മിഴി – 3

“അഭിയേട്ടാ….?” നേരിയ ഒരു ശങ്കയോടെ ഞാൻ തിരിഞ്ഞു നോക്കി.. ബാഗും തോളിലിട്ട് നടന്നു കുഴങ്ങി വരുന്ന മീനാക്ഷിയാണ്.. കോളേജിൽ നിന്നാണ്.. യൂണിഫോംമും ഓവർ കോട്ടുമാണ് വേഷം.. എന്നെ കണ്ടൊരു പുഞ്ചിരിയുണ്ടാ മുഖത്തു.. ഞാൻ തല തിരിച്ചു കൊണ്ട് കണ്ണുകൾ നല്ലപോലെയൊപ്പി..

അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട് എന്റെ തോളിലും അവളുടെ ഊരക്കും കൈ കൊടുത്തു കൊണ്ടെന്നെയുറ്റു നോക്കി കിതച്ചു.

“ബസ്സില്ല അഭിയേട്ട ഞാൻ നടന്ന വരുന്നേ…” അവളുടെ ചെറിയ മുഖത്താകെ വല്ലാത്ത ക്ഷീണം നിഴലിക്കുന്നണ്ട്.മൂക്കിന് മുകളിലും താഴെയും പൊടിഞ്ഞ വിയർപ്പ് തുള്ളിയും.ശരീരത്തിൽ നിന്നടിക്കുന്ന അവളിടെ വിയർപ്പിന്റെ മണവുണ്ടായിരുന്നു . എനിക്കാണേൽ ഉള്ള് കിടന്നു വിങ്ങുകയായിരുന്നു.അവളോട് സംസാരിക്കാനുള്ള ക്ഷമയുമില്ല.ഉറ്റു നോക്കുന്ന ആ കണ്ണുകളിൽ ഞാൻ കുഴങ്ങി… തല തിരിച്ചപ്പോ അവൾ എന്റെ കയിൽ കോർത്തു പിടിച്ചു മുന്നോട്ട് നടന്നു.ആ പിടിയിൽ വല്ലാത്തൊരു ആശ്വാസമുണ്ടയിരുന്നു..

“അഭിയേട്ടാ.. ഇന്നലെയെനിക്കൊന്നും വാങ്ങി തന്നില്ലല്ലോ ബര്ത്ഡേയായിട്ട്!! ” ചോദ്യത്തിൽ അവൾ എന്റെ മുഖത്തേക്ക് ഏന്തിനോക്കി ചിരിച്ചു.
ആ കളിയിൽ എനിക്ക് കൂടെ ചേരാൻ പ്രയാസം തോന്നി..

“മീനു ഞാൻ വല്ലാത്ത ഒരവസ്ഥയിലാടീ… നീയൊന്നും എന്നോട് ചോദിക്കരുത്..” ഞാൻ എന്റെ അവസ്ഥ എവിടെയും തൊടാതെ അവതരിപ്പിച്ചപ്പോ അവൾക്ക് ആധിധിയേറി .
“എന്താ അഭിയേട്ടാ പറ്റിയെ? അഭിയേട്ടൻ കരഞ്ഞോ?”എന്റെ മുഖത്തെയാകെ പരതി വന്ന ആ വാക്കുകളിൽ ഉണ്ടായിരുന്നു അവളുടെ സ്നേഹം…

കനമുള്ള ആ ബാഗും പിടിച്ചു ഒടിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോ പാവം തോന്നി.ആ ബാഗ് വാങ്ങി ഞാൻ കയിൽ പിടിച്ചപ്പോൾ.. അവളുടെ മുഖമാകെ നല്ലപോലെ വിടർന്നു.സംശയം അവൾക്ക് വിട്ടില്ലെന്നു ആ മുഖം കണ്ടാലറിയാം ഇടക്കിടെ എന്നെ നോക്കി എന്തോ ഉറപ്പുവരുത്തുന്നുമുണ്ട് .എന്നാലും എന്റെ കയ്യിൽ പിടിച്ചുകൊണ്ടവൾ മിണ്ടാതെ നടന്നു.
റോട്ടിൽ നിന്ന് അവളുടെ വീട്ടിലേക്ക് തിരിയുന്ന വഴിയെത്തിയപ്പോ.. അവൾ കൈ വിട്ടില്ല..

