ആന്റണിയുടെ വെളിപാടുകൾ 36അടിപൊളി 

ആന്റണി പെട്ടന്ന് പുറത്തേക്കൊക്കെ എത്തി നോക്കി. ഭാഗ്യം മൂന്നു മക്കളിൽ ഏറ്റവും ഇളയത് മാത്രമേ ഉള്ളു .മൂത്തത് രണ്ടും അച്ഛനെയും അമ്മയെയും കടത്തി വെട്ടും .പെങ്ങൾ ജെസ്സിയും ഭർത്താവ് ബേബിയും ഹാളിലേക്ക് കേറിവന്നയുടനെ നോക്കിയത് റ്റീവിലേക്കായിരുന്നു . കർത്താവേ കർത്തവ് പറഞ്ഞ സാധനം ഇതായിരുന്നോ ..ഇത്രേം കൊലച്ചതി വേണ്ടായിരുന്നു കേട്ടോ ..ഇനി എന്റെ പുതിയ ടീവീം പോയികിട്ടി ..

..ദേ ബേബിച്ചായ.. ഞാൻ പറഞ്ഞില്ലേ ഇച്ചായൻ ടീവി മേടിച്ചെന്നു ..അപ്പൊ എന്തുവാ പറഞ്ഞേ പോടീ അളിയന്റെ കയ്യില് കാശൊന്നുമില്ലെന്നു അല്ലെ ..ദേ ഇരിക്കുന്നു ടീവി കണ്ടോ …

..എടി ഞാൻ വിശ്വസിച്ചില്ലെടി … ഞാൻ കരുതിയെക്കുന്നതു അളിയന്റെ കയ്യിൽ കാശൊന്നുമില്ലെന്നല്ലേ ..

..ഹോ ഇത്രേം വലിയ ടീവി ഞാൻ വലിയൊരുടെ വീട്ടിലെ കണ്ടിട്ടുള്ളു ..ഹോ ഇത് കണ്ടിട്ട് നമ്മടെ വീട്ടിലെ ടീവി കാണുമ്പം പിള്ളേരുടെ സ്ലെറ്റ് പോലുണ്ട് അല്ലെ ബേബിച്ചായ ..

.. ആന്നെടി എനിക്കും തോന്നുന്നുണ്ട് ..ഇത് കണ്ടിട്ടിനി നമ്മടെ ടീവി കാണുമ്പോ എനിക്ക് ചിരി വരും ..അല്ല അളിയാ എത്രയായി ഇതിനു ..

.. മുപ്പതിനാലായിരം ..

ആന്റണി നിർവികാരതയോടെ മറുപടി പറഞ്ഞു ..ഇത് കേട്ടു ജെസ്സി

.. ഹോ മുപ്പതിനാലായിരമോ ..ഇത്രേം വിലയുടെയൊക്കെ ടീവിയൊക്കെ ഒണ്ടോ ..?

ജെസ്സി വില കേട്ട് ഭയങ്കരമായി ആശ്ചര്യപ്പെട്ടു .

.. എടി നീയൊക്കെ പറയുന്ന പോലല്ല കാര്യങ്ങള് ഇങ്ങനത്തെ ടീവിക്ക്‌ അതുപോലെ വിലയുണ്ട് അറിയോ ..അളിയാ ഈ പൊട്ടത്തി വിചാരിച്ചു വെച്ചെക്കുന്നതു അഞ്ചിനും പത്തിനും മാത്രമേ ടീവി ഉള്ളെന്നാ ..ഹഹ ..

.. ഒന്ന് പോ ബേബിച്ചായാ മനുഷ്യനെ വെറുതെ കളിയാക്കാതെ ..നിങ്ങൾ ആണുങ്ങളെ പോലെ ആണോ പെണ്ണുങ്ങള് .ഞങ്ങൾക്ക് വീട്ടുകാര്യങ്ങളും പ്രസവിക്കാനും മാത്രമല്ലെ അറിയൂ …

ജെസ്സി ചിണുങ്ങിക്കൊണ്ടു തോളിൽ കിടന്ന കുഞ്ഞിനെ സോഫയുടെ ഒരു സൈഡിലേക്ക് കിടത്തി .

.. എടി കളിയാക്കിയതൊന്നുമല്ല ..നീ വിഷമിക്കേണ്ടെടി പെണ്ണെ ..

