. എന്ത് കണ്ടിട്ടാണവൾ തന്റെ പുറകെ കൂടിയതെന്ന് അറിയില്ല . കാഴ്ചയിൽ അത്ര മോശമൊന്നുമല്ലങ്കിലും തനിക്ക് അത്ര പ്രത്യേകതകൾ ഒന്നുമില്ലായിരുന്നല്ലോ .
മലയാളം ടീച്ചർ പ്രസവാവധിക്ക് പോയപ്പോൾ ആറുമാസത്തേക്ക് താത്കാലിക പോസ്റ്റിലേക്ക് വന്ന മീന ടീച്ചർ അന്ന് ഫെബ്രുവരി പതിനാലിന് പ്രണയലേഖന മത്സരം എഴുതിപ്പിക്കുന്നത് വരെ താനും കഴിവൊന്നുമില്ലാത്ത പയ്യനായിരുന്നു . മുഷിഞ്ഞ ക്‌ളാസിനെ സജീവമാക്കുന്നതിൽ മീന ടീച്ചർക്ക് വളരെ വൈദഗ്ദ്ധ്യമായിരുന്നു . ഒരു കുട്ടി പോലും എഴുതാതിരിക്കരുത് , വേണമെങ്കിൽ ഈ ക്‌ളാസ്സിലെ ഏതെങ്കിലും പെൺകുട്ടിയുടെ പേര് വെച്ച് എഴുതിക്കോളൂ എന്ന് ടീച്ചർ പറഞ്ഞപ്പോൾ തുടർന്നുണ്ടാകുന്ന ഹാസ്യം തുളുമ്പുന്ന നിമിഷങ്ങളോർത്താണ് എഴുതിയത് തന്നെ . തന്റെ വലത്തേ ബെഞ്ചിലിരിക്കുന്ന നയന എബ്രഹാമിലാണ് മുഖമൊന്ന് ചെരിഞ്ഞതേ കണ്ണുടക്കിയത് . നാട്ടിലെ അറിയപ്പെടുന്ന കോൺട്രാക്ടർ അവറാച്ചൻ മുതലാളിയുടെ ഏക സന്താനം . സ്‌കൂൾ ബ്യൂട്ടി . നീല കളർ ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന യൗവനം . തോളൊപ്പം വെട്ടി നിർത്തിയ ഷാംപൂ പുരട്ടിയ മുടി . മുല്ലമൊട്ടുകൾ പോലത്തെ നിരയൊത്ത പല്ലുകൾ . ക്‌ളാസിൽ എല്ലാവരും അവളെ വായി നോക്കുന്ന കൂട്ടത്തിൽ താനും നോക്കിയിരുന്നു എന്നതൊരു സത്യം മാത്രം . ലാസ്റ്റ് ബെല്ലടിച്ചപ്പോൾ എഴുതിയ കത്ത് പൂർത്തിയാക്കാതെ തന്നെ എല്ലാവരുടേയുമൊപ്പം ടീച്ചറുടെ കയ്യിലേക്ക് കൊടുത്തു ; വീട്ടിലേക്ക് മടങ്ങി . അന്നന്നേരത്തേക്ക് പണിയെടുക്കുന്ന അമ്മക്കൊപ്പം ചെലവഴിക്കുമ്പോൾ പ്രണയലേഖനമോ നയനയോ ഒന്നും മനസ്സിൽ വന്നിരുന്നില്ല . പശുവിനുള്ള പുല്ലു ചെത്തും പച്ചക്കറി നനക്കലും തീർന്നപ്പോഴേക്കും അപ്പൻ ആടിയാടി വന്നിരുന്നു, പതിവ് പല്ലവിയായ തെറിയും ബഹളവും കേൾക്കാൻ നിൽക്കാതെ താൻ പുസ്തകവുമെടുത്ത് സ്ട്രീറ്റ് ലൈറ്റിങ് മുന്നിലുള്ള കലുങ്ക് ലക്ഷ്യമായി നടന്നിരുന്നു . പിറ്റേന്ന് മീന ടീച്ചറുടെ പീരിയഡ് ഉച്ച