പട്ടുനൂൽ പ്രേമംഅടിപൊളി  

ഞാൻ സ്റ്റെപ് കയറി മുറിയിലെത്തിയശേഷം അവന്റെ വാട്സാപ്പ് നോക്കി. ഓൺലൈൻ ഉണ്ട് കക്ഷി. ചോദിക്കണോ എവെടെയാണെന്ന്? വേണ്ട!

കുളിയും കഴിഞ്ഞു, രാത്രിയിലേക്കുള്ള ഫുഡും, പിന്നെ അനന്തിക വന്നാൽ കഴിയ്ക്കാനുള്ളതും ഉണ്ടാക്കി വെച്ചു. ഇടക്ക് ഒരു തവണ ബൈക്കിന്റെ ശബ്ദം കേട്ടതും അടുക്കളയുടെ ജനലിലൂടെ ഞാൻ താഴേക്ക് നോക്കി. റോഡിലൂടെ പോകുന്ന ഒരു പയ്യന്റെ ബൈക്ക് ഹോൺ ശബ്ദമാകാം.

അനന്തിക കാപ്പി കുടിയും പഠിക്കാനിരിക്കുമ്പോ അവളുടെ മുടി തഴുകി ഞാനടുത്തിരുന്നു. സ്റ്റെപ്പിറങ്ങി താഴെ കറിവേപ്പില പറിക്കാൻ നോക്കുന്ന നേരവും അമീറിനെ എന്തെ കാണാത്ത എന്നൊരു നോവ് എന്നെ ബാധിക്കുന്നത് ഞാനറിഞ്ഞു. അവനെന്തെങ്കിലും പറ്റിക്കാണുമോ ഇനി? ഹേയ് അവൻ ഫ്രെണ്ട്സ് ന്റെ കൂടെ മറ്റോ അടിച്ചുപൊളിക്കയോ മറ്റോ ആയിരിക്കും. ആരോഗ്യം ഒക്കെ സൂക്ഷിക്കുമോ ആവൊ? പിള്ളേരെല്ലേ. അല്ല താനെന്തിനാ അതിനു മൈൻഡ് ആക്കണേ!!!!

രാത്രി കിടക്കാനുള്ള തയാറെടുപ്പായി. അമീറിന്റെ ഉപ്പ അജ്മലിക്കയുടെ കാർ വരുന്ന ശബ്ദം കേട്ടിരുന്നു. ആളോട് എങ്ങനായിപ്പോ മകനെ കുറിച്ച് ചോദിക്കുക.

പിന്നെ ഞാൻ ഒന്നുടെ വാട്സാപ്പ് നോക്കി. അയക്കാനായി ടൈപ്പ് ചെയ്തു വെച്ചിരിക്കുകയാണ് “എവിടെയാണ് അമീർ?” എന്നുള്ള മെസ്സേജ് പക്ഷെ സെൻഡ് അമർത്താൻ തുനിയുന്ന നേരം വിരലുകൾ വിറയ്ക്കുന്നു.

അനന്തികയും ഞാനും കെട്ടിപിടിച്ചു കിടക്കയായിരുന്നു. ഇനി ആലോചിച്ചിട്ട് കാര്യമില്ല. പെട്ടന്നാണ് വാട്സാപ്പിൽ സ്റ്റോറി എന്നൊരു സംഭവം ഉണ്ടല്ലോ, ഒന്ന് നോക്കിക്കളയാം എന്ന് വെച്ചത്.

ഹാവൂ!!! അമീറിന്റെ പേരും ഒപ്പം വട്ടത്തിൽ പച്ചനിറവും! മനസിലൊരു മഞ്ഞുകണം പെയ്യുന്ന നേരം നെഞ്ചിടിപ്പ് കൂടി. കവിളൊന്നു തുടച്ചുകൊണ്ട് ഞാൻ അതിൽ തൊട്ടു!

ഇതെവിടെ???? ഗോവയോ? ഇവനെപ്പോ ഗോവ പോയി. പറഞ്ഞില്ല! അല്ല എന്നോട് പറയാനും മാത്രം ഞാനും അവനും തമ്മിലുള്ള ബന്ധമെന്ത്? ഹം! എല്ലാ ഫോട്ടോയും ഞാൻ നോക്കി. അതിലെ ഒരെണ്ണം ഷർട്ട് ഇടാതെയാണ്!! വയറിലെ പാക്കുകൾ ഞാനോരോ എണ്ണമായി എണ്ണി. 6 വരെയെണ്ണി!! അവന്റെ മീശയും താടിയും. പക്ഷെ ആമ്പിള്ളേർ മാത്രമേ കൂടെ ഉള്ളു എന്നറിഞ്ഞപ്പോളാണ് ഒരാശ്വാസം കിട്ടിയത്. അവന്റെ കൂടെ ഒത്തിരി സുന്ദരികളൊക്കെ പഠിക്കുന്നതല്ലെ, എങ്ങാനും…..

