കൊടുത്തിരുന്നില്ല. സാഹിബും അങ്ങേയറ്റം ശ്രെദ്ധിച്ചിരുന്നു അവളെ ആരും കണ്ണ് കൊണ്ട് പോലും കൊത്തിപ്പറിക്കാതിരിക്കാൻ. ഒരുപക്ഷെ അവളുടെ സ്വന്തം അച്ഛൻ ഉണ്ണികൃഷ്ണൻ ശ്രെദ്ധിച്ചതിലും അപ്പുറം. ഏതൊരു ആണിലും അവൾ ഉണ്ടാക്കിയിരുന്ന പ്രഭാവവും സ്വാധീനവും മുനീറിലും അവളുണ്ടാക്കി. പക്ഷേ ഇത്തവണ ഒരു വ്യത്യാസമുണ്ടായിരുന്നു. അവളുടെ മനസ്സും ചഞ്ചലപ്പെട്ടിരുന്നു. മുനീറിന്റെ കരവലയത്തിനുള്ളിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഒതുങ്ങാൻ അവൾ പോലുമറിയാതെ അവൾ ആഗ്രഹിച്ചു പോയി. അടുക്കളയിൽ നിന്നപ്പോൾ റംലത്തുമ്മ ചോദിച്ച ചോദ്യങ്ങളോ പറഞ്ഞ കാര്യങ്ങളോ ഒന്നും ശ്രദ്ധിക്കാൻ അവൾക്കു കഴിഞ്ഞില്ല. അവൾ ഏതോ മായിക ലോകത്തേയ്ക് ഉള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ചിറകുള്ള വെള്ള കുതിരയുടെ പുറത്ത് കയറി മുനീറിന്റെ മണവാട്ടി ആയി ആകാശത്തു കൂടെ പറന്നു പറന്നു ഏതോ ഒരു മരുഭൂമിയിലെ മരുപ്പച്ചയിൽ ചെന്ന് വിരിവെച്ചു, അവനു വീഞ്ഞും ഇറച്ചിയും വിളമ്പി കൊടുത്ത് സന്തോഷിപ്പിച്, അവനോടൊപ്പം അന്തിയുറങ്ങുന്നതും സ്വപ്നം കണ്ട് അവളങ്ങനെ ‘മിഴുങ്ങസ്യ’ എന്ന മട്ടിൽ നിന്നു.
“ഈ പെണ്ണിന് ഇതെന്താണപ്പാ ജിന്ന് കേറിയാ! പെണ്ണേ അത്താഴത്തിനു നല്ല പോലെ വെച്ചുണ്ടാക്കണം സൽക്കാരം കാണും. നീ നമ്മളെ ഒന്ന് സഹായിക്കു. ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല”
ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവൾക് തോന്നിയത് വെച്ചുണ്ടാക്കാൻ പോകുന്നത് മുനീറിന് വേണ്ടിയാണല്ലോ, അപ്പോൾ സസന്തോഷം ചെയ്യാമല്ലോ എന്നായിരുന്നു. അമാന്തിക്കാതെ അവൾ ഉമ്മയുടെ കൂടെ കോഴി പൊരിക്കാനും ആട്ടിറച്ചി വേവിക്കാനും ഒക്കെ ഉത്സാഹത്തോടെ സഹായിച്ചു. എങ്കിലും ആ ജോലിക്കിടയിൽ അവളുടെ മനസ്സിൽ ഒരു ഭയം കടന്നു കൂടി. എത്രയായാലും താനൊരു അന്യജാതിക്കാരി ആണ്. എത്ര ചെല്ലപ്പർ ചൊല്ലി വിളിച്ചാലും സിതാര എന്ന താര ഒരിക്കലും
ഒരു മുസ്ലിം കുട്ടി ആവില്ല. മുനീർ വലിയ ഒരു മുസ്ലിം വൈദ്യന്റെ ചെറുമകൻ ആണ്. വിരുന്നും സൽക്കാരവും കഴിഞ്ഞാൽ അവർ പോകും. ഒരിക്കലും ഒരുമിക്കുവാൻ കഴിയുകയില്ല. പിന്നെന്തിന് മനഃപായസം കുടിക്കണം! ഒരു യന്ത്രത്തെ പോലെ അവൾ റംലത്തുമ്മയെ ജോലിയിൽ സഹായിച്ചു കൊണ്ടിരുന്നു.
