മൗനം ഭേദിച്ചത് വിശാഖാണ്. അവൻ ജീപ്പിൽ നിന്ന് തന്റെ ക്യാബിൻ ബാഗ് എടുത്തുകൊണ്ട് പെട്ടെന്ന് പറഞ്ഞു,
“നമുക്ക് നടക്കാം.”
അത് കേട്ടതും ദേവു ഞെട്ടി അവനെ നോക്കി.
“എന്താടാ നിനക്ക് വട്ടാണോ? നടക്കാനോ? അതും ഈ കൊടും കാട്ടിലൂടെ?”
അവളുടെ ശബ്ദം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
“എത്ര ദൂരമുണ്ടെന്ന് പോലും അറിയില്ലല്ലോ. പോരാത്തതിന് ഈ കോടമഞ്ഞും ഇരുട്ടും… എനിക്ക് വയ്യ! ഞാൻ വരുന്നില്ല.”
”പിന്നെ നമ്മൾ എന്ത് ചെയ്യാനാ? ഈ ജീപ്പിനുള്ളിൽ ഇരുന്ന് രാത്രി കഴിച്ചുകൂട്ടാനോ?”
അവൻ തിരിച്ചുചോദിച്ചു.
“അത് ഇതിലും വലിയ റിസ്ക് ആണ്. ആ ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് ഇനി അധികം ദൂരമുണ്ടാകില്ല. നമ്മൾ ഇത്രയും പേരുള്ളതുകൊണ്ട് കുഴപ്പമില്ല… പെട്ടെന്ന് നടന്നാൽ എത്തും.”
”അവൻ പറയുന്നതാ ശരി ദേവു,”
ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് പതുക്കെ പറഞ്ഞു.
“ഇവിടെ നിൽക്കുന്നത് ഒട്ടും സേഫ് അല്ല. ഫോണിൽ റേഞ്ചും ഇല്ല, ആരും ഇങ്ങോട്ട് വരാനും പോകുന്നില്ല. പെട്ടെന്ന് നടന്നാൽ ഇരുട്ടും മുൻപേ നമുക്ക് ആ ബംഗ്ലാവിൽ എത്താം.”
കാവ്യയും മാളവികയും പരസ്പരം നോക്കി. അവർക്കും പേടിയുണ്ടെങ്കിലും വേറെ വഴിയില്ലെന്ന് അവർക്കുമറിയാമായിരുന്നു.
“അശ്വിൻ പറയുന്നതാ ശരി. നമുക്ക് നടക്കാം ദേവു,” കാവ്യ അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
അതുകൂടി കേട്ടപ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ട് അവൾ ഒടുവിൽ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ജീപ്പിനുള്ളിൽ നിന്ന് അവരവരുടെ ബാഗുകളും സാധനങ്ങളും എല്ലാവരും പുറത്തെടുത്തു. കാടിന്റെ തണുപ്പ് ശരീരത്തെ മരവിപ്പിക്കുന്നുണ്ടായിരുന്നു. വണ്ടി ലോക്ക് ചെയ്ത് മുന്നോട്ട് നടക്കുമ്പോൾ, സുരക്ഷിതമായ ഒരു തുരുത്തിൽ നിന്ന് ഞങ്ങൾ സ്വയം വലിയൊരു കടലിലേക്ക് എടുത്തുചാടുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
മുന്നിൽ വഴിയുണ്ടെന്ന് പേരിനുമാത്രം പറയാം. കരിയിലകളും നനഞ്ഞ മണ്ണും നിറഞ്ഞ പാതയിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി. മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നേർത്ത വെളിച്ചത്തിന് ഇപ്പോൾ ഒരു ചാരനിറമാണ്. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ കോടമഞ്ഞ് ഒരു വെളുത്ത നദിപോലെ ഞങ്ങളെ ലക്ഷ്യമാക്കി ഒഴുകിവരികയായിരുന്നു. കരിയിലകൾ ഞെരിഞ്ഞമരുന്ന കാലൊച്ചകൾ മാത്രം കേൾക്കാവുന്ന ആ കൊടുംകാട്ടിലൂടെ, മുൻപിൽ എന്താണ് കാത്തിരിക്കുന്നതെന്നറിയാതെ ഞങ്ങൾ പതിയെ മുന്നോട്ട് നടന്നു.
നടന്നു തുടങ്ങിയപ്പോൾ കാടിന്റെ
തണുപ്പും ഭയവും പതിയെ മാറി, അതൊരു ചെറിയ ട്രെക്കിങ്ങിന്റെ ആവേശത്തിലേക്ക് വഴിമാറിയിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ വരിവരിയായി നടക്കുമ്പോൾ സംസാരത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല.
”എടാ വിശാഖേ, ശരിക്കും ഈ സുഗന്ധഗിരി എന്ന് പറയുന്നത് വല്ല മിലിറ്ററി ക്യാമ്പും ആണോ? റിസോർട്ടിൽ പോയി സുഖമായി കിടന്നുറങ്ങാൻ വന്ന എന്നെക്കൊണ്ട് ഈ കാട്ടിലൂടെ മാർച്ച് പാസ്റ്റ് ചെയ്യിക്കുന്ന നിന്റെ ആ മനസ്സ് ഉണ്ടല്ലോ…”
പുറകിൽ നിന്ന് കിതച്ചുകൊണ്ട് രോഹിത് പറഞ്ഞപ്പോൾ എല്ലാവരുടെയും ഉള്ളിലൊരു ചിരി പൊട്ടി
.
”പോടാ അങ്ങോട്ട്! കുറച്ചു നടന്നപ്പോഴേക്കും അവന്റെയൊരു കരച്ചിൽ. നീ വേണമെങ്കിൽ ആ വഴിയിൽ പോയി കിടന്നുറങ്ങിക്കോ, രാത്രി വല്ല കാട്ടുപോത്തും വന്നു നിന്നെ എടുത്തോളും,”
മുന്നിൽ നടക്കുകയായിരുന്ന വിശാഖ് തിരിഞ്ഞുനോക്കാതെ തന്നെ വിളിച്ചുപറഞ്ഞു.
”അത് കൊള്ളാം, കാട്ടുപോത്തിനങ്കിലും വല്ലതും തിന്നാൻ കിട്ടുമല്ലോ. നമ്മൾ എന്തായാലും ഇവിടെ പട്ടിണി കിടന്ന് ചാകാനാ ചാൻസ്,”
മാളവിക കൂട്ടിചേർത്തു.
”ഏയ്, അവന്റെ ഒരു തള്ള് കേട്ടാൽ തോന്നും ഈ കാട് മൊത്തം അവൻ വിലയ്ക്ക് വാങ്ങിയതാണെന്ന്,”
കാവ്യയും വിശാഖിനെ കളിയാക്കാൻ കൂടി.
”അവന്റെ അമ്മാവന്റെ എസ്റ്റേറ്റ് അല്ലെ… അമ്മാവൻ ഒരു പുലിയാ, ഇവൻ വെറും എലിയും!”
ഞാൻ കൂടെ പറഞ്ഞപ്പോൾ കാടിന്റെ നിശബ്ദതയെ ഭേദിച്ച് എല്ലാവരും പൊട്ടിച്ചിരിച്ചു.
“നിങ്ങളവനെ വെറുതെ വിട്ടേ… പാവം, വഴിയറിയാതെ നമ്മളെയും കൊണ്ട്…”
