നടത്തി.

റിപ്പോർട്ടുകൾ നോക്കി.

മുറിവ് പരിശോധിച്ചു.

“വേഗത്തിൽ സുഖപ്പെടുന്നുണ്ട്.”

അജുവിന്റെ മുഖം തെളിഞ്ഞു.

“അപ്പോൾ വീട്ടിൽ പോകാമോ?”

ഡോക്ടർ ചിരിച്ചു.

“ആശുപത്രി നിങ്ങൾക്ക് അത്ര ഇഷ്ടമല്ലെന്ന് മനസ്സിലായി.”

“വളരെ നല്ല സ്ഥലമാണ്. പക്ഷേ വീട്ടിൽ പോകണം.”

“ശരി. ഇന്ന് ഡിസ്ചാർജ് ചെയ്യാം.”

അമ്മ ആശ്വാസത്തോടെ ശ്വാസംവിട്ടു.

ദിവ്യ ഫോം പൂരിപ്പിക്കാൻ തയ്യാറായി.

ലച്ചു നഴ്സിനൊപ്പം ഡിസ്ചാർജ് നടപടികൾ നോക്കാൻ പോയി.

അൽപ്പസമയത്തിനു ശേഷം ദിവ്യ തിരിച്ചുവന്നു.

മുഖത്ത് ആശയക്കുഴപ്പം.

“ബില്ലിങ് കൗണ്ടറിൽ ഫയലൊന്നും ഇല്ലെന്ന് പറയുന്നു.”

ലച്ചു വളരെ

സ്വാഭാവികമായി പറഞ്ഞു:

“ഞാൻ നോക്കിയിട്ടുണ്ട്.”

“എത്രയായി?”

“ഒന്നുമായില്ല.”

“എന്ത് ഒന്നുമില്ല?”

“നിങ്ങൾ ഒന്നും അടയ്ക്കേണ്ടതില്ല എന്ന് ഹോസ്പിറ്റലീന്നു പറഞ്ഞു.”

അമ്മ ഉടനെ എതിർത്തു.

“അത് പറ്റില്ല, മോളെ.”

“എന്താ പറ്റാത്തത്?”

“ചികിത്സയുടെ പണം ഞങ്ങൾ അടയ്ക്കണം.”

“ഈ ആശുപത്രിയിൽ അത്യാവശ്യ ചികിത്സ ലഭിച്ച വിദ്യാർത്ഥികൾക്ക് സഹായപദ്ധതിയുണ്ട്.”

ദിവ്യ സംശയത്തോടെ നോക്കി.

“അത് ഇന്നലെയാണോ തുടങ്ങിയത്?”

ലച്ചു കണ്ണുകൾ വെട്ടിച്ചു.

“വളരെ പഴയ പദ്ധതിയാണ്.”

അജു ചിരി അടക്കാൻ ശ്രമിച്ചു.

അമ്മ കുറച്ചുനേരം തർക്കിച്ചെങ്കിലും ലച്ചു സമ്മതിച്ചില്ല.

“അജു സുഖപ്പെട്ടിട്ട് ഇതിനെക്കുറിച്ച് സംസാരിക്കാം. ഇപ്പോൾ വീട്ടിൽ കൊണ്ടുപോകാം.”

അവസാനം എല്ലാവരും സമ്മതിച്ചു.

ആശുപത്രിയുടെ വാഹനം അവരെ വീട്ടിലെത്തിക്കാൻ ഒരുക്കിയിരുന്നു.

പക്ഷേ ലച്ചു തന്നെ അജുവിന്റെ അരികിലിരുന്നു. അമ്മയും ദിവ്യയും സാധനങ്ങളുമായി മുന്നേ പോയി.

Updated: October 1, 2026 — 3:29 pm

Leave a Reply

Your email address will not be published. Required fields are marked *