വീടിന്റെ മറ്റൊരു വശത്തു മൂസയും സാഹിബും വെടിവട്ടം പറയാനും ഓർമ്മകൾ അയവിറക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും മത്സരിക്കുകയായിരുന്നു. അതെല്ലാം നിർന്നിമേഷനായി നോക്കിക്കൊണ്ട് മുനീർ മൂസയുടെ പിന്നിൽ മൗനം പാലിച്ചു നിലകൊണ്ടു. മെയ്തീൻ സാഹിബിനു അല്പം ‘മധു’ സേവിക്കുന്ന ശീലമുണ്ട്. പഴയ കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ അന്നും അല്പം ആകാം എന്ന് കരുതി അതിഥികളെ അവിടെ ഇരുത്തി ഇപ്പോൾ വരാമെന്നും പറഞ്ഞു അദ്ദേഹം വീട്ടിനുള്ളിലേക്ക് പോയി. പടച്ചവന് നിരക്കാത്ത ഒരു കാര്യം താൻ ചെയ്യുന്നത് ചെറുമകൻ കാണേണ്ട എന്ന് കരുതി മൂസ മുനീറിനോട് പരിസരം ഒക്കെ ഒന്ന് ചുറ്റി കണ്ടു വരാൻ നിർദ്ദേശിച്ചു. എപ്പോളത്തെയും പോലെ തന്നെ “ശെരി ഉപ്പുപ്പാ “ എന്ന മറുപടിയും പറഞ്ഞു പുറത്തേക്ക് ഇറങ്ങുന്ന മുനീറിനെ കണ്ടു കൊണ്ടാണ് മെയ്തീൻ സാഹിബ് കുപ്പിയിൽ വാറ്റ് ചാരായവുമായി കടന്നു വന്നത്. തെല്ലൊരു അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു: “അല്ലപ്പാ, നിക്കാഹ് ചെയ്യാത്ത ഇങ്ങക്ക് ഏടെന്നാണ് ഒരു കുട്ടിയും ചെറുകുട്ടിയും ഒക്കെ?”
ചോദ്യം കേട്ട മൂസ പുറത്തേക്ക് ഇറങ്ങി പോകുന്ന മുനീറിനെ നോക്കി അൽപനേരം ഇരുന്നു. അതിനു ശേഷം അവന്റെ കഥ മുഴുവനും സാഹിബിനോട് പറഞ്ഞു.
അടുക്കളയിൽ ഉമ്മയെ സഹായിക്കുകയായിരുന്ന ആയിഷ മുനീറിന്റെ പേര് കേട്ടതും ചെവി വട്ടം പിടിച്ച് അവർ പറഞ്ഞത് അത്രയും കേട്ടു മനസ്സിലാക്കി.
അവളുടെ ഉള്ളിൽ സന്തോഷം തിരതല്ലി. മുനീർ ശെരിക്കും രാജനാണ്. തന്റെ ജാതി. അച്ഛനും അമ്മയും ഉറപ്പായും സമ്മതിക്കും. പക്ഷേ തന്റെ ഇഷ്ടം അവനുമുണ്ടോ എന്ന് എങ്ങനെ അറിയും? പ്രഥമധൃഷ്ട്യ അനുരാഗം എന്നൊക്കെ പുസ്തകത്തിൽ വായിക്കുന്നത് അല്ലാതെ ശെരിക്കും അങ്ങനെ ഒക്കെ ഉണ്ടാകുമോ? അവൾ വീണ്ടും ചിന്താകുലയായി പണിയിൽ മുഴുകി.
