മിഴി – 3

വീട്ടിൽ നിന്നിറങ്ങിയാൽ സൈറ്റിൽ പണികളിൽ മുഴുകി.. ഇടക്കെപ്പോഴൊക്കെയോ ചെറിയമ്മയുടെ മുഖം ഒരു തേങ്ങലായി വരുമ്പോൾ ഇത്തിരി നേരം ആ കുറുമ്പുള്ള മുഖവുമാലോചിച്ചിരുന്നു പോവും..
സൈറ്റിൽ നിന്ന് പരമാവധി വൈകി പോരാൻ തുടങ്ങി..കൂടെയുള്ള എന്റെ അതേ പ്രായമുള്ള സൈറ്റ് എഞ്ചിനീയർ മാരുമായി കൂടുതൽ അടുത്തപ്പോൾ.. വൈകിട്ട് അവരുടെ കൂടെ തെണ്ടി കറങ്ങാൻ പോയി.. ബീച്ചിലോ പാർക്കിലോ ചെന്നിരിക്കും.. മൂക്കു മുട്ടെ തിന്നും. വീട്ടിൽ പരമാവതി വൈകി എത്താൻ തുടങ്ങി..പലരുടെയും മുഖം കാണണ്ടല്ലോ?

അമ്മക്ക് ആദ്യം ദേഷ്യമായിരുന്നു. രണ്ടു മൂന്ന് ദിവസം അതേപോലെ തുടന്നപ്പോ പിന്നെ പറച്ചിൽ നിർത്തി.. ചെറിയമ്മയും ഞാനും കാണാതായി. വിഷമം നല്ലത് പോലെയുണ്ടായിരുന്നു ഇടക്ക് അവൾ വന്നു നെഞ്ചിൽ കുത്തിയിയൊരു പോക്ക് പോവും . എന്നാലും ഒരാഴ്ച എന്റെ ജീവിതം അതേപോലെ തള്ളി നീക്കി…

അതിനിടക്കാണ് ചെറിയമ്മ അമ്മ നിൽക്കുന്ന അതേ ഹോസ്പിറ്റലിൽ കേറിയെന്ന് അമ്മവഴിയറിഞ്ഞത്.. ഞാൻ ജോലിക്ക് കേറിയ അന്ന് തന്നെ അവളും പോയിരുന്നു പോലും.അമ്മയും അവളും ഒരുമിച്ചായി പോയി വരൽ.

അഞ്ചാം നിലയിൽ ഓപ്പൺ സ്‌പേസിൽ ട്രസ്സിന്റെ വർക്ക്‌ നടക്കുന്നുണ്ടായിരുന്നു. സമയം ഒരു പതിനൊന്നു മണിയായി. പൊരിഞ്ഞ വെയിലും കൊണ്ട് സൈറ്റ് സൂപ്പർവൈസർ വിനോദേട്ടനോട്‌ വർക്കിലെ ചെറിയിരു മാറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു..ഫോൺ നിർത്താതെയടിച്ചത്.. അമ്മയുടെ പേര് കണ്ടപ്പോഴേ ഓഫാക്കി ഞാൻ പോക്കറ്റിൽ തന്നെയിട്ടു… വീണ്ടും നിർത്താതെ വിളിവന്നപ്പോ… ബാക്കി ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു വിനോദേട്ടൻ അതേറ്റെടുത്തു.ഞാൻ തണലത്തേക്ക് കേറി.. സ്റ്റെയറിൽ താഴെക്കിറങ്ങി കൊണ്ട് ഫോൺ എടുത്തു..

“എന്താ അമ്മേ??..ഞാൻ തിരക്കിലായിരുന്നു ”
“അത് എടാ നിനക്കിപ്പോ വീട്ടിലേക്ക് വരാൻ കഴിയോ മോനേ…” അമ്മ വല്ലാതെ സന്തോഷത്തിലാണെന്ന് തോന്നി..

“എന്താ കാര്യം,? ഇന്നോസ്പിറ്റലിൽ പോയില്ലേ? ”

” അത് എടാ.. പോവാൻ നിൽക്കുമ്പോഴാ അവർ വിളിച്ചു പറഞ്ഞത്… ” അമ്മ പിന്നെ നിർത്തി.. അരോടോ അപ്പുറത്തുനിന്ന് സംസാരിക്കുന്നത് കേട്ടു..

