ബാഗുമായി താഴേക്ക് വരുന്ന മകനെ കണ്ടതും പാർവതി അമ്പരപ്പോടെ ചോദിച്ചു, “നീ ഇറങ്ങുവാണോ?”
“മ്മ്…” ഒരൊറ്റ മൂളലിൽ അവൻ മറുപടി ഒതുക്കി.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിജയൻ കൈ നിർത്തി സിദ്ധുവിനെ ഒന്ന് നോക്കി. എന്നിട്ട് കഴിച്ചുകൊണ്ടുതന്നെ ഗൗരവത്തോടെ ചോദിച്ചു, “അല്ല… അപ്പോൾ നീ ഇവിടെ നിൽക്കുന്നില്ലേ? കല്യാണത്തിന് ഇനി അധികം ദിവസങ്ങളില്ലല്ലോ.”
അല്ലെങ്കിലും വീട്ടിലെ ഇത്തരം ആഘോഷങ്ങളുടെയോ ചടങ്ങുകളുടെയോ തിരക്കുകളിൽ വിജയൻ സിദ്ധുവിനെ അത്രയധികം പ്രതീക്ഷിക്കാറില്ല. അവൻ ഇതിലൊന്നും തലയിടാറില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും, എന്ത് വന്നാലും സ്വന്തം അനുജന്റെ കല്യാണത്തിന് അവൻ അവിടെത്തന്നെ ഉണ്ടാകണമെന്ന് വിജയന് നിർബന്ധമുണ്ടായിരുന്നു.
“ഇല്ലച്ഛാ… അത്യാവശ്യമായി ഒരു അസൈൻമെന്റ് വന്നിട്ടുണ്ട്. ഞാൻ കല്യാണത്തിന് രണ്ട് ദിവസം മുന്നേ എത്തും,”
ആരുടെയും കണ്ണുകളിലേക്ക് നോക്കാതെ, ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു.
“ഓ, ഇവനും ഇവന്റെയൊരു കാടും!” പാർവതി നിരാശയോടെ തലയാട്ടി.
പിന്നീടൊന്നും കേട്ടുനിൽക്കാതെ സിദ്ധു വേഗത്തിൽ മുറ്റത്തേക്ക് ഇറങ്ങി. അവിടെ തറവാടിന്റെ മുറ്റത്ത്, കാടിന്റെ വന്യതയെ കീഴടക്കാൻ പാകത്തിൽ തലയെടുപ്പോടെ നിൽക്കുന്ന അവന്റെ പ്രിയപ്പെട്ട വാഹനം കാത്തുകിടപ്പുണ്ടായിരുന്നു—കറുത്ത നിറത്തിലുള്ള, റാംഗ്ലർ റൂബിക്കൺ’ കൊടുംകാട്ടിലൂടെയും മലമ്പാതകളിലൂടെയും അനായാസം കുതിച്ചുപായാൻ കരുത്തുള്ള ആ ഓഫ്-റോഡ് വാഹനത്തിലേക്ക് അവൻ തന്റെ
ബാഗുകൾ എടുത്തുവെച്ചു.
ഡ്രൈവിംഗ് സീറ്റിലേക്ക് കയറി, എഞ്ചിൻ സ്റ്റാർട്ട് ചെയ്തപ്പോൾ ആ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ജീപ്പിന്റെ ഗാംഭീര്യമാർന്ന ഇരമ്പൽ മുഴങ്ങി. ഒരിക്കൽ കൂടി വീടിന്റെ മുകളിലത്തെ ജനാലയിലേക്ക് അവൻ കണ്ണോടിച്ചു. എന്നിട്ട്, മനസ്സിൽ ഉടലെടുത്ത ആ അപകടകരമായ പ്രണയത്തിൽ നിന്നും ഓടിയൊളിക്കാനെന്നവണ്ണം, ആക്സിലേറ്ററിൽ ആഞ്ഞുചവിട്ടി സിദ്ധു ഇരുട്ടിലേക്ക് കുതിച്ചുപാഞ്ഞു.
