കാലഭ്രംശം – 1 3അടിപൊളി  

എന്റെ തൊട്ടടുത്ത് നടക്കുകയായിരുന്ന ദേവു പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപേ അവളുടെ വലിയൊരു അലർച്ചയാണ് ഞാൻ കേട്ടത്.

​”അമ്മേ!”

എന്ന് നിലവിളിച്ചുകൊണ്ട് അവൾ പെട്ടെന്ന് പുറകിലേക്ക് കുതറിമാറി എന്റെ ദേഹത്തേക്ക് വീണു. ഞാൻ അവളെ ഇറുകെ ചേർത്തുപിടിച്ചു. വല്ല പാമ്പോ മറ്റോ ആണോ എന്ന് കരുതി എല്ലാവരും ഒരടി പിന്നോട്ട് മാറി നോക്കി. താഴെ കരിയിലകൾക്കിടയിലൂടെ തടിച്ച വലിയൊരു കരിന്തേരട്ട ഇഴഞ്ഞുപോകുന്നുണ്ടായിരുന്നു.

​”അയ്യേ… ഈ ഒരു തേരട്ടയെ കണ്ടിട്ടാണോ നീ കിടന്നു കാറിപ്പൊളിച്ചത്? വല്ല ആനയും വന്നാൽ ഇവൾ നമ്മളെ വെച്ച് ബലിയർപ്പിക്കുമല്ലോ!”

രോഹിത് ചിരികൊണ്ട് വട്ടംകറങ്ങി.

​”ഒന്ന് പോടാ… പെട്ടെന്ന് കണ്ടപ്പോൾ പാമ്പാണെന്ന് വിചാരിച്ചു,”

അവൾ നാണക്കേടുകൊണ്ട് മുഖം തിരിച്ചു. അവളുടെ ആ പരിഭ്രമം കണ്ടപ്പോൾ എനിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.

ചിരിയും കളിയാക്കലുമായി ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. പക്ഷെ, സമയം ഇഴയുന്നതുപോലെ എനിക്ക് തോന്നി. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചം മങ്ങിത്തുടങ്ങിയിരിക്കുന്നു. സന്ധ്യ മയങ്ങാൻ തുടങ്ങുകയാണ്. കാടിന് ഭീകരമായ ഒരു നിശബ്ദത കൈവരുന്നു. ഞാൻ പതുക്കെ കൈയുയർത്തി എന്റെ സ്മാർട്ട് വാച്ചിലേക്ക് നോക്കി. സ്റ്റെപ്പ് കൗണ്ടർ കാണിക്കുന്നത് ഞങ്ങൾ കാട്ടിലൂടെ നാല് കിലോമീറ്റർ നടന്നു കഴിഞ്ഞു എന്നാണ്.

​വീണ്ടും കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ, കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ ബോർഡ് എന്റെ കണ്ണിൽ പെട്ടു. വെളിച്ചം കുറവായതുകൊണ്ട് ഞങ്ങൾ എല്ലാവരും

ആ ബോർഡിന് അടുത്തേക്ക് ചെന്നു. തുരുമ്പിച്ച ആ ഇരുമ്പുബോർഡിൽ, മഞ്ഞ പെയിന്റിൽ മുന്നോട്ടേക്ക് ഒരു അമ്പടയാളം വരച്ചിട്ടുണ്ട്. അതിനു താഴെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങൾ വായിച്ചപ്പോൾ എന്റെ നെഞ്ചിടിപ്പ് നിന്നുപോയി.

​’സുഗന്ധഗിരി – 5 KM’

​എന്റെ ശ്വാസം വല്ലാതെ വേഗത്തിലായി. ആ ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് ജീപ്പ് കേടായ സ്ഥലത്തുനിന്നും സുഗന്ധഗിരിയിലേക്ക് വളരെ കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഇതിനോടകം നാല് കിലോമീറ്റർ നടന്നു കഴിഞ്ഞു. എന്നിട്ടും… ഇനിയും അഞ്ച് കിലോമീറ്ററോ? അപ്പോൾ നമ്മൾ ഇത്രയും നേരം നടന്നത് എങ്ങോട്ടാണ്?

​ഞാൻ ദേവുവിന്റെ മുഖത്തേക്ക് നോക്കി. കാടിന്റെ ഇരുട്ടിനേക്കാൾ വലിയൊരു ഭയം അവളുടെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു..

​”അഞ്ച് കിലോമീറ്ററോ?”

കാവ്യയുടെ ശബ്ദം ഭയം കൊണ്ട് വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

“നമ്മൾ ഇത്രയും നേരം നടന്നത് അപ്പോൾ എങ്ങോട്ടാ?”

​”എടാ വിശാഖേ… ഈ ബോർഡ് വെച്ചവന് വട്ടാണോ അതോ നിനക്ക് വട്ടാണോ?”

രോഹിത് ദേഷ്യം കൊണ്ട് അവന് നേരെ തിരിഞ്ഞു.

“ജീപ്പ് നിന്ന സ്ഥലത്തുനിന്ന് കുറച്ചു ദൂരമേ ഉള്ളൂ എന്നല്ലേടാ നീ പറഞ്ഞത്?”

​”എനിക്കെങ്ങനെ അറിയാനാ!”

വിശാഖ് നിസ്സഹായതയോടെ കൈമലർത്തി.

“ആ ചായക്കടക്കാരൻ പറഞ്ഞ വഴിയല്ലേ നമ്മൾ വന്നത്. ചിലപ്പോ നമ്മൾ വഴിമാറിപ്പോയി കാണും…”

​”വഴി മാറാൻ ഇവിടെ വേറെ വഴിത്താരകൾ ഒന്നും ഇല്ലായിരുന്നല്ലോ,”

ഞാൻ ഇടപെട്ടു.

“ഒരൊറ്റ കാട്ടുപാതയിലൂടെയല്ലേ നമ്മൾ ഇത്രയും നേരം നടന്നത്. ദേ, എന്റെ വാച്ചിൽ നോക്ക്, കൃത്യം നാല് കിലോമീറ്റർ നടന്നതായി കാണിക്കുന്നുണ്ട്. എന്നിട്ടും എങ്ങനെയാ വീണ്ടും അഞ്ച് കിലോമീറ്റർ ബാക്കി വരുന്നത്?”

അതൊരു വലിയ ചോദ്യമായിരുന്നു. ആർക്കും അതിന് കൃത്യമായൊരു ഉത്തരമുണ്ടായിരുന്നില്ല. യുക്തിക്ക് നിരക്കാത്ത എന്തോ ഒന്ന് ഈ കാട്ടിൽ സംഭവിക്കുന്നുണ്ടെന്ന് എന്റെ ഉള്ള് പറയുന്നുണ്ടായിരുന്നു. നമ്മൾ നടന്ന ദൂരം ഈ കാട് വിഴുങ്ങിയതുപോലെ!

​”എനിക്ക് വല്ലാതെ പേടിയാവുന്നു…”

ദേവു എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. അവളുടെ വിരലുകൾ തണുത്തുറഞ്ഞിരുന്നു.

​”പേടിക്കാനൊന്നുമില്ല ദേവു. ഈ ബോർഡ് പണ്ട് എപ്പോഴോ വെച്ചതായിരിക്കും. നമ്മൾ എന്തായാലും ഇപ്പോൾ തിരിച്ചുപോകാൻ പറ്റിയ അവസ്ഥയിലല്ല. ഇരുട്ട് വീഴുന്നതിന് മുൻപ് മുന്നോട്ട് തന്നെ നടക്കാം.”

Leave a Reply

Your email address will not be published. Required fields are marked *