എന്തോ ഉറക്കം വരാത്തത് കൊണ്ട് ഒന്നുടെ ഞാനാ സ്റ്റാറ്റസ് നോക്കാനായി മൊബൈൽ വീണ്ടുമെടുത്തു. ഒന്നുടെ നോക്കി. മനസിന് ഇഷ്ടമുള്ളത് കാണുക കേൾക്കുക എന്നുള്ള ആഗ്രഹം മാത്രം കൊണ്ട് നടക്കുന്ന എനിക്ക് ഇങ്ങനെയൊരു വട്ട് എന്തിനാണ് എന്നറിയില്ല. ഒരു പട്ടുനൂൽ കൊണ്ടുണ്ടാക്കിയ പ്രേമം പോലെ…

അയ്യോ! പ്രേമം ഒന്നും ആവില്ല. ചുമ്മാ ഒരു അഫക്ഷൻ! അഫക്ഷൻ ആണോ അനുരാഗമാണോ? ഛീ കിടന്നുറങ്ങടീ പോത്തേ!!

അനന്തിക വിളിച്ചപ്പോളാണ് ഞാനെണീറ്റത്. വൈകിയിരിക്കുന്നു. ബെഡിൽ നിന്നും വേഗമോടി, അടുക്കളയിലേക്ക് ചെന്ന് ജോലികൾ തീർത്തു. പെട്ടന്നൊരു കുളിയും കഴിഞ്ഞു ഹാൻഡ്ബാഗുമെടുത്തു, ബസിനായി ഞാനോടി.

ഇടക്ക് വാട്സാപ്പിൽ പുതിയ സ്റ്റാറ്റസ് വല്ലതുമുണ്ടോ എന്ന് ഞാൻ നോക്കാൻ മറന്നില്ല. ബെഡിൽ കിടക്കുന്ന അപ്പൂപ്പന് ഇൻജെക്ഷൻ കൊടുക്കുന്ന നേരം, അപ്പൂപ്പന്നെ വേദനിപ്പിക്കാതെ ഇൻജെക്ഷൻ എടുക്കാൻ ഞാൻ ശ്രദ്ധിച്ചു.

ഉച്ചയൂണ് കഴിഞ്ഞു, വിമലയുടെ കുട്ടിക്ക് ഒരു ഡ്രസ്സ് എടുക്കാനായി ഞാനും അവളും കൂടെ ഹോസ്പിറ്റലിന്റെ എതിരെയുള്ള ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ചെന്നു. തിരിച്ചു ഇറങ്ങുമ്പോൾ അമീറിന്റെ ബൈക്ക് പോലെ ഒരെണ്ണം മുന്നിൽ പാർക്ക് ചെയ്തത് കണ്ടതും എനിക്ക് കാരണമില്ലാതെ ഒരു ചിരി വന്നു. വിമല എന്തെ എന്ന് ചോദിച്ചതും ഞാനൊന്നും മിണ്ടിയില്ല. പക്ഷെ ആ പ്രാന്തി എങ്ങനെയോ കണ്ടുപിടിച്ചു. ചോദ്യം ഇങ്ങനെയാണ്. “വസുധ, അന്ന് നമ്മളെ ഫോളോ ചെയ്ത പയ്യന്റെ പോലെയുള്ള ബൈക്ക് അല്ലെ തുണിയെടുത്തിട്ട് ഇറങ്ങുമ്പോ കണ്ടത്?”

“എങ്ങനെ?”

“ആ ബൈക്ക് അല്ലെ?”

“അതല്ല, ആരെ ഫോളോ ചെയ്തുന്നു.?”

“നമ്മളെ!! ഊം?” തലയുയർത്തി അവളെന്നോട് എന്തെയെന്ന അർഥത്തിൽ ചോദിച്ചു.

“എന്നെ!!!!!” ഞാൻ അമർത്തി പറഞ്ഞു.

“ഉവ്വ് സമ്മതിച്ചു. പിന്നെ ഞാനത്ര പൊട്ടിയാണെന്നും വിചാരിക്കണ്ട, ഇടയ്ക്കിടെ വട്സപ്പ് നോക്കലും, ചിരിയും പതിവിലും നന്നായിട്ട് ഒരുങ്ങി വരുന്നതും, പിന്നെ ദേ ഇന്ന് ബൈക്ക് കാണുമ്പോ ഉള്ള ആ ചിരിയും. വേണ്ട ട്ടോ. മുളയിലേ നുള്ളിക്കോ!!!!!!!!”