‘ജാനി… ഞാൻ മാറി നിൽക്കണം. ഇല്ലെങ്കിൽ അവനു നിന്നെ ഞാൻ കൊടുക്കില്ല…. സ്വന്തമാക്കി പോകും പെണ്ണെ…. ”
ഇരുട്ടിലൂടെ ജീപ്പ് കുതിച്ചുപായുമ്പോൾ സിദ്ധുവിന്റെ മനസ്സ് തന്നോട് തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു. കാടിന്റെ എത്രയോ ഉൾത്തട്ടുകളിലേക്ക് അവൻ യാത്രയായി, കാമറക്കണ്ണുകളിലൂടെ പ്രകൃതിയുടെ ഓരോ വിസ്മയവും ഒപ്പിയെടുക്കാൻ ശ്രമിച്ചു. പക്ഷേ, എത്രയൊക്കെ അകലേക്ക് ഓടിപ്പോയിട്ടും ജാനിയുടെ ആ നിഷ്കളങ്കമായ മുഖം അവന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല. കസവ് സാരിയും ജിമിക്കിയും അണിഞ്ഞ്, ചായക്കപ്പുമായി തലകുനിച്ചു നടന്നുവന്ന അവളുടെ രൂപം അവന്റെ ഉറക്കമില്ലാത്ത രാത്രികളിൽ ഒരു നിഴൽ പോലെ കൂടെനിന്നു. ഇനിയുള്ള കാലം മുഴുവൻ അവളെ ഓർത്ത് ജീവിക്കാനായിരിക്കും തന്റെ വിധിയെന്ന് അവൻ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അങ്ങനെ, ദിവസങ്ങളും ആഴ്ചകളും വേഗത്തിൽ കൊഴിഞ്ഞുവീണു. ഒടുവിൽ, എല്ലാവരും കാത്തിരുന്ന ആ കല്യാണദിവസം വന്നെത്തി!
………
വാക്കുകൊടുത്തതുപോലെ കല്യാണത്തിന് രണ്ട് ദിവസം മുന്നേ തന്നെ സിദ്ധു എത്തിയിരുന്നു. തന്റെ ഉള്ളിലെ അസ്വസ്ഥതകളെല്ലാം മറച്ചുവെച്ച്, ഏട്ടൻ വിനീതിനോടൊപ്പം നിന്ന് കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങൾക്കും അവൻ മുൻകൈയെടുത്തു. വീട്ടിലെ അലങ്കാരങ്ങളും മറ്റും ശാലിനിയും പാർവതിയും കൂടി ഭംഗിയായി നോക്കിനടത്തി. ചുമതലകൾ ഏറ്റെടുക്കാൻ മുതിർന്ന രണ്ട് ആൺമക്കൾ ഒപ്പമുള്ളതുകൊണ്ട് വിജയന് അധികം ജോലിഭാരമൊന്നും ഉണ്ടായിരുന്നില്ല.
അങ്ങനെ
കല്യാണദിവസം വന്നെത്തി.
അതിരാവിലെ മുതൽ തന്നെ ജാനകിയുടെ വീട്ടിലും ബന്ധുക്കളും നാട്ടുകാരും വന്നുതുടങ്ങി. മകൾ ഒഴിഞ്ഞുപോകുന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു സുലോചന എന്ന് വേണമെങ്കിൽ പറയാം.
എന്നാൽ, ദിവാകരൻ മാഷിന് മാത്രം ഉള്ളിൽ വല്ലാത്തൊരു സങ്കടവും വിങ്ങലുമായിരുന്നു. മകളെ ഇത്ര ചെറിയൊരു പ്രായത്തിൽ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുന്നതിലുള്ള മടിയും, അവളെ പിരിയുന്നതിലുള്ള വേദനയും ആ അച്ഛന്റെ കണ്ണുകളിൽ നിറഞ്ഞുനിന്നു.