“ഹലോ… അമ്മേ…”
“ഹലോ….” ഫോണും ഓൺ ചെയ്തു വെച്ചു അപ്പുറത്താരോടോ സംസാരിക്കുക യാണമ്മ.. പിന്നെ ഇങ്ങട്ട് ഒന്നും കേൾക്കാതെ വന്നപ്പോ ഞാൻ ഫോൺ കട്ട്‌ ചെയ്തു.. താഴെക്കിറങ്ങി..
പത്തു സെക്കന്റ്‌ കഴിഞ്ഞില്ല വീണ്ടും അമ്മയുടെ വിളി..

“എന്റെ പൊന്നമ്മേ കാര്യം എന്താന്ന് വെച്ചാൽ പറ ” ഞാൻ ഇത്തിരി മൂർച്ചയോടെ ചൊടിച്ചു..
“എടാ അത് അനൂനെ കാണാൻ ഒരു കൂട്ടർ ഇപ്പൊ വരുമെടാ.. അച്ഛന് ഇപ്പൊ എത്തുമെന്നുപറഞ്ഞു നിനക്ക് വരാൻ കഴിയോ?” ശ്വാസം നിലച്ചു പോയെന്ന് തോന്നി.. കേട്ടതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

“എന്താമ്മേ ???ആര് വരൂന്ന പറഞ്ഞത്?”പതർച്ച ഇല്ലാതെ ഞാൻ ചോദിച്ചു..

“എടാ അനൂനെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന്..”
എന്റെ കണ്ണ് നിറഞ്ഞു പോയി.. തൊണ്ടയിൽ ഒരു പിടുത്തം വന്നു..എന്തോ എന്റെ ജീവൻ അങ്ങ് പോവുന്ന പോലെ… ഞാൻ നിന്നിരുന്ന സ്റ്റെപ്പിന്റെ ഹാൻഡ് റൈലിൽ പിടിച്ചു എങ്ങനെയൊക്കെയോ നിലത്തുന്നു.. കണ്ണിൽ ഇരുട്ട് കേറുന്ന പോലെ ഒരു തോന്നൽ..

“ചെറിയമ്മക്ക് അറിയാമായിരുന്നോ?” എനിക്കതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ..
“ഹാ ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ ഒരു കൂട്ടർ ലതയുടെ കല്യാണത്തിന്.. കണ്ടപ്പോ ചോദിച്ചെന്ന്. അവർ തന്നെയാ. അനൂനോട്‌ ഞാൻ രണ്ടു ദിവസം മുന്നേ പറഞ്ഞപ്പോ അവൾ വന്നു കണ്ടോട്ടെന്ന് പറഞ്ഞു.. ഇന്ന് വരൂന്ന് ഞാൻ പ്രതീക്ഷിച്ചില്ല ” അമ്മയെവിടെന്ന് ചിരിച്ചു കൊണ്ട് പറയുമ്പോ എന്റെ കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
മിണ്ടാതെ നടന്നപ്പോഴും ,ഇത്ര ദിവസമായിട്ടും ഒരു പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു.. എല്ലാം ഒരു ദിവസം മറന്നു ചെറിയമ്മ എന്നോട് പഴയ പോലെ കൊഞ്ചിക്കുഴയുന്ന ഒരു ദിവസം ഉണ്ടാവുമെന്ന്.. എല്ലാം കഴിഞ്ഞു.. ചെറിയമ്മ തന്നെ കല്യാണത്തിന്…

“അഭീ… നീ വരോ ” അമ്മയുടെ ചോദ്യത്തിന് ഞാൻ മറുപടി പറയാതെ ഫോൺ കട്ടു ചെയ്തു സ്വിച്ച്ഓഫ് ചെയ്തു വെച്ചു. എത്ര നേരമാണ് അവിടെതന്നെ ഇരുന്നതെന്ന് അറിയില്ല..താഴെ കെട്ടിയുണ്ടാക്കിയ ഓഫീസിൽ സ്വേതയുണ്ടായിരുന്നു. കണക്കിൽ മുഴുകി നിൽക്കുന്ന അവളെന്റെ ഭാവം കണ്ടു പേടിച്ചെന്നു തോന്നി.

തലവേദനയാണെന്ന് പറഞ്ഞു കുറച്ചു നേരം അവിടെ കിടന്നുറങ്ങി. ഉച്ചക്ക് ശ്വേത തന്നെ വിളിച്ചുണർത്തി. അവൾ കൊണ്ടുവന്ന ചോറിന്റെ പകുതി എനിക്ക് നീട്ടിയപ്പോ ഒരു നിമിഷം കൂടെയുള്ളത് ചെറിയമ്മ ആണോന്ന് തോന്നിപോയി.