വിമല അങ്ങനെയാണ്. ആളുകളുടെ മനസു വായിക്കാൻ എന്തോ ഒരു കഴിവുണ്ടെന്ന് തോനുന്നു.

“പിന്നെ എനിക്ക് വട്ടല്ലേ! അതൊരു പയ്യനല്ലേ വിമലേ.”

“ശെരി ആയിക്കോട്ടെ!!”

വൈകീട്ട് വീട്ടിലെത്തിയ ശേഷം അനന്തികയുടെ ഒപ്പം രാത്രി പുറത്തു കഴിക്കാൻ പോയി. അധികമൊന്നുമില്ല. വീടിരിക്കുന്ന തെരുവിന്റെ അവസാനം ഒരു ബിരിയാണിക്കടയുണ്ട് അവിടെ. നല്ല ബിരിയാണി.

തിരികെ വീട്ടിലേക്ക് വരുമ്പോ അമീറിന്റെ അച്ഛൻ അജ്മലിനെ കണ്ടു. അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ല്ലേ. വിമലയും അദ്ദേഹത്തിന്റെ ഇളയ അനിയനും ഒന്നിച്ചു പഠിച്ചവരാണ്. ഈ വീട്ടിലേക്ക് ആദ്യമായി വന്നത് ഞാനോർത്തുകൊണ്ട് വീടിന്റെ സ്റ്റെപ്പ് കയറി.

അന്നും രാത്രി അമീറിന്റെ സ്റ്റാറ്റസ് ഞാൻ നോക്കിയിരുന്നു. ഫോൺ അധികമൊന്നും യൂസ് ചെയ്യാൻ എനിക്കറിയില്ല. ആകെയുള്ളത് വാട്സാപ്പ് ആണ്. അതിൽ ഫോട്ടോ സെൻഡ് ചെയ്യാനൊക്കെ ഒരുപാടു കെഞ്ചിയാണ് അനന്തിക പഠിപ്പിച്ചു തന്നത്, കുശുമ്പിയാണ് അവൾ. ഒരു കാര്യം അവളോട് ചെയ്യിപ്പിക്കാനോ ഇല്ലെങ്കിൽ മൊബൈലിനെ കുറിച്ചുള്ള ഡൌട്ട് ചോദിക്കാനോ ചെന്നാൽ അതിന്റെ ഗമ കാണണം!!! സോഫയിലിരിക്കുന്ന അനന്തികയുടെ നെറുകയിൽ ഞാനൊരു മുത്തം കൊടുത്തു.

വാട്സാപ്പിൽ സ്റ്റോറി എന്നൊരു പരിപാടി ഈയിടെയാണ് ഞാൻ കാണുന്നത്, അതെന്താണ് എന്ന് ചോദിച്ചപ്പോൾ അനന്തിക പറഞ്ഞത് ഇപ്രകാരമാണ് നമ്മുടെ ലൈഫ് ലുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ അറിയിക്കാനാണത്രെ.!! എന്തൊക്കെ പരിപാടിയാണ് ഈ ലോകത്തു! ഞാനും ആദ്യം കേട്ടപ്പോൾ മൂക്കത്തു വിരൽ വെച്ചുപോയി.

എനിക്ക് ഫേസ്‍ബുക്ക് ഇല്ല, ഇൻസ്റ്റാഗ്രാം ഇല്ല. യൂട്യൂബ് ഉണ്ട് അതിൽ കുക്കിങ് വീഡിയോസ് കാണാറുണ്ട്.

പിറ്റേന്ന് കാലത്തു പാൽക്കാരന്റെ ബെല്ലടി കേട്ടതും ബെഡിൽ നിന്നും എണീറ്റ്. സ്റ്റെപ്പിറങ്ങി താഴേക്ക് നടക്കുമ്പോ, ദേ കിടക്കുന്നു ഡ്യൂക്!!!! എന്റെ മനസ്സിൽ അപ്പോളുണ്ടായ സന്തോഷം പറയാൻ വാക്കുകളില്ല. പുലരുമ്പോ വന്നതായിരിക്കും. ഡ്യൂക്കിന്റെ ഓറഞ്ചു നിറമുള്ള സ്‌ഥലത്തെല്ലാം മഞ്ഞുകണം പറ്റിപ്പിടിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *