തന്റെ നിയന്ത്രണം വിട്ടുപോകുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. മുകളിലേക്ക് ഓടിച്ചെന്ന് ആ വാതിൽ ചവിട്ടിത്തുറന്ന് അവളെ അവിടെനിന്നും വലിച്ചിറക്കിക്കൊണ്ടുവരാൻ പോലും അവന്റെ ഉള്ളിലെ കാട്ടുതീ അവനെ പ്രേരിപ്പിച്ചു. പക്ഷേ, സ്വന്തം അനിയന്റെ ജീവിതം, അച്ഛന്റെ അഭിമാനം, കുടുംബത്തിന്റെ മാന്യത—എല്ലാം അവന്റെ കാലുകളിൽ ചങ്ങലയിട്ടു.
ആ നിസ്സഹായതയിൽ, ഉള്ളിലെ തീ അണയ്ക്കാനാകാതെ സിദ്ധു ഗ്ലാസ്സിലെ ബാക്കി മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്തു. എന്നിട്ട്, ആരും കാണാതെ തന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു; റിസപ്ഷൻ തുടങ്ങുന്നതിന് മുൻപ് അവിടെനിന്നും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ വേണ്ടി!
അങ്ങനെ റിസപ്ഷൻ ആഘോഷങ്ങളൊക്കെ ഒരുവിധം കഴിഞ്ഞു. അതിഥികളെല്ലാം പിരിഞ്ഞുപോയതോടെ ‘വൈകുണ്ഠം’ തറവാട് ശാന്തമായിത്തുടങ്ങി. ഇനി ആദ്യരാത്രിയാണ്.
മുകളിലത്തെ നിലയിലെ ഒരു മുറിയിൽ, ശാലിനിയും വർണ്ണയും മറ്റു കസിൻസും ചേർന്ന് ജാനിയെ ആദ്യരാത്രിക്ക് വേണ്ടി ഒരുക്കുകയാണ്. കസവ് കരയുള്ള സെറ്റും മുണ്ടും ഉടുപ്പിച്ച്, നീണ്ട കറുത്ത മുടിയിൽ നിറയെ മുല്ലപ്പൂവ് ചൂടിക്കൊടുത്തു. നെറ്റിയിലെ ചെറിയ പൊട്ടും, കാതിലെ ജിമിക്കിയും, മുല്ലപ്പൂവിന്റെ സുഗന്ധവും അവളെ
ഒരു ദേവതയെപ്പോലെ സുന്ദരിയാക്കിയിരുന്നു.
“ഇതാ, ഇത് പിടിക്ക് ചേച്ചീ… ഇനി ധൈര്യമായിട്ട് പൊയ്ക്കോ,” വർണ്ണ ഒരു വെള്ളി ഗ്ലാസ്സിൽ ചൂടുപാൽ അവളുടെ കൈയിലേക്ക് വെച്ചുകൊടുത്തു. ശാലിനി അവളുടെ കവിളിൽ തലോടി, “പേടിക്കേണ്ട ജാനി, എല്ലാം നന്നായി വരും,” എന്ന് പറഞ്ഞ് അനുഗ്രഹിച്ചു.
പാൽ ഗ്ലാസ്സുമായി, വിറയ്ക്കുന്ന കാലുകളോടെ ജാനി പടികൾ കയറി മുകളിലത്തെ ഇടനാഴിയിലേക്ക് നടന്നു. അവളുടെ മനസ്സിൽ വല്ലാത്തൊരു ആശങ്കയും പേടിയും നിറഞ്ഞിരുന്നു. വൈകുന്നേരം നിതിന്റെ ആ പരുക്കൻ പെരുമാറ്റവും ആർത്തി നിറഞ്ഞ നോട്ടവും അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
അവൾ ഇടനാഴിയിലേക്ക് കാലെടുത്തുവെച്ചതും, തൊട്ടടുത്ത മുറിയുടെ വാതിൽ തുറന്ന് സിദ്ധു പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു!
