അവർ തന്നെ ഭരിക്കുമെന്നു പറഞ്ഞ് ഭയപ്പെടുത്തി. രണ്ടാമത്തേത് പെണ്ണിന്റെ അമ്മയുടെ പെരുമാറ്റം സുഖമില്ലെന്നു പറഞ്ഞിട്ട്. തനിക്ക് യാതൊരു അപാകതയും അവരുടെ പെരുമാറ്റത്തിൽ കാണാൻ പറ്റിയില്ല. അവളെന്തെങ്കിലും കണ്ടിട്ടുണ്ടാവും. മൂന്നാമത്തേത് പെണ്ണിന്റെ തിരുവല്ലയിലുള്ള തറവാട്ടിൽ കക്കൂസിൽ ടാപ്പില്ല എന്നു പറഞ്ഞിട്ട്.
അവർ അപ്പൂപ്പന്റെ കാലം കഴിഞ്ഞാൽ ആ തറവാടും ചുറ്റുമുള്ള എട്ട് ഏക്കർ പറമ്പും വിൽക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. ആരവിടെ പോകാനാണ്! നാലാമത്തെയും അങ്ങിനെ എന്തോ നിസ്സാര കാരണം പറഞ്ഞ് മുടക്കിയതാണ്.
.. കർത്താവേ ..അന്ന് മനസ്സിലായില്ല ഇന്ന് മനസ്സിലായി …പക്ഷെ എന്തിന്.. ?
‘.. ഡാ കുഞ്ഞാടെ അത് നിനക്കു വഴിയെ മനസ്സിലാവും. നിന്റെ അപ്പൻ കുടിച്ചു മുടിച്ചിട്ടും ബാക്കിയായ നാലേക്കർ സ്ഥലമില്ലേ , അതിന് ആരാണ് അവകാശികൾ? നിങ്ങൾ രണ്ടുപേരും മാത്രം അല്ലെ . ..
.. അതെ കർത്താവേ..
.. ആ ഇനിയൊക്കെ നീ സ്വയം ആലോചിച്ചുണ്ടാക്കിയാൽ മതി…
..ആ ഇനി മറ്റൊരു കാര്യം. ഒരു വിവാഹജീവിതവും പ്രതീക്ഷിച്ച് നീ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങിയില്ലെ? ഇരട്ടക്കട്ടിൽ, ഫോം കിടയ്ക്ക, ഫ്രിജ്ജ്, ഊൺമേശ, സോഫ…….ശരിക്കും അതൊക്കെ ഇപ്പോൾ ആരാണ് ഉപയോഗിക്കണത്.. ? ..ഒന്നോർത്ത് നോക്കിയേ ..
ആന്റണി ഓർത്തു. ശരിയാണ്. കട്ടിൽ വാങ്ങിയപ്പോൾ അത് കിടയ്ക്ക സഹിതം നേരെ കൊണ്ടുപോയത് പെങ്ങളുടെ വീട്ടിലേയ്ക്കാണ്. രണ്ടുമാസത്തിനുള്ളിൽ അവൾ കട്ടിൽ വാങ്ങും, അതുവരെ ഉപയോഗിക്കാനാണ് എന്നു പറഞ്ഞുകൊണ്ട്. രണ്ടുമാസം കഴിഞ്ഞു ചോദിച്ചപ്പോൾ അടുത്തമാസം തരാം, അടുത്ത മാസം എന്തായാലും തരാം എന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. വർഷം മൂന്നായി.
ചോദിക്കുമ്പോൾ പറയും ‘ഇച്ചായന് കല്യാണം കഴിയുമ്പോഴല്ലെ ഇത്രേം വലിയ കട്ടിൽ ആവശ്യമുള്ളു. അപ്പോൾ എന്തായാലും എത്തിക്കാം.’ ഫ്രിജ്ജ് വാങ്ങിയത് രണ്ടു കൊല്ലം മുമ്പാണ്. അതിന് ഈ വീട്ടിൽ രണ്ടാഴ്ച വാഴാനുള്ള യോഗമേ ഉണ്ടായുള്ളു.
