അവനറിയാതെ, അവന്റെ ഭാവിയിൽ നിന്നും ഞാനിതാ അവന്റെ സ്വന്തം ഭൂതകാലത്തിലേക്ക് വന്നെത്തിയിരിക്കുന്നു.
എല്ലാം തീരുമാനിക്കപ്പെട്ട ഒരു തിരക്കഥ പോലെ! കാലം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഗണിതശാസ്ത്ര സമവാക്യങ്ങൾക്കുള്ളിലേക്ക് ഞാൻ സ്വയം നടന്നുകയറുകയായിരുന്നു. ആ അടച്ചിട്ട മുറിയിൽ, യുക്തിക്ക് നിരക്കാത്ത ഈ വലിയ സത്യത്തിന് മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തറഞ്ഞിരുന്നുപോയി.
കാലം എനിക്കായി കരുതിവെച്ച ഏറ്റവും വലിയ നാടകത്തിന്റെ തുടക്കം മാത്രമായിരുന്നു ആ ഉണർവ്.
നഴ്സ് ദേഷ്യത്തോടെ പുറത്തേക്ക് പോയ ആ നിമിഷം തന്നെ ഞാൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നു. ഇനി ഒരു നിമിഷം പോലും ഈ ഹോസ്പിറ്റലിൽ നിൽക്കാൻ പാടില്ല.
ഇവിടെ നിന്നാൽ അവർ ശരിക്കും എന്നെ ഒരു ഭ്രാന്തനായി മുദ്രകുത്തും. ഞാൻ പതുക്കെ ബെഡിൽ നിന്നും താഴെ ഇറങ്ങി. വലതുകൈയ്യിൽ
കുത്തിവെച്ചിരുന്ന ഡ്രിപ്പിന്റെ സൂചി ഒറ്റവലിക്ക് ഞാൻ ഊരിമാറ്റി.
കൈത്തണ്ടയിൽ നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞെങ്കിലും ആ സമയത്തെ എന്റെ വെപ്രാളത്തിൽ ഞാനത് വകവെച്ചില്ല.
മുറിയുടെ വാതിൽക്കൽ വന്ന് പതുക്കെ പുറത്തേക്ക് നോക്കി. ഇടനാഴിയിൽ കുറച്ചകലെയായി നഴ്സുമാർ എന്തോ സംസാരിച്ചു നിൽപ്പുണ്ട്. വാർഡിലെ തിരക്കുകൾക്കിടയിലൂടെ, ആരുടെയും കണ്ണിൽ പെടാതെ വളരെ പതുക്കെ ഞാൻ പുറത്തേക്കുള്ള കോണിപ്പടികൾ ഇറങ്ങി.
സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ഹോസ്പിറ്റലിന്റെ പ്രധാന ഗേറ്റും കടന്ന് ഞാൻ എം.ജി റോഡിന്റെ തിരക്കുകളിലേക്ക് ഇറങ്ങി നടന്നു.
പുറത്തെ വെയിലിലേക്ക് ഇറങ്ങിയപ്പോൾ വല്ലാത്തൊരു തലകറക്കം അനുഭവപ്പെട്ടു. ചുറ്റും പായുന്ന വാഹനങ്ങൾ… ആളുകൾ… എല്ലാം സാധാരണ പോലെ തന്നെയുണ്ട്. പക്ഷെ ഞാൻ മാത്രം ഈ സമയത്തിന്റേതല്ല!
നടപ്പാതയിലൂടെ ലക്ഷ്യമില്ലാതെ നടക്കുമ്പോൾ ഒരു കടയുടെ മുന്നിൽ ഒട്ടിച്ചുവെച്ചിരുന്ന പഴയൊരു സിനിമാ പോസ്റ്റർ എന്റെ കണ്ണിൽ പെട്ടു. അതെ, ഇത് 2023 തന്നെയാണ്.
