“ആഹ്, നീ പോയി റെസ്റ്റ് എടുത്തോ. ഞാൻ എല്ലാവരെയും ഒന്ന് പറഞ്ഞയച്ചിട്ട് വരാവേ…” നിതിൻ അവളുടെ കാതിനരികിൽ സ്വകാര്യമായി പറഞ്ഞു.
“മോള് വർണ്ണയുടെ കൂടെ പൊയ്ക്കോ…” പാർവതി അരികിൽ നിന്നൊരു പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചു.
വർണ്ണ—വിജയന്റെ അനിയന്റെ മകളാണ്. ഡിഗ്രിക്ക് പഠിക്കുന്നു. ജാനിയും വർണ്ണയും തമ്മിൽ ആകെ രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ.
“വാ ചേച്ചീ, ഞാൻ റൂം കാണിച്ചു തരാം…” വർണ്ണ ജാനിയെയും കൂട്ടി മുകളിലേക്ക് പടികൾ കയറിയതോടെ, കൂടെയുണ്ടായിരുന്ന മറ്റു കസിൻസും അവരുടെ പിന്നാലെ കൂടി.
അങ്ങനെ നിതിന്റെ മുറിയിലെത്തി.
കല്യാണസാരിയും ആഭരണങ്ങളുമൊക്കെ അഴിച്ചുമാറ്റാൻ എല്ലാവരും ജാനിയെ സഹായിച്ചു. ആ വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന് കുറച്ചു സ്നേഹവും കരുതലുമൊക്കെ ജാനിക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പ്രത്യേകിച്ച് വർണ്ണ—അവളെ ഒരു നിമിഷം പോലും ഒറ്റയ്ക്കാക്കാതെ, ഒരു കൂടപ്പിറപ്പിനെപ്പോലെ കൂടെത്തന്നെ നിൽക്കുകയാണ്. നിതിനെ നോക്കിയിട്ടാണെങ്കിൽ എങ്ങും കണ്ടതുമില്ല.
അവൾ വേഷമൊക്കെ മാറി, തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചു. പെട്ടിയിൽ നിന്നും വൈകുന്നേരത്തെ റിസപ്ഷനുള്ള മനോഹരമായ മറ്റൊരു സാരിയെടുത്ത് ഉടുത്തു. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവളുടെ ക്ഷീണമൊക്കെ ഒന്ന് മാറിയിരുന്നു.
അങ്ങനെ വൈകുന്നേരത്തെ റിസപ്ഷന് സമയമായപ്പോഴേക്കും നിതിൻ ഓടി മുറിയിലേക്ക് വന്നു. അവൻ അടുത്തേക്ക് വന്നപ്പോൾ തന്നെ, വിയർപ്പിനൊപ്പം കലർന്ന മറ്റൊരു രൂക്ഷഗന്ധം ജാനിയുടെ മൂക്കിലേക്ക് അടിച്ചുകയറി—മദ്യത്തിന്റെ ഗന്ധം!
കൂട്ടുകാരോടൊപ്പം കല്യാണം
ആഘോഷിച്ചതിന്റെ ലഹരിയിലായിരുന്നു അവൻ.
അവന്റെ ആ നടപ്പും ഭാവവും കണ്ടതും വർണ്ണ കുസൃതിയോടെ കളിയാക്കി ചിരിച്ചു, “ഓ, നിതിനേട്ടൻ ഇന്ന് നല്ല ഫോമിലാണല്ലോ!”
“പോയേ, പോയേ… നീയൊക്കെ പുറത്തു പോ…” നാണവും ലഹരിയും കലർന്നൊരു ചിരിയോടെ, കസിൻസിനെയെല്ലാം പുറത്തേക്ക് പറഞ്ഞയച്ചുകൊണ്ട് നിതിൻ വാതിലടച്ചു.
വാതിലടഞ്ഞ നിമിഷം തന്നെ ജാനിയും നിതിനും ആ മുറിയിൽ തനിച്ചായി. പുറത്ത് കൂട്ടുകാരുടെ നിരന്തരമായ എരിപിരിയും കളിയാക്കലുകളും കാരണം, ജാനിയെ ഒന്ന് ഉമ്മ വെക്കാനുള്ള പെട്ടെന്നുള്ള ആവേശത്തിൽ ഓടിവന്നതായിരുന്നു നിതിൻ.
പാവം ജാനി ആകെ പരിഭ്രമിച്ചു പോയി. പെട്ടെന്ന് അവൻ ഇങ്ങനെ കയറിവന്ന് വാതിലടയ്ക്കുമെന്ന് അവൾ ഒട്ടും കരുതിയിരുന്നില്ല. അതിലുപരി രാവിലെ മുതലുള്ള ക്ഷീണവും ഉള്ളിലെ സങ്കടവുമെല്ലാം അവളെ തളർത്തിയിരുന്നു. മാത്രമല്ല, താഴെ വീട്ടുകാരും ബന്ധുക്കളുമൊക്കെ നിൽക്കുമ്പോൾ ഇങ്ങനെ വാതിലടച്ചിരിക്കുന്നത് അവർ അറിഞ്ഞാൽ മോശമല്ലേ എന്ന ആശങ്കയും അവളെ അലട്ടി.
വാതിലടച്ചതും നിതിൻ അവളുടെ അരക്കെട്ടിലൂടെ കൈചുറ്റി, ജാനിയെ തന്റെ ശരീരത്തോട് ചേർത്തുനിർത്തി.
“മ്മ്…” അവനിൽ നിന്നും അടിച്ചുകയറിയ മദ്യത്തിന്റെ രൂക്ഷഗന്ധം കാരണം ജാനി അറിയാതെ ഒന്ന് മുഖം തിരിച്ചു പോയി.
അവളുടെ ആ പ്രതികരണം നിതിന് ഒട്ടും ഇഷ്ടമായില്ല. അവന്റെ മുഖം പെട്ടെന്ന് ചുളിഞ്ഞു.
“എന്താടോ, സ്മെൽ ഇഷ്ടമായില്ലേ? ഞാൻ കുടിയനൊന്നുമല്ല കേട്ടോ. ഇന്ന് കല്യാണമായതുകൊണ്ട് മച്ചാന്മാർ നിർബന്ധിച്ചിട്ട് ഒരല്പം കഴിച്ചതാ…” അവന്റെ സ്വരത്തിൽ ചെറിയൊരു നീരസമുണ്ടായിരുന്നു.
“സാരമില്ല…” അവനെ പിണക്കേണ്ട എന്നോർത്ത് ജാനി പതുക്കെ പറഞ്ഞു.
“ആഹ്, സാരം ഉണ്ടാവരുത്. എന്റെ ഭാര്യയല്ലേ ഇപ്പോൾ…” അവൻ അവളുടെ താടിയിൽ വിരൽ വെച്ച് മുഖം ഉയർത്തിക്കൊണ്ട് പറഞ്ഞു. വാക്കുകളിൽ സ്നേഹമാണോ അതോ
നേരിയൊരു ഭീഷണിയാണോ ഒളിഞ്ഞിരിക്കുന്നതെന്ന് ജാനിക്ക് സംശയം തോന്നി.
“പിന്നെ… എനിക്കൊരു കിസ്സ് വേണം.”
ജാനി ഞെട്ടി അവനെ നോക്കി. ഇത്ര പെട്ടെന്നോ! നിതിനെ തന്റെ ഭർത്താവായി മനസ്സുകൊണ്ട് ഒന്ന് സങ്കൽപ്പിക്കാൻ പോലും അവൾക്ക് ഇതുവരെ സാവകാശം കിട്ടിയിട്ടില്ല.
നിതിൻ അവളെ ഒരല്പം മാറ്റി നിർത്തി. എന്നിട്ട് അകലെ നിന്ന് അവളെ അടിമുടി ഒന്ന് നോക്കി.