“വീട്ടിലേക്ക് പോരുന്നോ എന്റെകൂടെ? ” വാക്കിൽ ഒരപേക്ഷയുണ്ടെന്ന് തോന്നി…

“മീനു…ഇപ്പൊ ശെരിയാവില്ലെടീ.. ” ഞാൻ അവളോട് താഴ്മയോടെ പറഞ്ഞു. ഒരു വാടിയ പുഞ്ചിരി തന്ന്, ബാഗ് തിരിച്ചു വാങ്ങി ഇടവഴിയിലൂടെ രണ്ടടി നടന്നൊന്ന് അവളെന്നെ തിരിഞ്ഞു നോക്കി പോയി.

ഇത്തിരി കൂടെ നടന്നപ്പോ ഹരി വരുന്നത് കണ്ടു. കൂടെ പോരുന്നൊന്ന് ചോദിച്ചപ്പോ ലക്ഷ്യമില്ലാത്ത നടന്ന ഞാനവന്റെ കൂടെ കേറി.

വായനശാലയിൽ മീറ്റിങ്ങിനു കേറേണ്ടി വന്ന അവനെ വിട്ടു… സൈഡിൽ കണ്ട പത്രം കെട്ടി വെച്ച ഒരു ബെഞ്ചിൻറെ മുകളിലിരുന്നു ഞാൻ കുറച്ചുറങ്ങി പോയി.ഉറക്കത്തിൽ ചെറിയമ്മ വന്നെനന്റെ കവിളിൽ കടിച്ചു കൊണ്ട്…

“പോട്ടെടാ കൊരങ്ങാ.. ചെറിയമ്മ അറിയാതെ തല്ലിപ്പോയതാ പോത്തേ.. എന്റെ അഭിക്ക് വേദനയെടുത്തോ?” എന്ന് മുഖത്താകെ ഉമ്മവെച്ചുകൊണ്ട് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു.

നിർത്താതെ ഫോൺ അടിച്ചപ്പോഴാണ് കണ്ണ് തുറന്നത്.ഇത്തിരി വിയർത്തിരുന്നു. കണ്ണുതിരുമ്മി തലപൊക്കിയപ്പോ റൂമിൽ ഉള്ള ഹരിയുടെ മീറ്റിംഗ് കഴിഞ്ഞിട്ടില്ല അവിടെ നിന്ന് ഒച്ചയും ബഹളവും . ഫോണിലേക്ക് കണ്ണ് പൂഴ്ത്തിയപ്പോ അമ്മയാണ്…

“അമ്മേ ” ഫോൺ ചെവിയിൽ ചേർത്തുകൊണ്ട് എടുത്തു.

“എടാ സമയമെത്രയായി, എന്താ അഭി ഇത് പതിവില്ലാത്തത് ആണല്ലോ? ” വാക്കുകളിൽ ചെറിയ പരിഭവം കണ്ടതെ “ഞാനിതാ വരുന്നു…”എന്ന് പറഞ്ഞു വേഗം ഫോൺ വെച്ചു..

ഹരി പെട്ടന്ന് തന്നെയിറങ്ങി.. അവന് ചോദിച്ച ചോദ്യത്തിന് അനുസരണയുള്ള മറുപടി പറഞ്ഞവന്റെ പുറകെ കേറി വീട്ടിലേക്ക് വിട്ടു.

വീട്ടിൽ എത്തിയപ്പോ ഉള്ളിലേക്ക് കേറാൻ തോന്നിയില്ല.. മുകളിലെ നിലയിൽ ചെറിയമ്മയുടെ റൂമിൽ വെളിച്ചം കാണുന്നുണ്ട്.വല്ലാത്തൊരു നോവ്.രണ്ടു ദിവസം കൊണ്ടാണെലും മറക്കാം എന്ന് മനസ്സിൽ കണക്കു കൂട്ടി..ഒന്നാമത് ചെറിയമ്മയാണ് അവളാലോചിക്കുന്ന പോലെ എനിക്കും ആലോചിച്ചാലെന്താ.ഈ ബന്ധമൊന്നും ഒരിക്കലും നടക്കാൻ പോവുന്നില്ല.. നാലു വർഷം കൂടെയുണ്ടായിരുന്നവളെ മറക്കാമെങ്കിൽ ഇവളെ മറക്കാൻ ആണോ
പണി.ചുണ്ടിലൊരു പുച്ഛച്ചിരി വിരിയിച്ചു ഞാൻ അങ്ങനെ വിശ്വസിക്കാൻ നോക്കി.

