ശത്രുക്കളോട് അടങ്ങാത്ത കടുത്ത ദേഷ്യം, അതിലേറെ ആ ചതിയുടെ ചോരത്തുള്ളികളോടുള്ള വെറുപ്പ്!
സിംഹാസനത്തിന്റെ മുന്നിൽ ചോര വാർന്നൊലിക്കുന്ന വാളുമായി നിൽക്കുമ്പോൾ കുമാരന്റെ കണ്ണുകളിൽ നിന്ന് ചോരക്കണ്ണീരുകൾ പൊഴിയുന്നുണ്ടായിരുന്നു. തനിക്ക് ജന്മം തന്ന, ഈ രാജ്യത്തിന് നീതി തന്ന മാതാപിതാക്കൾ ആ കൊട്ടാരത്തിന്റെ തറയിൽ ചോരയിൽ കുളിച്ചു കിടന്ന കാഴ്ച അവന്റെ മനസ്സിൽ ആഞ്ഞടിച്ചു. അവൻ ആ മഹാസിംഹാസനത്തിന്റെ മുന്നിലേക്ക് നടന്നു കയറിയത് ഒരു രാജാവായല്ല, മറിച്ച് എല്ലാം നഷ്ടപ്പെട്ട ഒരു മകന്റെ നെഞ്ചുപൊട്ടുന്ന വേദനയോടെയാണ്.
വിജയശ്രീലാളിതനായി കൊട്ടാരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കിയ രാജകുമാരൻ കണ്ടത്, തന്റെ ഭടന്മാരുടെയും ഗന്ധർവ ശക്തിയുടെയും മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ചിതറിപ്പോയ ശത്രുസൈന്യമാണ്. ജീവനുംകൊണ്ട് പാഞ്ഞുപോകുന്ന ആ ചതിയന്മാരുടെ പാഴ്‌ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട്, ആ മിന്നൽവാൾ ഒരിക്കൽക്കൂടി അവൻ ആകാശത്തേക്ക് ഉയർത്തിക്കാട്ടി. അലർച്ചയോടെ ഓടിപ്പോകുന്ന ശത്രുക്കളെ നോക്കി തന്റെ വിജയം പ്രഖ്യാപിച്ച ആ നിമിഷം, ആ രാജ്യത്തിന്റെ മണ്ണിൽ നീതി പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. ആകാശത്ത് കാർമേഘങ്ങൾ മാറി പുതിയൊരു സൂര്യൻ തേജസ്സോടെ ഉദിച്ചുയർന്നു.
.
ശത്രുക്കളിൽ നിന്ന് കൊട്ടാരം പൂർണ്ണമായി മോചിപ്പിക്കപ്പെട്ട ആ പുലരിയിൽ തന്നെ , കുമാരൻ തന്റെ പ്രാണപ്രിയയെയും തന്റെ പിഞ്ചോമനയേയും സുരക്ഷിതമായി കൊട്ടാരത്തിലേക്ക് തിരികെ കൊണ്ടുവരാൻ യാഗശാലയിലേക്ക് യാത്രയായി.
.
അവിടെ, ഗുരുവിന്റെ കാവലിൽ ഇരുന്ന പ്രാണപ്രിയയുടെ കണ്ണുകൾ തന്നെക്കാണാൻ വന്ന തന്റെ പ്രിയതമനെ കണ്ടതും ആനന്ദാശ്രുക്കളാൽ നിറഞ്ഞുതുളുമ്പി. അവൻ അവരെ രണ്ടുപേരെയും വാരിപ്പുണർന്നു. തന്റെ പ്രാണന്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന കുഞ്ഞിന്റെ നെറ്റിയിൽ സ്നേഹത്തോടെ ചുണ്ടുകൾ ചേർത്ത്, അവൻ ആ മനോഹര കുടുംബത്തെയും കൂട്ടി സ്വന്തം കൊട്ടാരത്തിലേക്ക് മടങ്ങി. ജനങ്ങൾ പൂമാലകളോടെയും
ആരവങ്ങളോടെയും തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെയും രാജ്ഞിയെയും വരവേറ്റു.
***************************************************
.
.
അതിനുശേഷം അങ്ങോട്ട്, ആ രാജ്യത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു.
അഞ്ചു വർഷങ്ങൾ ഒരേയൊരു മാന്ത്രികസ്വപ്നം പോലെ കടന്നുപോയി.
രാജാവിന്റെ മിടുക്കായ ഭരണത്തിൽ ആ നാട് സസ്യശ്യാമളമൃഗങ്ങളാൽ സമൃദ്ധമായി. പ്രജകൾ പരസ്പരം സ്നേഹത്തോടും സമാധാനത്തോടും കൂടി ജീവിച്ചു. യുദ്ധത്തിന്റെ കറുത്ത പാടുകൾ മാഞ്ഞ് ആ കൊട്ടാരം വീണ്ടും പൂവണിഞ്ഞു.
ഈ അഞ്ചു വർഷങ്ങൾക്കിടയിൽ, ആ കൊട്ടാരത്തിന്റെ വരാന്തകളിൽ ഓടിച്ചാടിനടക്കുന്ന ഒരു കൊച്ചു രാജകുമാരൻ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. അന്ന് യാഗശാലയിൽ പിറന്നുവീണ ആ കുഞ്ഞ് ഇന്ന് അഞ്ചു വയസ്സിന്റെ ചുറുചുറുക്കോടെ, അച്ഛന്റെ ധീരതയും അമ്മയുടെ സൗന്ദര്യവും ഒത്തിണങ്ങിയ ഒരു തേജസ്സായി വളർന്നിരുന്നു.
രാജ്യമെങ്ങും വസന്തം നിറഞ്ഞുനിൽക്കുന്ന ഒരു സായാഹ്നം. കൊട്ടാരത്തിന്റെ ഉയരമുള്ള മട്ടുപ്പാവിൽ, തണുത്ത കാറ്റേറ്റ് എന്റെ പ്രാണപ്രിയയോടും ഓടിച്ചാടി കളിക്കുന്ന എന്റെ അഞ്ചു വയസ്സുകാരൻ മകനോടുമൊപ്പം ഞാൻ ചിലവഴിക്കുകയായിരുന്നു. എന്റെ മകന്റെ കുറുമ്പും നിഷ്കളങ്കമായ ചിരിയും കണ്ടുനിൽക്കുന്ന ആ നിമിഷം, കഴിഞ്ഞകാലത്തെ എല്ലാ ഇരുണ്ട രാത്രികളുടെയും വേദനകളെയും മായ്ച്ചുകളയുന്നതായിരുന്നു.
പെട്ടെന്ന് താഴെ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിലൂടെ വലിയൊരു കാറ്റ് വീശിയടിക്കുന്ന ശബ്ദം കേട്ടു. ഞങ്ങൾ മൂവരും അമ്പരപ്പോടെ മട്ടുപ്പാവിന്റെ കൈവരിയിലൂടെ താഴേക്ക് നോക്കി.
.
കൊട്ടാരത്തിന്റെ പടിവാതിൽ കടന്ന് അകത്തേക്ക് വരുന്നത് മറ്റാരും ആയിരുന്നില്ല—!
”വാഗ ” എന്റെ നാവ് മന്ത്രിച്ചു
അദ്ദേഹത്തിന്റെ ഒപ്പം, വായുവിനെപ്പോലെ നിശബ്ദനും എന്നാൽ അതിമാനുഷികമായ ഗാംഭീര്യവുമുള്ള മറ്റൊരു യോദ്ധാവ് കൂടി ഉണ്ടായിരുന്നു. സാധാരണ മനുഷ്യരുടെ ശരീരപ്രകൃതിയല്ല ആ ഭടന്; ഗന്ധർവലോകത്തിന്റെ തേജസ്സും കാവൽഭടന്റെ രൗദ്രഭാവവും ആ മുഖത്ത് ജ്വലിച്ചുനിൽക്കുന്നുണ്ടായിരുന്നു.