കഴിഞ്ഞാദ്യത്തെ ആയിരുന്നു . “” മൈക്കിൾ ആന്റണി “” വന്നയുടനെ ടീച്ചർ പേര് വിളിച്ചപ്പോൾ ഞെട്ടിപ്പോയി . “‘ പൂർത്തിയാക്കിത്”” ടീച്ചർ പേപ്പർ തന്നിട്ട് പറഞ്ഞപ്പോൾ അന്തിച്ചു പോയി . “‘ഇത് എന്റെ പേപ്പറല്ല ടീച്ചറെ “” “‘നിന്റെ വരികൾ അല്ലെ ഇത് ..?”’ “‘അതെ …””തിരിച്ചും മറിച്ചും നോക്കിയപ്പോൾ താനെഴുതിയ വരികൾ തന്നെ , പക്ഷെ വൃത്തിയുള്ള കൈപ്പട . ആദ്യം എഴുതിയ “‘ പ്രിയപ്പെട്ട നയന , പ്രണയം പരത്തുന്ന എന്റെ ഗുൽമോഹറിന് “‘എന്നുള്ള തുടക്കമില്ല “”‘ നീയിത് പുറത്തു പോയി പൂർത്തിയാക്കിയിട്ട് വാ .. “‘ ടീച്ചർ പറഞ്ഞപ്പോൾ ഒന്ന് ശങ്കിച്ചിട്ട് പുറത്തേക്ക് നടന്നു . മീന ടീച്ചറുടെ മുഖത്ത് പൊതുവെയുള്ള പുഞ്ചിരി മാത്രം . ക്‌ളാസ് ഏതാണ്ട് തീരാറായപ്പോഴാണ് എഴുതി ക്‌ളാസിൽ മടങ്ങിയെത്തി ടീച്ചർക്ക് കൊടുത്തത് . ടീച്ചറൊന്ന് ഓടിച്ചു പോലും നോക്കാതെ എടുത്തുവെക്കുകയും ചെയ്തു ബെഞ്ചിലേക്ക് മടങ്ങുമ്പോൾ എല്ലാവരുടെയും നോട്ടം തന്റെ മേലായിരുന്നു . പണി പാളിയോ ?’!! ഇടക്കൊന്ന് മുഖം ചെരിച്ചു നോക്കിയപ്പോൾ നയനയുടെ കണ്ണുകളും തന്റെ മേൽ തന്നെ .. പിന്നീട്
പലതവണ നോക്കിയപ്പോഴും നയന തന്റെ മേലെ നിന്ന് നോട്ടം മാറ്റിയിരുന്നില്ല . “‘ടീച്ചർ …ആ കത്തെനിക്ക് തരുമോ ?”’
ബെല്ലടിച്ചപ്പോൾ നയന മീന ടീച്ചറുടെ അടുത്തെത്തി . “‘ തരാം .. പക്ഷെ ഇത് സാങ്കല്പികമായി പേരെഴുതാൻ പറഞ്ഞതാണ് . അല്ലാതെ തനിക്കെഴുതിയതല്ല.ഇതൊരു കാരണമായി പ്രണയം തുടങ്ങരുത് കേട്ടോ . താത്കാലിക ജോലിയാ . ഇത് കാരണം എന്റെ ഭാവി കളയരുത് “” മീന ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞിട്ട് നയനയുടെ കയ്യിൽ കത്ത് കൊടുത്തു . അവളത് മറിച്ചു നോക്കുമ്പോൾ താഴ്നെഴുതിയ പേപ്പർ അതാണെന്ന് മനസ്സിലായി . നയന അത് വാങ്ങി മടക്കി ബാഗിൽ വെച്ചിട്ട് നോക്കിയ നോട്ടം ഇന്നും മനസ്സിൽ കിടപ്പുണ്ട് . “‘ മക്കൂ …എന്റെ വിവാഹമുറപ്പിച്ചു . എനിക്ക് നിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം എന്നായിരുന്നു ആഗ്രഹം . നിനക്കൊരു ജോലി .. ഇനിയും വയ്യടാ എന്നെക്കൊണ്ട് “”‘ അമേരിക്കയിൽ സെറ്റിലായ ഫാമിലിയിലെ പയ്യനുമായി കല്യാണമുറപ്പിച്ചു എന്ന് കേട്ടയുടനെ അവളെ കാണാൻ പോയപ്പോൾ മതിലനപ്പുറം നിന്ന് നയന പറഞ്ഞ വാക്കുകൾ ആണവ . കവിളൻ മടൽ കുത്തിച്ചാരി നിർത്തി അവളെയൊന്നവസാനമായി കാണുവാൻ വേണ്ടി നോക്കിയപ്പോൾ തിരിഞ്ഞു നോക്കിക്കൊണ്ട് വീടിനുള്ളിലേക്ക് കേറിയ അവളുടെ നോട്ടത്തെക്കാൾ താനോർക്കാൻ ഇഷ്ടപ്പെടുന്നത് ബാഗിലേക്ക് അന്നാ കത്തുവെച്ചിട്ട് നയന നോക്കിയ നോട്ടമാണ് . ടീച്ചറുടെ പക്കൽ നിന്ന് കത്തും വാങ്ങി നയന പോയതിന്റെ പിറ്റേന്ന് പത്രമിട്ടിട്ട് സൈക്കിളിന്റെ പെഡൽ ചവിട്ടാനായുമ്പോഴാണ് കാലെടുത്തുവെക്കുമ്പോഴാണ് “‘ഡാ മക്കൂ “‘എന്നുള്ള വിളി കേൾക്കുന്നത് . അവറാച്ചൻ മുതലാളിയുടെ വീട്ടിൽ നിന്നാരാണ് വിളിക്കുന്നതെന്ന് ചിന്തയിൽ നോക്കുമ്പോൾ മുറ്റമടിക്കുന്ന ചൂലുമായി നയന “‘അതേയ് .. എനിക്ക് കിട്ടുന്ന ആദ്യത്ത പ്രണയ ലേഖനം . എനിക്കിഷ്ടപ്പെട്ടു കേട്ടോ “” “‘ഞാൻ ..ഞാൻ ചുമ്മാ ഒരു പേര് വെച്ചതാണ് “” അത് കേട്ടതും നയനയുടെ മുഖം വിളറി . ചൂലെടുത്തു വലിച്ചെറിഞ്ഞിട്ടവൾ അകത്തേക്കോടി പോയപ്പോൾ താൻ അമ്പരന്നു നിന്നു അന്നവൾ സ്‌കൂളിൽ വന്നില്ല . പിറ്റേന്ന് സ്ക്കൂളിനപ്പുറത്തെ ചായപ്പീടികയിൽ , അമ്മയിൽ നിന്ന് വളരെ വിരളമായി കിട്ടുന്ന ഒരു രൂപ തുട്ടുകൾ സൂക്ഷിച്ചു വെച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് പുതുതായി വന്ന അതിഥി ”പൊറോട്ട “‘ യും സാമ്പാറും തട്ടുമ്പോൾ നയനയുടെ അപ്പനവിടെ വന്നു . “‘ കഴുവേർട മോനെ … നിനക്കെന്റെ കൊച്ചിനെ പ്രേമിക്കണം അല്ലേടാ “”‘ മുഖമടച്ചുള്ള അടിയിൽ നിന്ന് രക്ഷപെടുത്തിയത് പഴയ നക്സലൈറ്റ് പീതാംബരൻ ചേട്ടനാണ് സ്‌കൂളിലേക്കാണ് അവറാച്ചൻ മുതലാളി പിന്നെ വന്നത് . അച്ഛന്റെ അടിയേക്കാൾ വിഷമപ്പെടുത്തിയത് അമ്മയുടെ കരച്ചിലായിരുന്നു. പിന്നെ ഈ കാരണത്താൽ ജോലി പോയ മീന ടീച്ചറും .
