അളിയൻ ജെസ്സിയെ കെട്ടിയതിന് ശേഷം ഇപ്പൊ അവൾക്കും അവന്റെ സ്വഭാവമായി .വീട്ടിൽ വരുമ്പോൾ സ്നേഹം കാണിച്ച് കാണിച്ച് പലതും അടിച്ചോണ്ടു പോകും .രണ്ടു ദിവസം കഴിഞ്ഞിട്ടു കൊണ്ട് തരാം എന്നൊക്കെ പറഞ്ഞാണ് കൊണ്ട് പോകുന്നത് പക്ഷെ ഇതുവരെ കൊണ്ട് പോയതൊന്നും തിരികെ വന്നിട്ടില്ല .
..എന്താ ചോദിച്ചത് കേട്ടില്ലേ ..
..ഏഹ് ..
..ചോദിച്ചത് കേട്ടില്ലെ ..ന്ന് …
..ആഹ് എന്തുവാ ..
..മൂക്കിൽ പല്ലു മുളച്ചിട്ടേ ഇനി കല്ല്യാണം കഴിക്കത്തോള്ളോ …ന്ന് ..
..അല്ലെടി നടത്താം ..അല്ല നീയെന്താ തടിച്ചോ ..
.. മ്മ് ഇപ്പം അങ്ങനൊക്കെ തോന്നും .ജെസ്സിയും അത്ര മോശമൊന്നുമല്ലല്ലോ ..രണ്ടു പ്രസവം കഴിഞ്ഞപ്പോഴേക്കും അവളും കേറി തടിച്ചില്ലേ ..പിന്നാണോ ഞാൻ ..
.. ഡീ അത് പിന്നെ അവള് കല്ല്യാണം കഴിഞ്ഞതും രണ്ട പ്രസവവും കഴിഞ്ഞതുമൊക്കെ അല്ലെ അപ്പോപ്പിന്നെ തടിയ്ക്കത്തില്ലേ ..ഇത് നീ അതല്ലല്ലോ ..ഹഹ
..ദേ ഇച്ചായാ .. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം കേട്ടോ വെറുതെ അതുമിതും പറഞ്ഞെന്നെ ഒഴിവാക്കാനാ പരിപാടിയെങ്കില് ..കൊല്ലും ഞാൻ പറഞ്ഞില്ലെന്നു വേണ്ട …”
.. ഇല്ല അങ്ങനൊന്നുമില്ല ..
പള്ളിയിൽ പോയി വരുമ്പോൾ ആന്റണിക്ക് എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകാറുള്ള ഒരു ഒറ്റപ്പെടൽ വികാരം ഉണർന്നുവന്നു.മറ്റുള്ള ദിവസങ്ങളിൽ ജോലി ഉള്ളത് കൊണ്ട് മറ്റൊന്നും അറിയാറില്ല .പക്ഷെ ഞായറാഴ്ച്ച വല്ലാത്തൊരു അനുഭവമാണ് .ഡിപ്രഷൻ ഏതു നിമിഷത്തിലാണ് തന്നെ പിടികൂടുന്നതെന്ന് അയാൾക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ല.
ഏകാന്തമായ വീട്ടിന്റെ വാതിൽ തുറക്കുമ്പോഴാണോ, അതോ പെണ്ണിന്റെ ഗന്ധമേറ്റിട്ടില്ലാത്ത അടുക്കളയിലേയ്ക്കു കടക്കുമ്പോഴാണോ, അതോ ഒറ്റയ്ക്കിരുന്ന് താൻ സ്വന്തമുണ്ടാക്കിയ പ്രാതൽ കഴിക്കുമ്പോഴാണോ അറിയില്ല. ആദ്യമെല്ലാം വിചാരിച്ചത് സാധാരണ എട്ടുമണിയ്ക്ക് ഭക്ഷണം കഴിക്കാറുള്ള താൻ ഞായറാഴ്ച അച്ചന്റെ കുർബാനയെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്ക് ഉണ്ടാക്കി തരാൻ വേറെ ആരുമില്ലെന്നുള്ള ഒഴിഞ്ഞ വയർ നടത്തുന്ന കലാപം മൂലമാണെന്നായിരുന്നു.