ഇത്തിരി നേരം കൂടെ അവിടെയെങ്ങനെയോ കഴിച്ചു കൂട്ടി.. നാലിനു തന്നെ വീട്ടിലേക്കോടി. ചെറിയമ്മയെ ഒന്ന് കൂടെ എനിക്ക് കാണണം..എല്ലാത്തിനും സോറി പറയണം.അവസാനം ഒരവസരം എന്നപോലെ

അമ്മ വരാന്തയിൽ അരമതിലിൽ കാലുനീട്ടിയിരിക്കുന്നുണ്ടായിരുന്നു.എന്റെ വരവിൽ വല്ല്യ ശ്രദ്ധയൊന്നുമില്ല…

“എന്താ ഇന്ന് നേരത്തെയാണല്ലോ? നിന്റെ ഫോൺ എവിടെ അഭീ…? വിളിച്ചാലും എടുക്കില്ല. വീട്ടിലേക്ക് ആളുകൾ വരുമ്പോ നീയിവിടെ വേണ്ടേ? അതെങ്ങനെയാ ഇതുവരെ ഒരു പണിയുമെടുക്കാതെ നടന്നവനാ ഇപ്പൊ കണ്ടില്ലേ വീട്ടിൽ വരാൻ സമയമില്ലവന് ” നിരത്തിയ ചോദ്യങ്ങളൊന്നും എനിക്ക് അങ്ങ് രസച്ചില്ല എന്ന് മുഖം നോക്കി മനസ്സിലാക്കിയ അമ്മ.. ഭംഗിയായി ചിരിച്ചു കൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു..

“അവർ വന്നു പോയി. നല്ലൊരു ചെക്കൻ. ഡോക്ടർ തന്നെയാട്ടോ.നല്ല കുടുംബം.അച്ഛനും അമ്മയും എല്ലാം നല്ല സ്വഭാവം..നീയൂടെ ഉണ്ടായിരുന്നേൽ നന്നായേനെ മോനേ.. എല്ലാരും ചോദിച്ചു നിന്നെ..” അമ്മയെന്നെ ഓരോ വിശേഷം കേൾപ്പിക്കുമ്പഴും ചെറിയമ്മയുടെ തീരുമാനം ആയിരുന്നു എനിക്കറിയേണ്ടിയിരുന്നത്..
“ചെറിയമ്മക്ക് ഇഷ്ടപ്പെട്ടോ അമ്മേ…” ചോദിക്കുമ്പോ തൊണ്ടയിടറാതെയിരിക്കാന്‍ ഞാൻ നല്ലപോലെ നോക്കി.. അമ്മയുടെ മുഖത്തു അത്ഭുതമായിരുന്നു.. അവളുടെ ഇഷ്ടം ഞാൻ ചോദിക്കുന്നത് കണ്ടിട്ടാവണം…

“അവളൊന്നും പറഞ്ഞില്ലെടാ.. ഇഷ്ടപ്പെടാതിരിക്കാൻ വഴിയൊന്നുമില്ല. അവർക്ക് നല്ല പോലെ ഇഷടപെട്ട പോലെയുണ്ട് നമ്മളോട് ഒരു തീരുമാനം പറയാൻ പറഞ്ഞു. “ഉള്ളിൽ വിഷമമിറക്കുമ്പോഴും അമ്മയോടൊന്ന് ചിരിക്കാൻ ഞാൻ നോക്കി..

“ഞാൻ ഒന്ന് ചെറിയമ്മയെ കാണട്ടെ, വരാത്തതിൽ വിഷമണ്ടോ അവൾക്ക് ” അമ്മയെ ഒന്നും അറിയിക്കാതെ..എന്നാൽ ചെറിയമ്മയെ എത്രയും പെട്ടന്ന് കാണാൻ ഞാൻ പറഞ്ഞുകൊണ്ട് മുകളിലേക്ക് പോവാൻ നോക്കി..

“എടാ ഞാൻ പറയാൻ മറന്നു അവൾ തറവാട്ടിലേക്ക് പോയി. നാളെയോ മറ്റന്നാളോ വരൂന്ന പറഞ്ഞത് ” അതോടെ ആ പ്രതീക്ഷയും നശിച്ചു.. അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി എന്നാ അമ്മ പറഞ്ഞത്.. തോളിടിഞ്ഞു ,തല താഴ്ന്നു.ഞാൻ റൂമിലേക്കു പോയി ബെഡിൽ കിടന്നു കുറച്ചു മുഖം അമർത്തി കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *