മിഴി – 3

വല്ലാത്ത ഒരൊറ്റപ്പെടൽ.. അവൾ കെട്ടി പോവുന്നത് ആലോചിക്കാനേ വയ്യ.. ഷെറിനെ മറക്കുന്ന പോലെ ഇവളെ മറക്കാം എന്ന് കരുതിയത് തന്നെ തെറ്റാണ്.. തേച്ചു പോയവൾ നല് കൊല്ലം മാത്രമേ എന്റെകൂടെയുണ്ടായിരുന്നുള്ളൂ.. ചെറിയമ്മ അങ്ങനെയല്ല ഞാൻ ജനിച്ചപ്പോ മുതൽ കൂടെയുണ്ട്.. അതാണ് മുറിഞ്ഞു പോവാൻ തുടങ്ങുന്നത്.

എത്ര നേരം കിടന്നെന്നു അറിയില്ല.എന്തായാലും ഒരവസാന അവസരം ഒന്ന് അവളെ കണ്ടാൽ മതി… ആ ചിരിക്കുന്നമുഖം മാത്രം കാണാൻ.. വേറൊന്നും വേണ്ടയെനിക്ക്..
ഞാൻ പെട്ടന്ന് ഹരിയെ ആണ് വിളിച്ചത് അവന്റെ ബൈക്ക് ഒന്ന് കിട്ടുമോന്ന് ചോദിക്കാൻ.. രണ്ടു മിനിട്ടുകൊണ്ട് ഇവിടേക്ക് വരാമെന്ന് പറഞ്ഞവൻ വെച്ചു.
എന്തായാലും തറവാട്ടിലേക്ക് പോവാം… സമയം നോക്കിയപ്പോ ആറു മണിയായിട്ടുണ്ട്.

താഴെക്കിറങ്ങി അമ്മയോട് ഹരിയുടൊപ്പം പോവുന്നു എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.. ഹരി റോട്ടിൽ വന്നിട്ടുണ്ടായിരുന്നു. അവന്റെ പുറകെ കേറി കവല വരെ പോയി .അവനെ ഇറക്കി ഞാൻ തറവാട്ടിലേക്ക് വിട്ടു.. പത്തു പതിനഞ്ചു കിലോമീറ്റർ ഉണ്ട്.. വണ്ടി ഞാൻ കത്തിച്ചു വിട്ടു.. ഇരുട്ട് കൂടിയപ്പോ കൂടെ പുറകിൽ നിന്ന് മഴയുടെ അലർച്ചവന്നു തുടങ്ങി.

നാശം.!! ശപിച്ചു കൊണ്ട് കുറച്ചു കൂടെ പോയപ്പോ..മഴയുടെ ശക്തി കൂടി… മുന്നോട്ട് പോവാൻ കഴിയില്ലെന്ന അവസ്ഥ വന്നു… സൈഡിൽ കണ്ട ബസ് സ്റ്റോപ്പിലേക്ക് വണ്ടി സൈടാക്കി ഓടിക്കേറി…ആകെ നനഞ്ഞു കുളിച്ചു. പെയ്യാൻ കണ്ട നേരം… ഫോണെടുത്തു സമയം വീണ്ടും നോക്കി ആറര.

ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. റോഡിന്റെ സൈഡിലൂടെയും, ബസ്റ്റോപ്പിന്റെ മുന്നിലൂടെ കുത്തിയൊഴുകുന്ന വെള്ളം.. ഹരിയുടെ ബൈക്കിന്റെ ഇടയിലൂടെ
ഒഴിക്കിപ്പോവുന്നുണ്ട്.. ബസ്റ്റോപ്പിന്റെ ബാക്കിൽ പുഴയാണ്.. മഴയുടെ അലർച്ചെയും, വെള്ളത്തിന്റെ ഒഴുക്കും… ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ കഴിയുന്നുമില്ല…
നേരം വീണ്ടും പോയി. സമയം എട്ടു മണിയായി.

മഴ ചോരുന്നത് നോക്കിനിന്നാൽ ഇവിടെ ഇരിക്കലേയുണ്ടാവൂ എന്ന് തോന്നി ഞാൻ റോട്ടിലേക്ക് ഇറങ്ങി.. ബൈക്കിൽ കേറി താക്കോലിട്ട് കിക്കർ അടിച്ചപ്പോ.. വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല.. പ്രാന്തെടുത്തു… അലറി വിളിക്കാൻ തോന്നി. വണ്ടിയനങ്ങിയില്ല.
സമയം വീണ്ടും പോയി ഒൻപതു മണി. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. നിസ്സഹായൻ ആയി പോവുന്നു.വണ്ടിയെടുത്തു താഴെ പുഴയിലേക്ക് എറിഞ്ഞാലോ എന്ന് തോന്നി… കുറച്ചു കൂടെ നിന്നു.. മഴ അതേപോലെ പെയ്തു.

ഒരു വട്ടം കൂടെ കിക്കറടിച്ചു. ഭാഗ്യം… കിണ്ടി ഒന്ന് ഓൺ ആയി. പിന്നെ വണ്ടി കൊണ്ട് നിശ്ചയമില്ലാത്തൊരു പോക്കായിരുന്നു.കണ്ണൊന്നും മര്യാദക്ക് കാണുന്നില്ല.. എങ്ങനെയൊക്കെയോ… തറവാട്ടിലേക്ക് പോവുന്ന ഇടുങ്ങിയ വഴിയിൽ ചെന്നെത്തി.

മുന്നോട്ട് രണ്ടു മൂന്ന് വീടുണ്ട്. രണ്ടണ്ണം നോക്കിയപ്പോ പുറത്താരും ഇല്ല. കുറച്ചു കൂടെ മുന്നിലെമൂന്നാമത്തെ വീട്ടിൽ എമർജൻസി കത്തിച്ചു പുറത്താരോ ഉണ്ട്. അമ്മയുടെ ചെറിയച്ഛന്റെ കൂട്ടുകാരൻ ഒരു പുള്ളിയുണ്ട് അയാൾ തന്നെയാവും.. മുന്നിലൂടെ പോയാൽ നാളെയോ മറ്റോ അയാൾ ചെറിയച്ഛനോട് ചോദിക്കും ആരാ വന്നതെന്ന് .

തറവാട്ടിലേക്ക് നേരിട്ട് കേറി ചെന്നാൽ ശെരിയാവില്ല.. സമയം ഒൻപതര കഴിഞ്ഞു ഈ കോലത്തിൽ ചെന്നാൽ എന്തായാലും സംശയിക്കും.. അല്ലേൽ തന്നെ ചെറിയമ്മേ സ്വസ്ഥമായി കാണാൻ പറ്റും എന്ന് തോന്നുന്നില്ല.. ഞാൻ അവളെ കാണാൻ വരും എന്ന് അവരും വിശ്വസിക്കില്ല.രണ്ടു വീട് കഴിഞ്ഞു ഞാൻ വണ്ടി ഒരു മൂലയിലേക്ക് സൈടാക്കി വെച്ചു.. വലതു വശത്തു ഒരു മലയുടെ തുടക്കമാണ്… ഇത്തിരി മുകളിലേക്കു കേറി സൈഡിലൂടെ പോയാൽ തറവാട്ടിൽ എത്തും… അതിലെ തന്നെ പോവാം.

ഞാൻ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു നടന്നു.ഇത്തിരി പുല്ലും ,കാടും പിടിച്ച മലയുടെ സൈഡിലൂടെ അധികമില്ല തറവാട്ടിലേക്ക്.
ചെറിയമ്മ ഇനി കിടന്നു കാണുമോ എന്നായി എന്റെ സംശയം. ഒന്ന് വിളിക്കാം എന്ന് തോന്നി.. ചെറിയമ്മയുടെ നമ്പറിലേക്ക് ഒന്ന് വിളിച്ചു. കിട്ടുന്നില്ല. മനസ്സിലെന്തൊക്കെയോ ഉരുണ്ടു കൂടുന്നുണ്ട്… ഞാൻ മുന്നോട്ട് തന്നെ നടന്നു.

നനഞ്ഞ ഇലവീണു, കാട് പിടിച്ച, മരത്തിന്റെ ചുവട്ടിലൂടെ നടക്കുമ്പോ… മുകളിൽ നിന്ന് മുരളുന്ന ഇടിയുടെ മുഴക്കമുണ്ട്, മഴയുടെ ഇരമ്പലുണ്ട്. ഇരുട്ടാണ് ചുറ്റും… ചെരുപ്പിൽ വെള്ളവും ചളിയും കൊണ്ട് കാൽ വഴുതി വീഴാൻ ഇടക്ക്
ഒന്നുരണ്ടുവട്ടം പോയി… നല്ലപോലെ കിതക്കുന്നുമുണ്ട്..
ഇത്തിരി കൂടെ മുന്നോട്ട് പോയി ഞാൻ ഒരു നെല്ലി മരത്തിന്റെ താഴെ നിലയുറപ്പിച്ചു. മുന്നിൽ കുറച്ചു താഴെ തറവാട് വീടിന്റെ സൈഡ് വശമാണ്…. കരണ്ടില്ലെന്നു തോന്നുന്നു ,ഇരുട്ടിൽ മുങ്ങി നിൽക്കുന്ന വീടും അന്തരീക്ഷവും.എന്തായാലും ചെറിയമ്മയെ വിളിക്കാതെ പറ്റില്ല. ഉള്ളിലേക്ക് കേറി ചെല്ലുന്നതും നടക്കില്ല.. മുന്നിൽ കണ്ട ഒരു മരത്തിന്റെ താഴെ മഴകൊള്ളാതിരിക്കാൻ കണ്ണും മുഖവും കൈകൊണ്ട് തുടച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു..

ആദ്യം കിട്ടിയില്ല..പണി പാളിയെന്നു തോന്നി പിന്നെ രണ്ടു വട്ടം കൂടെ.. ഇത്തവണ ബെൽ അടിഞ്ഞു.. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും.. പക്ഷെ ഫോണവൾ കട്ടാക്കി കളഞ്ഞു.. വിളിക്കാതെ നിവർത്തിയില്ല ഞാൻ വീണ്ടും രണ്ടു വട്ടം കൂടെ ട്രൈ ചെയ്തു.

പെട്ടന്നാണ്.. ഒരിടി വെട്ടിയത്. ഭൂമിയൊന്ന് കുലുങ്ങിയ പോലെ തോന്നി . ഞാൻ പേടിച്ചു ഒന്ന് ചാടി പോയി.കയിലെ ഫോൺ വീഴാതെ നോക്കി.. മിന്നലിൽ മുന്നിലുള്ള വീട് ഒന്ന് തെളിഞ്ഞു കണ്ടു..

“ഹാലോ ” ശ്രദ്ധ തെറ്റിയപ്പോഴാണ്.. ഫോണിൽ നിന്ന് ആ ശബ്‌ദം വന്നത്… കണ്ണ് നിറഞ്ഞു പോയി.. പരുക്കൻ ശബ്ദം മായിരുന്നെകിലും അവൾ എടുത്തല്ലോ…ഞാൻ പെട്ടന്ന് ഫോൺ ചെവിയിൽ വെച്ചു…

“ചെറിയമ്മേ പ്ലീസ് കട്ട്‌ ചെയ്യല്ലേ… ഞാൻ ഒരു ശല്യത്തിനും വരില്ല.എനിക്കൊന്ന് കണ്ടാൽ മതി പ്ലീസ്..” വിറക്കുന്ന ശബ്ദത്തോടെ പെട്ടന്ന് പറഞ്ഞു
അപ്പുറത്ത് നിന്ന് ശബ്ദമൊന്നും കേൾക്കുന്നില്ല.. അല്ലേൽ മഴയുടെ ഒച്ചകൊണ്ട് ഞാൻ കേൾക്കാത്തതാണോ…?

“ഹലോ…ചെറിയമ്മേ പ്ലീസ്.. ഞാൻ ഇവിടെ തന്നെയുണ്ട് എനിക്കൊന്ന് കണ്ടാൽ മതി ” ശബ്‌ദം ഇടറിയിരുന്നു എന്നാലും അപ്പുറത്ത് നിന്ന് അനക്കം ഒന്നും കേൾക്കുന്നില്ല.

“എവിടെ…” ഇത്തിരി നേരത്തെ നിശബ്ദക്കൊടുവിൽ അവൾ വാ തുറന്നു. അത്രക്ക് വിശ്വാസം വന്നില്ലെന്നു തോന്നി.

“ചെറിയമ്മേ ബാക്കിലെ ആ നെല്ലി മരത്തിന്റെ എടുത്തുണ്ട്…ആ ജനൽ ഒന്ന് തുറക്കുവോ… എനിക്കെന്തോ പറ്റുന്നില്ല.. എന്റെ ജീവൻ പോവുന്ന പോലെ തോന്നാ..ഒന്ന് കണ്ടാൽ മതി ഞാൻ പൊയ്ക്കോളാം..” പറഞ്ഞു കഴിഞ്ഞതും പെട്ടന്നാണ് കടലിളക്കം പോലെ കാറ്റടിച്ചത്.. മരത്തിന്റെ മുകളിലിരുന്ന വെള്ളം മൊത്തം ഒറ്റയടിക്ക് താഴേക്കു വന്നു..കൂടെ പുറത്തെന്തോ വന്നു വീണപ്പോ ഞാൻ പേടിച്ചു വിറച്ചു പോയി..കാൽ സ്ലിപ്പായി ഞാൻ നിലത്തേക്ക് ഒന്ന് മറഞ്ഞു വീണു.

Leave a Reply

Your email address will not be published. Required fields are marked *