.. ഓ എനിക്കെന്തു വിഷമം നമുക്കിങ്ങനെ ഒരെണ്ണം ഇല്ലല്ലോ ..മ്മടെയാ ത്രേസ്യാമ്മ ചേടത്തീടെ വീട്ടിലൊരെണ്ണം ഉണ്ട് അതിന്റെ നെഗളിപ്പ് ചില്ലറയല്ല ..ആ ജൂലീടെ വീട്ടിലും ഉണ്ട് ഇത് പോലൊരെണ്ണം .. വലിയ ടീവീല് സിനിമ കാണണെങ്കി അങ്ങോട്ടു ചെല്ലാൻ അവള് വിളിച്ചപ്പം തൊലി ഉരിഞ്ഞു പോയ പോലാ എനിക്ക് ..

.. എടി അതിലിപ്പം തൊലി ഉരിയണ്ട കാര്യമൊന്നുമില്ല ..നിനക്കൊരു ടീവിയല്ലേ വേണ്ടത് …ദേ ഇത് നമുക്കങ്ങെടുക്കാം അളിയൻ ഇപ്പൊ ഇത്രേം വലിയ ടീവി വെച്ചോണ്ട് ഒറ്റയ്ക്ക് എന്ത് ചെയ്യാനാ ..ഹഹഹ അല്ലെടി ..

.. ആ അത് ശരിയാ ഇച്ചായന് ടീവി കാണാൻ പോലും സമയം കിട്ടത്തില്ല .അല്ലേങ്കിപ്പിന്നെ ഇത് പോലെ ഞായറാഴ്ച്ച ആവണം .ഞായറാഴ്ച ഒരു ദിവസം കാണാൻ ഇത്രേം വലിയ റ്റീവീടെ ആവശ്യമില്ല ..അല്ലെ ബേബിച്ചായാ ..

.. അതാടി ഞാനും പറഞ്ഞേ .അല്ലെങ്കി തന്നെ അളിയന് ആവശ്യം വരുവാണെങ്കി നമ്മക്കിതങ്ങ്‌ തിരിച്ചു കൊടുക്കാം ന്താ പോരെ ..

പെട്ടന്ന് വിഷയം മാറ്റാനായി ആന്റണി ചോദിച്ചു.

.. അല്ല ജെസ്സീ ..ജോയലും ജേയ്സിലും എന്ത്യേ..അവരെ എന്താ കൊണ്ടു വരാഞ്ഞേ ..

.. ഇച്ചായാ രണ്ടു പേർക്കും സൺഡെ സ്‌കൂളുണ്ട് ..

.. ഒഹ് അത്രയും സമാധാനം ..എന്ന് മനസ്സിലോർത്ത് നിന്നപ്പോ ജെസ്സി .

.. പിന്നതുമല്ല ഇച്ചായാ ..ടീവി കൊണ്ടു പോകുമ്പോ പിള്ളേരെ എല്ലാരേം കൂടി കൊണ്ടു വന്നാ ശരിയാവില്ല.അവിടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടല്ലോ നോക്കാൻ .അതുകൊണ്ട് അവരവിടെ തന്നെ നിക്കട്ടെ എന്ന് കരുതി .പിന്നെ ജോബിൽ മോൻ ഇതുവരെ പാലുകുടി നിറുത്തിയിട്ടില്ലല്ലോ .അപ്പൊ ഞാനില്ലാതെ ശരിയാവില്ല .അതുകൊണ്ടാ ഇവനെ മാത്രം കൊണ്ടു വന്നത് .

.. അപ്പൊ ടീവി കൊണ്ടോവാൻ തന്നെ ആണ് ഭാര്യയും ഭർത്താവും കൂടി തീരുമാനിച്ച് വന്നിരിക്കുന്നത് …

 

താൻ ഇ എം ഐ ക്ക് മേടിച്ച , ആദ്യത്തെ അടവ് പോലും ആയിട്ടില്ലാത്ത ടീവിയ്ക്ക് അതും അതിന്റെ പുതുമ മാറുന്നതിനു മുമ്പ് തന്നെ തന്റെ പെങ്ങളും അളിയനും വില പറയുന്നത് കേട്ട് നിർവികാരതയോടെ സോഫയിൽ കയ്യൂന്നി ആന്റണി നിന്നു .

Leave a Reply

Your email address will not be published. Required fields are marked *