എന്തായാലും വീട്ടിൽ ചെന്നിട്ടു വേറെ പരിപാടിയൊന്നുമില്ലാത്തതു കൊണ്ട് ആന്റണി ചായക്കടയിൽ കേറി ചായയും പൊറോട്ടയും ഗ്രെവിയും കഴിച്ചിട്ടു വീട്ടിലേക്കു നടന്നു .എന്തൊക്കെയോ ആപത്ത് വാരാനുള്ളത് പോലെ അയാളുടെ മനസ്സ് പറഞ്ഞു .പറഞ്ഞറിയിക്കാൻ പറ്റാത്തോരു മാനസികാവസ്ഥയിൽ അയാൾ അലമാരയിൽ നിന്നും കുപ്പിയെടുത്ത് രണ്ടെണ്ണം ഒഴിച്ചടിച്ചിട്ട് നേരെ കട്ടിലിലേക്ക് കിടന്നു .
സാറയെ കണ്ടിരുന്നില്ലെങ്കി ഇത്രയും വിഷമം തോന്നില്ലായിരുന്നു എന്നയാൾക്ക് തോന്നി .ജോലിയുള്ള ദിവസമായിരുന്നെങ്കി കുഴപ്പമില്ലായിരുന്നു .മാനസിക സംഘർഷം താങ്ങാനാകാതെ ആന്റണി ഉരുകി .കുർബാനയിൽ അച്ഛൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലോർത്തു കൊണ്ട് അയാൾ പ്രാർത്‌ഥനയിൽ മുഴുകി .
‘മകനെ…..’
പെട്ടന്ന് ആന്റണിയുടെ പ്രാർത്ഥനയിൽ ഇടപെട്ടുകൊണ്ട് ഒരു ശബ്ദം പിന്നിൽ നിന്ന് കേട്ടു.ആന്റണി പെട്ടന്ന് കണ്ണ് തുറന്നു നോക്കി .മുറിയിൽ ആരുമില്ല എങ്കിലും അയാൾ ചാടിയെണീറ്റ് വീടാകെ നോക്കി ആരുമില്ല ..പിന്നെ ആരായിരിക്കും .മകനെ എന്ന് മരിച്ചുപോയ അപ്പൻ മാത്രമേ വിളിക്കാറുള്ളു, അതും രണ്ടു പെഗ്ഗടിച്ചു കഴിഞ്ഞാൽ മാത്രം. അല്ലെങ്കിൽ വിളിക്കുക ‘എടാ ആന്തപ്പാ’ എന്നാണ്.
മൂന്നാമത്തെ പെഗ്ഗടിച്ചു കഴിഞ്ഞാൽ സംഗതി മാറി. സംബോധനകളുടെ സ്വഭാവം മാറും. ‘എടാ നായിന്റെ മോനെ’ എന്നാവും വിളി. അതും കഴിഞ്ഞാൽ പിന്നെ താൻ മാത്രമല്ല സകലരും മൃഗസന്തതികളാവും. അപ്പൻ സ്വർഗ്ഗത്തിൽ പോയിട്ടും ഈ സ്വഭാവം മാറ്റിയിട്ടില്ല എന്നല്ലെ കാണിക്കുന്നത്.ഇനി അവിടുന്ന് രണ്ടു പെഗ്ഗടിച്ചോണ്ടു അപ്പന്റെ പ്രേതം വന്നിരിക്കുവാണോ .തിരികെ മുറിയിലേക്ക് വന്ന കട്ടിലിലേക്ക് കിടക്കുമ്പോഴും അയാൾ തിരിഞ്ഞുനോക്കി. ഇല്ല ആരുമില്ല.
“….മകനെ, .. കുഞ്ഞാടെ….”
.. ഏഹ് ..ആരാ ? .. അപ്പാ..