എന്റെ മുഖത്ത് വളർന്നുനിന്നിരുന്ന താടിരോമങ്ങളിലൂടെ ഞാൻ പതുക്കെ വിരലോടിച്ചു. 2026-ലെ ആ യാത്രയ്ക്ക് മുൻപ് ഞാൻ വളർത്തിയ താടി. കാലം പിന്നോട്ട് പോയിട്ടും എന്റെ ശരീരത്തിലെ മാറ്റങ്ങൾ അതേപടി നിലനിൽക്കുന്നു!
നടക്കുംതോറും എന്റെ ചിന്തകൾ വീണ്ടും ആ സുഗന്ധഗിരിയിലെ കാട്ടിലേക്ക് തന്നെ പോവുകയായിരുന്നു. എന്റെ കൂട്ടുകാർ… അവരിപ്പോൾ എവിടെയായിരിക്കും? ആ ഗുഹയിൽ പൊട്ടിത്തെറിച്ച നീല വെളിച്ചം സമയത്തിന്റെയും സ്പേസിന്റെയും ഇടയിലുള്ള വലിയൊരു വിടവായിരുന്നു.
ആ വലിയ പ്രകാശഗോളം എന്നെ മൂന്നു വർഷം പിന്നിലേക്ക് വലിച്ചെറിഞ്ഞെങ്കിൽ, എന്റെ കൂടെയുണ്ടായിരുന്ന അവരെ എങ്ങോട്ടായിരിക്കും കൊണ്ടുപോയിട്ടുണ്ടാകുക? ആ ഗുഹയിലെ പാറകളിൽ കൊത്തിവെച്ചിരുന്നതുപോലെ 1990-ലോ, അതോ 1885-ലെ ആ ഇരുണ്ട കാലഘട്ടത്തിലോ?
അതോ അവരിപ്പോഴും ആ കരിങ്കൽ ഗുഹയുടെ തണുപ്പിൽ ജീവനുവേണ്ടി പിടയുകയാണോ? മറ്റേതെങ്കിലും കാലഘട്ടത്തിൽ എന്നെപ്പോലെ വേഷംമാറി അവരും അകപ്പെട്ടുപോയിട്ടുണ്ടാകുമോ? ഓർക്കുംതോറും എന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.
എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ എന്റെ കാലുകൾ എന്നെയും വലിച്ച് മുന്നോട്ട് നടന്നു. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, വളരെ പരിചിതമായ ചില വഴികളിലൂടെയാണ് ഞാൻ നടക്കുന്നത് എന്ന് പെട്ടെന്നാണ് എനിക്ക് ബോധം വന്നത്.
അതെ, ഇത് എന്റെ വീട്ടിലേക്കുള്ള വഴിയാണ്! ഏത് വലിയ സങ്കടം വന്നാലും ഒരു മനുഷ്യൻ ആദ്യം
ഓടിയെത്താൻ ആഗ്രഹിക്കുന്നത് സ്വന്തം വീട്ടിലേക്കാണല്ലോ.
എന്റെ കാലുകൾ ഒരു യന്ത്രം പോലെ ആ വഴികളിലൂടെ നടന്നു. ഒടുവിൽ ആ പരിചിതമായ മതിൽകെട്ടിനും ഇരുമ്പ് ഗേറ്റിനും മുന്നിൽ ഞാൻ വന്നെത്തി.
ഉള്ളിൽ വല്ലാത്തൊരു ആശ്വാസം തോന്നി. ഗേറ്റിന്റെ കൊളുത്ത് തുറക്കാനായി ഞാൻ പതുക്കെ കൈകൾ മുന്നോട്ട് നീട്ടി. പക്ഷെ… പെട്ടെന്ന് എന്റെ കൈകൾ അവിടെത്തന്നെ മരവിച്ചുപോയി!
ഒരു നിമിഷം എന്റെ യാഥാർത്ഥ്യം എന്നെ വല്ലാതെ പ്രഹരിച്ചു. ഞാൻ എന്താണ് ഈ ചെയ്യാൻ പോകുന്നത്? ഇത് 2026 അല്ല! മാർ ഇവാനിയോസ് കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടുന്നതിന് കൃത്യം രണ്ടുമാസം മുൻപുള്ള സമയമാണിത്.