അമ്മയും അച്ഛനും അയഞ്ഞ മൂഡിൽ തന്നെയായിരുന്നു..ഒന്നും അങ്ങനെ ചോദിച്ചില്ല..ഹാളിൽ അച്ഛന്റെയും, അമ്മയുടെയും എടുത്ത് ചെറിയമ്മയുമുണ്ടെന്ന് കണ്ടത് കൊണ്ട് തന്നെ അവിടെ നിന്ന് മെല്ലെ വലിഞ്ഞു റൂമിലേക്ക് പോയി.

അസ്വസ്ഥത വിട്ടകലാതെ വന്നപ്പോ.. ബാൽക്കാണിയിലേക്ക് ചെയറെടുത്തിട്ട്.. അവിടെയിരുന്നു..ഇത്തിരി നേരം കഴിഞ്ഞപ്പോ.. അമ്മപുറകിൽ നിന്നെന്നെ കെട്ടിപ്പിടിച്ചു…

“എന്താ എന്റെ കുട്ടിക്ക് പറ്റിയത്? ജോലിയൊന്നും നിനക്ക് പിടിച്ചില്ലേ?.”
അമ്മയുടെ ആശ്വസിപ്പിക്കുന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകാതെ നിന്നു.. പുറത്തുകൂടെ അടിച്ചു വന്ന തണുത്ത കാറ്റിന്.. എവിടുന്നോ വരുന്ന മഴയുടെ കഥപറയാനുണ്ടായിരുന്നു.

“അനുവും നീയും തമ്മിലെന്താ പ്രശ്നം…” മിണ്ടാതെ നിന്നന്റെ മുഖത്തേക്ക് തിരിഞ്ഞു വന്നു നോക്കിയമ്മ ചോദിച്ചപ്പോ. ഞാൻ ഒന്ന് വിരണ്ടുകൊണ്ട് തലയിളക്കി

“ഒന്നുമില്ലമേ..”

“മ്.. ഇന്നലത്തെ നിന്റെയും അവളുടെയും കളികൾ കണ്ടപ്പോ ഞാൻ കുറേ സന്തോഷിച്ചു.. നല്ല ബുദ്ധി തോന്നിച്ചല്ലോ രണ്ടാൾക്കുമെന്ന് കരുതി.. എന്തൊക്കെയായിരുന്നു.. കേക്ക് കൊണ്ടോന്നു കഴിപ്പിക്കലും, കൂടെ അമ്പലത്തിൽ പോവലും.. ചിരിയും കളിയും, ഞങ്ങളെ പറ്റിക്കാനാണെങ്കിലും രണ്ടാളും അടികൂടാതെ ഒന്ന് നിന്ന് കണ്ടല്ലോ ,സന്തോഷം ” ചിരിച്ചു കൊണ്ട് പറയുന്ന അമ്മയിലുമുണ്ടായിരുന്നു.. വേദനയുടെ ചെറിയൊരു നിഴൽ.ഞങ്ങളുടെ കളിയിലും ചിരിയിലും അവർ സന്തോഷിച്ചിരുന്നു എന്നറിഞ്ഞപ്പോ എന്തെന്നില്ലാത്ത ദുഖവും.

കഴിക്കാൻ വരാൻ അമ്മ പറഞ്ഞെങ്കിലും ഹരിയുടെ കൂടെ കഴിച്ചെന്നു പറഞ്ഞു ഞാൻ ഒഴിവായി..ചെറിയമ്മയുടെ മുന്നിൽ ചെല്ലാതിരിക്കാനാണ് അങ്ങനെ ചെയ്തത്… വാതിൽ പൂട്ടി.. ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നപ്പോ പുറത്ത് നല്ല മഴയും തുടങ്ങി… കണ്ണടക്കുമ്പോ ചെറിയമ്മ പറഞ്ഞ വാക്കുകളാണ് മുന്നിൽ വരുന്നത്.. മുന്നിൽ വന്നു പോവരുതെന്നത്.

പിറ്റേ ദിവസം മുതൽ അതിനുള്ള ശ്രമമായിരുന്നു. രാവിലെ എഴുന്നേറ്റാൽ പെട്ടന്ന് പണിയെല്ലാം കഴിച്ചു,ചെറിയമ്മ വരുന്നതിനു മുന്നേ കിട്ടിയത് അകത്താക്കി അച്ഛന്റെ കൂടെയിറങ്ങും… ഇനിയവൾ അച്ഛന്റെയും, അമ്മയുടെയും കൂടെ കഴിക്കാനിരുന്നിട്ടുണ്ടെങ്കിൽ ഞാൻ വേണ്ടെന്ന് പറഞ്ഞൊഴിവാവും.. എന്റെ പേരിൽ ആരും ഭക്ഷണം കഴിക്കാതിരിക്കണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *