.
അന്നുതുടർന്ന് അങ്ങോട്ട്, ആ കൊട്ടാരത്തിലെ ഓരോ ദിവസവും പ്രണയത്തിന്റെയും പ്രതീക്ഷയുടെയും പുതിയൊരു സൂര്യോദയമായി മാറി. വൈകുന്നേരങ്ങളിൽ രാജസഭയിലെ തിരക്കുകളെല്ലാം കഴിഞ്ഞ് ഞാൻ ഓടിയെത്തിയിരുന്നത് എന്റെ പ്രാണപ്രിയയുടെ അരികിലേക്കാണ്. വയറിലെ പുതിയ ജീവന്റെ സ്പന്ദനങ്ങൾ അറിയാൻ ഞാൻ എന്റെ കാതുകൾ അവളുടെ വയറിനോട് ചേർത്തുപിടിക്കുമ്പോൾ, അവളിൽ വിരിയുന്ന ആ മാതൃത്വത്തിന്റെ പുഞ്ചിരി കാണാൻ എന്തൊരു ചന്തമായിരുന്നു!
അച്ഛൻ ദിവസവും കൊട്ടാരത്തിലെ ഏറ്റവും മികച്ച വൈദ്യന്മാരെ വരുത്തി അവളുടെ ആരോഗ്യകാര്യങ്ങൾ നേരിട്ട് അന്വേഷിച്ചറിഞ്ഞു. അമ്മയാകട്ടെ, അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് ഓടിച്ചെന്ന് പലതരം വിഭവങ്ങളും ഔഷധക്കൂട്ടുകളും സ്നേഹത്തോടെ തയ്യാറാക്കി നൽകി. തെരുവിന്റെ പരുക്കൻ വഴികളിൽ കണ്ണീരും നോവുമായി നടന്നിരുന്ന ആ പെൺകുട്ടി ഇന്ന് രാജ്യത്തിന്റെ സ്നേഹലാളനകളിൽ പൂത്തുലഞ്ഞു നിൽക്കുകയാണ്.
ഞങ്ങളുടെ പ്രണയത്തിന്റെ അടയാളമായി വരാൻ പോകുന്ന ആ കുഞ്ഞു അതിഥിയെ വരവേൽക്കാൻ ആ കൊട്ടാരം മാത്രമല്ല, പ്രകൃതി പോലും പൂവണിഞ്ഞു നിന്നു.
സങ്കടങ്ങളും വിരഹങ്ങളും മാറി, ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി പരസ്പരമുള്ള അനന്തമായ സ്നേഹത്തിന്റെ അമൃതുകുംഭമായി മാറിമറിഞ്ഞു.
.
.
അങ്ങനെ നീണ്ട സന്തോഷവും സമാദാന പരവുമായ 9 മാസങ്ങൾ കഴിഞ്ഞുപോയി
.
സമാധാനത്തോടെ കടന്നുപോയ ആ ഒമ്പത് മാസങ്ങൾക്കുശേഷം കൊട്ടാരത്തിൽ മറ്റൊരു രാവ് കൂടി പുലർന്നു. അന്തഃപുരത്തിന്റെ ശാന്തതയിൽ ഞാനും എന്റെ പ്രാണപ്രിയയും സുഖമായി ഉറങ്ങിക്കിടക്കുന്ന ആ യാമത്തിലാണ്, ആ ഭയാനകമായ നിമിഷം തേടിയെത്തിയത്.
.
പെട്ടെന്ന് അന്തഃപുരത്തിന്റെ വാതിൽ ആഞ്ഞടിക്കുന്ന പോലെ ശക്തമായൊരു മുട്ടുകേട്ടു. ഞെട്ടിയുണർന്ന ഞാൻ ധൃതിയിൽ ചെന്ന് വാതിൽ തുറന്നു.
മുന്നിൽ നിൽക്കുന്നത് മറ്റാരുമായിരുന്നില്ല— എന്റെ രുദ്ര തന്നെയായിരുന്നു.
എന്നാൽ പതിവില്ലാത്ത വിധം അവന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രാന്തിയും വെപ്രാളവും തളംകെട്ടിയിരുന്നു. വിയർപ്പൊലിക്കുന്ന നെറ്റിയോടെ, കിതച്ചുകൊണ്ട് അവൻ എന്റെ കാൽക്കൽ മുട്ടുകുത്തി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“വ്യോമാ … മാപ്പ് തരണം! ഈ പാതിരാത്രിയിൽ അങ്ങയുടെ വിശ്രമം മുടക്കിയതിന്…” അവന്റെ തൊണ്ട ഇടറി.
.
“എന്താണ് എന്താണ് ഇത്? എന്തിനാണ് ഇത്രയും പരിഭ്രാന്തി? കൊട്ടാരത്തിൽ എന്തെങ്കിലും അപകടമുണ്ടോ?”
ഞാൻ ഇത് വരെ അവന്റെ കാണാത്ത ഒരു ഭാവം കണ്ടതോടെ ദൃഢമായ ശബ്ദത്തിൽ ചോദിച്ചു.
.
അവൻ തലയുയർത്തി, ഭയം തുളുമ്പുന്ന കണ്ണുകളോടെ എന്നെ നോക്കി. അവന്റെ വാക്കുകൾ മുറിഞ്ഞുപോയി:
“വ്യോമാ … വിശ്വസിക്കാൻ കഴിയുന്നില്ല… നാടുകടത്തപ്പെട്ട ആ ചതിയനായ ചെറിയ അച്ഛൻ… അയാള് ശത്രുസൈന്യവുമായി കൊട്ടാരത്തിന്റെ പ്രധാന കവാടം തകർത്ത് അകത്തേക്ക് ഇരച്ചുകയറിയിരിക്കുന്നു! അവർ ഇപ്പോൾ കൊട്ടാരത്തിന്റെ ഓരോ കോണും വളഞ്ഞിരിക്കുകയാണ്!”
.
.
ഞാൻ ആ വാർത്ത കേട്ട് ഞെട്ടിത്തരിച്ചുപോയി. എന്റെ കാലിനടിയിലെ
ഭൂമി ഇളകിപ്പോയതുപോലെ എനിക്ക് തോന്നി.
“അകത്തേക്ക് കയറിയെന്നോ?! ഈ കൊട്ടാരത്തിന്റെ കോട്ടമതിലുകളും ശക്തമായ കാവൽ ഭടന്മാരെയും ഭേദിച്ച് അവർ എങ്ങനെ അകത്തുകടന്നു? അതും നിനക്ക് പോലും അറിയാതെ?” എന്റെ ശബ്ദം വിറച്ചു.
അവൻ തലതാഴ്ത്തി, വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു:
“അതാണ് വ്യോമാ …… എനിക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല. കൊട്ടാരത്തിലെ ചിലരുടെ ചതിയാണോ അതോ രഹസ്യ തുരങ്കങ്ങൾവഴി അവർ അകത്തുകടന്നതാണോ എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ വാളുകൾ ഇതിനകം തന്നെ നമ്മുടെ കാവൽക്കാരുടെ ജീവനെടുത്തു കഴിഞ്ഞു.അച്ഛനും അമ്മയും അവരുടെ പിടിയിലാണ് . അവർ നേരെ ഇങ്ങോട്ടാണ് വരുന്നത്… അങ്ങയുടെയും കുമാരിയുടെയും ജീവന് ആപത്താണ്, നമ്മൾ പെട്ടെന്ന് ഇവിടെനിന്നും മാറണം!”
അവന്റെ വാക്കുകൾ അവസാനിച്ചതും, പുറത്തുനിന്നും ശത്രുക്കളുടെ ആർപ്പുവിളികളും വാളുകൾ ഉരസുന്ന ശബ്ദവും അന്തഃപുരത്തിന്റെ വരാന്തകളിൽ പ്രതിധ്വനിക്കാൻ തുടങ്ങി.