‘ … കൊച്ചുങ്ങള് തണുത്ത വെള്ളത്തിന് ദാഹിക്കുമ്പോ നെഞ്ച് പൊട്ട്വാ…. ഇച്ചായൻ കല്യാണം കഴിക്കുമ്പ കൊണ്ടന്നുതരാം. … ബേബിച്ചായന് അടുത്ത് തന്നെ ബോണസ് കിട്ടും, അപ്പൊ എന്തായാലും ഫ്രിജ്ജ് വാങ്ങണംന്ന് പറഞ്ഞിരിക്കുവാ…’ എന്നു പറഞ്ഞ് അതും കടത്തി. പിന്നെ ഡൈനിങ് ടേബ്ൾ, സോഫ……
‘…ഇപ്പോൾ നിനക്കു മനസ്സിലാവുന്നുണ്ടോ നിന്റെ പെങ്ങളുടെ കളികൾ…?’ ആന്റണിയ്ക്ക് ആലോചിക്കാനുള്ള സമയം കൊടുത്തുകൊണ്ട് കർത്താവ് പറഞ്ഞു.
ശരിയാണ്. താൻ ബുദ്ധിയുപയോഗിക്കാത്തതിന് ദൈവത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. താൻ കല്യാണം കഴിച്ചാൽ ഏറ്റവുമധികം അസൗകര്യമുണ്ടാവുന്നത് ജെസ്സിക്കാണ്.തന്റെ കാലം കഴിഞ്ഞാൽ വീടും പുരയിടവും നാലേക്കർ സ്ഥലവും അവൾക്കു കിട്ടുമല്ലോ അതെന്തുകൊണ്ട് താൻ ഇതുവരെ മനസ്സിലാക്കിയില്ല? സാറയെ കല്യാണം കഴിക്കണമെന്നു ഒരിക്കൽ ജെസ്സിയോടതു സൂചിപ്പിച്ചപ്പോൾ അവൾ കഠിനമായി എതിർത്തു.
‘…ഇച്ചായ അവര് കൺവെർട്ട്‌സ് ആണ്. നമ്മടെ തറവാട് എവിടെ കിടക്കുന്നു…? ഇച്ചായൻ എന്റെ മാനം നശിപ്പിക്കല്ലെ. …’
…എപ്പോൾ വിളിച്ചാലും സാറാ തന്റെ കൂടെ വരും എന്നുറപ്പാണ് പക്ഷെ ജെസ്സി ഇങ്ങനെ ഇടഞ്ഞു നിൽക്കുമ്പോൾ എന്ത് ചെയ്യും …
‘…മകനെ ആന്റണി’ എന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്.അവിടെ ഞാൻ എല്ലാവരെയും ഒരുപോലെ ആണ് സൃഷ്ടിച്ചത് .അപ്പോൾ പിന്നെ കൺവെർട്ട്‌സ് എന്നും അല്ലാത്തവരെന്നൊന്നുമില്ല. … എന്നിൽ വിശ്വസിച്ചാൽ എല്ലാവരും സ്വർഗ്ഗത്തിൽ എന്റെ ഒപ്പമാണ് ഇരിക്കാൻ പോകുന്നത്. അപ്പോൾ പിന്നെ എന്തിനാണ് ഭൂമിയിൽ ഈ അകറ്റലിന്റെ ആവശ്യം…?’
‘…കർത്താവെ, ഞാൻ എല്ലാം മനസ്സിലാക്കുന്നു….’
കൈകൾ പ്രാർത്ഥനയിൽ കൂപ്പി പിടിച്ചുകൊണ്ട് ആന്റണി പറഞ്ഞു.
‘…ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? ഒരു കുടുംബജീവിതം നയിക്കാൻ കൊതിതോന്നുന്നു. …’
‘…ഹഹ നിനക്കത്രയ്ക്കു ധൃതി ആയോ ..എങ്കി ഞാൻ പറയുന്നപോലെ ചെയ്യുക.ജെസ്സിയെ മയക്കി പാട്ടിലാക്കുക അതേയുള്ളു വഴി ..പെണ്ണൊരുമ്പെട്ടാൽ എന്ന് നീ കേട്ടിട്ടില്ലേ ..