ഒരു നിമിഷം സമയം നിശ്ചലമായതുപോലെ. സെറ്റും മുണ്ടും അണിഞ്ഞ്, മുല്ലപ്പൂവ് ചൂടി, കൈയിൽ പാൽ ഗ്ലാസ്സുമായി നിൽക്കുന്ന ജാനിയെ കണ്ട സിദ്ധുവിന്റെ ശ്വാസം ഒന്ന് നിലച്ചുപോയി. അവളുടെ കണ്ണുകൾ ഉയർന്ന് സിദ്ധുവിന്റെ കണ്ണുകളുമായി ഉടക്കി. ആ കണ്ണിലെ ആഴവും തീക്ഷ്ണതയും കണ്ടപ്പോൾ ജാനിയുടെ ഉള്ളിൽ വീണ്ടും ആ പഴയ വികാരം ഇരച്ചുകയറി. അവൻ തന്റെ അരികിലൂടെ കടന്നുപോകുമ്പോൾ, അവനിൽ നിന്നും ഉയർന്ന ആ വന്യമായ സുഗന്ധം അവളെ വല്ലാതെ ഉലച്ചു.
സിദ്ധുവാകട്ടെ, ആകെ ഉറച്ചുപോയ അവസ്ഥയിലായിരുന്നു. മുല്ലപ്പൂവിന്റെ ഗന്ധവും അവളുടെ ആ നിഷ്കളങ്കമായ സൗന്ദര്യവും അവന്റെ സമനില തെറ്റിക്കുമെന്ന് അവൻ ഭയന്നു. അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും മറന്ന്, ഉള്ളിലെ വേദന കടിച്ചമർത്തി അവൻ വേഗത്തിൽ താഴേക്ക് പടികളിറങ്ങി ഓടി.
താഴേക്ക് ഇറങ്ങുമ്പോൾ സിദ്ധുവിന്റെ മനസ്സിൽ തീ ആളിപ്പടരുകയായിരുന്നു. ‘എന്റെ പെണ്ണാകേണ്ടിയിരുന്നവൾ… ഇപ്പോൾ അവന്റെ മുറിയിലേക്ക് പോവുകയാണ്. അവന്റെ
കൈകളിലേക്ക്…’ ആ ചിന്ത അവനെ ഭ്രാന്തനാക്കി. താൻ ഇവിടെ നിന്നാൽ എന്തെങ്കിലും അബദ്ധം ചെയ്തുപോകുമെന്ന് അവന് ഉറപ്പായിരുന്നു.
അതേസമയം, മുകളിൽ ജാനി വിറയ്ക്കുന്ന കൈകളോടെ നിതിന്റെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
കുളിച്ച് ഫ്രഷായി, ഒരു കൈലിയും ബനിയനും ധരിച്ച് കട്ടിലിൽ അവളെയും കാത്തിരിക്കുകയായിരുന്നു നിതിൻ. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ ആർത്തിയോടെ തിളങ്ങി.
വൈകുന്നേരം കൂട്ടുകാർ ഉപദേശിച്ചുകൊടുത്ത വാക്കുകളായിരുന്നു നിതിന്റെ മനസ്സിൽ മുഴുവൻ. കൂട്ടത്തിൽ ഏറ്റവും വഷളനായ ജിതിൻ അവന്റെ തോളിൽ തട്ടി പറഞ്ഞത് അവൻ ഓർത്തു: “മച്ചാ… ഇവന്മാരൊക്കെ നല്ല നടികളാണ്. ആദ്യരാത്രിയാകുമ്പോൾ ക്ഷീണമാണ്, ടയേർഡ് ആണ്, നാളെ മതി എന്നൊക്കെ പറയും. നമ്മൾ അതൊന്നും കേൾക്കരുത്. ഇന്ന് തന്നെ എല്ലാം തീർത്തേക്കണം, കേട്ടല്ലോ! എങ്കിലേ അവൾ നമ്മുടെ വരുതിയിൽ നിൽക്കൂ.”
