കാലഭ്രംശം – 1 3അടിപൊളി  

​”സുഗന്ധഗിരിയിലേക്കോ?”

അയാളുടെ ശബ്ദം കുറച്ചൊന്ന് താഴ്ന്നിരുന്നു.

“കോലിച്ചാൽ എത്തുമ്പോൾ ഇടത്തോട്ട് ഒരു മൺവഴിയുണ്ട്. അതിലെ പോയാൽ മതി.പക്ഷെ…”

​”പക്ഷെ?”

ഞാൻ അറിയാതെ ചോദിച്ചുപോയി.

​അയാൾ ഒരു ദീർഘനിശ്വാസം വിട്ടു

“അവിടെ ഇപ്പോൾ എസ്റ്റേറ്റുകൾ ഒന്നും കാര്യമായി പ്രവർത്തിക്കുന്നില്ല മോനെ. എല്ലാം കാടുമൂടിക്കിടക്കുവാ… വഴി തെറ്റാതെ നോക്കണം. കഴിഞ്ഞ ആഴ്ചത്തെ മഴയിൽ ആ കാട്ടുപാതയാകെ തകർന്നു കിടക്കുകയാ. ജീപ്പായതുകൊണ്ട് കയറിപ്പോകുമായിരിക്കും.”

അയാൾ ഒന്ന് നിർത്തി, എന്നിട്ട് വല്ലാത്തൊരു നോട്ടത്തോടെ പറഞ്ഞു,

“പിന്നെ… ഇരുട്ടും മുൻപേ അവിടെ എത്തുന്നതാ നല്ലത്. ഈ സമയത്ത് ആ കാട്ടിലേക്ക് ആരും അങ്ങനെ പോകാറില്ല.”

​ആ വാക്കുകളിൽ വെറുമൊരു മുന്നറിയിപ്പിനേക്കാൾ എന്തോ ഒരു ഭയം ഒളിച്ചിരിപ്പുണ്ടോ എന്ന് ഞാൻ സംശയിച്ചു. എനിക്ക് ചുറ്റും നിന്ന രോഹിത്തും വിശാഖും അതൊന്ന് ശ്രദ്ധിച്ചെങ്കിലും, അവരത് പുറത്തുകാണിച്ചില്ല.

​”അതൊന്നും കുഴപ്പമില്ല ചേട്ടാ, ഞങ്ങൾ ഇരുട്ടും മുൻപേ അവിടെയെത്തും. ജീപ്പല്ലേ, ഏത് കാടും നമ്മൾ കയറും!”

രോഹിത് ചിരിച്ചുകൊണ്ട് പറഞ്ഞു. അവരത് വെറുമൊരു തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ആ ചിരിയിൽ നിന്നും എനിക്ക് മനസ്സിലായി.

​പക്ഷേ, എന്തുകൊണ്ടോ ആ കടക്കാരന്റെ വാക്കുകൾ എന്റെ മനസ്സിലൊരു കൊളുത്തിട്ടു വലിക്കുന്നതുപോലെ തോന്നി. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ദേവുവിന്റെ മുഖത്തും അതേ ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നു. അവൾ എന്നെയൊന്ന് നോക്കി, പിന്നെ ഒന്നും മിണ്ടാതെ

ജീപ്പിലേക്ക് കയറി.

​റേഡിയേറ്ററിലെ വെള്ളം നിറച്ച് ബോണറ്റ് വലിച്ചടച്ച ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്.

എല്ലാവരും വണ്ടിയിൽ കയറിക്കഴിഞ്ഞിരുന്നു. ജീപ്പിന്റെ എൻജിൻ വീണ്ടും ഇരമ്പി. കടക്കാരൻ അപ്പോഴും ആ പഴയ കടയുടെ പടിപ്പടിയിൽ നിന്ന് ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

​പൂക്കോട് പിന്നിട്ട് കോലിച്ചാലിലേക്കുള്ള വഴി തിരിയുമ്പോൾ കാടിന് ഇരുട്ട് കൂടിവരുന്നതായി എനിക്ക് തോന്നി. മരങ്ങൾക്ക് പെട്ടെന്ന് ഉയരം കൂടിയതുപോലെ. വെളിച്ചം കടക്കാത്ത ആ കാട്ടുപാതയിലൂടെ സുഗന്ധഗിരിയിലെ ആ പഴയ എസ്റ്റേറ്റ് ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ, പ്രകൃതി ഞങ്ങളെ ഏതോ വലിയൊരു കെണിയിലേക്ക് സ്വാഗതം ചെയ്യുകയാണോ എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ തോന്നി.

കോലിച്ചാൽ കഴിഞ്ഞുള്ള ആ തിരിവ് ഒറ്റനോട്ടത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ല. ടാർ ചെയ്ത റോഡിൽ നിന്ന് പെട്ടെന്ന് കാട്ടിലേക്ക് വെട്ടിത്തുറന്ന ഒരു മൺവഴി. ആ ചായക്കടക്കാരൻ പറഞ്ഞതുപോലെ തന്നെ, കഴിഞ്ഞ ആഴ്ചത്തെ മഴയിൽ ആകെ തകർന്ന് കിടക്കുകയാണ് പാത. ജീപ്പ് ആ വഴിയിലേക്ക് തിരിഞ്ഞതും ഒരു വലിയ വള്ളിക്കുടിലിനുള്ളിലേക്ക് കയറിയതുപോലെ എനിക്ക് തോന്നി.

ഇരുവശത്തും ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ സൂര്യപ്രകാശത്തെ ഏതാണ്ട് പൂർണ്ണമായും തടഞ്ഞുനിർത്തിയിരുന്നു. ജീപ്പിന്റെ വലിയ ടയറുകൾ ചരൽക്കല്ലുകളിലും ചെളിയിലും അമർന്നുകയറുന്ന ശബ്ദം മാത്രം കാടിന്റെ നിശബ്ദതയെ ഭേദിച്ചു.

​കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ വണ്ടി വല്ലാതെ ഉലഞ്ഞാണ് മുന്നോട്ട് പോയിരുന്നത്. പുറകിലിരിക്കുന്നവർ പരസ്പരം കൂട്ടിയിടിക്കാതിരിക്കാൻ ജീപ്പിന്റെ ഇരുമ്പുകമ്പികളിൽ മുറുകെ പിടിച്ചിട്ടുണ്ട്. തണുപ്പിന് പകരം കാടിന്റേതായ ഒരുതരം വിയർപ്പും പച്ചിലകളുടെ നനഞ്ഞ ഗന്ധവുമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ.

​വണ്ടിയുടെ കുലുക്കത്തിനിടയിലും പുറകിൽ നിന്ന് കാവ്യയുടെ ശബ്ദം കേട്ടു.

“ഇനിയിപ്പോ നമ്മൾ എന്ന് ഇങ്ങനെ ഒന്നിച്ചുകൂടും അല്ലെ?”

അവൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.

​ആ ഒരു ചോദ്യം അതുവരെ അവിടെയുണ്ടായിരുന്ന ചിരിയും ബഹളവും ഒറ്റയടിക്ക് ഇല്ലാതാക്കി. കോളേജ് എന്ന ആ സുരക്ഷിതമായ കുടക്കീഴിൽ നിന്ന് പുറത്തിറങ്ങിയതിന്റെ യാഥാർത്ഥ്യം എല്ലാവരുടെയും മുഖത്ത് പെട്ടെന്ന് നിഴലിച്ചതുപോലെ.

Leave a Reply

Your email address will not be published. Required fields are marked *