“അച്ഛാ…എത്ര… ദിവസമായി..ഇവിടെ..?”
“ഇന്ന് കൂടെ കൂട്ടി ആറ് ദിവസം…ഡോക്ടർ പറഞ്ഞിരുന്നു മരുന്നിന്‍റെ സെഡേഷൻ കൂടി ആണെന്ന്…”അച്ഛൻ എന്നോടായി പറഞ്ഞിട്ട് അമ്മയെ ഉണർത്താനായി പോയപ്പോൾ
ആരേം ഉണർത്തണ്ട അവര് ഉറങ്ങട്ടെയെന്ന് അച്ഛനോട് ഞാൻ പറഞ്ഞു
അപ്പോഴേക്കും ചെറിയ ഒരു ഞരക്കത്തോടെ ശ്രീ ഉണർന്നു..അവൾ പതിയെ കണ്ണു തുറന്നപ്പോ അവളുടെ മുടിയിൽ തഴുകി ഇരിക്കുന്ന എന്നെയാണ് കണ്ടത്..
അവൾ ഞെട്ടിപിടഞ്ഞ് എണീറ്റ് “അഭീ…!!!!” എന്ന് വിളിച്ച് എന്നെ അവൾ കെട്ടിപ്പിടിച്ചു….
പെട്ടെന്നുള്ള നീക്കം ആയതിനാൽ എനിക്ക് ശരീരം അല്പം വേദനിച്ചുവെങ്കിലും ജീവനായി കാണുന്നവരെ ഹൃദയത്തോട് ചേർത്ത് നിർത്തുമ്പോ എന്ത് വേദനയും നമ്മൾ മറക്കുമെന്ന് പറയുന്നതെത്ര സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ…നെഞ്ചിലവളുടെ കണ്ണുനീരിന്‍റെ നനവ് അറിഞ്ഞപ്പോ പതിയെ ആ പാറി പറന്നു നടക്കുന്ന ആ മുടിയിഴകളിൽ തഴുകി..
“ശ്രീ….എന്താപ്പോ നീ കരയാനുമ്മേണ്ടി ണ്ടായെ…ഞാൻ ചത്തിട്ടില്ലടി…”
അത് പറഞ്ഞപ്പോഴേക്കും കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി എന്നെ നോക്കി ആ മുഖത്ത് ദേഷ്യം നിറച്ച്..”ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ വയ്യാണ്ടിരിയ്ക്കാ ന്നൊന്നും ഞാൻ നോക്കില്ലാട്ടോ…”
ഇതിനിടയ്ക്ക് അച്ഛൻ അമ്മയെ ഉണർത്തിയിരുന്നു..കൂടെ ജാനിയമ്മയും ഉണർന്നു..ഞാൻ ഉണർന്നിരിക്കുന്നത് കണ്ട് അവരോടി എന്‍റെയടുത്ത് വന്നെന്നെ രണ്ടമ്മമാരും ഉമ്മകൾ തരാൻ തുടങ്ങി..എന്‍റെ മാതാശ്രീ..കരഞ്ഞു കുളമാക്കിയിട്ടുണ്ട്…
“എന്‍റെയമ്മേ…എന്തിനായിങ്ങനെ കരയണേ….?” മരുന്നിന്‍റെ ക്ഷീണം നന്നായി ശരീരത്തിന് അനുഭവപ്പെടുന്നുണ്ട് എന്‍റെ ശബ്ദത്തിന് തീരെ ബലമുണ്ടായിരുന്നില്ല…
ഒരു വശത്ത് അമ്മയും മറുവശത്തായി ജാനിയമ്മയും നിൽപ്പുണ്ട്..ഞാൻ നോക്കിയപ്പോ ജാനിയമ്മയുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
“….എന്‍റെ… ജാനിയമ്മയും… കരയാണോ..?”
“ജന്മം തന്നില്ലെങ്കിലും അവളും നിന്‍റെ അമ്മയല്ലേ മോനെ…” കണ്ണുനീര് സാരിതലപ്പ് കൊണ്ട് തുടച്ചുകൊണ്ട് എന്‍റെയമ്മയാണത് പറഞ്ഞത്
” ഇങ്ങനെ സ്‌നേഹിക്കാൻ ആളുകളുള്ളപ്പോ അങ്ങനെയങ്ങ് പോവോ….”അത് പറഞ്ഞ് ചെറുതായി ഞാനൊന്നു ചിരിച്ചു
“എന്തൊക്കെയാ അഭീയീ പറയണേ..!!!” അമ്മതന്നെ മറുപടി തന്നു..
“സന്ധ്യേ ഞാൻ ഡോക്ടറിനെ ഒന്ന് അറിയിച്ചിട്ട് വരാം..” എന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്ക് പോയ്
കയ്യിൽ ഒരു ചെറിയ നനവ് അറഞ്ഞു നോക്കിയപ്പോ എന്‍റെ കൈകളിലേക്ക് മുഖം അമർത്തി കമഴ്ന്ന് കിടക്കുന്നുണ്ട്
ഞാൻ പതിയെ അനക്കിയപ്പോൾ അവൾ മുഖമുയർത്തിയെന്നെ നോക്കി… കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ…പഴുത്ത ചാമ്പയ്ക്ക പോലെ ചുമന്ന് തുടുത്തിരിക്കുന്ന മൂക്ക്..മുഖത്തൊരു വല്ലാത്ത ക്ഷീണമുണ്ട് പെണ്ണിന്..
അവളുടെ ആ കോലം കണ്ടിട്ട് സഹിക്കുന്നില്ല…ജനിച്ചിതുവരെ അവൾ ഇത്ര വിഷമിച്ചു ഞാൻ കണ്ടിട്ടില്ല…ആ കണ്ണുകൾ തന്നെ കണ്ടാൽ അറിയാമായിരുന്നു നല്ല ക്ഷീണം അവൾക്കുണ്ടെന്ന്…
“ശ്രീ…” എന്‍റെ അടുത്ത് തന്നെ ഇരുന്നതിനാൽ അവളുടെ കവിളിൽ എന്‍റെ കൈകൊണ്ട് തഴുകി ഞാൻ വിളിച്ചു
“നല്ല ക്ഷീണമുണ്ടല്ലേ…..”
“ഏയ് ഇല്ലടാ ഒരുകുഴപ്പവുമില്ല…”
“അമ്മേ…”എന്ന് വിളിച്ചപ്പോഴേക്കും അമ്മയുടെ മറുപടി വന്നിരുന്നു
“…ന്‍റെ മോള് നല്ലപോലെയൊന്ന് ആഹാരം പോലും കഴിച്ചിട്ടെത്ര ദിവസായിന്ന് അറിയൊ…കഴിഞ്ഞ രാത്രികളിലൊന്നും ഒരുപോള കണ്ണടച്ചിട്ടില്ല എന്‍റെ കുട്ടി..”അമ്മയവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞിട്ടൊരു മുത്തം അവളുടെ നെറുകയില്‍ നൽകി
അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ക്ഷീണം നിഴലിച്ച ഒരു ചെറിയ പുഞ്ചിരി മാത്രമായിരുന്നു ഞാൻ കണ്ടത്
കണ്ണ് നിറഞ്ഞുപോയി…ഈ പാവത്തിനെ എനിക്ക് തന്നെ വിധിച്ചതിന് ദൈവത്തോട് ഒരായിരം നന്ദി ഞാൻ പറഞ്ഞു..ഇത്രയേറെ സ്നേഹിക്കുന്നൊരു പെണ്ണൊരുത്തിയെ എനിക്ക് വേണ്ടി ജനിപ്പിച്ചതിന് ..ഒരുതുള്ളി കണ്ണുനീര്‍ കണ്ണിൽ നിന്നുമറിയാതെ ഓടിയിറങ്ങി
കണ്ണുകൊണ്ട് ശ്രീയെ എന്‍റെയടുത്തെക്ക് വിളിച്ചു..എന്തോ പറയാൻ ആണെന്ന് കരുതി ചെവിയോർത്ത് വന്ന അവളുടെ ആ മൃദുവായ കവിളില്‍ ഒരു മുത്തം ഞാൻ കൊടുത്തപ്പോഴവൾ ഞെട്ടിയെന്നെ നോക്കി…ആ മുഖം നല്ലതുപോലെ ഒന്നു തെളിഞ്ഞുവെങ്കിലും അമ്മമാര്‍ രണ്ടുപേരുമവിടെ ഉണ്ടെന്നുള്ളത് അവളില്‍ ഒരു നാണം ഉണ്ടാക്കി… ഒരുമ്മക്ക് ഇത്ര ശക്തിയുണ്ടോ എന്ന് ഞാൻ ചിന്തിച്ചുപോയി അതായിരുന്നു അവളുടെ മുഖത്തെ തെളിച്ചം …
